6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

June 16, 2023
June 7, 2023
June 6, 2023
April 2, 2023
December 23, 2022
October 30, 2022
September 26, 2022
August 12, 2022
July 25, 2022
March 3, 2022

നോവ കഖോവ്ക ഡാം തകര്‍ച്ച: വ്യാപ്തി വരും ദിവസങ്ങളില്‍ വ്യക്തമാകും; യുഎന്‍

Janayugom Webdesk
കീവ്
June 7, 2023 10:26 pm

ഖേര്‍സണിലെ നോവ കഖോവ്ക ഡാം തകര്‍ന്നതിനു പിന്നാലെ നിരവധി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. 18,000 പേരെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. അണക്കെട്ട് തകര്‍ച്ചയുടെ വ്യാപ്തി വരുംദിവസങ്ങളിലേ വ്യക്തമാകൂ എന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. 40,000ത്തിലേറെ പേര്‍ അപകടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ വെള്ളം 3.5 മീറ്റര്‍ (11–1/2 ) അടി ഉയര്‍ന്നു. കസ്‌കോവ ഡിബ്രോവ മൃഗശാല പൂര്‍ണമായും വെള്ളത്തിനടിയിലായി. 300 മൃഗങ്ങൾ ചത്തതായി മൃഗശാല അധികൃതര്‍ അറിയിച്ചു.

അണക്കെട്ട് തകര്‍ത്തതിന് പിന്നിൽ ആരാണെന്നതിൽ വ്യക്തതയില്ലെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിന്റെ മറ്റൊരു അനന്തരഫലമാണിപ്പോള്‍ കാണുന്നതെന്നും ഗുട്ടറെസ് കൂട്ടിച്ചേര്‍ത്തു. ആരാണ് ഉത്തരവാദിയെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും സ്വന്തം ജനതയ്ക്കെതിരെ ഇത്തരമൊരു നീക്കം നടത്തേണ്ട ആവശ്യമില്ലെന്നുമാണ് യുഎസ് പ്രതികരിച്ചത്. അതേസമയം, അണക്കെട്ട് തകർന്നതിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

ആക്രമണത്തിന്റെ ഉത്തരവാദിത്തം റഷ്യയും ഉക്രെയ‍്നും ഏറ്റെടുത്തിട്ടില്ല. പ്രത്യാക്രമണത്തിന് സൈന്യത്തെ പുനഃസംഘടിപ്പിക്കാനായി അനുകൂല അവസരം സൃഷ്ടിക്കാന്‍ ഉക്രെയ‍്ന്‍ നടത്തിയ നീക്കമാണെന്നാണ് റഷ്യയുടെ ആരോപണം. എന്നാല്‍ റഷ്യ നടത്തിയ തീവ്രവാദ നീക്കമാണെന്നാണ് ഉക്രെയ‍്ന്‍ പറയുന്നത്. റഷ്യക്കെതിരെ പ്രത്യാക്രമണം നടത്തുന്നതിനായി നദിക്ക് കുറുകെയുള്ള റോഡിലൂടെ ഉക്രെയ്ൻ സൈന്യത്തെ കടത്തിവിടുമെന്ന് ഭയന്ന് റഷ്യ ഡാം തകർത്തതാകാമെന്നും ഉക്രെയ‍്ന്‍ ആരോപിക്കുന്നു. എന്നാൽ, റഷ്യക്കെതിരായ ആരോപണം ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് നിരസിച്ചു. 2014 മുതൽ റഷ്യയുടെ അധീനതയിലുള്ള ഡാം നശിപ്പിക്കാനുള്ള ഉക്രെയ്ന്റെ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തിൽ റഷ്യക്കെതിരെ ഇതിനകം തന്നെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചതായി ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി വ്യക്തമാക്കി. ഖേര്‍സണില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനിടെ റഷ്യ ഷെല്ലാക്രമണം നടത്തിയതായി ഉക്രെയ‍്ന്‍ ആഭ്യന്തര മന്ത്രി ആരോപിച്ചു. ഷെല്ലാക്രമണമാണ് ഡാം തകർച്ചയ്ക്ക് വഴിതെളിച്ചതെന്ന് ഇരു രാജ്യങ്ങളും പരസ്പരം ആരോപണമുയർത്തുമ്പോൾ റഷ്യക്കെതിരായ ചില തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് ഉക്രെയ‍്ന്‍ വെളിപ്പെടുത്തി. അണക്കെട്ടിന്റെ ജലനിരപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് സ്ലൂയിസ് ഗേറ്റുകൾ നശിപ്പിക്കാൻ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കൾ കണ്ടുകിട്ടിയതായും ഉക്രെയ‍്ന്‍ വാദിക്കുന്നു.

റഷ്യയിലും ഉക്രെയ‍്നിലും വൻ ആഘാതമുണ്ടാക്കുമെന്ന് വിദഗ്‍ധര്‍

70 വർഷം മുമ്പ് നിർമ്മിച്ച കൂറ്റൻ ഡാമിന്റെ തകർച്ച റഷ്യയിലും ഉക്രെയ‍്നിലും വൻ ആഘാതമുണ്ടാക്കുമെന്ന് വിദഗ്‍ധര്‍. ഇരുരാജ്യങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ് ഖേര്‍സണിലെ കഖോവ്ക ഡാം. രാജ്യത്തെ ജനങ്ങൾ ഡാമിലെ വെള്ളം ആശ്രയിച്ചാണ് ജീവിക്കുന്നത്. കൃഷി ചെയ്യുന്നതിന് വേണ്ടി പ്രധാനമായും വെള്ളം ശേഖരിക്കുന്നതും ഈ അണക്കെട്ടിൽ നിന്നാണ്. അണക്കെട്ടിന്റെ തകർച്ച പതിനായിരക്കണക്കിന് ആളുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.

തെക്കന്‍ ഉക്രെയ‍്നിന്റെ പ്രധാന ഭൂമിശാസ്ത്രപരമായ സവിശേഷതകളില്‍ ഒന്നാണ് അണക്കെട്ടിനു പിന്നിലുള്ള വിശാലമായ ജലസംഭരണി. വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് ഉക്രെയ‍്‍നിലെ ഗോതമ്പ് അടക്കമുള്ള ധാന്യങ്ങളുടെ ഉല്പാദനം തടസപ്പെട്ടു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ ഗോതമ്പിന്റെ വില വര്‍ധിച്ചിരുന്നു. ഖേര്‍സണിലെ ഡാമില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ അകെലയുള്ള സപ്പോരീഷ്യ ആണവ നിലയത്തിലെ റിയാക്ടറുകളെ തണുപ്പിക്കാന്‍ ജലം എത്തിക്കുന്ന അണക്കെട്ടില്‍ നിന്നാണ്. അണക്കെട്ടിൽ ജലത്തിന്റെ അളവ് 12.7 മീറ്ററിന് താഴെ ആയാൽ ആണവനിലയത്തെ തണുപ്പിക്കാന്‍ ബദല്‍ ജലസ്രോതസുകള്‍ ഉണ്ടെന്നുള്ളതാണ് നിലവിലെ ആശ്വാസം.

2023ന്റെ തുടക്കത്തിൽ അണക്കെട്ടിലെ ജലനിരപ്പ് വൻതോതിൽ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ സപ്പോരീഷ്യ ആണവനിലയത്തിൽ താപനില ഉയർന്ന് തീപടർന്നേക്കാമെന്നും വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉക്രെയ‍്നിലെ നിപ്രോയില്‍ നിന്ന് റഷ്യന്‍ അധിനിവേശ പ്രദേശമായ ക്രിമിയയില്‍ ആവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള പ്രധാന ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നത് കഖോവ്ക അണക്കെട്ടാണ്. ഡാമിന്റെ തകർച്ച അവിടേക്കുള്ള ജലവിതരണത്തെ താറുമാറാക്കും. അണക്കെട്ടിന്റെ തകർച്ചയ്ക്ക് പിന്നാലെ സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയും അപകടസാധ്യതയുള്ള 80 നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഇരു രാജ്യങ്ങളും ഉത്തരവിടുകയും ചെയ്തു.

കസ്‌കോവ ഡിബ്രോവ മൃഗശാലയിലെ മൃഗങ്ങൾ ചത്തതായി അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെ ഒരു പാരിസ്ഥിതിക ദുരന്തത്തിന്റെ സാധ്യതയെക്കുറിച്ചും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമിലെ വെള്ളം ആശ്രയിച്ച് ജീവിക്കുന്ന വൈവിധ്യമാർന്ന ജീവജാലങ്ങൾക്കും വന്യജീവികൾക്കും ഗുരുതരമായ അപകടമുണ്ടാകും. ചില പ്രദേശങ്ങൾ വറ്റിവരണ്ടുപോകുകയും കുടിവെള്ള പ്രതിസന്ധി നേരിടുകയും ചെയ്യും. കരിങ്കടലിലേക്കുള്ള ശുദ്ധജലത്തിന്റെ ദ്രുതഗതിയിലുള്ള ഒഴുക്ക് മത്സ്യസമ്പത്തിനെയും കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ വിശാലമായ പരിസ്ഥിതിയെയും നശിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Eng­lish Summary:ukraine dam destroyed
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.