എല്ലാ വര്‍ഷവും മെയ് 10 ലോക ലൂപസ് ദിനമായി ആചരിച്ചു വരുന്നു. ലുപസ് എന്ന അസുഖത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനും ചികിത്സാ രീതികളെക്കുറിച്ച് അറിയാനും ഈ രോഗം ബാധിച്ചവരുടെ ജീവിതത്തെ ആയാസരഹിതം ആക്കാനുമാണ് ഈ ദിവസം ആചരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
എന്താണ് ലൂപസ് രോഗം?
ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുള്ള വ്യതിയാനം മൂലം സ്വകോശങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒരു അസുഖമാണ് ലുപസ്. സാധാരണ നമ്മുടെ രോഗപ്രതിരോധ ശക്തി, പുറമേ നിന്നുള്ള ബാക്ടീരിയ / വൈറസ് എന്നിവയില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു. എന്നാല്‍, ഇവിടെ ഇതേ രോഗപ്രതിരോധ ശക്തി നമ്മുടെ സ്വന്തം കോശങ്ങളോട് പൊരുതുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു. തൊലി, കണ്ണ്, ഹൃദയം, എല്ലുകള്‍, സന്ധികള്‍, ശ്വാസകോശം, വൃക്കകള്‍, കരള്‍ എന്നിങ്ങനെ എല്ലാ കോശങ്ങളെയും അവയവങ്ങളെയും ബാധിച്ചേക്കാം. 15 — 44 വയസ്സിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി കണ്ടുവരുന്നതെങ്കിലും ഏത് പ്രായക്കാരെയും ലിംഗഭേദമന്യേ ബാധിക്കാം.
രോഗലക്ഷണങ്ങള്‍
ത്വക്ക്
· സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ തൊലിപ്പുറത്ത് തിണര്‍പ്പ് (rashes) വരികയോ ഉള്ളത് വര്‍ദ്ധിക്കുകയോ ചെയ്യുന്നു.
· മൂക്കിനു മുകളിലും കവിളുകളിലുമായി ചുവന്ന നിറം / തിണര്‍പ്പ് പ്രത്യക്ഷപ്പെടുക അല്ലെങ്കില്‍ ശരീരമാസകലം അകാരണമായ തിണര്‍പ്പ് ഉണ്ടാവുക.
· പെട്ടെന്നുള്ള അകാരണമായ മുടികൊഴിച്ചില്‍.
· ഉണങ്ങാത്ത പുണ്ണുകള്‍.
മാംസപേശിയിലും സന്ധികളിലും
· മൂന്നുമാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന നീരും വേദനയും.
· കൃത്യമായ ഉറക്കത്തിനു ശേഷവും ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനില്‍ക്കുന്ന സ്ഥായിയായ ക്ഷീണമോ തളര്‍ച്ചയോ ഉണ്ടാവുക.
മസ്തിഷ്‌കവും നാഡീവ്യൂഹവും
· ഒരു മണിക്കൂറോ അതിലേറെയോ നിലനില്‍ക്കുന്ന അപസ്മാരം, സന്ധിവാതം അല്ലെങ്കില്‍ ഓര്‍മ്മക്കുറവ്.
· ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അകാരണമായ പനി (100°F / 38°C)
ഹൃദയവും ശ്വാസകോശവും
· ദീര്‍ഘനിശ്വാസം എടുക്കുമ്പോള്‍ ഉണ്ടാകുന്ന നെഞ്ചുവേദന.
കണ്ണ്, മൂക്ക്, വായ
· അഞ്ചുദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പുണ്ണുകള്‍.
രക്തവും രക്തചംക്രമണവ്യൂഹവും
· ചുവന്ന രക്താണുക്കള്‍, ശ്വേതരക്താണുക്കള്‍ അല്ലെങ്കില്‍ പ്ലേറ്റ്‌ലറ്റുകളില്‍ കുറവ് വരിക.
· വിരല്‍ത്തുമ്പുകളില്‍ ചുവപ്പ് / നീല നിറത്തോടുകൂടിയോ, അല്ലാതെയോ അനുഭവപ്പെടുന്ന വേദനയോ പെരുപ്പോ.
· രക്തം കട്ടപിടിക്കാതിരിക്കുന്ന അവസ്ഥയോ മുമ്പ് ഗര്‍ഭഛിദ്രം ഉണ്ടായിട്ടുണ്ടെങ്കിലോ..
വൃക്കകള്‍
· മൂത്രത്തില്‍ പ്രോട്ടീനിന്റെ അംശം.
· രണ്ട് കാലുകളിലും ഒരുമിച്ച് വരുന്ന നീര്.
ലുപസ് രോഗം ഉണ്ടാകാനുള്ള കാരണങ്ങള്‍?
കൃത്യമായ കാരണങ്ങളാല്‍ ഉണ്ടാകുന്ന ഒരു രോഗമല്ല ലൂപസ്. എന്നാല്‍ പാരമ്പര്യം, ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍, പാരിസ്ഥികം എന്നിവ പ്രധാന ഘടകങ്ങളായി പരിഗണിക്കപ്പെടുന്നു സൂര്യപ്രകാശം, ചില മരുന്നുകളുടെ ഉപയോഗം, അണുബാധ എന്നിവയും രോഗത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. രോഗിയുടെ മാനസികാവസ്ഥ ഈ രോഗത്തെ സംബന്ധിച്ച് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ മാനസിക സമ്മര്‍ദ്ദം ഉണ്ടാവാതെ നോക്കണം. ഇത് ഒരു പകര്‍ച്ചവ്യാധിയല്ല. അതുകൊണ്ടുതന്നെ രോഗിയെ പരിചരിക്കുവാനോ കൂടെ പ്രവര്‍ത്തിക്കുവാനോ യാതൊരു തടസ്സവുമില്ല.
ലുപസ് രോഗം എങ്ങനെ കണ്ടുപിടിക്കാം?
രക്ത പരിശോധന, തൊലിയെടുത്ത് പരിശോധിക്കുക, രോഗലക്ഷണങ്ങള്‍, ഇവയെല്ലാം പരിഗണിച്ചാണ് ഒരാള്‍ക്ക് ലൂപസ് ഉണ്ടോയെന്ന് കണ്ടുപിടിക്കുന്നത്.
ചികിത്സാ രീതികള്‍
ലുപസ് ഒരു ദീര്‍ഘകാലം നിലനില്‍ക്കുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ രോഗം സുഖപ്പെടുത്തുന്നതിലുപരി രോഗലക്ഷണങ്ങള്‍ നിയന്ത്രണവിധേയമാക്കി രോഗിയുടെ ജീവിതം സുഗമമാക്കുക എന്നതാണ് ലൂപസ് ചികിത്സയുടെ പ്രധാന ഉദ്ദേശം. രോഗപ്രതിരോധ ശക്തി നിയന്ത്രിക്കുന്ന മരുന്നുകളാണ് പ്രധാനമായും നല്‍കുന്നത്. ചിട്ടയായ ആഹാരം, വിശ്രമം എന്നിവയും വെയില്‍ / അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവ ഒഴിവാക്കുന്നതും രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്നു.
ഡോ.ശാലിനി വി.ആർ.
കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.