ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യം ഇല്ലാതാകുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഓരോ വര്‍ഷവും കുറഞ്ഞുവരികയാണെന്നാണ് പാര്‍ലമെന്ററി കാര്യ സമിതിയുടെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പാര്‍ലമെന്ററി സമിതികള്‍ക്ക് കൈമാറിയ ബില്ലുകളുടെ എണ്ണം പതിനഞ്ചാം ലോക്‌സഭയുടെ (2009–14) കാലയളവിലെ 71 ശതമാനത്തില്‍ നിന്ന് പതിനാറാം ലോക്‌സഭ(2014–19)യില്‍ 27 ശതമാനമായാണ് കുത്തനെ ഇടിഞ്ഞത്. 2019ന് ശേഷം ഇത് 13 ശതമാനം മാത്രമാണുള്ളത്. ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച് വിശദമായ പരിശോധനകള്‍ നടത്തുന്നതിനായാണ് പാര്‍ലമെന്ററി സമിതികള്‍ രൂപീകരിച്ചിട്ടുള്ളത്.
2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ വര്‍ഷത്തില്‍ ശരാശരി ആറ് ഓര്‍ഡിനന്‍സുകളാണ് പാസാക്കിയിട്ടുള്ളത്. എന്നാല്‍ 2014ന് ശേഷം എട്ട് വര്‍ഷത്തിനിടയില്‍ എണ്‍പത് ഓര്‍ഡിനന്‍സുകള്‍ അംഗീകരിച്ചു. അതായത് പ്രതിവര്‍ഷം പത്ത് എണ്ണം വീതം. അടിയന്തര നടപടികള്‍ ആവശ്യമായ ഘട്ടത്തില്‍ മാത്രമാണ് ഓര്‍ഡിനന്‍സുകള്‍ പാസാക്കേണ്ടതെന്നാണ് ചട്ടം. ഭരണഘടനയുടെ 123-ാം വകുപ്പ് പ്രകാരമുള്ള ഈ ചട്ടം വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
പാര്‍ലമെന്റില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമുള്ള പ്രതിപക്ഷത്തിന്റെ അവസരങ്ങള്‍ അനുവദിക്കപ്പെടുന്നില്ലെന്നതും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. പതിനാല്, പതിനഞ്ച് ലോക്‌സഭകളിലുമായി 113 ചര്‍ച്ചകള്‍ നടന്ന സ്ഥാനത്ത് പതിനാറ്, പതിനേഴ് ലോക്‌സഭകളിലെത്തുമ്പോള്‍ 42 എണ്ണം മാത്രമായി ചുരുങ്ങി. ശ്രദ്ധ ക്ഷണിക്കലുകള്‍ പതിനാലും പതിനഞ്ചും ലോക്‌സഭകളില്‍ 152 ആയിരുന്നെങ്കില്‍, പിന്നീടുള്ള രണ്ട് ലോക്‌സഭകളില്‍ 17 മാത്രമായി.
അംഗങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കുന്നതിന്റെ നിരക്കും കുത്തനെ ഇടിഞ്ഞു. 2004നും 2014നും ഇടയില്‍ 99.38 ശതമാനം ഉറപ്പുകള്‍ നല്‍കിയെങ്കില്‍, പിന്നീട് 79 ശതമാനത്തിലേക്ക് താഴ്ന്നു. 2021ല്‍ 30 ശതമാനം മാത്രമായി ഏറ്റവും താഴ്ന്ന നിരക്കാണ് ഇതിലുണ്ടായത്. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളും ചോദ്യങ്ങളുമാണ് ഈ നടപടികളെല്ലാം. ഇവയിലുണ്ടായ ഇടിവ് എതിര്‍ശബ്ദങ്ങളെ അനുവദിക്കാത്ത നിലപാടിന്റെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി, മൂന്ന് വര്‍ഷക്കാലത്തോളമായി ഡെപ്യൂട്ടി സ്പീക്കര്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതും പാര്‍ലമെന്റില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതും ഉള്‍പ്പെടെ വിവിധ നടപടികളും പാര്‍ലമെന്ററി ജനാധിപത്യം ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
English Summary: Under Modi’s rule, parliament weakens: democracy shrinks
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.