29 September 2024, Sunday
KSFE Galaxy Chits Banner 2

തടവറകളിൽ നിറയെ മനുഷ്യാവകാശ ലംഘനങ്ങൾ

പി ദേവദാസ്
January 6, 2023 4:30 am

‘വിചാരണ തടവുകാർക്ക് ജാമ്യം നല്കൂ, അല്ലെങ്കിൽ ഞങ്ങളത് ചെയ്യും’, ഉത്തർപ്രദേശ് സർക്കാരിനോടും ഹൈക്കോടതിയോടും കഴിഞ്ഞ വർഷം ജൂലൈ 25ന് സുപ്രീം കോടതിയിൽ നിന്നുണ്ടായ നിർദേശമായിരുന്നു ഇത്. യുപിയിലെ ജയിലുകളിൽ 12 വർഷത്തിലധികമായി വിചാരണത്തടവുകാരനായി കഴിയുന്ന സുലേമാൻ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയിലെ എസ് കെ കൗൾ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശമുണ്ടായത്. എത്രയോ പേർ 15 വർഷത്തിലധികമായി യുപിയിലെ ജയിലുകളിൽ വിചാരണ കാത്ത് തടവുകാരായി ജീവിക്കുന്നുവെന്ന് തന്റെ ഹർജിയിൽ സുലേമാൻ സുപ്രീം കോടതിയെ അറിയിക്കുകയുണ്ടായി. തങ്ങളുടെ മുന്നിലെത്തിയ കണക്കുകൾ പരിശോധിച്ചപ്പോൾ 853 പേർ പത്തു വർഷത്തിലധികമായി യുപിയിൽ മാത്രം ജയിലിൽ കഴിയുകയാണെന്ന് മനസിലാക്കിയാണ് അനിശ്ചിതമായി ആളുകളെ തടവിലിടാൻ കഴിയില്ലെന്ന നിരീക്ഷണം സുപ്രീം കോടതി അന്ന് നടത്തിയത്. അതിന് പിന്നീട് മറ്റു ചില കേസുകളിലും വിചാരണത്തടവുകാരെക്കൊണ്ട് നിറയുന്ന രാജ്യത്തെ ജയിലുകളെക്കുറിച്ച് പരമോന്നത കോടതിയുടെ ഉത്ക്കണ്ഠകൾ പുറത്തുവരികയുണ്ടായി. കഴിഞ്ഞ നവംബർ 26ന് രാഷ്ട്രപതി ദ്രൗപദി മുർമു ചെറിയ കുറ്റങ്ങൾ ചെയ്തതിന് ദീർഘകാലമായി ജയിലുകളിൽ കഴിയുന്നവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് നിർദേശിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജാമ്യം ലഭിക്കുകയോ ശിക്ഷാ കാലാവധി തീരുകയോ ചെയ്തിട്ടും തുടരുന്നവരുടെ വിവര ശേഖരണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

പക്ഷേ നമ്മുടെ നിയമവ്യവസ്ഥയിൽ ഒരു മാറ്റവും ഇതുവരെ പ്രകടമായിട്ടില്ല. ഓരോ കണക്കുകളിലും ജയിലുകളിലെ വിചാരണത്തടവുകാരുടെ എണ്ണപ്പെരുപ്പത്തെ കുറിച്ചുതന്നെ നാം വായിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്ന ക്രൈംസ് റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം നൂറ് തടവുകാരിൽ 77 പേരും വിചാരണ കാത്തു കഴിയുന്നവരാണ്. രാജ്യത്തെ ജയിലുകളിൽ 5.5 ലക്ഷം തടവുകാരുള്ളതിൽ 1.2 ലക്ഷം പേരാണ് ശിക്ഷിക്കപ്പെട്ടവരായുള്ളത്. അവശേഷിക്കുന്ന 4.3 ലക്ഷം പേരും വിചാരണത്തടവുകാരാണെന്നാണ് റിപ്പോർട്ടിലുള്ളത്. അടുത്ത കാലത്ത് പാർലമെന്റിൽ ശിക്ഷാ കാലാവധി കഴിഞ്ഞ എത്ര പേർ ജയിലിൽ തുടരുന്നുവെന്ന ചോദ്യമുന്നയിച്ചതിന് നല്കിയ മറുപടിയിൽ 2019ലെ കണക്കു പ്രകാരം 1039 പേർ ഇപ്പോഴും ജയിലിൽ കഴിയുന്നുവെന്നാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ 1319 ജയിലുകളിൽ ശരാശരി 100 പേരെയാണ് പാർപ്പിക്കാനാവുകയെങ്കിൽ ഇപ്പോഴുള്ളത് 130 ലധികം പേരാണ്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വിചാരണത്തടവുകാരുള്ളത്. മറ്റൊരു ശ്രദ്ധേയമായ കാര്യം വിചാരണത്തടവുകാരിലെ 21 ശതമാനം ദളിതരും 10 ശതമാനം ആദിവാസികളും 17 ശതമാനം പേർ മുസ്ലിങ്ങളുമാണ് എന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്രൈംസ് റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളെ അടിസ്ഥാനമാക്കി ഡിസംബർ 13ന് ലോക്‌സഭയിൽ നല്കിയ മറുപടി പ്രകാരം യുപിയിലെ ജയിലുകളിൽ കഴിയുന്ന 90,606 വിചാരണത്തടവുകാരിൽ 46 ശതമാനം (41,678) പേരും മറ്റു പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്.


ഇതുകൂടി വായിക്കൂ: ആ വിയോജനക്കുറിപ്പാണ് ഉയര്‍ന്നു മുഴങ്ങുന്നത്


ദളിത് വിഭാഗത്തിൽ 24 ശതമാനവും (21,942), ആദിവാസി വിഭാഗത്തിൽപ്പെട്ട അഞ്ച് ശതമാനം (4,657) പേരും തടവുകാരിൽ ഉൾപ്പെടുന്നു. ദേശീയ നീതിന്യായ വിവര കണക്കുകൾ പ്രകാരം രാജ്യത്തെ കോടതികളിൽ 4.30 കോടി കേസുകൾ അനന്തമായി കെട്ടിക്കിടക്കുകയുമാണ്. 2020ൽ രാജ്യത്തെ തടവറകളിൽ വിചാരണത്തടവുകാരായി 3.72 ലക്ഷം പേരുണ്ടായിരുന്നതാണ് കഴിഞ്ഞവർഷം 4.3 ലക്ഷമായി വർധിച്ചത്. 2020ലെ 3.72 ലക്ഷത്തിൽ 25 ശതമാനം (90,606) പേരും യുപിയിലെ ജയിലുകളിലാണ് കഴിഞ്ഞിരുന്നത്. ബിഹാറിൽ 44,187, മധ്യപ്രദേശിൽ 31,712, മഹാരാഷ്ട്രയിൽ 26,171, പശ്ചിമ ബംഗാളിൽ 20,144, രാജസ്ഥാനിൽ 16,930, പഞ്ചാബിൽ 15,643, ഒഡിഷയിൽ 15,619 പേർ വീതം 2020ൽ വിചാരണത്തടവുകാരായി കഴിയുകയാണ്. ഓരോ വർഷവും വിചാരണത്തടവുകാരുടെ എണ്ണം ജയിലുകളിൽ വർധിക്കുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിലുള്ളത്. 2016ൽ 2.93, 2017ൽ 3.09, 2018ൽ 3.24, 2019ൽ 3.32 ലക്ഷം പേർ വീതമാണ് വിചാരണ കാത്ത് ജയിലുകളിൽ കഴിഞ്ഞിരുന്നത്. 2017 മുതൽ 2022 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വർധനയുടെ തോത് 48 ശതമാനമാണ്. നിലവിൽ ജയിലുകളിൽ കഴിയുന്ന വിചാരണത്തടവുകാരിൽ 70.9 ശതമാനവും ഒരുവർഷത്തിലധികം പൂർത്തിയാക്കിയവരാണ്. 13.2 ശതമാനം പേർ രണ്ടുവർഷം വരെയും 7.6 ശതമാനം മൂന്നുവർഷം വരെയും 2.7 ശതമാനം അഞ്ചുവർഷത്തിലധികവുമായി ജയിലിലുള്ളവരാണ്. ക്രിമിനൽ നിയമവ്യവസ്ഥയുടെ നടപടിക്രമങ്ങൾ തന്നെ ശിക്ഷയായി മാറുന്ന വിചിത്രമായ സാഹചര്യമാണ് നിലനില്ക്കുന്നതെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ജാമ്യം നല്കുന്ന കാര്യത്തിലെങ്കിലും ഈയൊരു സ്ഥിതി വിശേഷമുണ്ടെന്ന് സുപ്രീം കോടതിയില്‍നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് എസ് അബ്ദുൾ നസീർ കഴിഞ്ഞ ഓഗസ്റ്റിൽ ഒരു പൊതു പരിപാടിയിൽ തുറന്നു പറയുകയുണ്ടായി. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പ്രക്രിയ തന്നെ ശിക്ഷയായി മാറിയെന്ന് അടുത്തിടെ പറഞ്ഞ അന്നത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണയെയും അബ്ദുൾ നസീർ ഉദ്ധരിക്കുകയുണ്ടായി. കഠിനവും വിവേചനരഹിതവുമായ അറസ്റ്റ് മുതൽ ജാമ്യം നേടുന്നത് വരെയുള്ള ഘട്ടങ്ങളിലെങ്കിലും നിയമനിർമ്മാണ പരിഷ്കാരങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എൻ വി രമണയും അബ്ദുൾ നസീറും മാത്രമല്ല നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്തുള്ള മനുഷ്യാവകാശ പ്രവർത്തകരും നിരന്തരം ഉന്നയിക്കുന്ന വിഷയമാണ് വിചാരണത്തടവുകാരുടെ അനിശ്ചിതമായി നീണ്ടുപോകുന്ന ജയിൽ വാസം. യഥാർത്ഥത്തിൽ അത് കേവലം നീതിന്യായ വ്യവസ്ഥയുടെ പോരായ്മ മാത്രമല്ല, വലിയ പരിഗണന അർഹിക്കുന്ന മനുഷ്യാവകാശ പ്രശ്നവും രാഷ്ട്രീയ വിഷയവുമാണ്. കാരണം വിചാരണയില്ലാതെ അനിശ്ചിതമായി ആളുകളെ തടവിലിടാൻ സാധിക്കുന്ന നിയമവ്യവസ്ഥയിലെ പഴുത് അധികാരകേന്ദ്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസൃതമായി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്.


ഇതുകൂടി വായിക്കൂ: കേന്ദ്ര നിലപാട് സൈനികരോടുള്ള അനാദരവ്


രാഷ്ട്രീയ വിദ്വേഷം തീർക്കുന്നതിനും വേട്ടയാടലിനും ഉപയോഗിക്കപ്പെടുന്നുവെന്നതുകൊണ്ടാണ് ഇത്രയധികം പേർ വിചാരണ തടവുകാരായി കഴിയേണ്ട സ്ഥിതി സൃഷ്ടിച്ചത്. യുപിയിലെ കണക്കുകൾ മാത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകുന്നതാണ്. ഇവിടെ വിചാരണ കാത്ത് തടവിൽ കഴിയുന്നവരിലെ 75 ശതമാനവും പാർശ്വവല്‍കൃത വിഭാഗങ്ങളിൽപ്പെട്ടവരായത് യാദൃച്ഛികമല്ല. അതിൽ 46 ശതമാനവും മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അത് കേവലം പൊലീസിന്റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ മാത്രം താല്പര്യങ്ങളുടെ പുറത്തു നടക്കുന്നതല്ല. മറിച്ച് വ്യക്തമായ രാഷ്ട്രീയത്തിന്റെയും ആശയപരമായ താല്പര്യങ്ങളുടെയും അടിസ്ഥാനത്തിൽതന്നെ സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ നീതിന്യായ പരിപാലനത്തിന്റെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും വിചാരണത്തടവുകാരുടെ അനന്തമായ ജയിൽവാസം അവസാനിപ്പിക്കുന്നതിനും ഫലപ്രദമായ നടപടികൾ ലക്ഷ്യം വച്ചുള്ള പരിഷ്കരണ നടപടികൾ വേണമെന്നത് അടിയന്തര പ്രാധാന്യമർഹിക്കുന്ന ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.