19 December 2024, Thursday
KSFE Galaxy Chits Banner 2

ഗോത്ര വിഭാഗങ്ങള്‍ ഇന്നും വിവേചനത്തിന്റെ ഇരുട്ടില്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 24, 2022 11:47 pm

ആദ്യമായി ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ പ്രഥമ വനിത ഇന്ന് അധികാരമേല്‍ക്കുമ്പോഴും രാജ്യത്തെ ഗോത്ര വിഭാഗങ്ങള്‍ ചൂഷണത്തിന്റെയും വിവേചനത്തിന്റെയും ഇരുട്ടില്‍. വനാവകാശ നിയമവും നിരവധി കേന്ദ്ര‑സംസ്ഥാന ക്ഷേമപദ്ധതികളും നിലവിലുണ്ടെങ്കിലും അവയൊന്നും രാജ്യത്തെ ആദിവാസി ഗോത്ര വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇനിയും പര്യാപ്തമായിട്ടില്ല. ഗോത്രവിഭാഗക്കാര്‍ക്ക് നേരെയുള്ള വിവേചനങ്ങളും ആക്രമണങ്ങളും അനുദിനം വര്‍ധിച്ചുവരുകയുമാണ്.
ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാരോഹണം ആഘോഷിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദിവാസികള്‍ ഏറ്റുമധികം ദുരിതജീവിതം നയിക്കേണ്ടിവരുന്നതെന്നതാണ് ഏറ്റവും പ്രധാനമായ വസ്തുതയെന്ന് അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
2006 ല്‍ പാര്‍ലമെന്റ് പാസാക്കിയ വനാവകാശ നിയമത്തിലൂടെ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 50.4 ശതമാനമാണ് വനാവകാശ നിയമപ്രകാരം ഭൂമി നല്‍കുന്നതില്‍ രാജ്യത്തെ ശരാശരിയെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ വനാവകാശ അപേക്ഷകളുടെ വെറും മൂന്ന് ശതമാനം പേര്‍ക്കാണ് ഭൂമി ലഭിച്ചിട്ടുള്ളത്. കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും അപേക്ഷകളുടെ അഞ്ച് ശതമാനം മാത്രമാണ് ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ 20 ശതമാനം മാത്രം അപേക്ഷകര്‍ക്കാണ് ഭൂമി ലഭിച്ചത്. പതിറ്റാണ്ടുകളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ അടുത്തയിടെ അപേക്ഷകള്‍ 51 ശതമാനത്തിലെത്തി. ത്രിപുരയില്‍ 64 ശതമാനം പേര്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി നല്‍കി.
ബിജെപി ഇതര സര്‍ക്കാരുകളുടെ പ്രവര്‍ത്തനം വനാവകാശ നിയമപ്രകാരമുള്ള കണക്കുകളില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്. ആന്ധ്രാപ്രദേശ്(77), ഒഡിഷ(71), കേരളം(60), ഝാര്‍ഖണ്ഡ്(56), ഛത്തീസ്ഗഡ്(53), രാജസ്ഥാന്‍(52) എന്നീ സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയില്‍ വനാവകാശ നിയമം നടപ്പാക്കി.
മധ്യേന്ത്യന്‍ ആദിവാസി മേഖലകളില്‍ പലപ്പോഴും നടക്കുന്ന കുടിയിറക്ക് സംഭവങ്ങളും ആദിവാസി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി ഫണ്ട് അനുവദിക്കുന്നതില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നടത്തുന്ന വെട്ടിക്കുറയ്ക്കലുകളും വഞ്ചനയുടെ മറ്റൊരു ഉദാഹരണമായി മാറുന്നു.
2017‑ലെ നിതി ആയോഗ് മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് കേന്ദ്ര ബജറ്റില്‍ എസ്‍ടി വിഭാഗത്തിന് 8.2 ശതമാനം അനുവദിക്കേണ്ട സ്ഥാനത്ത് 2018–19 ൽ വെറും 4.9 ശതമാനം ആയിരുന്നു അനുവദിച്ചത്. 2022–23 ലെ ബജറ്റ് എസ്റ്റിമേറ്റിൽ 7.3 ശതമാനമായി ഇത് ഉയർന്നുവെങ്കിലും നിതി ആയോഗ് നിര്‍ദ്ദേശിച്ച അനുപാതത്തിലേക്ക് എത്തിയിട്ടില്ല. 

Eng­lish Sum­ma­ry: Trib­al groups are still in the dark of discrimination

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.