18 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 20, 2024
October 18, 2024
September 13, 2024
July 27, 2024
July 25, 2024
July 3, 2024
June 18, 2024
May 22, 2024
February 18, 2024

ചെമ്മീൻ വിലക്കിന് പിന്നിൽ യുഎസിലെ ഉല്പാദക ലോബി

ബേബി ആലുവ
കൊച്ചി
July 25, 2024 11:06 pm

ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീനിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിന് പിന്നിൽ ചെമ്മീൻ ഉല്പാദക ലോബിയെന്ന് വിലയിരുത്തൽ. കടലാമകളെ സംരക്ഷിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി 2019 മുതൽ ഏർപ്പെടുത്തിയ നിരോധനം കടുപ്പിക്കാൻ ‘സതേൺ ഷ്രിംപ് അലയൻസ്’ എന്ന യുഎസിലെ ചെമ്മീൻ ഉല്പാദകരുടെ സംഘമാണ് ചരടു വലിക്കുന്നതെന്നാണ് ഈ രംഗത്തെ വിവിധ സംഘടനകൾ ആരോപിക്കുന്നത്. അഞ്ച് വർഷം മുമ്പ് സമാന വിഷയത്തിൽ വിയറ്റ്നാമിനെതിരെ യുഎസിനെ തിരിച്ചതും ഇതേ ലോബിയാണെന്നും സംഘടനകൾ പറയുന്നു.
ഇവരുടെ സമ്മർദഫലമായി, കടലിലെ സസ്തനി വിഭാഗത്തിൽപ്പെട്ട ജീവികളുടെ സംരക്ഷണം ഉറപ്പാക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള സമുദ്രോല്പന്നങ്ങളുടെ ഇറക്കുമതിയിലും ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. 2026 ജനുവരി ഒന്ന് മുതൽ തീരുമാനം നടപ്പാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ വ്യാപകമായുള്ള തിമിംഗലം, ഡോൾഫിൻ എന്നിവയുടെ കണക്കുകള്‍ ആവശ്യപ്പെട്ടതായാണ് വിവരം. പുറമെ, ഭക്ഷ്യ ശുചിത്വവുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി മോഡേണൈസേഷൻ എന്ന നിയമപ്രകാരം കയറ്റുമതി ചെയ്യുന്ന ഉല്പന്നത്തിന്റെ ഉറവിടവും വ്യക്തമാക്കണം. 

അമേരിക്ക ഒരു വർഷം ഇറക്കുമതി ചെയ്യുന്ന ചെമ്മീനിന്റെ 36 ശതമാനം ഇന്ത്യയിൽ നിന്നാണ്. ഇതിന്റെ 60 ശതമാനം കേരളത്തിന്റെ വിഹിതമാണ്. അതിനാൽത്തന്നെ നിരോധനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത് കേരളത്തെയാണ്. കടലാമ സംരക്ഷണത്തിനായി വലകളിൽ കടലാമ നിർമ്മാർജന ഉപകരണം(ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് — ടിഇഡി) ഘടിപ്പിക്കണമെന്നാണ് അമേരിക്കയുടെ ശാഠ്യം. 25,000 രൂപ വില വരുന്ന ഈ ഉപകരണം ഒരു മത്സ്യബന്ധന ബോട്ടിലെ 12 മുതൽ 15 വരെയുള്ള വലകളിൽ പിടിപ്പിക്കുക എന്നത് ചെലവ് താങ്ങാനാവാത്ത നിർദേശമാണെന്നും മത്സ്യബന്ധന മേഖലയ്ക്ക് വലിയ തിരിച്ചടിയാവുന്നതാണെന്നുമാണ് ബോട്ടുടമകൾ പറയുന്നത്. 

കേരള തീരത്ത് മീൻ പിടിത്തത്തിനിടയ്ക്ക് കടലാമകൾ വലയിൽ കുരുങ്ങുന്നത് സാധാരണമല്ല. അപ്രകാരം സംഭരിച്ചാൽത്തന്നെ അവയെ തിരികെ കടലിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഒഡിഷ തീരത്താണ് കാലാമകൾ കൂടുതലായുള്ളത്. അവിടെ അവയുടെ പ്രജനന കാലത്ത് ട്രോളിങ് നിരോധനവുമുണ്ട്. ഉപകരണം ഘടിപ്പിച്ചാൽ നല്ലൊരു പങ്ക് മത്സ്യങ്ങളും രക്ഷപ്പെട്ട് പോകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽത്തന്നെ മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണ്.
ഇന്ധനവിലയിലെ വർധനയടക്കം ഭാരിച്ച ചെലവുകളും മത്സ്യദൗർലഭ്യവും മാന്ദ്യത്തിന്റെ പേരിൽ ജപ്പാൻ ചെമ്മീൻ ഇറക്കുമതിയിൽ നിയന്ത്രണം വരുത്തിയതിന്റെ ഫലമായി നാട്ടിൽ ചെമ്മീനിന് വിലയില്ലാതായതും മേഖലയിലെ രൂക്ഷമായ പ്രശ്നങ്ങളാണ്. ഇറക്കുമതി നിലച്ചതോടെ കൊച്ചി, ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത്സ്യ സംസ്കരണ ഫാക്ടറികളിലെ തൊഴിലാളികളടക്കം ദുരിതത്തിലായി. ചില കയറ്റുമതി സ്ഥാപനങ്ങൾ പോലും അടച്ചു കഴിഞ്ഞു.
2019 മുതൽ അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ഇക്കാലമത്രയും നീളുകയും കയറ്റുമതി വരുമാനം ഇല്ലാതാവുകയും ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മത്സ്യ ബന്ധന മേഖലയെ ദുരിതത്തിലാക്കുകയും ചെയ്തിട്ടും, ഒരു കൂടിയാലോചനയ്ക്കു പോലും മുതിരാതെ കേന്ദ്രസർക്കാർ മൗനം തുടരുന്നതിനെതിരെ നിശിത വിമർശനമാണുയരുന്നത്. 

Eng­lish Sum­ma­ry: US pro­duc­er lob­by behind shrimp ban

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.