23 January 2026, Friday

Related news

January 14, 2026
January 6, 2026
December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025
November 25, 2025

ആസൂത്രണം പിഴയ്ക്കുന്നു; നഗരമേഖലകള്‍ വെള്ളക്കെട്ട് ഭീഷണിയില്‍; മെട്രോ നഗരങ്ങളെല്ലാം ഒരു മഴ പെയ്താല്‍ വെള്ളത്തിനടിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 16, 2023 8:47 pm

രാജ്യത്ത് നഗരമേഖല അനുഭവിക്കുന്നത് ആസൂത്രണത്തിലെ പിഴവുകളുടെ ഫലമെന്ന് റിപ്പോര്‍ട്ട്. ഒരു മഴ പെയ്താല്‍ ഉടലെടുക്കുന്ന വെള്ളക്കെട്ടുകളും അനുബന്ധ പ്രശ്നങ്ങളും പതിവ് സംഭവമായി മാറി. അപകടങ്ങള്‍, വാഹനങ്ങള്‍ ഒലിച്ചുപോകല്‍ എന്നിവ നഗരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളും ഇതോടൊപ്പം വ്യാപിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും അതോടൊപ്പം ആസൂത്രിതമല്ലാത്ത വികസനവുമാണ് ഇന്ത്യയിലെ നഗരങ്ങളിലെ വെള്ളപ്പൊക്കങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനും ജനസംഖ്യാ വര്‍ധനവിനുമനുസൃതമായി ഇന്ത്യ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന നിലയിലായത് ‍ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. മുംബൈയെയും വെള്ളപ്പൊക്കം ബാധിച്ചു. അഹമ്മദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം മഴയ്ക്കൊപ്പമുള്ള വാര്‍ഷിക സംഭവമായി മാറി.
കനത്ത മഴയ്ക്കൊപ്പം വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ അനാസ്ഥയാണ് 2015ല്‍ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 289 പേര്‍ മരിക്കാൻ ഇടയാക്കിയതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് തടസമായ കയ്യേറ്റങ്ങള്‍ തടയുന്നതിലുണ്ടായ പിഴവ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് ബംഗളൂരുവില്‍ 132 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. വര്‍ഷകാലത്ത് ലഭിക്കുന്ന മൊത്തം മഴയുടെ 10 ശതമാനം ഒരൊറ്റ ദിവസം തന്നെ ലഭിച്ചത് നഗരങ്ങളില്‍ വലിയ വെളളക്കെട്ടുകളുണ്ടാക്കി.
അശാസ്ത്രീയ നിര്‍മ്മാണങ്ങളും വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരങ്ങളെ മഴക്കാല വാസയോഗ്യമല്ലാതാക്കുന്നതായും ചെറുമഴകള്‍ പോലും ജനജീവിതം ദുഃസഹമാക്കുന്നതായും വിദഗ്ധര്‍ പറയുന്നു. 1960കളില്‍ ഡല്‍ഹിയില്‍ നടത്തിയ നഗരാസൂത്രണത്തില്‍ വന്ന പാളിച്ചയാണ് നഗരത്തിലെ വെള്ളപ്പൊക്ക ദുരന്തത്തിന് കാരണമെന്നും ഡല്‍ഹി വികസന അതോറിട്ടി മുൻ കമ്മിഷണര്‍ എ കെ ജെയിൻ ചൂണ്ടിക്കാട്ടുന്നു.
ആയിരത്തിലേറെ വര്‍ഷങ്ങളായി പുനര്‍നിര്‍മ്മിക്കപ്പെടുന്ന പ്രദേശമാണ് ഡല്‍ഹി. 1962ലെ രൂപരേഖയില്‍ യമുനാ നദീതടത്തെ ഉപയോഗശുന്യമായ ഇടമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വികസനത്തില്‍ ഭൂമിശാസ്‌ത്രപരമായ പ്രശ്നങ്ങള്‍ നഗരം നേരിടുന്നു. ഡല്‍ഹിയുടെ ഒരുവശത്ത് നദിയും മറുവശത്ത് പര്‍വതശിഖരങ്ങളുമാണ്. ഡല്‍ഹി ദേശീയ തലസ്ഥാനമാക്കാൻ നിശ്ചയിച്ചപ്പോള്‍ ബ്രിട്ടീഷ് ആര്‍ക്കിടെക്ട് എഡ്വേര്‍ഡ് ലൂട്ടിയൻസ് യമുനാ നദിക്കരയിലെ വെള്ളപ്പൊക്ക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജോര്‍ജ് അഞ്ചാമൻ രാജാവ് തറക്കല്ലിടല്‍ നിര്‍വഹിച്ചതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞകാലങ്ങളില്‍ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മേഖലയില്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

eng­lish summary;Urban areas under threat of flood­ing; All metro cities are under water in one rain

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.