ഉക്രെയ‍്‍ന്‍— റഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആഫ്രിക്കന്‍ സമാധാന ദൗത്യം ആരംഭിച്ചു. ദക്ഷിണാഫ്രിക്ക, സെനഗൽ, സാംബിയ, കൊമോറോസ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ ഉൾപ്പെടെയുള്ള സമാധാന പ്രതിനിധി സംഘം ഇന്നലെ കീവിലെത്തി. ഉക്രെയ‍്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മോസ്കോയിലെത്തുന്ന സംഘം സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായും ചര്‍ച്ച നടത്തും. ദൗത്യം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ ട്വിറ്ററില്‍ കുറിച്ചു. സിറിൽ റമാഫോസയും സെനഗൽ പ്രസിഡന്റ് മക്കി സാലും ഉൾപ്പെടെയുള്ള ആഫ്രിക്കൻ നേതാക്കൾ, ബുച്ച പട്ടണം സന്ദർശിച്ചാണ് ദൗത്യം ആരംഭിച്ചത്.
സമാധാനം, നയതന്ത്ര നേതൃത്വത്തിലുള്ള ചര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചത്. റഷ്യൻ സൈന്യത്തെ പിൻവലിക്കൽ, ബെലാറസിൽ നിന്ന് തന്ത്രപരമായ ആണവായുധങ്ങൾ നീക്കം ചെയ്യൽ, പുടിനെ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കൽ, ഉപരോധത്തിൽ ഇളവ് എന്നിവ ഉള്‍പ്പെട്ട സമാധാന ഉടമ്പടികളാകും ദൗത്യത്തിന്റെ ഭാഗമായി ഉണ്ടാവുകയെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ സൂചിപ്പിച്ചിരുന്നു. സംഘര്‍ഷത്തെതുടര്‍ന്നുണ്ടായ ഭക്ഷ്യ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് ആഫ്രിക്കന്‍ രാജ്യങ്ങളെയാണ്. കരിങ്കടൽ ധാന്യ കയറ്റുമതി കരാര്‍ പ്രതിസന്ധിക്ക് അയവ് വരുത്തിയെങ്കിലും ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായത് ആഫ്രിക്കന്‍ രാജ്യങ്ങളെ വലയ്ക്കുന്നുണ്ട്.
അതിനിടെ, ദൗത്യ സംഘം കീവിലെത്തിയതിനു പിന്നാലെ നഗരത്തില്‍ മിസെെലാക്രമണം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ മിസെെല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറ് കിൻസാൽ ബാലിസ്റ്റിക് മിസൈലുകളും ആറ് ക്രൂയിസ് മിസൈലുകളും രണ്ട് ഡ്രോണുകളും തകർത്തതായി ഉക്രെയ‍്ന്‍ വ്യോമസേന അറിയിച്ചു. റഷ്യൻ മിസൈലുകൾ ആഫ്രിക്കയ്ക്കുള്ള സന്ദേശമാണെന്നും റഷ്യ കൂടുതൽ യുദ്ധമാണ് ആഗ്രഹിക്കുന്നത്, സമാധാനമല്ലെന്നും ഉക്രെയ‍്നിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ആരോപിച്ചു.
English Summary: Ukraine-Russia conflict: African leaders launch peace mission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.