19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 30, 2024
November 29, 2024
November 28, 2024
November 8, 2024
November 6, 2024
November 5, 2024
October 30, 2024
October 30, 2024

റെയില്‍വേ അപകടങ്ങള്‍: താല്‍ക്കാലിക ജാഗ്രത മാത്രം പോര

Janayugom Webdesk
June 4, 2023 5:00 am

ഓരോ ദുരന്തങ്ങളും അപകടങ്ങളും കണ്ണു നനയിക്കുന്ന കാഴ്ചകളും കരൾ പിളർക്കുന്ന അനുഭവങ്ങളുമാണ് നമുക്ക് നല്കുന്നത്. അത്തരത്തിലൊന്നാണ് വെള്ളിയാഴ്ച രാത്രി ഒഡിഷയിലുണ്ടായത്. മകനെ തിരയുന്ന അച്ഛനും ബന്ധുക്കളെ നഷ്ടപ്പെട്ട സഹോദരനും അവിടെ നിന്നുള്ള കണ്ണീര്‍ക്കാഴ്ചകളായിരുന്നു. രണ്ട് യാത്രാ വണ്ടികളും ഒരു ചരക്കു വണ്ടിയുമാണ് ബാലാസോർ ജില്ലയിലെ ബഹനഗ സ്റ്റേഷനു സമീപം വെള്ളി വെെകിട്ട് 7.20ന് അപകടത്തില്‍പ്പെട്ടത്. വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ച കൊൽക്കത്ത ഷാലിമാർ–ചെന്നൈ കോറമണ്ഡൽ എക്സ്പ്രസും ബംഗളൂരു-ഹൗറ എക്സ്പ്രസും ചരക്ക് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറിയ കോറമണ്ഡൽ എക്സ്പ്രസിന്റെ 21 ബോഗികള്‍ പാളം തെറ്റി. ഇതിൽ മൂന്ന് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസിലേക്ക് വീണു. ഇതോടെ, കൃത്യമായ പാതയിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികളും പാളംതെറ്റി എന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഒടുവിലത്തെ ഔദ്യോഗിക കണക്കനുസരിച്ച് മരണം 288 ആണ്. ഇത് ഇനിയും ഉയര്‍ന്നേക്കാം. ആംബുലന്‍സുകളും ബസുകളും ചെറുവാഹനങ്ങളുമുപയോഗിച്ച് ആളുകളെ ആശുപത്രിയിലെത്തിച്ചതിന്റെ പൂര്‍ണ കണക്കുകള്‍ ലഭ്യമായിട്ടില്ല. പത്തോളം ആശുപത്രികളിലാണ് പരിക്കേറ്റവരുള്ളത്. 40 വര്‍ഷത്തിനിടെ നടന്ന ഏഴാമത്തെ വലിയ ദുരന്തങ്ങളിലൊന്നാണ് ഒഡിഷയിലുണ്ടായത്.

1981 ജൂണ്‍ ആറിന് ബിഹാറിലുണ്ടായ അപകടത്തില്‍ 800ഓളം പേരാണ് മരിച്ചത്. 1988 ജൂലൈ എട്ടിന് നമ്മുടെ സംസ്ഥാനത്ത് കൊല്ലം പെരുമണിലുണ്ടായ അപകടത്തില്‍ 106 മരണങ്ങളുണ്ടായി.  ബംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്‌പ്രസ് അഷ്ടമുടിക്കായലിലേയ്ക്ക് മറിയുകയായിരുന്നു. 1995 ഓഗസ്റ്റില്‍ ഫിറോസാബാദിന് സമീപത്തുണ്ടായ അപകടത്തില്‍ നാനൂറോളം പേരാണ് മരിച്ചത്. 1999 ഓഗസ്റ്റ് രണ്ടിന് കൊല്‍ക്കത്തയ്ക്കടുത്ത് 285 പേരുടെ ജീവന്‍ പൊലിഞ്ഞു. നിര്‍ത്തിയിട്ട തീവണ്ടിയില്‍ യാത്രാവണ്ടി ഇടിച്ചാണ് അപകടമുണ്ടായത്. 2002 സെപ്റ്റംബറില്‍ ഹൗറയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള രാജധാനി എക്സ്‌പ്രസ് അപകടത്തില്‍പ്പെട്ട് 200 പേര്‍ മരിച്ചു. റാഫിഗഞ്ച് തീവണ്ടി ഗയക്കും ദെഹ്റിക്കുമിടയില്‍ പാളം തെറ്റിയായിരുന്നു അപകടം. 2010 മേയ് 28നാണ് മുംബൈയ്ക്കും ഹൗറക്കുമിടയില്‍ 235 പേരുടെ മരണം സംഭവിച്ച ജ്ഞാനേശ്വരി തീവണ്ടി അപകടമുണ്ടായത്. വന്‍തോതില്‍ മനുഷ്യ ദുരന്തങ്ങളുണ്ടാക്കിയവയാണ് ഈ അപകടങ്ങള്‍. ഇതിന് പുറമേ എടുത്തു പറയേണ്ടതാണ് 2018 ഒക്‌ടോബറിലും 2010 മേയ് എട്ടിനുമുണ്ടായ ദുരന്തങ്ങള്‍. അമൃത്സറിൽ ദസറ ആഘോഷങ്ങൾ കാണാനായി പാതകളിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ തീവണ്ടി പാഞ്ഞുകയറി 59 പേരും കോവിഡ് ലോക്ഡൗണ്‍ കാലത്ത് നാടുപറ്റാന്‍ കാല്‍നടയായി പുറപ്പെട്ട്, തീവണ്ടിപ്പാതയില്‍ ഉറങ്ങിക്കിടന്നവരുടെമേല്‍ ട്രെയിന്‍ പാഞ്ഞുകയറി 16 കുടിയേറ്റ തൊഴിലാളികളുമാണ് മരിച്ചത്.


ഇതുകൂടി വായിക്കൂ: വന്ദേഭാരത് കേരളത്തിലെത്തുമ്പോള്‍


ഓരോ അപകടങ്ങളും യാദൃച്ഛികമാണെങ്കിലും അതിന്റെ കാരണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നയവൈകല്യങ്ങള്‍ക്കും അധികൃതരുടെ അലംഭാവത്തിനും വലിയ പങ്കുണ്ട്. സാങ്കേതികവിദ്യ വളരെയധികം വളര്‍ന്നിട്ടും ലോകത്തെ ഏറ്റവും വലിയ പൊതുയാത്രാ സംവിധാനമായ ഇന്ത്യന്‍ റെയില്‍വേയില്‍ പൂര്‍ണമായും അത് സജ്ജീകരിച്ചിട്ടില്ലെന്നത് വളരെപ്രധാനപ്പെട്ടതാണ്. ഒഡിഷയിലെ അപകടത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് സിഗ്നല്‍ നല്കുന്നതിലുണ്ടായ പാളിച്ചയാണെന്നാണ് പ്രാഥമിക നിഗമനം. പല അപകടങ്ങളുടെയും കാരണം സിഗ്നല്‍ സംവിധാനത്തിലെ പോരായ്മയാണെന്ന് കണ്ടെത്തിയതുമാണ്. ഇതില്‍ സാങ്കേതിക വിദ്യയുടെ അഭാവം പ്രധാന ഘടകമാണ്. തീവണ്ടി അപകടങ്ങളും സുരക്ഷാ സംവിധാനങ്ങളും സംബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ രാജ്യസഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് നല്കിയ മറുപടി ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അലംഭാവം വെളിപ്പെടുത്തുന്നതാണ്. 7400 ഓളം സ്റ്റേഷനുകളുള്ള രാജ്യത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള കേന്ദ്രീകൃത സിഗ്നല്‍ സംവിധാനമില്ലാത്ത ആയിരത്തിലധികം പ്രധാന സ്റ്റേഷനുകള്‍ ഇപ്പോഴുമുണ്ട്. തീവണ്ടികള്‍ ഓരോ സ്റ്റേഷനിലും എത്തിച്ചേരുന്നത് കൃത്യമായി നിരീക്ഷിക്കുന്നതിനും പാത ക്ലിയര്‍ ചെയ്യുന്നതിനുമുള്ള സാങ്കേതിക സംവിധാനം 1500 ലധികം സ്റ്റേഷനുകളിലും ഏര്‍പ്പെടുത്തിയിട്ടില്ല. ഇങ്ങനെ നിരവധി ഉദാസീനതകള്‍ പ്രസ്തുത ഉത്തരത്തില്‍ നിന്ന് മനസിലാക്കാവുന്നതാണ്. മറ്റൊന്ന് കേന്ദ്ര നയത്തിന്റെ ഫലമായി മതിയായ മനുഷ്യവിഭവ ശേഷി ഇല്ല എന്നതും.

ഏപ്രില്‍ മാസത്തെ കണക്കുകള്‍ പ്രകാരം 3.24 ലക്ഷം ഒഴിവുകളാണ് നികത്താതെയുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും സാങ്കേതിക വിഭാഗത്തില്‍ വരുന്ന എന്‍ജിനിയേഴ്സ്, ടെക്നിഷ്യന്‍സ്, ക്ലര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍, ടിക്കറ്റ് പരിശോധകര്‍ എന്നിവരുടെ ഒഴിവുകളാണ്, 3,12,9895. യാത്രക്കാരുടെ സുരക്ഷയും തീവണ്ടികളുടെ സുഗമമായ യാത്രയും ഉറപ്പുവരുത്തേണ്ടവയാണ് ഈ തസ്തികകള്‍. ഒഡിഷയിലെ അപകടത്തെക്കുറിച്ച് മറ്റു ചില സംശയങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ വിഷയങ്ങളും കണ്ടെത്താവുന്ന വിധത്തിലുള്ള സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഓരോ അപകടങ്ങളും നടക്കുമ്പോള്‍ കാട്ടുന്ന താല്‍ക്കാലിക ജാഗ്രതകള്‍ക്കപ്പുറം ലാഭം പരിഗണിക്കാതെ, യാത്രക്കാരുടെ ജീവന്‍ സുരക്ഷകൂടി മുന്നില്‍ കണ്ട് ആധുനീകരണം നടത്തുന്നതിനും മതിയായ ജീവനക്കാരെ നിയമിക്കുന്നതിനും അടിയന്തര നടപടിയും ഒപ്പമുണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.