5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 17, 2024
July 25, 2024
March 24, 2024
March 24, 2024
January 25, 2024
January 18, 2024
December 9, 2023
August 17, 2023
February 12, 2023
December 14, 2022

ജനസംഖ്യാ കണക്കെടുപ്പിലെ അനിശ്ചിതത്വം: 10 കോടി ഭക്ഷ്യസുരക്ഷയ്ക്ക് പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
July 25, 2024 11:21 pm

രാജ്യത്ത് ഈ വർഷവും ജനസംഖ്യാ കണക്കെടുപ്പ് നടക്കില്ലെന്ന് വന്നതോടെ പത്തു കോടി ജനങ്ങള്‍ ഇനിയും പട്ടിണി കിടക്കുമെന്നുറപ്പായി. നിലവിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് 2011ലെ സെൻസസ് അടിസ്ഥാനത്തിൽ ആയതിനാലാണ് ഇത്രയും പേർ ഭക്ഷ്യസുരക്ഷാ വലയത്തിന് പുറത്തുനിൽക്കുന്നത്. ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇതിനായി നീക്കിവച്ച തുകയിലെ അപര്യാപ്തത ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ വർഷവും കണക്കെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതോടെ ഇവരുടെ കാത്തിരിപ്പ് അനന്തമായി തുടരേണ്ടിവരും. 

2024–25ലെ ബജറ്റിൽ 1,250 കോടി രൂപയാണ് സെന്‍സസിനായി നീക്കിവച്ചിരിക്കുന്നത്. മുൻവർഷത്തെക്കാൾ 17ശതമാനം കുറവാണിത്. സെന്‍സസ് യഥാർത്ഥത്തിൽ നടക്കേണ്ടിയിരുന്ന 2020–21ൽ നാലായിരത്തിലധികം കോടി രൂപയായിരുന്നു വിഹിതം. എന്നാൽ കോവിഡ് മഹാമാരി കാരണം പറഞ്ഞ് അന്നത് നടത്തിയില്ല. പിന്നീടുള്ള രണ്ട് സാമ്പത്തിക ബജറ്റുകളിലും 3500 ഓളം കോടി രൂപ നീക്കിവച്ചിരുന്നുവെങ്കിലും നടത്തിയില്ല. അപ്പോഴും കാരണമായി പറഞ്ഞത് കോവിഡ് നിയന്ത്രണങ്ങളായിരുന്നു. പിന്നീട് സാഹചര്യങ്ങൾ ഒത്തുവന്നിട്ടും നീട്ടിക്കൊണ്ടുപോകുകയാണ് കേന്ദ്രം ചെയ്യുന്നത്. ദേശീയ സെൻസസ് ബജറ്റ് പ്രസംഗത്തിലോ സാമ്പത്തിക സർവേയിലോ പരാമർശിച്ചിട്ടുമില്ല. 

മൂന്ന് വർഷത്തിലധികം കാലതാമസം വരുത്തിയിട്ടും അത് പൂർത്തിയാക്കാൻ സർക്കാരിന് തിടുക്കമില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതോടെയാണ് ഭക്ഷ്യസുരക്ഷാ പരിധിയിൽ വരേണ്ട പത്തുകോടിയോളം പേരുടെ കാത്തിരിപ്പ് അനിശ്ചിതത്വത്തിലായത്. 2011ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഭക്ഷ്യ സുരക്ഷാ പരിധിയിലെ 81 കോടി പേരെ കണ്ടെത്തിയിരിക്കുന്നത്. അതുകഴിഞ്ഞ് 13 വർഷത്തിനിടെ ജനസംഖ്യയിലുണ്ടായ വർധനയും നോട്ടുനിരോധനം പോലുള്ള സാമ്പത്തിക നടപടിയും കോവിഡ് മഹാമാരിയുമുൾപ്പെടെയുള്ള കാരണങ്ങളാൽ കോടിക്കണക്കിന് കുടുംബങ്ങൾ ഈ പട്ടികയിലേയ്ക്ക് യോഗ്യതയുള്ളവരായി ഉണ്ടായെങ്കിലും കണക്കെടുപ്പ് നടക്കാതിരിക്കുന്നതിനാൽ അവർ പുറത്തുതന്നെ തുടരുകയാണ്.
അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന കുടിയേറ്റത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ റേഷൻ പരിധിയിൽപ്പെടുത്തണമെന്ന് സുപ്രീം കോടതി തന്നെ നിർദേശിച്ചിരുന്നതുമാണ്. ഇത് പിന്നീട് പരമോന്നത കോടതി ആവർത്തിക്കുകയും ചെയ്തിരുന്നു. ഈ വിഭാഗത്തിൽതന്നെ ഏകദേശ കണക്കനുസരിച്ച് എട്ടുകോടിയോളം വരും. 

സുപ്രീം കോടതിയുടെ നിർദേശപ്രകാരം നടപ്പിലാക്കുന്നതിനുള്ള അധിക വിഹിതവും ഇത്തവണ ബജറ്റിൽ ഉൾപ്പെടുത്തിയില്ല. എന്നുമാത്രമല്ല ഭക്ഷ്യ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം മുൻ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 3.3 ശതമാനം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. അതായത് 2.12 ലക്ഷം കോടിയിൽ നിന്ന് 2.05 ലക്ഷം കോടിയായി കുറച്ചു.
അടുത്തിടെ പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ (എച്ച്സിഇഎസ്) പ്രകാരം 56 ശതമാനം ഇന്ത്യക്കാർ മാത്രമാണ് ഒരു ദിവസം മൂന്നുനേരം ഭക്ഷണം കഴിക്കുന്നത്.
അതേസമയം അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ പഠനത്തിൽ ഇന്ത്യയിൽ ഭക്ഷണം കിട്ടാത്ത 60 ലക്ഷം കുട്ടികളുണ്ടെന്നും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ അരക്ഷിതാവസ്ഥയും പോഷകാഹാരക്കുറവും ഒരു ദേശീയ പ്രതിസന്ധിയായി കണക്കാക്കുകയും സർക്കാർ ഭക്ഷ്യസുരക്ഷാ വല വിപുലീകരിക്കുകയും ഭക്ഷ്യ വിഹിതം വർധിപ്പിക്കുകയും ചെയ്യേണ്ട സമയത്താണ് ഈ സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. 

Eng­lish Sum­ma­ry: Uncer­tain­ty in Pop­u­la­tion Cen­sus: 10 Crores Out of Food Security

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.