
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് , ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് ഓഹരികള്‍ കൈമാറുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. ആകാശിന്റെ 100 കോടി രൂപയുടെ റൈറ്റ്‌സ് ഇഷ്യുവില്‍ തിങ്ക് ആന്‍ഡ് ലേണ്‍ പങ്കെടുത്തിരുന്നു. ഈ നടപടികളിലാണ് നിയമപരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. വിദേശ വിനിമയ ചട്ടങ്ങള്‍ (ഫെമ), കമ്പനി നിയമങ്ങള്‍ എന്നിവ ലംഘിച്ചുവെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ഈ നിര്‍ണായക നടപടി.
റൈറ്റ്‌സ് ഇഷ്യു വഴി 25 കോടി രൂപയുടെ ഓഹരികള്‍ക്ക് തിങ്ക് ആന്റ് ലേണ്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍,നിയമപരമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡ് ഈ ഷെയര്‍ വിതരണം തടഞ്ഞുവയ്ക്കുകയായിരുന്നു. ഫണ്ട് സ്വരൂപിക്കാന്‍ ഉപയോഗിച്ച കടപ്പത്ര വിതരണ രീതി, വിദേശ വിനിമയ ചട്ടങ്ങള്‍ , എക്‌സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോയിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, കമ്പനീസ് ആക്ട് എന്നിവ തിങ്ക് ആന്റ് ലേണ്‍ ലംഘിച്ചതായി കണ്ടെത്തി. സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ജനറല്‍ മാനേജരും നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നാണ് ഈ നടപടി. തിങ്ക് ആ്ന്റ് ലേണ്‍ സമാഹരിച്ച ഫണ്ട് വായ്പയുടെ ഗണത്തില്‍പ്പെടുന്നതിനാല്‍, അത് ആകാശിന്റെ ഷെയറുകള്‍ വാങ്ങാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ആകാശിന്റെ നിയമോപദേഷ്ടാക്കള്‍ ചൂണ്ടിക്കാട്ടി. ഇത് അനുവദിച്ചാല്‍ ആകാശ് പിഴ ശിക്ഷയ്ക്ക് വിധേയമാകേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍, ഓഹരി വിതരണം നിര്‍ത്തിവെച്ച ആകാശ്, തിങ്ക് ആന്റ് ലേണ്‍ അടച്ച 25 കോടി രൂപ പലിശ ലഭിക്കുന്ന ഒരു പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. 140 കോടി രൂപയുടെ ഒരു പുതിയ റൈറ്റ്‌സ് ഇഷ്യു അടുത്ത കാലയളവില്‍ ഉണ്ടായേക്കുമെന്നും കമ്പനി സൂചന നല്‍കി.
2021ലാണ് തിങ്ക് ആന്‍ഡ് ലേണ്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിനെ ഏറ്റെടുത്തത്. ഇതിനുശേഷം, തിങ്ക് ആന്‍ഡ് ലേണിന്റെ ഒരു സബ്‌സിഡിയറി ആയി മാറി. തിങ്ക് ആന്റ് ലേണിന് ആകാശില്‍ ഏകദേശം 25.75% ഓഹരി ഉണ്ടായിരുന്നു. നിലവില്‍, ആകാശ് നടത്തിയ റൈറ്റ്‌സ് ഇഷ്യൂ കാരണം ഓഹരി പങ്കാളിത്തം കുറയുന്നതിനെ ചൊല്ലി ഈ രണ്ട് സ്ഥാപനങ്ങളും തമ്മില്‍ നിയമപരമായ തര്‍ക്കം നടക്കുകയാണ്. റൈറ്റ്‌സ് ഇഷ്യു പൂര്‍ത്തിയായാല്‍ തിങ്ക് ആന്റ് ലേണിന്റ ഓഹരി പങ്കാളിത്തം 6.125% ആയി കുറയാന്‍ സാധ്യതയുളളതിനാലായിരുന്നു ഈ ഭിന്നത ഉടലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.