10 January 2025, Friday
KSFE Galaxy Chits Banner 2

ഇന്ന് ലോക പാമ്പ് ദിനം

Janayugom Webdesk
July 16, 2022 2:34 pm

പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുക, പാമ്പുകള്‍കൂടി ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തടയുക എന്നിവയാണ് ലോക പാമ്പ് ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ ലോക സൃഷ്ടികളില്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് പാമ്പുകള്‍. നീളമേറിയ പാമ്പുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിഷമുള്ളതെന്നാണ് ചിലരുടെ ധാരണ, എന്നാല്‍ ഇത് തെറ്റാണ്.

ലോകത്തിലെ മൊത്തം പാമ്പുകളുടെ 7% മാത്രമേ വിഷമുള്ളവയുള്ളൂ. ബാക്കിയുള്ള 93% പാമ്പുകളും വിഷമില്ലാത്തവയാണ്. 3,500 ലധികം ഇനം പാമ്പുകളാണ് നമ്മുടെ ഭൂമിയിലുള്ളത്. അതില്‍ 600 ഓളം ഇനങ്ങള്‍ വിഷമുള്ളവയാണ്. പ്രധാനമായും ഏഴ് കുടുംബങ്ങളില്‍പ്പെട്ട പാമ്പുകളാണ് കേരളത്തില്‍ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെല്‍റ്റിഡേ, ബോയ്‌ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങള്‍. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തില്‍ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെല്‍റ്റിഡേ, ബോയ്‌ഡേ എന്നീ അഞ്ചു കുടുംബങ്ങളില്‍ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉള്‍പ്പെടുന്നത്.

പെരുമ്പാമ്പുകള്‍ ഉള്‍പ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പുകളാണ് കേരളത്തിള്ളത്. ഇതില്‍ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തില്‍ നാലിനം പാമ്പുകള്‍ക്കാണ് മനുഷ്യജീവന്‍ അപഹരിക്കാന്‍ കഴിയുന്നത്. രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ (വെള്ളിക്കെട്ടന്‍), അണലി. ഒരു രാജാവിനെപ്പോലെ, തലയുയര്‍ത്തി പകല്‍സമയത്ത് ഇരതേടുകയാണ് രാജവെമ്പാലയുടെ രീതി. മറ്റു മൂന്നു പാമ്പുകളും രാത്രി ഇര തേടുന്നു. ഓരോ പാമ്പും കുത്തിവയ്ക്കുന്ന വിഷത്തിന്റെ അളവിലും അതു ബാധിക്കുന്ന ശരീരാവയവങ്ങളിലും വ്യവസ്ഥകളിലും വ്യത്യാസമുണ്ട്. രാജവെമ്പാല മനസ്സറിഞ്ഞു കടിച്ചാല്‍ 20 — 25 മില്ലി വിഷം മിന്നല്‍ പോലെ രക്തം വഴി പടര്‍ന്ന് നാഡീവ്യവസ്ഥയെ ബാധിക്കും. ഒരു ആനയെയോ 20 ആളുകളെയോ കൊല്ലാന്‍ അതു മതി.

1972‑ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് 25,000 രൂപ പിഴയോ 3 വര്‍ഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പെരുമ്പാമ്പുകളെ വന്യജീവിസംരക്ഷണനിയമ പ്രകാരം ഒന്നാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊന്നാല്‍ ആറു വര്‍ഷം തടവോ പിഴയോ ശിഷ ഏര്‍പ്പെടുത്തിയിരിക്കുന്നു. ചേര, മൂര്‍ഖന്‍, അണലി, നീര്‍ക്കോലി, രാജവെമ്പാല എന്നിവയെ രണ്ടാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നതും ശിഷയ്ക്കു കാരണമാകുന്നു. പാമ്പുകളെ വളര്‍ത്താനോ പിടിക്കാനോ നിയമം ശക്തമായി വിലക്കുന്നു. വനത്തിന് പുറത്തു വച്ച് പാമ്പു കടിയേല്‍ക്കുന്നവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും വനം വകുപ്പ് നഷ്ടപരിഹാരം നല്‍കും.

Eng­lish sum­ma­ry; Today is World Snake Day

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.