ട്രെയിന്‍ പാളം തെറ്റലും അപകടവും നിത്യസംഭവമായി മാറിയിട്ടും മഹാനിദ്രയിലാണ്ട് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ റെയില്‍വേ ബോര്‍ഡും കൈമലര്‍ത്തിയതോടെ യാത്രക്കാരുടെ സുരക്ഷിതത്വം ചോദ്യചിഹ്നമായി തുടരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നിരവധി പാളം തെറ്റലുകളും അപകടങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് മോഡി സര്‍ക്കാരും റെയില്‍വേ ബോര്‍ഡും പുലര്‍ത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാളങ്ങളുടെ ശോചനീയാവസ്ഥ, അറ്റകുറ്റപ്പണിയുടെ അഭാവം, ജീവനക്കാരുടെ ക്ഷാമം, സിഗ്നലിങ് സംവിധാനത്തിലെ തകരാര്‍ എന്നിവയാണ് നിരന്തര അപകടങ്ങള്‍ക്കും പാളം തെറ്റലിനും കാരണമാകുന്നത്. രാജ്യത്ത് 68,584 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ പഴയ ട്രാക്കിന് പകരം കേവലം 2,500 കിലോമീറ്ററില്‍ പുതിയ ട്രാക്ക് സ്ഥാപിച്ചതോടെ റെയില്‍വേയുടെ വികസനം അവസാനിക്കുന്നു. തീവണ്ടി അപകടം ഒഴിവാക്കുന്നതിനായി ആരംഭിച്ച കവച് സംവിധാനത്തിന്റെ പുരോഗതിയും ഒച്ചിന്റെ വേഗതയിലാണ് ഇഴഞ്ഞുനീങ്ങുന്നത്.
2023 ജൂണില്‍ ഒഡിഷയിലെ ബാലസോറില്‍ സിഗ്നലിങ് തകരാര്‍ കാരണം എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി ചരക്ക് തീവണ്ടിയിലിടിച്ച് 290 പേര്‍ കൊല്ലപ്പെട്ട സംഭവവും അധികാരികളുടെ കണ്ണ് തുറപ്പിച്ചില്ല എന്നാണ് സമീപകാലത്ത് വര്‍ധിക്കുന്ന അപകടങ്ങളും പാളം തെറ്റലും വ്യക്തമാക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമായിരുന്നു ബാലസോറിലേത്. അതേവര്‍ഷം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലും ട്രെയിന്‍ പാളം തെറ്റി നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഓരോ അപകടങ്ങള്‍ക്കും പിന്നാലെ യാത്രക്കാരുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കാന്‍ കര്‍മ്മ പദ്ധതി തയ്യറാക്കുമെന്ന പ്രഖ്യാപനം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണ് കവച്. ഇതിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്കാനും അമിത വേഗത ഒഴിവാക്കാനും മൂടല്‍മഞ്ഞ് പോലുള്ള പ്രതികൂല കാലാവസ്ഥകളില്‍ ട്രെയിനുകള്‍ പ്രവൃത്തിപ്പിക്കുന്നത് സഹായിക്കാനും ഒരു നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ട്രാക്കില്‍ മറ്റൊരു ട്രെയിന്‍ ഉണ്ടെങ്കില്‍ ട്രെയിന്‍ യാന്ത്രികമായി നിര്‍ത്താനും കഴിയും. ലോക്കോപൈലറ്റ് കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ബ്രേക്കിട്ടാണ് കവച് ട്രെയിനിന്റെ വേഗത നിയന്ത്രിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ലൈനിലും കവച് സാങ്കേതിക വിദ്യ സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം.
എന്നാല്‍ കേവലം 7000 കിലോമീറ്ററിലാണ് കവച് സ്ഥാപിച്ചതെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. പാളങ്ങളുടെയും സിഗ്നലിങ് സംവിധാനങ്ങളുടെയും പരിശോധന കൃത്യമായി നടക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ട്രാക്കില്‍ ഓരോ ട്രെയിന്‍ കടന്ന് പോയശേഷവും നടത്തേണ്ട പരിശോധന മുടങ്ങുന്നതായും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള ട്രാക്കുകളുടെ സ്ഥിതി ഏറെ ശോചനീയമാണ്.
ജീവനക്കാര്‍ വിരമിക്കുന്നതിന് ആനുപാതികമായ പുതിയ ജീവനക്കാരെ നിയമിക്കുന്നതില്‍ വരുത്തുന്ന അലംഭാവവും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ട്രെയിനില്‍ സുരക്ഷയും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് അപകടരഹിത യാത്രയും ഉറപ്പ് വരുത്തുന്നതിന് കാട്ടുന്ന അലംഭാവം വന്‍ ദുരന്തങ്ങള്‍ക്ക് ഇനിയും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.