2 May 2024, Thursday

Related news

May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ചവര്‍ രണ്ടു കോടി; ടൂറിസം മേഖലയില്‍ ഉണര്‍വ്  

സ്വന്തം ലേഖകൻ
കൊച്ചി
June 24, 2023 8:11 pm
സംസ്ഥാനത്ത് ടൂറിസം രംഗം ഉണര്‍വില്‍. വിനോദസഞ്ചാര വകുപ്പിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെത്തിയ വിനോദ സഞ്ചാരികൾ 2.05 കോടിപ്പേരാണ്. 2021–22ലെ 92.21 ലക്ഷത്തേക്കാൾ 122.35 ശതമാനം അധികമാണിത്.
കഴിഞ്ഞ സാമ്പത്തിക വർഷമെത്തിയ സന്ദർശകരിൽ രണ്ട് കോടിപ്പേരും ആഭ്യന്തര വിനോദ സഞ്ചാരികളാണ്. കേരളത്തിലുള്ളവർക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് ആഭ്യന്തര സഞ്ചാരികൾ.
2021–22ലെ 91.32 ലക്ഷത്തിൽ നിന്ന് 119.10 ശതമാനം വർദ്ധനയോടെയാണ് കഴിഞ്ഞവർഷം ആഭ്യന്തര സന്ദർശകർ രണ്ടുകോടി കടന്നത്. കഴിഞ്ഞവർഷം കേരളം കണ്ട വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 89,545ൽ നിന്ന് 454 ശതമാനം കുതിച്ച് 4.95 ലക്ഷത്തിലെത്തി.
കഴിഞ്ഞവർഷം ഏറ്റവുമധികം വിനോദ സഞ്ചാരികളെ വരവേറ്റത് എറണാകുളമാണ്. 2021–22നേക്കാൾ 127.03 ശതമാനം വളർച്ചയോടെ 45.54 ലക്ഷം പേർ. തിരുവനന്തപുരത്ത് 129.03 ശതമാനം വർധനയോടെ 34.02 ലക്ഷം പേരെത്തി.
ഇടുക്കി സന്ദർശിച്ചവർ 29.75 ലക്ഷം പേരാണ്. വർധന 151.59 ശതമാനം. കൊവിഡാനന്തരം പൂരം വീണ്ടും ആവേശം വീണ്ടെടുത്ത തൃശൂരിൽ 22.71 ലക്ഷം പേരെത്തി. വർധന 180 ശതമാനം.
2022ൽ 35,168.42 കോടി രൂപയാണ് കേരളത്തിന്റെ ടൂറിസം മേഖല നേടിയ വരുമാനമെന്ന് വിനോദസഞ്ചാര വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. 2021ലെ 12,285.91 കോടി രൂപയേക്കാൾ 186.25 ശതമാനം അധികമാണിത്.
കോവിഡ് ഉൾപ്പെടെയുള്ള തിരിച്ചടികളിൽ കൂപ്പുകുത്തിയ വരുമാനമാണ് കേരള വിനോദസഞ്ചാരം തിരിച്ചുപിടിക്കുന്നത്. 2018ൽ 36,258.01 കോടി രൂപയും 2019ൽ 45,010. 69 കോടി രൂപയും വരുമാനം കേരളവിനോദസഞ്ചാര മേഖല നേടിയിരുന്നു.
2020ൽ വരുമാനം 55,000 കോടി രൂപ കവിയുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് കോവിഡ് ആഞ്ഞടിച്ചത്. തുടർന്ന്, ആ വർഷത്തെ വരുമാനം 11,335.96 കോടി രൂപയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
കോവിഡ് ഭീതിയും നിയന്ത്രണങ്ങളും അയഞ്ഞതോടെയാണ് കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും സജീവമായതും വരുമാനം കൂടിയതും. പുതിയ ടൂറിസം കേന്ദ്രങ്ങളുടെ ഉദയം, പുതിയ ടൂറിസം പദ്ധതികളുടെ അവതരണം എന്നിവയും നേട്ടമായി. സാഹസിക ടൂറിസം, കാരവൻ ടൂറിസം, വിവാഹ ടൂറിസം (വെഡിംഗ് ഡെസ്റ്റിനേഷൻ), ഹെലികോപ്ടർ ടൂറിസം തുടങ്ങിയ പദ്ധതികളിലൂടെ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് വിനോദ സഞ്ചാര വകുപ്പ്.
20.7 ശതമാനം വളര്‍ച്ച നേടും
ഹൈദരാബാദ്: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ (ജിഡിപി) ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ പങ്കാളിത്തം 2023ല്‍ 20.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ കോവിഡിന് മുമ്പത്തേക്കാള്‍ മികച്ച നിലയിലെത്തുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ (ഡബ്ല്യുടിടിസി) റിപ്പോര്‍ട്ട്.
2022ല്‍ 15.7 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ വരുമാനം. 2023ല്‍ ഇത് 16.5 ലക്ഷം കോടി രൂപയാകും. അടുത്ത പത്തുവര്‍ഷത്തിനകം ഇത് 37 ലക്ഷം കോടി രൂപയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 3.72 കോടിപ്പേരാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്തിരുന്നത്. 2023 അവസാനത്തോടെ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 3.9 കോടി കടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
eng­lish summary;Two crore peo­ple vis­it­ed Ker­ala last year
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.