30 March 2025, Sunday
KSFE Galaxy Chits Banner 2

നാടകമേ ഉലകം

ഇന്ന് ലോക നാടക ദിനം
Janayugom Webdesk
March 27, 2025 6:00 am

ടന സൗകുമാര്യങ്ങളുടെ പുതിയ വഴികളും, കാഴ്ചപ്പാടുകളുമായി വീണ്ടും ഒരു നാടക ദിനം കൂടി. സൃഷ്ടിപരമായ ദര്‍ശനങ്ങളുടെ പങ്കുവെയ്ക്കല്‍ നാടക ദിനാഘോഷങ്ങളുടെ പ്രധാന ലക്ഷ്യമാണ്. പുതിയ വഴികളും, കാഴ്ചപ്പാടുകളുമാണ് എന്നും ലോക നാടകദിനത്തെ സജീവമാക്കുന്നത്. നാടകകലയുടെ ശക്തിയും സൗന്ദര്യവും വിളിച്ചോതുന്ന ആഘോഷമായി നാടകദിനം മാറിക്കഴിഞ്ഞു. കലാകാരന്മാര്‍ക്ക് അവരുടെ പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം കൂടിയാണത്. 1948ല്‍ പാരീസില്‍വെച്ച് യുനെസ്‌കോയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ അന്തര്‍ ദേശീയ തീയേറ്റർ ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് ലോക നാടകദിനം ആചരിച്ചുവരുന്നത്. പാരീസിലെ തീയേറ്റർ നാഷണലിന്റെ ഉത്സവത്തിനു തുടക്കം കുറിച്ച ദിനമായ 1962 മാര്‍ച്ച് 27നായിരുന്നു ആദ്യമായി ഈ ദിനാചരണം നടന്നത്. 1961 ജൂണില്‍ ആദ്യം ഹെല്‍സിങ്കിയിലും പിന്നീട് വിയന്നയിലുമായി ലോക നാടക വേദിയുടെ ഒൻപതാമത് കണ്‍വെന്‍ഷന്‍ നടന്നു. അന്ന് നാടകവേദിയുടെ പ്രസിഡന്റായിരുന്ന ആര്‍ വി കിവിമയുടെ നിര്‍ദേശമാണ് ‘ലോക നാടകദിനം’ എന്ന ആശയം. ലോക നാടക ദിനത്തിന്റെ സന്ദേശം ഇരുപതിലധികം ഭാഷകളിലായി പ്രചരിപ്പിക്കാറുണ്ട്. നൂറു കണക്കിന് റേഡിയോ, ടെലിവിഷന്‍ സെന്ററുകൾ ഈ സന്ദേശം ലോകമെമ്പാടുമെത്തിക്കും. ഓരോ വര്‍ഷവും ഐടിഐയുടെ ക്ഷണമനുസരിച്ച് ലോകനിലവാരമുള്ള ഒരു നാടകപ്രതിഭയുടേതായിരിക്കും അന്തര്‍ദേശീയ സന്ദേശം.

പത്ത് ലക്ഷമെങ്കിലും മുടക്കണം

പുതിയ നാടകം തുടങ്ങുവാൻ സെറ്റ്, സാങ്കേതിക സംവിധാനങ്ങൾ എല്ലാംകൂടി കുറഞ്ഞത് പത്ത് ലക്ഷമെങ്കിലും ചിലവ് വരും. ഒരു സീസണിൽ കുറഞ്ഞത് 150 സ്റ്റേജ് എങ്കിലും കിട്ടിയാലേ മുതൽ മുടക്ക് കിട്ടു. അതിന് മുകളിൽ കിട്ടുന്ന ബുക്കിങ്ങാണ് നിർമ്മാതാവിന്റെ ലാഭം. അത് എപ്പോഴും കിട്ടാറില്ല. കടം വാങ്ങിയും പലിശക്കെടുത്തുമാണ് മിക്ക ട്രൂപ്പുകളും നാടകം ആരംഭിക്കുന്നത്. കലയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലമാണ് ഭൂരിഭാഗം പേരും നാടക സമിതികൾ തുടങ്ങിയത്. ഇവരിൽ ഭൂരിഭാഗം പേരും സമ്പന്നരുമല്ല. പ്രമുഖ നാടകകൃത്തുക്കളുടെ പ്രതിഫലം ഒരു ലക്ഷം രൂപക്ക് മുകളിൽ വരും. മികച്ച സംവിധായകർക്ക് ഇതിലും മുകളിൽ നൽകേണ്ടിവരും. മുൻനിര നടീനടൻമാർക്ക് 2500 രൂപ വരെയാണ് ഒരു സ്റ്റേജിന് പ്രതിഫലം. ഇവർക്ക് പ്രതിഫല തുക അഡ്വാൻസ് ആയും നൽകേണ്ടി വരും.

നോട്ട് നിരോധനം മുതൽ ആരംഭിച്ച ദുരിതം

നോട്ട് നിരോധനത്തിനുശേഷം പൊതുവില്‍ നാടകം പോലുള്ള കലാപരിപാടികള്‍ നടത്തുന്നതില്‍ ആരാധനാലയങ്ങളും വിവിധ സംഘടനകളുമൊക്കെ പിന്നോക്കം പോയതായി നാടക രംഗത്തുള്ളവര്‍ പറയുന്നു. പണത്തിന്റെ ബുദ്ധിമുട്ടാണ് കാരണമായി പറയുന്നത്. ഏഴു ദിവസം മുതല്‍ ഒമ്പത് ദിവസം വരെയൊക്കെ മുമ്പ് ക്ഷേത്രോത്സവങ്ങള്‍ നടത്തിയിരുന്നു. ആ ദിവസങ്ങളിലൊക്കെ ഓരോരോ കലാപരിപാടികളും സംഘടിപ്പിക്കും. ഇപ്പോള്‍ ഉത്സവ ദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയാണ്. സ്വഭാവികമായും പരിപാടികളും കുറയും. തീരുന്ന ദിവസം ഒരു ഗാനമേളയോ എന്തെങ്കിലും സംഗീത പരിപാടിയോ നടത്തിയാലായി. ക്ലബ്ബുകളുടെ എണ്ണവും കുറയുകയാണ്. ഒരു കാലത്ത് നിരവധി ക്ലബ്ബുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഓണത്തിനൊക്കെ അവര്‍ വിവിധ കലാപരിപാടികള്‍ വെക്കും. നാടകങ്ങള്‍ക്ക് ഇത്തരം ക്ലബ്ബുകള്‍ നിരവധി വേദിയൊരുക്കിയിട്ടുണ്ട്. ഇന്നു ക്ലബ്ബുകളില്ല. ഉള്ളവയ്ക്ക് തന്നെ ഫണ്ടില്ല. എന്തെങ്കിലുമൊക്കെ ചെറിയ പരിപാടികള്‍ നടത്തും. നാടകരംഗം ഇത്തരത്തില്‍ വലിയ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കലാകാരൻമാർ പറയുന്നു.

ക്ഷേമനിധി സഹായം കുറച്ച് പേർക്ക് മാത്രം

ക്ഷേമനിധി സഹായമായി ആയിരം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷവും അംഗങ്ങളല്ല. അംഗങ്ങളായവരില്‍ തന്നെ കൂടുതല്‍ പേരും കുടിശികയുള്ളവരുമാണ്. മറ്റു വരുമാന മാര്‍ഗങ്ങളും ഇല്ലാത്തവരെന്ന നിലയില്‍ കലാകാരന്മാരുടെ ജീവിതം തീര്‍ത്തും ദുരിതത്തിലായി. ഭാവിയെക്കുറിച്ചും ഇവര്‍ക്ക് ഭയമാണ്. കൊറോണ സൃഷ്ടിക്കുന്ന ഭയം ഭാവിയില്‍ ആഘോഷങ്ങളും ഉത്സവങ്ങളും ആള്‍ക്കൂട്ടങ്ങളും നിയന്ത്രിക്കുകയാണെങ്കില്‍ അത് കലാരൂപങ്ങളെയും ബാധിക്കും. നാടകം പോലൊരു കലാസൃഷ്ടി വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടേണ്ടതാണ്. വരുംകാലങ്ങളില്‍ കൂട്ടം കൂടുന്നതില്‍ നിന്നും മനുഷ്യര്‍ പിന്‍വാങ്ങുകയാണെങ്കില്‍, നാടകങ്ങള്‍ക്ക് വേദികളില്ലാതെ വരും. സിനിമയോ സീരിയലോ പോലെ, വീട്ടിലിരുന്നു കാണാന്‍ കഴിയുന്നതല്ലല്ലോ നാടകം. അതിന് പൊതുയിടങ്ങള്‍ വേണം. അതില്ലാതാവുകയാണെന്ന ആശങ്കയാണ് നാടകക്കാര്‍ക്കിപ്പോള്‍.

തുടക്കം ഗ്രീസിൽ

നാടകകല ലോകത്ത് ആദ്യമായി നിലവിൽ വന്ന രാജ്യം പ്രാചീന ഗ്രീസ് ആയിരുന്നു എന്നാണ് ഗവേഷകന്മാരുടെ അഭിപ്രായം. എന്നാൽ ഇതിനെ എതിർക്കുന്നവരുമുണ്ട്. പ്രാചീനഗ്രീസിലെ ജനങ്ങൾ ദേവതകൾക്ക് ബലി അർപ്പിക്കാൻ പ്രതിഷ്ഠകൾക്കു ചുറ്റും അണിനിരന്ന് ആരാധനാപരമായ പാട്ടുകൾ പാടുകയും താളാത്മകമായി ചുവടുവച്ച് നൃത്തം ചെയ്യുകയും ചെയ്‌തിരുന്നു. ആ ചടങ്ങ് കലാപരമായി വികസിച്ചപ്പോൾ ആരാധകർ പാടിയിരുന്ന ഗീതങ്ങളിൽ ഓരോ ഭാഗവും ഓരോരുത്തർ മാറിമാറിപാടുന്ന സമ്പ്രദായം നിലവിൽവന്നു. , ഗീതത്തിന്റെ ഏതെങ്കിലും ഒരു ഭാഗം പാടുന്നയാൾ പ്രത്യേക കഥാപാത്രത്തിന്റെ ഭാവരൂപങ്ങൾ കൈക്കൊള്ളാൻ തുടങ്ങി. ഇങ്ങനെ നൃത്തം ചെയ്യുന്നവരെല്ലാം വിഭിന്ന കഥാപാത്രങ്ങളായിത്തീരുകയും ഓരോരുത്തരുടെയും നൃത്തരംഗങ്ങൾ അവരവർ പാടുന്ന ഗീതഭാഗത്തിന്റെ അഭിനയമായി രൂപാന്തരപ്പെടുകയും എല്ലാവരുടെയും അഭിനയം കൂടിച്ചേർന്ന് നിയതമായ ഒരു ഇതിവൃത്തത്തിന്റെ ആവിഷ്കരണമായിത്തീരുകയും ചെയ്തു. അതോടുകൂടി ഈ അനുഷ്ഠാനം നാടകമായിത്തീർന്നു. കാലാന്തരത്തിൽ ഇപ്രകാരം ഒരു സംഘം കലാകാരന്മാർ കൂടിച്ചേർന്ന് പാട്ടിലും സംഭാഷണത്തിലും രംഗചലനങ്ങളിലും കൂടി ഇതിവൃത്തം അവതരിപ്പിക്കുന്ന നാടകകല രൂപംപ്രാപിച്ചു.

കാളിദാസന്റേത് സുവര്‍ണ കാലം

ഭാരതീയ നാടകവേദിയുടെ സുവര്‍ണ കാലമായി അടയാളപ്പെടുത്തുന്നത് കാളിദാസന്റെ കാലമാണ്. കാളിദാസന്റെ ശാകുന്തളം നാടകം ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെട്ടു. 1789 ല്‍ വില്യം ജോണ്‍സ്, ശകുന്തളം നാടകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതോടെ ഗെയ്ഥേ അടക്കമുള്ള പ്രമുഖര്‍ ശകുന്തളയുടെയും കാളിദാസന്റെയും ആരാധകരായിത്തീര്‍ന്നു. കാളിദാസന്റെ വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം എന്നീ നാടകങ്ങളും ലോകപ്രശസ്തങ്ങളാണ്. എ ഡി ഒന്നാം ശതകത്തിൽ ജീവിച്ചിരുന്ന ആശ്വഘോഷന്റെ നാടകങ്ങള്‍ ഭാരതീയ നാടകവേദിയുടെ പ്രാചീന സംഭാവനകളാണ്. ആ നാടകങ്ങളുടെ പല ഭാഗങ്ങളും കണ്ടുകിട്ടിയത് മധ്യേഷ്യയില്‍ നിന്നാണ്. ബുദ്ധമതത്തിന്റെ പ്രചാരണത്തിന് വേണ്ടിയാണ് ഈ നാടകങ്ങള്‍ പലതും എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്നു. പൊതുസമൂഹത്തില്‍ അക്കാലത്ത് നാടകത്തിനുള്ള വലിയ സ്വാധീനമാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. അശ്വഘോഷനു ശേഷം, എ ഡി നാലാം ശതകത്തിന് മുൻപ് ജീവിച്ചിരുന്ന നാടകരചയിതാക്കളാണ് ഭാസനും ശൂദ്രകനും. പിന്നീട് വിശാഖദത്തന്‍, ഭട്ടനാരായണന്‍ എന്നീ കവികളും മികച്ച നാടകകൃത്തുക്കളായി ഉയര്‍ന്നുവന്നു. സങ്കീര്‍ണമായ ഒരു രാഷ്ട്രീയ ഇതിവൃത്തം ചടുലമായി ആവിഷ്കരിച്ച മുദ്രാരാക്ഷസം വിശാഖദത്തന്റെ അപൂര്‍വരചനയാണ്. മഹാഭാരതത്തിലെ കഥാംശത്തില്‍ നിന്നെടുത്ത വേണീസംഹാരത്തിലൂടെ ഭട്ടനാരായണനും ജനകീയപ്രതിഷ്ഠ നേടി.

കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിന്റെ ‘ആൾമാറാട്ടം’ മലയാളത്തിലെ ആദ്യ നാടകം

കേരളീയ നാടോടികലകളില്‍നിന്ന് സ്വാംശീകരിച്ചെടുത്ത അഭിനയ പ്രധാനമായ ഒരു പാരമ്പര്യമല്ല മലയാള നാടകത്തിന്റേത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും തമിഴ് സംഗീത നാടക സംസ്കാരത്തിന്റെയും സ്വാധീനവും സമന്വയവുമാണ് ആദ്യകാല മലയാള നാടകങ്ങളിലുള്ളത്. കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് ഷെയ്ക്സ്പിയര്‍ കൃതിയില്‍നിന്ന് പരിഭാഷപ്പെടുത്തിയ ആള്‍മാറാട്ടമാണ് (കോമഡി ഒഫ് എറേഴ്സ്) മലയാളത്തിലെ ആദ്യനാടക കൃതിയെന്ന് കരുതുന്നു. കേരള വര്‍മ വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാനശാകുന്തളം വിവര്‍ത്തനത്തെ രണ്ടാമത്തേതായും കണക്കാക്കുന്നു. പിന്നീട് ഒട്ടനവധി സംസ്കൃത നാടക വിവര്‍ത്തനങ്ങളും സ്വതന്ത്ര നാടകകൃതികളും പുറത്തിറങ്ങിയെങ്കിലും പലതും രംഗത്ത് അവതരിപ്പിച്ചിരുന്നില്ല. സംസ്‌കൃതത്തിൽ നിന്ന് മാളവികാഗ്നിമിത്രം, വിക്രമോര്‍വശീയം, മാലതീമാധവം, ചാരുദത്തം, സ്വപ്നവാസവദത്തം, പഞ്ചരാത്രം, അഭിഷേകനാടകം, അവിമാരകം, മധ്യമവ്യായോഗം, വേണീസംഹാരം, മൃച്ഛകടികം, രത്നാവലി, നാഗാനന്ദം തുടങ്ങിയ നാടകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷിൽ നിന്ന് ചില ഷെയ്ക്സ്പിയര്‍ കൃതികളും പോര്‍ഷ്യാ സ്വയംവരം, കലഹിനീദമനകം, ലിയര്‍ നാടകം, സുനന്ദാസരസവീരം, ഹാംലെറ്റ്, വെനീസിലെ വ്യാപാരി, വാസന്തികാസ്വപ്നം എന്നീ പേരുകളില്‍ മലയാളത്തിലെത്തി. ഒപ്പം സാമൂഹികപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന മലയാളത്തിന്റേതായ നാടകങ്ങളും ഹാസ്യ നാടകങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിനൊടുവില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ്‌നാടക സംഘങ്ങള്‍ അവതരിപ്പിച്ചിരുന്ന ചരിത്രപുരാണ നാടകങ്ങളും കേരളത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തി. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയവയെ ഇതിവൃത്തമാക്കിയുള്ള സംഗീതനാടകങ്ങള്‍ക്ക് ഏറെ ആസ്വാദകരുണ്ടായിരുന്നു. സി വി യുടെ ആഖ്യായികകളും ഇന്ദുലേഖയും നാടകരൂപത്തില്‍ എത്തിയപ്പോള്‍ പുതിയൊരു നാടക സങ്കൽപ്പം മലയാളത്തില്‍ വികസിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുണ്ടായ സി വി രാമന്‍പിള്ളയുടെ ഹാസ്യ നാടകങ്ങൾ മലയാള നാടകത്തിന്റെ വളര്‍ച്ചയ്ക്ക് പുതിയ മുഖം സമ്മാനിച്ചു. തെന്തനാംകോട്ട് ഹരിശ്ചന്ദ്രന്‍ (1914), കയ്മളശ്ശന്റെ കടശ്ശിക്കൈ (1915), ഡാക്ടര്‍ക്ക് കിട്ടിയ മിച്ചം (1916), ചെറുതേന്‍ കൊളംബസ് (1917), പണ്ടത്തെ പാച്ചന്‍ (1918), പാപി ചെല്ലുന്നിടം പാതാളം (1919), കുറുപ്പിന്റെ തിരിപ്പ് (1920), ബട്ളര്‍ പപ്പന്‍ (1921) തുടങ്ങിയ നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സാമൂഹിക നവോത്ഥാനം നാടകപ്രസ്ഥാനത്തിലൂടെ

സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തി വാഴുന്ന ഒരു കാലഘട്ടത്തിലാണ് സംഗീത നാടകങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മാനവികബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടക സങ്കൽപ്പം കേരളത്തില്‍ പിറവികൊള്ളുന്നത്. ലോകമെമ്പാടും സംഭവിച്ച സാമൂഹികപരിണാമങ്ങളും രാഷ്ട്രീയ സംഭവ വികാസങ്ങളും അതിന് പ്രചോദനമായി. 1929 ല്‍ വി ടി ഭട്ടതിരിപ്പാട് രചിച്ച ’ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ’ എന്ന സാമൂഹിക നാടകം ഒട്ടേറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ആ നാടകം മലയാള നാടകവേദിക്ക് പുതിയൊരു സാമൂഹ്യദര്‍ശനം പകര്‍ന്നു നല്‍കി. എം ആര്‍ ബിയുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം (1931), പ്രേംജിയുടെ ഋതുമതി (1938) എന്നീ നാടകങ്ങളും പരിവര്‍ത്തനസ്വഭാവം കൊണ്ടു മികച്ചുനിന്നു. വി ടി ഭട്ടതിരിപ്പാട്, എം ആര്‍ ബി, ചെറുകാട്, കെ ദാമോദരന്‍, തോപ്പില്‍ ഭാസി, കെ ടി മുഹമ്മദ്, എസ് എൽ പുരം സദാനന്ദൻ തുടങ്ങിയവരുടെ നാടകങ്ങള്‍ നവോത്ഥാന പ്രസ്ഥാനത്തേയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും കേരളത്തില്‍ വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.

കെ ദാമോദരന്റെ പാട്ടബാക്കി ആദ്യ രാഷ്‌ട്രീയ നാടകം

കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് കെ ദാമോദരന്റെ ‘പാട്ടബാക്കി ’ ആണ് മലയാളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ നാടകം. 1937ല്‍ പൊന്നാനിയിൽ നടന്ന കര്‍ഷകസംഘം സമ്മേളനത്തിന് അവതരിപ്പിക്കാനാണ് കെ ദാമോദരന്‍ നാടകം രചിച്ചത്. മൂന്നോ നാലോ ദിവസംകൊണ്ട് നാടകം അരങ്ങിലെത്തിച്ചു. ജീവിക്കാന്‍വേണ്ടി മാനംവിറ്റ കുഞ്ഞിമാളു എന്ന സഹോദരി, പട്ടിണികിടന്ന് മരിക്കാറായപ്പോള്‍ ഒരല്‍പ്പം അരി മോഷ്ടിച്ച കിട്ടുണ്ണി. കമ്യൂണിസ്റ്റ് നേതാവ് മുഹമ്മദ് എന്നിവരെ കേന്ദ്രീകരിച്ചായിരിന്നു നാടകം. കിട്ടുണ്ണി ജയിലില്‍ പോയതോടെ പട്ടിണിയായ കുടുംബം, എല്ലാം ഏറ്റെടുക്കുകയാണ് കുഞ്ഞിമാളു. അവളുടെ ശരീരത്തിന് വില പറഞ്ഞ് ജന്മിമാരും മുതലാളിമാരും അവളുടെ ശിഷ്ടജീവിതം അനുവദിച്ചു കൊടുക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. പാട്ടബാക്കി, രക്തപാനം തുടങ്ങിയ നാടകങ്ങളിലൂടെ കെ ദാമോദരൻ കേരളത്തിലെ നവോത്ഥാനാന്തര രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് സർഗാത്മകതയുടെ പോരാട്ടവീര്യം സമ്മാനിച്ചു. നാടകം എന്ന ചലനാത്മക സർഗ്ഗ ശക്തിയെ സാമൂഹിക പരിവർത്തനങ്ങളുടെ കൊടുങ്കാറ്റാക്കി മാറ്റിയ ഒരു നവോത്ഥാന യുഗം പാട്ടബാക്കിയിൽ ആരംഭിച്ചു. ധാരാളം ചെറുകഥകളും ദാമോദരൻ എഴുതിയിട്ടുണ്ട്. സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുണ്ടായ അക്കാലത്തെ അസ്വസ്ഥതകളാണ്‌ ഈ നാടകം മുന്നോട്ടുവെച്ചതെന്നു കാണാം. നാടകീയതയെ നഷ്‌ടപ്പെടുത്താത്ത രാഷ്‌ട്രീയ നാടകങ്ങളായി ഇവ രൂപംപ്രാപിച്ചു.

സാംസ്‌കാരിക ചരിത്രത്തിൽ നിർണായക സ്ഥാനവുമായി കെ പി എ സി

സാംസ്‌കാരിക ചരിത്രത്തിൽ നിർണായക സ്ഥാനവുമായി തലയുയർത്തി നിൽക്കുകയാണ് കെപിഎസി എന്ന കലാ സാംസ്‌കാരിക പ്രസ്ഥാനം. കെപിഎസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്ബ് സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ജനങ്ങളില്‍ സാമൂഹികബോധം സൃഷ്ട്ടിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു.1951 ല്‍ ‘എന്റെ മകനാണ് ശരി’ എന്ന നാടകാവതരണത്തിലൂടെയാണ് കെപിഎസിയുടെ രംഗാവിഷ്കാര ചരിത്രം ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ വിജെടി ഹാളായിരുന്നു ആദ്യവേദി. നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച രാജഗോപാലന്‍ നായര്‍, മുൻ എംഎൽഎ യും സിപിഐ നേതാവുമായിരുന്ന ടി എ മൈദീൻ കുഞ്ഞ്, കിളിമാനൂർ കുട്ടപ്പൻ, ജനാര്‍ദനക്കുറുപ്പ് എന്നിവര്‍ക്കുപുറമേ സുലോചന, ജാനകി തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. തുടര്‍ന്ന് തോപ്പില്‍ ഭാസി ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് ‘സോമന്‍’ എന്ന പേരില്‍ എഴുതിയ ‘മുന്നേറ്റ’മെന്ന ഏകാങ്കത്തിന്റെ വികസിതരൂപമായ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി അവതരിപ്പിച്ചുകൊണ്ട് കേരളത്തിലെ ഫ്യൂഡല്‍ സമ്പ്രദായത്തെയും സാമൂഹിക അനാചാരങ്ങളെയും കെപിഎസി ചോദ്യം ചെയ്തു. കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ജനകീയവത്കരണത്തില്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം വഹിച്ചിട്ടുള്ള പങ്ക് വിപ്ലവകരമാണ്. ഇക്കാലഘട്ടത്തിലെ നാടകഗാനങ്ങളുടെ ആലാപനത്തിലൂടെ കെഎസ് ജോര്‍ജ്, കെപിഎസി സുലോചന തുടങ്ങിയവര്‍ മലയാള നാടകഗാനലോകത്ത് ചിരപ്രതിഷ്ഠ നേടി. കാമ്പിശ്ശേരി കരുണാകരന്‍, രാജഗോപാലന്‍ നായര്‍, സുലോചന മുതലായവരായിരുന്നു ഈ നാടകത്തിലെ അഭിനേതാക്കള്‍. നാട്ടുപ്രമാണിമാരുടെയും നാടുവാഴിത്തത്തിന്റെയും ഭീഷണികളും അക്രമങ്ങളും നേരിട്ടുകൊണ്ടുകൂടിയാണ് 1950 കളില്‍ കേരളത്തിന്റെ പലയിടങ്ങളിലും കെപിഎസി നാടകങ്ങൾ അവതരിപ്പിച്ചത്. ഇക്കാലത്ത് നാടക രചയിതാവ്, നാടക സംവിധായകന്‍ എന്നീ നിലകളില്‍ തോപ്പില്‍ ഭാസി, കെ പി എ സിയുടെ നെടുംന്തൂണായി മാറി. കേശവന്‍ പോറ്റിയും കെപിഎസിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. സര്‍വേക്കല്ല്, മുടിയനായ പുത്രന്‍, പുതിയ ആകാശം; പുതിയ ഭൂമി, ശരശയ്യ, മൂലധനം, കൈയും തലയും പുറത്തിടരുത്, മൃച്ഛകടികം, ഭഗവാന്‍ കാലുമാറുന്നു, ഒളിവിലെ ഓര്‍മകള്‍ തുടങ്ങിയ നാടകങ്ങൾ ജനമനസുകളിൽ ഇടംനേടി.

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.