2 May 2024, Thursday

Related news

January 30, 2024
October 19, 2023
May 15, 2023
March 28, 2023
March 16, 2023
February 21, 2023
January 1, 2023
December 16, 2022
November 1, 2022
September 21, 2022

കാലത്തിന് യോജിച്ച വിധത്തില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

നവീകരിച്ച കെടിഡിസി സമുദ്ര റിസോര്‍ട്ട് മന്ത്രി ഉദ്ഘാടനം ചെയ്തു
Janayugom Webdesk
തിരുവനന്തപുരം
January 30, 2024 9:44 pm

ബീച്ച് ടൂറിസത്തിന്‍റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടും വിധത്തില്‍ കാലാനുസൃതമായ പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആഘോഷപൂര്‍വ്വമായ വിവാഹങ്ങള്‍ക്കും അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും വേദിയാകാന്‍ ലോകോത്തര മികവോടെ നവീകരിച്ച കോവളത്തെ സമുദ്ര റിസോര്‍ട്ട് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് വ്യാപകമായ ഇന്നത്തെ കാലത്ത് വിവിധ സ്ഥലങ്ങളിലുള്ളവര്‍ കേരളത്തിലേക്ക് വന്ന് വിവാഹം നടത്തുന്നത് വര്‍ധിച്ചു വരുകയാണ്. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പുതിയ കാലത്തിന്‍റെ സൗന്ദര്യ ശാസ്ത്രമനുസരിച്ചാണ് മൂന്നാം ഘട്ട നവീകരണത്തിന്‍റെ ഭാഗമായ 40 മുറികളും ഒരുക്കിയിരിക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ പി കെ ശശി അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ബീച്ച് ടൂറിസത്തിന് അനുയോജ്യമായ മാതൃകയില്‍ തന്നെ അടുത്തഘട്ടത്തില്‍ 24 മുറികള്‍ കൂടി നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനേജിംഗ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ സ്വാഗതം ആശംസിച്ചു.

കേരളം മികച്ച വിവാഹ ഡെസ്റ്റിനേഷനായിമാറുന്ന സാഹചര്യത്തില്‍ നവീകരിച്ച സമുദ്ര റിസോര്‍ട്ട് സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാണ്. കേരളത്തിലെ ബീച്ച്ടൂറിസത്തിന്‍റെ മുഖമുദ്രയായ കോവളത്താണ് കെടിഡിസിയുടെ പ്രീമിയം റിസോര്‍ട്ടായ സമുദ്ര സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.
കോവളത്തെത്തുന്ന ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് ഇവിടുത്തെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാവുന്ന രീതിയിലാണ് സമുദ്രയുടെ രൂപകല്പന. സമുദ്രയിലെ എല്ലാമുറികളും കടലിന് അഭിമുഖമാണ്. 12.68 കോടി രൂപ ചെലവഴിച്ച് 40 മുറികള്‍ മൂന്നുഘട്ടമായാണ് നവീകരിച്ചത്.

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിലെ മികച്ച കേന്ദ്രങ്ങളിലൊന്നായ സമുദ്രയിലെ ജിവിരാജ കണ്‍വന്‍ഷന്‍ സെന്‍ററും ബീച്ചിന് അഭിമുഖമായുള്ള പുല്‍ത്തകിടിയും നവീകരണത്തിന്‍റെ ഭാഗമായി മോടി പിടിപ്പിച്ചിട്ടുണ്ട്. ബിസിനസ് ഹൗസുകളുടെ മീറ്റിംഗുകള്‍, ശാസ്ത്ര കോണ്‍ഫറന്‍സുകള്‍, പ്രൊഫഷണല്‍ സംഘടനകളുടെ ഒത്തുചേരല്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യവും നവീകരിച്ച സമുദ്രയിലുണ്ട്. ഇത്തരത്തിലുള്ള അന്താരാഷ്ട്ര സമ്മേളനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് നവീകരണം നടത്തിയത്. സീ വ്യൂ കോട്ടേജ്, സുപ്പീരിയര്‍ സീ വ്യൂ, പ്രീമിയം സീ വ്യൂ, പ്രീമിയം പൂള്‍ വ്യൂ, സീ വ്യൂ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 64 മുറികളാണ് സമുദ്രയിലുള്ളത്. ഇവിടുത്തെ മികച്ച റെസ്റ്റോറന്‍റ്, സ്വിമ്മിംഗ് പൂള്‍, നവീകരിച്ച പുല്‍ത്തകിടി തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാകും.

നവീകരണത്തിന്‍റെ ഭാഗമായുള്ള പുതിയ എ സി പ്ലാന്‍റ് നിര്‍മ്മാണം, മികച്ച ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, ആകര്‍ഷകമായ യാര്‍ഡ്ലൈറ്റിംഗ്, അപ്രോച്ച് റോഡ് ടാറിങ് തുടങ്ങിയവ സമുദ്രയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആഡംബര റിസോര്‍ട്ടുകള്‍ മുതല്‍ മധ്യനിര ഹോട്ടലുകളും മോട്ടലുകളും ഉള്‍പ്പെടെ 70-ലധികം സ്ഥാപനങ്ങള്‍ നിലവില്‍ കെടിഡിസിയുടെ കീഴിലുണ്ട്. ബീച്ചുകള്‍, കായലോരങ്ങള്‍, ഹില്‍സ്റ്റേഷനുകള്‍, ദ്വീപുകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കെടിഡിസി ഹോട്ടലുകള്‍ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം പ്രീമിയം റിസോര്‍ട്ടുകളാണ്, 11 ബജറ്റ്ഹോട്ടലുകള്‍, എട്ട് ഇക്കോണമി ഹോട്ടലുകള്‍, വഴിയോര വിശ്രമസൗകര്യങ്ങള്‍ എന്നിവയും കെടിഡിസി സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്.

കേന്ദ്രീകൃത ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം, ഉപഭോക്താക്കളുടെ താല്പര്യം അനുസരിച്ചുള്ള വൈവിധ്യമാര്‍ന്ന ടൂര്‍ പാക്കേജുകള്‍ എന്നിങ്ങനെയുള്ള വിപുലമായ സാധ്യതകള്‍ കെടിഡിസിയെ വിനോദ സഞ്ചാരികളുടെ മുന്‍നിര തിരഞ്ഞെടുപ്പുകളില്‍ ഒന്നാക്കിമാറ്റി. ലോക ടൂറിസം ഭൂപടത്തില്‍ തേക്കടി, മൂന്നാര്‍, കോവളം തുടങ്ങിയ സ്ഥലങ്ങളെ അടയാളപ്പെടുത്തുന്നതിലും കെടിഡിസി സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. റൂം ബുക്കിംഗ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്/ കോണ്‍ഫറന്‍സ് വെന്യൂ ബുക്കിംഗ ്എന്നിവയ്ക്ക് സമുദ്രയുടെ 0471–2480089, 2481412 എന്നീ നമ്പറുകളിലോ 1800 425 0123 എന്ന നമ്പറില്‍ കെടിഡിസിയുടെ സെന്‍ട്രല്‍ റിസര്‍വേഷന്‍ സെന്‍ററുമായോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ktdc.com സന്ദര്‍ശിക്കുക.

Eng­lish Summary:Tourism projects will be imple­ment­ed in a time­ly man­ner: Min­is­ter PA Muham­mad Riyas
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.