തുഞ്ചത്താചാര്യന്റെ ഹരിനാമ കീര്‍ത്തനത്തിലെ ‘ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ’ എന്ന വരികളാണിപ്പോള്‍ ബിജെപിയുടെ സന്ധ്യാവന്ദന പ്രാര്‍ത്ഥന. അക്കിടി പറ്റിപ്പോയാല്‍ പിന്നെ ഹരിനാരായണ മന്ത്രമല്ലാതെന്തുണ്ട് ശരണം. പാലക്കാട് കൂമ്പന്‍ മലയിടുക്കില്‍പ്പെട്ടുപോയ ബാബു എന്ന പയ്യനാണല്ലേ ഇപ്പോള്‍ താരം. മലയിടുക്കിലെ കുഴിയിലിരുന്ന് സെല്‍ഫിയെടുത്തും ബാഹ്യലോകത്ത് ഉമ്മയും ചങ്ങായിമാരുമായും സംസാരിച്ചും കഥകളി ഭാഷയില്‍ വെള്ളം ചോദിച്ചും രണ്ടു ദിവസത്തോളം കഴിഞ്ഞ ബാബുവിനെ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിനു ചെലവായത് മുക്കാല്‍ കോടി. ബില്ലുകളെല്ലാം വരട്ടെ അപ്പോഴറിയാം തുക കോടികളിലേക്ക് ഉയരുന്നത്. കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററിനെ മലമുകളില്‍ വിളിച്ചുവരുത്തി പറത്തിക്കളിപ്പിച്ചതിനും ലക്ഷങ്ങള്‍ ചെലവ്. എന്നാല്‍ പയ്യന്‍ മലമടക്കില്‍ സസുഖം വാഴുമ്പോള്‍ തന്നെ സംഘിചാനലുകള്‍ കഥകള്‍ മെനയുകയായിരുന്നു. കൊടും ഭീകരനാണ് ബാബു. ഐഎസിന്റെ ഭീകരതാവളം ഒരുക്കാനായിരുന്നു ചെക്കന്‍ പോയതെന്ന് ചാണക്യന്യൂസ്. കൂമ്പന്‍മലയിലെ ഹിന്ദുക്ഷേത്രം തകര്‍ക്കാന്‍ പോയവനാണ് ബാബുവെന്ന് സംഘിചാനലുകളും സോഷ്യല്‍മീഡിയ കാവിപ്പടയും. ഉമ്മ റാഫിദയുടെ അനുഗ്രഹാശിസുകളോടെയാണ് മോന്‍ മലകയറിയതെന്ന് മറ്റൊരു കൂട്ടര്‍. ആകെ കശാകൊളം. ബാബു മലകയറിയതിനു പിന്നാലെ ചാനലുകള്‍ അയാളെ ആശുപത്രി കക്കൂസില്‍ വച്ചുപോലും അഭിമുഖവധം നടത്തി. ഇതിനിടെ ബിജെപിയുടെ ‘ജനം’ ടി വി ചാനല്‍ നടത്തിയ അഭിമുഖം സംഗതികളാകെ അളിപിളിയാക്കി. ഭീകരപ്രവര്‍ത്തനത്തിന് താവളം കണ്ടെത്താനും മലമുകളിലെ അമ്പലം തകര്‍ക്കാനുമായിരുന്നില്ലേ പ്ലാന്‍ എന്ന് ചാനല്‍ ലേഖകന്റെ ചോദ്യം. ഇതുകേട്ട് കൂമ്പന്‍മല ബാബു പൊട്ടിത്തെറിച്ചു; ‘മറ്റേ വര്‍ത്തമാനം പറയരുത്. ഞാന്‍ അസല്‍ ബിജെപിക്കാരനാ, ശാഖയില്‍ ഞാനും അനുജനും പരിശീലനം നേടിയിട്ടുണ്ടെന്നോര്‍ത്തോ. എന്റെ മരിച്ചുപോയ പിതാവ് വിശ്വനാഥന്‍ ഹിന്ദുവായിരുന്നു. എന്റെ പേര് ബാബു വിശ്വനാഥന്‍. അനുജന്‍ ഷാജി വിശ്വനാഥന്‍. ഇനിയും ഞങ്ങള്‍ മല കയറും. അവിടെവച്ച് പൊറോട്ടയും ഇറച്ചിയും തിന്നും, ബിജെപിയുടെ പ്രചാരണത്തിനു പോകുകയും ചെയ്യും. ദയവായി ഞങ്ങളെ മുസ്‌ലിം തീവ്രവാദികളാക്കരുതെന്ന് ബാബുവിന്റെ കേണപേക്ഷ. ചെക്കന്‍ ചെയ്ത ഒരു ചെയ്ത്തേ. ‘ഒന്നായ നിന്നെയിഹരണ്ടെന്നു കണ്ട്’ ബാബുവിനെ മുസ്‌ലിം ഭീകരനാക്കി ഇകഴ്ത്തിപ്പാടിയ ബിജെപിക്ക് ഇതില്‍പരം ഇളിഭ്യതയുണ്ടാകാനുണ്ടോ.
മലയാള ഭാഷ ആരു സംസാരിക്കുന്നുവെന്നതിനുസരിച്ച് ആ ഭാഷ സര്‍വാദൃതമാകുന്നതും അധിക്ഷേപിക്കപ്പെടുന്നതുമെന്ന് നമ്മുടെ ഭാഷാപണ്ഡിത കോയിത്തമ്പുരാക്കന്മാര്‍ പറഞ്ഞുവച്ചിട്ടുണ്ട്. തെറി പറയണമെങ്കില്‍ അതു രോമം എന്ന വാക്കിലൊളിപ്പിച്ചു തെറിയാക്കാമെന്ന അനന്തസാധ്യതകള്‍ മലയാളത്തിനല്ലാതെ മറ്റെന്തു ഭാഷയ്ക്കുണ്ട്. ഭാഷയെ ‘സമ്പന്ന’മാക്കാനുള്ള വര്‍ത്തമാനകാല മഹായജ്ഞം തുടങ്ങിവച്ചത് നമ്മുടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. പട്ടികള്‍ എല്ലിനുവേണ്ടി കടിപിടി കൂടട്ടെ, ഞങ്ങള്‍ ഞങ്ങളുടെ പണിയുമായി മുന്നോട്ടുപോകും. ‘നായ്ക്കള്‍ കുരയ്ക്കട്ടെ, സാര്‍ത്ഥവാഹകസംഘം മുന്നോട്ടുപോകുകതന്നെ ചെയ്യും എന്ന മട്ടിലുള്ള ന്യായാധിപശിരോമണിയുടെ പ്രയോഗം തന്നെക്കുറിച്ചല്ലേ എന്ന് മുന്‍ മന്ത്രി കെ ടി ജലീലിന് ഒരു സംശയം. ലോകായുക്തയെ മനുഷ്യവിസര്‍ജ്യം തിന്നു ജീവിക്കുന്ന പന്നിയായാണ് ജലീല്‍ ഉപമിച്ചത്. തനിക്ക് ഹറാമായ പന്നിയെ ലോകായുക്തയുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്ത ജലീലിന്റെ ഭാഷാവെെഭവത്തിനിരിക്കട്ടെ ഒരു കുതിരപ്പവനും പട്ടും വളയും. മലയാളം അങ്ങനെയങ്ങിനെയങ്ങ് അടിച്ചു കസറുമ്പോഴിതാ പി വി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലയിലെ നിയമവിരുദ്ധ റോപ്പ്‌വേയും തടയണയും സര്‍ക്കാര്‍ ഇടപെട്ടുള്ള പൊളിക്കല്‍ മഹോത്സവം. ഇതു കേട്ടപാടെ അന്‍വര്‍ മുതലാളി പൊട്ടിത്തെറിച്ചു; ഇതൊക്കെ പൊളിച്ചടുക്കിയാല്‍ എനിക്ക് ഒരു രോമം പോകന്നതിനു തുല്യം. എന്തായാലും ഭാഷാസ്നേഹിയായ അന്‍വര്‍ രോമത്തിനു പകരമുള്ള തമിഴ്‌പദം പ്രയോഗിക്കാത്തത് നാം പ്രജകളുടെ ഭാഗ്യം. ഈ ഭാഷാകലാപം നടത്തുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. മലയാളത്തെ സ്നേഹിക്കുന്ന മാലോകരുടെ മുന്നില്‍ നിന്നാണ് ഈ ഭാഷാ കലാപരിപാടികളെൊക്കെയുമെന്ന്.
വാഹനമിടിച്ചാല്‍ പോക്സോ കേസോ. വാഹനാപകടത്തില്‍പ്പെട്ടവര്‍ക്കെതിരെ സാധാരണ വാഹനനിയമച്ചട്ടമനുസരിച്ചാണ് കേസെടുക്കുക. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയൊ ആണ്‍കുട്ടികളെയൊ ലെെംഗികമായി പീഡിപ്പിക്കുന്നവര്‍ക്കെതിരെ ചുമത്താനുള്ളതാണ് പോക്സോ നിയമം. വാര്‍ത്തയുടെ ഉള്ളുകള്ളികള്‍ ചികഞ്ഞപ്പോഴല്ലേ കേസിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ യൂണിഫോമുകളും മയക്കുമരുന്നുകളും കണ്ടെത്തിയത്രേ. മയക്കുമരുന്നു നല്കി പെണ്‍കുട്ടികളുമായി ലെെംഗികവേഴ്ച നടത്തിയ യുവാക്കള്‍ പിടിയിലായെങ്കിലും ഇരകളായ സ്കൂള്‍ തിടമ്പുകള്‍ കൂളായി രക്ഷപ്പെട്ട് ഒളിവിലും. സൗന്ദര്യം ഹിജാബില്‍ മൂടിവയ്ക്കാനുള്ളതല്ലെന്ന് നമ്മുടെ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍ പറഞ്ഞത് അക്ഷരംപ്രതി പാലിക്കുകയായിരുന്നോ മേല്‍പ്പടി പെണ്‍കുട്ടികള്‍. ആട്ടിന്‍കൂട്ടത്തെ കാണിച്ചുതരാമെന്നു പറഞ്ഞ് പതിനേഴുകാരിയെ ഒരു യുവാവ് കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വാര്‍ത്ത മറ്റൊന്ന്. ‘കാനനഛായയില്‍ ആടു മേയ്ക്കാന്‍ ഞാനും വരട്ടെയൊ നിന്റെ കൂടെ’ എന്ന് രമണന്‍ സ്റ്റെെലില്‍ കെഞ്ചിയിട്ട് വനത്തിനുള്ളിലേക്ക് പോയി പീഡിപ്പിക്കപ്പെടാന്‍ തയാറായത് പോത്തുപോലെ വളര്‍ന്ന പതിനേഴുകാരി. മയക്കുമരുന്നുകളുടെ ലഹരിയില്‍ യുവത മുങ്ങിമയങ്ങുമ്പോള്‍ ഇത്തരം പെണ്‍കുട്ടികളുടെ മാതാപിതാക്കളെന്താ തിരുവാതിര കളിക്കുകയാണോ.
ഭാഷകൊണ്ടുള്ള കളിയില്‍ ബിജെപിയും അഗ്രഗണ്യരെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. പണ്ട് ഒരു പ്രസംഗകന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വരുന്നു. ‘മന്ത്രിയെ വേണമെങ്കില്‍ ഞങ്ങള്‍ക്കു ചന്ദനക്കള്ളന്‍ എന്നു വിളിക്കാം. പക്ഷേ ഞങ്ങള്‍ അതു ചെയ്യില്ല. ഞങ്ങളുടെ രാഷ്ട്രീയ സദാചാരം അതിനനുവദിക്കുന്നില്ല. ഞങ്ങള്‍ക്കു വേണമെങ്കില്‍ പറയാം മുരിക്കന് മന്ത്രി കിസ്ത് ഇളവ് ചെയ്തുകൊടുത്തുവെന്ന്. പക്ഷെ ഞങ്ങള്‍ അതു പറയില്ല. കാരണം ഞങ്ങളുടെ രാഷ്ട്രീയധാര്‍മികത അതിനനുവദിക്കുന്നില്ല. ഞങ്ങള്‍ക്കു വേണമെങ്കില്‍ പറയാം. ഈ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അളിയന് സ്ഥാനക്കയറ്റം നല്കിയെന്ന്. ഞങ്ങള്‍ അതു പറയില്ല..’ എന്നിങ്ങനെ നീളുന്ന പ്രസംഗം. അസമിലെ ബിജെപി മുഖ്യമന്ത്രി ഹേമന്ത് ബിശ്വശര്‍മ്മ രാഹുലിനോട് പറയുന്നു, ‘നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ.’ പറയാതെ പറയുക എന്ന ഈ ഭാഷാപ്രയോഗ ടെക്നിക്ക് ഇനി നമ്മുടെ കെ സുധാകരനും കെ സുരേന്ദ്രനും സ്വായത്തമാക്കി പ്രസംഗം കൊണ്ടുകയറാം.
പക്ഷെ ഭാഷാപ്രയോഗത്തിലൂടെയുള്ള വിധിന്യായത്തിലൂടെ ഒരു ന്യായാധിപ വീട്ടിലിരിപ്പാവുന്നത് ഉലകന്യായാധിപ ചരിത്രത്തില്‍ ഇതാദ്യമാകാം. പോക്സോ കേസില്‍ വിവാദ ഉത്തരവു പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല മിനിഞ്ഞാന്ന് രാജി വച്ചു. അതും പെന്‍ഷനാകാന്‍ രണ്ട് ദിവസം മുമ്പ്. പീഡനക്കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ ഇരയായ പെണ്‍കുട്ടിയുടെ സാരിയില്‍ തൊടുന്നതൊ പാന്റ്സിന്റെ സിപ്പഴിക്കുന്നതോ കുറ്റകരമല്ലെന്നായിരുന്നു പുഷ്പ മാഡത്തിന്റെ വിധി. പണ്ടാരോ പറഞ്ഞപോലെ സാരിയില്‍ തൊടാം, സരസ്വതിയെ തൊട്ടാല്‍ കളി മാറും. എന്ന വിധത്തിലുള്ള വിധി. എന്തായാലും ഉപരികോടതി ഈ വിധി റദ്ദാക്കുകയും ഹെെക്കോടതി ന്യായാധിപയാക്കാനുള്ള തീരുമാനം റദ്ദാക്കുകയും ചെയ്തു. വിധി വരുത്തിവയ്ക്കുന്ന ഓരോ തലവിധിയേ!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.