24 December 2024, Tuesday
KSFE Galaxy Chits Banner 2

തൊഴിലില്ലാത്ത വളർച്ച

Janayugom Webdesk
February 27, 2022 5:10 am

ഫെബ്രുവരി 21ന് പുറത്തിറക്കിയ രേഖകളിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വർധന 7.89 ആയി ഉയർന്നിരിക്കുന്നു. സിഎംഐഇയുടെ കണക്കു പ്രകാരം നടപ്പു വർഷത്തെ ഏറ്റവും ഉയർന്ന വർധനവാണിത്. എന്നാൽ യാഥാർത്ഥ്യം സ്ഥിതിവിവരക്കണക്കുകളേക്കാൾ ഭീകരവും ക്രൂരവുമാണ്. ചെറുപ്പക്കാർക്ക് തൊഴിൽ കണ്ടെത്തുക വെല്ലുവിളിയായിരിക്കുന്നു. കൗമാരം പോലും അശുഭാപ്തിയിൽ ആണ്ടിരിക്കുന്നു. മധ്യവർഗത്തിന്റെയും താഴേക്കിടയിലുള്ളവരുടെയും ജീവിതം പൂർണവ്യാപ്തിയിൽ നിർവചിക്കപ്പെടുന്നത് അതിജീവന മാർഗങ്ങളുടെ അടിസ്ഥാനത്തിലാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അറുപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന നടപ്പുവർഷത്തെ ബജറ്റിലെ അവകാശവാദവും നിത്യമുള്ള കൊട്ടിഘോഷിക്കൽ മാത്രമെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.


ഇതുകൂടി വായിക്കൂ:  നഗരങ്ങളില്‍ തൊഴിലില്ലായ്മ പെരുകുന്നു


സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗതിവേഗം നൽകുമെന്നാണ് വാഗ്ദാനമെങ്കിലും ഓഹരി വിറ്റഴിക്കലും നിക്ഷേപരാഹിത്യവും വളർച്ച മുരടിപ്പിച്ചു. ഇത് വിവിധങ്ങളായ പ്രതിസന്ധികൾക്ക് വഴിയൊരുക്കി. ഉദാഹരണത്തിന്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എനർജി ഇക്കണോമിക്സ് ആന്റ് ഫിനാൻഷ്യൽ അനാലിസിസ് (ഇഇഎഫ്എ) രേഖകൾ അനുസരിച്ച് 2022ലെ സൗരോർജ്ജശേഷി ലക്ഷ്യമായ 10.7 ജിഗാവാട്ടിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ പിന്നിലാണ് ഉത്തർപ്രദേശ്. ഇന്ത്യൻ സംസ്ഥാനങ്ങളിലെ രണ്ടാമത്തെ സൗരോർജ്ജ ല­ക്ഷ്യമായിരുന്നു ഉത്തർപ്രദേശിന് നിർവഹിക്കാനുണ്ടായിരുന്നത്. സ്വന്തം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മാത്രമല്ല, 2022-ഓടെ 175 ഗിഗാവാട്ട് ശേഷി എന്ന ഇന്ത്യയുടെ ലക്ഷ്യം സാധ്യമാക്കാനും അടിയന്തര നടപടി ആവശ്യമാണെന്നും ഇഇഎഫ്എ ചൂണ്ടിക്കാട്ടി. 2021 ഒക്ടോബറിൽ ഉത്തർപ്രദേശിൽ 4.3 ജിഡബ്ല്യുവിന്റെ പുനരുപയോഗ ഊർജ്ജ ശേഷി സംവിധാനം സ്ഥാപിച്ചു. ഇത് 2022 ഓടെ വേണ്ട 14.1 ജിഡബ്ല്യു എന്ന ലക്ഷ്യത്തിന്റെ 30 ശതമാനം മാത്രമാണ്. ഉത്തർപ്രദേശിന്റെ സൗരോർജ്ജ ശേഷി 10.7 ജിഡബ്ലിയു ആയിരുന്നു. ഈ കണക്കിൽ ലക്ഷ്യത്തിന്റെ 19 ശതമാനം മാത്രമാണ് നേടിയിട്ടുള്ളത്. ഇന്ത്യയുടെ ആ­വശ്യത്തിന്റെ പത്തിലൊ­ന്ന് ഉല്പാദിപ്പിക്കേണ്ടത് യുപിയിലാണെങ്കിലും അതിന് കഠിന പരിശ്രമം ആവശ്യമാണ്. പൊതുമേഖലാ യൂ­ണിറ്റുകളോടുള്ള സർക്കാരിന്റെ താല്പര്യമില്ലായ്മയും കൃത്യവിലോപവുമാണ് പ്രധാന തടസങ്ങൾ.


ഇതുകൂടി വായിക്കൂ: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്


മൂലധനത്തിന്റെ അഭാവവും നവീകരണ നടപടികളോട് മുഖംതിരിക്കലും എന്നാൽ സ്വകാര്യവൽക്കരണ നടപടികൾ ധ്രു­തഗതിയിൽ തുടരുകയും ചെയ്യുമ്പോ­ൾ തൊഴിലില്ലായ്മയുടെ കുരുക്ക് മുറുകുകയാണ്. ഡിസംബർ 15ന് എ­ഐബിഇഎയുടെ നേ­തൃത്വത്തിലുള്ള ബാങ്ക് യൂണിയനുകളും ധനമന്ത്രിയും തമ്മി­ൽ ഡൽഹിയിൽ നടന്ന അനുരഞ്ജന യോഗത്തില്‍ ഇത് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കുത്തകകൾ തിരിച്ചടവ് ബോധപൂർവം മുടക്കുമ്പോൾ പൊതുമേഖലാ ബാങ്കുകൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിഷ്ക്രിയ ആസ്തികൾ കുമിഞ്ഞുകൂടുന്നു, ഇതിൽ സിംഹഭാഗവും കോർപറേറ്റുകളുടെ വിഹിതവുമാണ്. ആഗ്രഹിച്ച ഫലം നിർവചിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ നിഷ്ക്രിയ ആസ്തികളെല്ലാം എഴുതിത്തള്ളേണ്ടിയും വരുന്നു. ദേശസാൽക്കരണമല്ല, കോർപറേറ്റുകളുടെയും വൻകിട വ്യവസായ സ്ഥാപനങ്ങളുടെയും മനഃപൂർവമായ വീഴ്ചയാണ് ബാങ്കുകളെയും അതോടൊപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ചതെന്നും വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യവൽക്കരണത്തിലേക്കുള്ള ഓരോ ചുവടും രാജ്യത്തെ കൂടുതൽ ദരിദ്രമാക്കുക മാത്രമല്ല, തൊഴിലവസരങ്ങളും അത് വീണ്ടെടുക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയും ചെയ്യുന്നു. രാഷ്ട്രനിർമ്മാണത്തിനായി രാജ്യത്തെ പൗരന്മാർ സംഭാവന ചെയ്ത നികുതിപ്പണം ചോരുന്നതും പ്രതിസന്ധികൾ തീക്ഷ്ണ­മാക്കുന്നു. ജനങ്ങളുടെ പണം തട്ടിയെടുക്കുന്നതിനെക്കുറിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ധവളപത്രം ഇറക്കാമായിരുന്നു. എന്നാൽ ഒന്നുമുണ്ടായില്ല, ഓഹരി വിറ്റഴിക്കൽ വളരെ സാധാരണമായി, ദിനചര്യയായി. സ്റ്റീൽ, കൽക്കരി, ഊർജം, വെള്ളം, ഇന്ധനം, ഭക്ഷണം, മരുന്ന് തുടങ്ങി ജീവിതത്തിന്റെ ആവശ്യം നിറവേറ്റുന്ന വ്യാവസായിക ഉല്പാദനത്തിനായുള്ള എല്ലാ അടിസ്ഥാനകാര്യങ്ങളും വിൽക്കാൻ വച്ചു, അതും വാങ്ങുന്ന കുത്തകയുടെ സംതൃപ്തി മാത്രം പരിഗണിച്ച്.


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മ വർധിക്കുമ്പോൾ


രാജ്യത്തിന്റെ നേട്ടങ്ങളുടെ പ്രതീകങ്ങൾ ഓരോന്നായി വീഴുമ്പോൾ തൊഴിലവസരങ്ങൾ ഇല്ലാതാകുന്നു. പട്ടിണിയും പകർച്ചവ്യാധികളും അന്ധകാരവും സാധാരണക്കാരുടെ ജീവിതത്തെ വിഴുങ്ങുകയാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികളിലേക്ക് സ്ത്രീകളും ചേർന്നിരിക്കുന്നു. അവർ കൽക്കരി ഖനികളിൽ തൊഴിൽ നേടുന്നു, അവിടെ സ്ഫോടന സംഘത്തിന്റെ ഭാഗമാകുന്നു. ഹിംഗുല ഏരിയയിലെ ബൽറാം ഓപ്പൺ കാസ്റ്റ് പ്രോജക്റ്റിൽ 15 സ്ത്രീകൾ സ്ഫോടന സംഘത്തിന്റെ ഭാഗമാണ്. കൂടാതെ ദിവസവും 12 മുതൽ 15 ടൺ നിയന്ത്രിത സ്ഫോടനങ്ങൾ നടത്തുക എന്ന നിർണായക ജോലി ഏറ്റെടുക്കുന്നു. കഷ്ടപ്പാടുകൾക്കും അപകടസാധ്യതകൾക്കും അപകടങ്ങൾക്കും സ്ത്രീകളെ ഇത്തരം ജോലി ഏറ്റെടുക്കുന്നതിൽ നിന്ന് തടയാൻ കഴിഞ്ഞില്ല. ബൽറാം കൽക്കരി ഖനിയുടെ ഉല്പാദനം പ്രതിവർഷം ആറ് ദശലക്ഷം ടൺ ആയിരിക്കുന്നു. ഇന്നുവരെ നിലനിന്നിരുന്ന എല്ലാ പതിവു കാഴ്ചകളിൽ നിന്നും ഒരു പുതിയ പ്രഭാതത്തിലേക്ക് നയിക്കുന്ന ശുഭാപ്തിവിശ്വാസത്തിന്റെ സാക്ഷ്യമായിരിക്കുന്നു ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.