17 November 2024, Sunday
KSFE Galaxy Chits Banner 2

ഉറുമ്പുകൾ

വിനോദ് മുഖത്തല
November 17, 2024 6:15 am

അയാൾ എഴുതുന്ന കഥകൾ വളരെ ലളിതമായിരുന്നു. ഏത് സാധാരണക്കാരനും വായിച്ചാൽ മനസിലാകുന്നത്ര ലളിതം. ജീവിതവും അനുഭവ പരിസരങ്ങളും ആയിരുന്നു അയാളുടെ കഥകൾക്കും കഥാപാത്രങ്ങൾക്കും ബീജാവാപം ചെയ്തിരുന്നത്. ചുറ്റുമുള്ളവരുടെ ജീവിതത്തെ അത്രയേറെ അടുത്തുനിന്ന് വീക്ഷിക്കുകയും മനസിലാക്കുകയും അത് കഥകളായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നുള്ളതുകൊണ്ട് തന്നെ സാധാരണക്കാർക്ക് അയാളുടെ കഥകൾ വളരെ ഇഷ്ടമായിരുന്നു. 

എന്നാൽ ബുദ്ധിജീവികൾക്കും അങ്ങനെയാണെന്ന് നടിക്കുന്നവർക്കും അയാളുടെ കഥകളോട് അത്ര പ്രിയമല്ലായിരുന്നു. കഥകൾ ഇത്ര ലളിതമായി എല്ലാവർക്കും മനസിലാകുന്ന പോലെ അങ്ങനെ പറഞ്ഞു പോകേണ്ടവയല്ല. അതീന്ദ്രിയ ഭാവനകളും അതി നിഗൂഢമായ കഥ പറച്ചിൽ രീതികളുമാണ് ഉത്തരാധുനിക കഥകളിലെ മുഖ്യ ആകർഷണം. ബിംബ കല്പനകളിലും ക്ലൈമാക്സിലുമെല്ലാം പുതിയ രീതികൾ അവലംബിക്കാൻ ശീലി ക്കേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ ആധുനിക കാലത്തെ കഥയെഴുത്തുകാരുടെയും ആസ്വാദകരുടെയും ഇടയിൽ തനിക്കൊരു സ്ഥാനം ഉണ്ടാവുകയുള്ളൂ. 

ഈ ചിന്തകൾ അയാളെ വളരെ അസ്വസ്ഥനാക്കി. അത്തരം ഒരു കഥ തനിക്ക് എഴുതാൻ പറ്റുമോ. അതിനുള്ള കഥാതന്തുക്കൾ തന്റെയുള്ളിൽ വികസിക്കുമോ ഇങ്ങനെ ഓരോന്നോർത്ത് കിടന്നപ്പോൾ നല്ല ഉച്ച വെയിലിലും മയങ്ങി പോയത് അയാൾ അറിഞ്ഞില്ല. ശരീരത്തിൽ സൂചി കുത്തുന്നത് പോലെയുള്ള വേദന അനുഭവപ്പെട്ടപ്പോഴാണ് കണ്ണുതുറന്നത്. കിടക്കയിൽ ആകെ ഉറുമ്പുകൾ ഇഴഞ്ഞു നടക്കുന്നു. അതിലെ ചില ഉറുമ്പുകൾ കുത്തിയ വേദനയായിരുന്നു അത്. അയാൾ ചുറ്റിനും നോക്കി കിടക്കയിൽ ആകെ ഉറുമ്പുകൾ അരിച്ചു നടക്കുന്നു. തന്റെ ശരീരമാകെ ഉറുമ്പുകൾ പൊതിഞ്ഞിരിക്കുന്നു. അവയുടെ കൊമ്പുകൾ കുത്തി ഇറക്കുമ്പോഴുള്ള അസഹനീയമായ വേദനയിൽ വെപ്രാളം കൊണ്ട് ചാടി എഴുന്നേറ്റു. ദേഹത്തുള്ള ഉറുമ്പുകളെ തട്ടികുടഞ്ഞ് എറിയുമ്പോൾ പണ്ട് ഉറുമ്പുകളെക്കുറിച്ച് വായിച്ചത് അയാൾ ഓർത്തു. 

”ഇത്തിരി കുഞ്ഞന്മാരാണെങ്കിലും പ്രാണികളുടെ ലോകത്തെ ഏറ്റവും സവിശേഷമായ ജീവജാലങ്ങളാണ് ഉറുമ്പുകൾ. ഒരു ആറ്റം ബോംബ് ആക്രമണത്തിൽ ഈ ഭൂമി മുഴുവൻ നശിച്ചാലും അതിജീവിക്കുന്ന ഒരേ ഒരു ജീവി വർഗം ഉറുമ്പുകൾ മാത്രമായിരിക്കും. ഉറുമ്പുകൾക്ക് മനുഷ്യരെക്കാൾ വലുപ്പം ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ മനുഷ്യരേക്കാൾ മുന്നേ ഈ ഭൂമിയിൽ അവർ ആധിപത്യം സ്ഥാപിച്ചേനെ.” ദേഹത്തുള്ള ഉറുമ്പുകളെ എങ്ങനെയെങ്കിലും തട്ടിക്കുടഞ്ഞ് എറിഞ്ഞു നോക്കുമ്പോൾ താൻ കിടന്ന കട്ടിലിലും മെത്തയിലും എല്ലാം ഉറുമ്പുകൾ അരിച്ചിറങ്ങുന്നു. എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് മുകളിൽ നിന്നും ഭാര്യയുടെ ഉച്ചത്തിലുള്ള വിളി കേട്ടത്. ഉടനെ മുകളിലേക്ക് കയറി ചെന്നു. 

”ദാ നോക്ക്, ഈ അലമാരിയിൽ ഉള്ള വസ്ത്രങ്ങൾ മുഴുവൻ ഉറുമ്പരിക്കുന്നു. ഞാനെന്തു ചെയ്യണം. രണ്ടുപ്രാവശ്യം ഉണക്കി അടിക്കി വെച്ച വസ്ത്രങ്ങളാണ്. ഈ നാശങ്ങളെ കൊണ്ട് തോറ്റു. എനിക്ക് വയ്യ ഈ വീട്ടിൽ ജീവിക്കാൻ.” അവൾ ഉച്ചത്തിൽ അലറുകയായിരുന്നു.
അയാൾ അലമാരയിൽ ഇരുന്ന വസ്ത്രങ്ങൾ എല്ലാം വാരി താഴെയിട്ടു നോക്കി. അലമാര മുഴുവൻ ഉറുമ്പുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.
”എവിടെ നിന്നാണ് ഈ നാശങ്ങൾ വരുന്നത്. എന്തുചെയ്താലാണ് ഇവയെ ഇല്ലാതാക്കാൻ കഴിയുന്നത്. ഉറുമ്പ് പൊടിയോ മറ്റോ അവിടങ്ങാനും ഉണ്ടോ എന്ന് നോക്കട്ടെ.” എന്ന് പറഞ്ഞുകൊണ്ട് അവൾ താഴേക്ക് പോയി
അയാൾ ഉറുമ്പുകൾ ഇഴഞ്ഞു വരുന്ന വഴി നോക്കി നടന്നു. അതിന്റെ ഉത്ഭവ സ്ഥാനത്ത് എത്താൻ. അപ്പോഴാണ് അയാളുടെ ശ്രദ്ധയിൽ അത് പതിഞ്ഞത്. വീടിന്റെ ഭിത്തിയിൽ നിറയെ ഉറുമ്പുകൾ ഇഴഞ്ഞ് നടക്കുന്നു. കോട്ട വളഞ്ഞ ശത്രു സൈന്യത്തെപോലെ ആ വീട് മുഴുവൻ ഉറുമ്പുകൾ കയ്യടക്കിയിരിക്കുന്നു. വീടിന്റെ മുക്കിലും മൂലയിലും എന്ന് വേണ്ട അവിടെ സൂക്ഷിച്ചിരുന്ന ഓരോ സാധനങ്ങളിൽ വരെ ഉറുമ്പുകൾ പറ്റിപ്പിടിച്ചിരിക്കുന്നു ഇത്രയും വലിയ ഭീകരരാണ് ഉറുമ്പുകൾ എന്നുള്ളത് അന്ന് ഉറുമ്പുകളെക്കുറിച്ചു വായിച്ചപ്പോൾ തോന്നിയിരുന്നില്ല. 

എങ്ങനെയെങ്കിലും ഇവയെ നശിപ്പിക്കണം. എന്താണ് അതിനൊരു മാർഗം എന്നാലോചിച്ചു നിൽക്കേ ആ ഉറുമ്പുകൾ ഓരോന്നും വളരാൻ തുടങ്ങുന്നത് അയാൾ അത്ഭുതത്തോടെ കണ്ടു. അങ്ങനെ വളർന്നു വലുതായ ഉറുമ്പുകൾ ഓരോന്നായി അയാളെ ആക്രമിക്കാനായി മുന്നോട്ടു വന്നു. അവയുടെ പിടിയിൽ പെടാതെ ഒഴിഞ്ഞുമാറുവാൻ അയാൾ ആവുന്നത്ര ശ്രമിച്ചു. കയ്യിൽ കിട്ടിയതെല്ലാം എടുത്ത് അവയെ ആക്രമിച്ചോടിക്കാൻ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും അവറ്റകൾ അയാളെ പിടികൂടുക തന്നെ ചെയ്തു. അതിന്റെ ആന്റിനെ പോലുള്ള വലിയ കൊമ്പുകൾ അയാളുടെ ശരീരത്തിലേക്ക് കുത്തിയിറക്കി. അവയുടെ കടുത്ത ആക്രമണത്തിൽ അയാൾ തറയിൽ വീണു പോയി. 

അസഹ്യമായ വേദനയാൽ അയാൾ ചുറ്റും നോക്കി. അയാളുടെ ശരീരമാകെ ഉറുമ്പുകൾ പൊതിഞ്ഞിരിക്കുന്നു. അതിന്റെ കൊമ്പുകൾ ശരീരത്തിന്റെ ഓരോ ഭാഗത്തായി കുത്തി ഇറക്കി കൊണ്ടേയിരുന്നു. അപ്പോഴും ആ ഉറുമ്പുകൾ വളർന്നു വലുതായി കൊണ്ടേയിരിക്കുന്നത് അയാൾ പേടിയോടെ കാണുന്നുണ്ടായിരുന്നു. തന്റെ ചോരയും നീരും ഊറ്റി കുടിച്ചിട്ടെന്ന പോലെ വളർന്നു വലുതാകുന്ന ഉറുമ്പുകളെ കണ്ടു പേടിച്ചു വിറച്ചയാളങ്ങനെ കിടന്നു. അപ്പോൾ ഭൂമി തല കീഴായി മറിയുന്നതും ഏതോ അഗാധ ഗർത്തത്തിലേക്ക് താൻ എടുത്തെറിയപ്പെട്ടെന്നും അയാൾ മനസിലാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.