അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. സെമിഫൈനലില്‍ 96 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 290 റൺസ്. ഓസ്ട്രേലിയയുടെ മറുപടി 41.5 ഓവറിൽ 194 റൺസിൽ അവസാനിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. നേരത്തെ അഫ്ഗാനിസ്ഥാനെ തകര്‍ത്താണ് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചത്.
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അംഗ്കൃഷ് രഘുവന്‍ഷി (6) ആദ്യം തന്നെ മടങ്ങി. മറ്റൊരു ഓപ്പണറായ ഹര്‍ണൂര്‍ സിങ്ങിനും (16) വലിയ സ്‌കോര്‍ നേടാനായില്ല. 12.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 എന്ന മോശം അവസ്ഥയിലായിരുന്ന ഇന്ത്യയെ മൂന്നാം വിക്കറ്റിലെ യഷ് ധൂല്‍ (110), ഷെയ്ഖ് റഷീദ് (94) കൂട്ടുകെട്ടാണ് കരകയറ്റിയത്. 204 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. 110 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ വെടിക്കെട്ട് സെഞ്ചുറി നേടിയ യഷ് ധൂല്‍ റണ്ണൗട്ടായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 241 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തിയിരുന്നു. ധൂല്‍ മടങ്ങിയ തൊട്ടടുത്ത പന്തില്‍ റഷീദും പുറത്തായത് ഇന്ത്യക്ക് അല്‍പ്പം ക്ഷീണമായി.
ഇരുവരും പുറത്തായശേഷം രാജ്‌വർധൻ ഹൻഗാർഗേക്കർ (10 പന്തിൽ 13), നിഷാന്ത് സിന്ധു (10 പന്തിൽ പുറത്താകാതെ 12), ദിനേഷ് ബാണ (നാലു പന്തിൽ പുറത്താകാതെ 20) എന്നിവർ ചേർന്നാണ് ഇന്ത്യൻ സ്കോർ 290ൽ എത്തിച്ചത്. നാലു പന്തുകൾ മാത്രം നേരിട്ട വിക്കറ്റ് കീപ്പർ ദിനേഷ്, അതിൽ രണ്ടു പന്തിൽ സിക്സും രണ്ടു പന്തിൽ ഫോറും നേടിയത് ശ്രദ്ധേയമായി.
മറുപടി ബാറ്റിങ്ങിൽ ഓസീസിനെ ഒരു ഘട്ടത്തിൽ പോലും നിലയുറപ്പിക്കാൻ ഇന്ത്യൻ ബോളർമാർ അനുവദിച്ചില്ല. ലക്‌ലാൻ ഷായാണ് (51) ഓസീസിന്റെ ടോപ് സ്കോറർ. കോറി മില്ലർ (46 പന്തിൽ 38), ഓപ്പണർ കാംബൽ കെല്ലാവേ (53 പന്തിൽ 30), ജാക്ക് സിൻഫീൽഡ് (14 പന്തിൽ 20), ടോം വിറ്റ്‌നി (17 പന്തിൽ 19) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. ഇന്ത്യക്കായി വിക്കി ഒസ്ത്വാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിഷാന്ത് സിന്ദു, രവി കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കൗശല്‍ താംബെ, അംഗ്കൃഷ് രഘുവന്‍ഷി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ENGLISH SUMMARY:Under-19 World Cup; India in finals
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.