രാജ്യത്ത് പ്രതിദിനം ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ഇന്ധനവിലയെ ന്യായീകരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം കാരണമാണ് ഇന്ധന വില വര്‍ധിക്കുന്നത് എന്നാണ് നിതിന്‍ ഗഡ്കരിയുടെ അവകാശവാദം
റഷ്യയും യുക്രെയ്‌നും തമ്മില്‍ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച എ ബി പി നെറ്റ്വര്‍ക്കിന്റെ ‘ഇഡിയാസ് ഓഫ് ഇന്ത്യ’ ഉച്ചകോടിയില്‍ ‘ന്യൂ ഇന്ത്യ, ന്യൂ മാനിഫെസ്റ്റോ-സബ് കാ സാത്ത്, സബ് കാ വികാസ്’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍, എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിനിടയില്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, പെട്രോള്‍ — ഡീസല്‍ വിലയുടെ പ്രതിദിന വര്‍ധനവിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. 2004 മുതല്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ഒരു പിച്ച് താന്‍ ഉണ്ടാക്കുന്നുണ്ടെന്നും, ‘ഇത് ഉപയോഗിച്ച്, നമുക്ക് സ്വന്തമായി ഇന്ധനം ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശീയ ഊര്‍ജ്ജ ഉല്‍പാദന ശേഷി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു നിതിന്‍ ഗഡ്കരിയുടെ പ്രതികരണം. ഇന്ത്യയ്ക്ക് ഉടന്‍ തന്നെ 40,000 കോടി രൂപയുടെ എത്തനോള്‍, മെഥനോള്‍, ബയോ എത്തനോള്‍ ഉല്‍പ്പാദന സമ്പദ്വ്യവസ്ഥ ഉണ്ടാകും, ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുന്‍നിര കാര്‍, ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ഫ്‌ലെക്സ്-ഫ്യുവല്‍ എഞ്ചിനുകളുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്, അവ വരും മാസങ്ങളില്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ബാറ്ററിയും ഗ്രീന്‍ ഹൈഡ്രജന്‍ സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതില്‍ ഇന്ത്യയുടെ ഉല്‍പ്പാദന ശേഷി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു, ഐസി എഞ്ചിനുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വില അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ തുല്യമാകും. മലിനജലം, ബയോമാസ് തുടങ്ങിയ സ്രോതസ്സുകളില്‍ നിന്ന് ഞങ്ങള്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനം വികസിപ്പിക്കുന്നതിനായി തയ്യാറെടുക്കുകയാണ്, നിതിന്‍ ഗഡ്കരി പറഞ്ഞു.
അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള കാലയളവില്‍ എണ്ണക്കമ്പനികള്‍ നിരക്ക് വര്‍ധന മരവിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഭീമമായ നഷ്ടമാണ് എണ്ണ കമ്പനികള്‍ക്ക് നേരിട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയ്‌ക്കെല്ലാം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കാലത്ത് വില വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് ഏകദേശം 2.25 ബില്യണ്‍ ഡോളര്‍ (19,000 കോടി രൂപ) വരുമാനം നഷ്ടപ്പെട്ടതായി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസ് റിപ്പോര്‍ട്ട് പറയുന്നു. വെള്ളിയാഴ്ച പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 80 പൈസയാണ് വര്‍ധിപ്പിച്ചത്
2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഒറ്റ ദിവസത്തെ വര്‍ധനയാണ് ഈ വര്‍ദ്ധനവ്. 2021 ലും ദിവസേന ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നു. നവംബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയുടെ എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ( ഉത്തരാഖണ്ഡ്, ഗോവ, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍) നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ദീപാവലി സമ്മാനം എന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചത്.
ഇതിന് ശേഷം 137 ദിവസം ഇന്ധന വില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. മാര്‍ച്ച് 10 ന് നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച് രണ്ടാഴ്ച കഴിഞ്ഞതോടെ നിരക്ക് പരിഷ്‌കരണം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് മാറ്റി വെച്ചു. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 117 ഡോളറായി ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വില വര്‍ധിപ്പിച്ചിരുന്നില്ല.
English Summary:Union Minister Nitin Gadkari justifies fuel prices
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.