കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ത്രികാേണ മത്സരത്തിന് വഴിയൊരുങ്ങുന്നു. ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചതോടെ തരൂര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് നാമനിര്‍ദ്ദേശ പത്രികാ ഫോം വാങ്ങിയത്. അശോക് ഗെലോട്ട്, മനീഷ് തിവാരി എന്നിവരാണ് മത്സരത്തിന് തയാറടെുത്തിരിക്കുന്നത്.
ശശി തരൂര്‍ എം പിയുടെ പ്രതിനിധി എത്തിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിയില്‍ നിന്ന് പത്രിക വാങ്ങിയത്. ഇതോടെ ഔദ്യോഗികമായി മത്സരിക്കുന്ന ആദ്യ നേതാവായി. തിങ്കളാഴ്ചയോ തൊട്ടടുത്ത ദിവസമോ പത്രിക നല്‍കും. അശോക് ഗെലോട്ട് 28നായിരിക്കും പത്രിക നല്‍കുക. തരൂരിന്, ഗാന്ധി കുടുംബത്തിന്റെ കടുത്ത വിശ്വസ്തനായ ഗെലോട്ടില്‍ നിന്നെന്ന പോലെ മധ്യപ്രദേശില്‍ നിന്നുള്ള സഹപ്രവര്‍ത്തകന്‍ കമല്‍നാഥില്‍ നിന്നും കടുത്ത വെല്ലുവിളിയുണ്ട്.
വിമത സ്ഥാനാര്‍ത്ഥിയായി ജി-23ലെ മനീഷ് തിവാരിയും മത്സരിക്കും. തരൂര്‍ തങ്ങളുടെ പ്രതിനിധിയല്ലെന്നും പാര്‍ട്ടിയിലെ കൂട്ടായ ആലോചനയിലൂടെ കൈക്കൊണ്ട തീരുമാനമല്ല ജി 23 നേതാക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടി ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
ഔദ്യോഗിക പക്ഷത്തില്‍ നിന്നും ഗ്രൂപ്പ് 23 ല്‍ നിന്നും വലിയ പിന്തുണയില്ലെന്ന് വ്യക്തമായതോടെ തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ആരൊക്കെ ഒപ്പിടുമെന്ന് കണ്ടറിയണം. അതേസമയം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ ജി 23ക്ക് അവസാനമാവുകയാണെന്ന് ഗ്രൂപ്പ് നേതാവ് കൂടിയായ അശോക് ചവാന്‍ പറഞ്ഞു.
സോണിയ ഗാന്ധി പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഗെലോട്ടിന്റെ വിജയം ഏതാണ്ട് ഉറപ്പാണെങ്കിലും ത്രികോണ മത്സരം വന്നാല്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും.
അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള നടപടികള്‍ തുടങ്ങിയതോടെ ഡിസിസി അധ്യക്ഷന്മാരും സാധാരണ പ്രവര്‍ത്തകരുമൊക്കെ ആദ്യദിനം എഐസിസിയില്‍ പത്രിക വാങ്ങാനെത്തിയിരുന്നു. തരൂരിന് പുറമെ ഇന്നലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിനോദ് സാത്തി, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ലക്ഷ്മികാന്ത് ശര്‍മ എന്നിവരാണ് പത്രികാ ഫോം വാങ്ങിയത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ അടുത്ത എട്ടാം തീയതി മത്സരത്തിന്റെ ചിത്രം വ്യക്തമാകും. 17ന് വോട്ടെടുപ്പ് നടക്കും. 19നാണ് ഫലപ്രഖ്യാപനം.
English Summary: Triangle competition in Congress
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.