21 November 2024, Thursday
KSFE Galaxy Chits Banner 2

കണ്ണൂരിലെ ഉരുളി കള്ളൻഒടുവിൽ പൊലീസിന്റെ പിടിയിൽ

Janayugom Webdesk
കണ്ണുർ
March 25, 2022 5:57 pm

കണ്ണൂരിലും പരിസരങ്ങളിലെയും വാടക സാധനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിലെ ഉടമകളുടെ പേടി സ്വപ്നമായ ഉരുളിക്കള്ളൻ ഒടുവിൽ പൊലീസിന്‍റെ വലയിൽ. ഇരിക്കൂർ കോളയാട് വരത്തൻകണ്ടി വി കെ രോഹിത്ത് ( 22) നെയാണ് ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കൂട്ടുപ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കണ്ണൂരിലെ വാടക സാധനങ്ങള്‍ വില്‍ക്കുന്ന കടളിൽ നിന്നാണ് വളരെ വിദഗ്ധമായി ഓട്ടുരുളുകൾ രണ്ടംഗ സംഘം കടത്തി കൊണ്ടു പോയത്. ഒരാഴ്ചത്തേക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞ് കടയില്‍ വന്ന ഒരാള്‍ ഉരുളികള്‍ വാടകയ്ക്ക് കൊണ്ടുപോയി. ആഴ്ചകള്‍ കഴിഞ്ഞിട്ടും കൊണ്ടുപോയ ഉരുളികള്‍ നല്‍കാതെ മുങ്ങുന്നതായിരുന്നു തട്ടിപ്പിന്‍റെ രീതി. തിരികെ എത്താത്ത ഉരുളികള്‍ക്കായി വാടകക്കാർ അന്വേഷിച്ച് പോയപ്പോഴാണ്‌ സംഭവത്തിന് പിന്നില്‍ നടക്കുന്നത് ആസൂത്രിത മോഷണമാണെന്നു വ്യക്തമായത്.ഫിബ്രവരി രണ്ടിന് തളാപ്പ് വാടക സാധനങ്ങള്‍ വില്‍ക്കുന്ന വി.പി. ബിജുവിന്‍റെ കടയിൽ നിന്നും പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ജീവന്‍ രക്ഷാമരുന്ന് മരുന്ന് ഉണ്ടാക്കാനാണെന്ന് പറഞ്ഞ് രണ്ട് ഓട്ടുരുളുകളും ചട്ടുകയും രോഹിത്ത് വാങ്ങികൊണ്ടുപ്പോയത്. തിരിച്ച് കൊണ്ടുവരേണ്ട ദിവസം കഴിഞ്ഞിട്ടും ഉരുളികൾ തിരിച്ചെത്താത്തതിനെ തുടർന്ന് ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാന സഭവം കണ്ണൂർ സിറ്റിയിലെ വാടക സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും കല്യാണ ആവശ്യത്തിനാണെന്ന് പറഞ്ഞ് ഇതേ സംഘം ഉരുളി കടത്തി പോയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമീപ പ്രദേശങ്ങളിൽ നിന്നായി എട്ട് ഓട്ടുരുളുകളാണ് മോഷണം നടത്തിയത്. പരിചയമില്ലാത്ത ആളായതിനാല്‍ വാടകയ്ക്ക് സാധനം നല്‍കുമ്പോള്‍ പൊതുവേ ഉടമകള്‍ തിരിച്ചറിയല്‍ രേഖയും മൊബൈല്‍ നമ്പറും ചോദിച്ചു വാങ്ങാറുണ്ട്. ഇത്തരത്തില്‍ ഉരുളി വാടകയ്ക്ക് നല്‍കിയ ശേഷം കുറച്ചധികം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉരുളി തിരിച്ച് എത്താത്തതിനാല്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് കടയില്‍ നല്‍കുന്ന അഡ്രസ് വ്യാജമാണെന്ന് മനസിലാകുന്നത്. ആവശ്യക്കാരന്‍ നല്‍കുന്ന മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫാണെന്ന് മനസിലാകുന്നതോടെയാണ്‌ വന്നത് ഉരുളിക്കള്ളനാണെന്ന് വ്യക്തമാവുന്നത്. ഉണ്ടാക്കുന്ന ആവശ്യം പറഞ്ഞാണ് ഇയാള്‍ കടയില്‍നിന്ന് ഉരുളികള്‍ വാടകയ്ക്ക് എടുത്തത്. പൊതുവില്‍ വാടകയ്ക്ക് എടുത്താല്‍ വാടക സാധനം തിരിച്ച് ഏല്‍പ്പിക്കുമ്പോള്‍ പണം നല്‍കുകയാണ് പതിവ്. സിഐ ശ്രീജിത്ത് കൊടേരിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തന്ത്രപരമായ ഇടപെടലാണ് ഒന്നാം പ്രതിയെ കുടുക്കാൻ കാരണമായത്. വാടകക്കാരെ പറ്റിച്ച് കൊണ്ടുപ്പോയ എട്ട് ഉരുളികളും വിൽപന നടത്തി. ശ്രീകണ്ഠാപുരം, കട്ടാന്പള്ളി,ചക്കരക്കൽ,മയ്യിൽ എന്നിവിടങ്ങളിലെ ആക്രി കടകളിലാണ് ഉരുളികൾ വിറ്റത്. ഒന്നര ലക്ഷം രൂപ വിറ്റുകിട്ടി. അന്വേഷണ സംഘത്തിൽ എഎസ്ഐമാരായ രാജീവൻ, അജയൻ,നാസർ എന്നിവരും ഉണ്ടായിരുന്നു.
ഉരുളി വിറ്റു കിട്ടുന്ന പണം കൊണ്ട് ആർഭാഡ ജീവിതം നയിക്കുകയാണ് സുഹൃത്തുകളായ രണ്ടംഗ മോഷ്ടാക്കളുടെ പതിവ്. ഓട്ടുരുളി മാത്രം മോഷ്ടിക്കുന്ന പ്രത്യേക തരം കള്ളൻമാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വിറ്റ് കിട്ടുന്ന പണം കൊണ്ട് നേരെ മംഗളൂരിലേക്ക് ട്രയിൻ കയറും. അവിടെ കുറച്ച് ദിവസം ചെലവഴിച്ച ശേഷം നേരെ ബംഗളൂരിലേക്ക് പോകും. മദ്യവും,പെണ്ണും നല്ല ഭക്ഷണവുമായി സ്റ്റാർ തുല്യമായ ഹോട്ടലിൽ രാജകീയമായി താമസിക്കും. തിരിച്ച് എറണാകുളം വഴി മാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് . തുടർന്ന് വീണ്ടും മോഷണത്തിൽ ഏർപ്പെടും ഇതാണ് മോഷ സംഘത്തിന്‍റെ രീതി.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.