21 January 2026, Wednesday

ഇന്തോ-പസഫിക് മേഖലയിലെ യുഎസ് പ്രകോപനം

അബ്ദുൾ ഗഫൂർ
April 14, 2023 4:30 am

നാറ്റോയെ ഉപയോഗിച്ച് പ്രകോപനം സൃഷ്ടിക്കുകയും അതിന്റെ ഫലമായി ഉക്രെയ്‌നിൽ റഷ്യ യുദ്ധമാരംഭിക്കുകയും ചെയ്തിട്ട് ഒരുവർഷം പിന്നിട്ടിരിക്കുന്നു. ഇരുഭാഗങ്ങളിലുമായി ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു, കെട്ടിടങ്ങളും സ്ഥാപനങ്ങളും തകർന്നടിഞ്ഞു. ലക്ഷക്കണക്കിന് അഭയാർത്ഥികളുണ്ടാവുകയും ചെയ്തു. ഉക്രെയ്‌നും റഷ്യയുമായി ഇപ്പോഴും തുടരുന്ന യുദ്ധം ലോകരാജ്യങ്ങൾക്കെല്ലാം പലതരത്തിലുള്ള പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. എന്നിട്ടും പഠിക്കാത്ത യുഎസും സഖ്യകക്ഷികളും അടുത്ത യുദ്ധം സൃഷ്ടിക്കുന്നതിന് ഇന്തോ- പസഫിക് മേഖലയാണ് കണ്ടുവച്ചിരിക്കുന്നതെന്നു വേണം കരുതുവാൻ. യുഎസിന്റെ എല്ലാ യുദ്ധേച്ഛയുടെയും പിന്നിൽ ലക്ഷ്യങ്ങൾ പലതാണ്. ആയുധവിപണനമാണ് പ്രധാനമെങ്കിലും അതാതിടങ്ങളിലെ പ്രകൃതിവിഭവങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും ചൂഷണവും അതുവഴിയുള്ള ലാഭവും കൂടി അന്തർലീനമായിരിക്കുന്നുണ്ട്. ഉക്രെയ്‌നെയും റഷ്യയെയും യുദ്ധത്തിലേക്ക് തള്ളിയിടുമ്പോൾ എണ്ണസമ്പത്താണ് ലക്ഷ്യംവച്ചത്. അതുപക്ഷേ വലിയ വിനയായി മാറുകയും ചെയ്തു. ഇപ്പോൾ പുതിയ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന ഇന്തോ-പസഫിക് മേഖലയിലും പ്രകൃതി വിഭവങ്ങളും മത്സ്യസമ്പത്തുമാണ് മുഖ്യ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം സംഘർഷത്തിനിടയിൽ നടക്കാനിടയുള്ള വമ്പിച്ച ആയുധ വില്പനയും.
അനാവശ്യമാണെങ്കിലും പ്രകോപനങ്ങളോട് മേഖലയിലെ പ്രധാനികളായ ചൈനയും ഉത്തര കൊറിയയും പ്രതികരിക്കുമെന്നുറപ്പുള്ളതുകൊണ്ടാണ് യുഎസ് സഖ്യരാഷ്ട്രങ്ങളുമായി ചേർന്ന് സൈനിക അഭ്യാസങ്ങളും മറ്റ് നീക്കങ്ങളും നടത്തുന്നതിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. തായ്‌വാനെ മുന്നിൽ നിർത്തിയും ഫിലിപ്പീൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയെ കൂട്ടുപിടിച്ചുമാണ് പ്രദേശത്ത് പുതിയ നീക്കങ്ങൾ അമേരിക്ക ആരംഭിച്ചിരിക്കുന്നത്. പ്രതികരണവുമായി ചൈനയും ഉത്തര കൊറിയയും രംഗത്തെത്തിയതോടെ പ്രദേശം ആശങ്കയുടെ നടുവിലാണ്.


ഇതുകൂടി വായിക്കൂ: ഒരു അമേരിക്കന്‍ കാന്തല്ലൂർ പ്രണയം


തായ്‌വാനും ചൈനയും തമ്മിലുള്ളത് പ്രാദേശികമായ പ്രശ്നങ്ങളാണ്. അതിൽ യുഎസ് ഇടപെടാൻ ശ്രമിക്കുന്നതാണ് ചൈനയോടുള്ള പ്രകോപനം. ചൈനീസ് റിപ്പബ്ലിക്കിന്റെ ഭാഗമെന്നാണ് തായ്‌വാനെ സംബന്ധിച്ച് ചൈനയുടെ നേരത്തെ മുതലുള്ള നിലപാട്. തായ്‌വാന് അത് പാതിസമ്മതവും. പരസ്പരധാരണയോടെ പോകണമെന്ന് സമവായത്തിലെത്തിയതുമാണ്. ഒരുമിച്ച് പോകുന്നതിനുള്ള സംഘടനാ സംവിധാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിരുന്നു. പേരിന്റെയും നിർവചനത്തിന്റെയും വിഷയത്തിലാണ് ചില തർക്കങ്ങളുണ്ടായിരുന്നത്. തായ്‌വാന് സ്വന്തമായി അധികാര സംവിധാനം നിലവിലുണ്ടെന്നതും യാഥാർത്ഥ്യമാണ്. എന്നാൽ പ്രാദേശികമായ ഈ പ്രശ്നത്തെ ചൈനയ്ക്കെതിരായി ഉപയോഗിക്കുവാൻ വീണ്ടും യുഎസ് ശ്രമമാരംഭിച്ചതാണ് പുതിയ സംഘർഷാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്.
ചൈനീസ് നിലപാടിന് വിരുദ്ധമായി തായ്‌വാനെ സ്വതന്ത്ര രാജ്യമെന്ന നിലയിൽ പരിഗണിക്കുകയും സഹായിക്കുകയും ചെയ്യുകയാണ് യുഎസ്. അടുത്തിടെ ജനപ്രതിനിധി സഭാ സ്പീക്കറായിരുന്ന നാൻസി പെലോസി തായ്‌വാനിലെത്തിയതും തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ ഇപ്പോഴത്തെ സ്പീക്കർ കെവിൻ മക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തിയതും ധാരണകൾക്ക് വിരുദ്ധമാണെന്ന നിലപാടും ചൈനയ്ക്കുണ്ട്. അതുകൊണ്ടാണ് സായ് ഇങ് വെന്‍, മക്കാർത്തി കൂടിക്കാഴ്ചയ്ക്കു ശേഷം ചൈന തായ്‌വാൻ കടലിടുക്കിൽ മൂന്നു ദിവസത്തെ സൈനികാഭ്യാസം നടത്തിയത്. അതിന് പുറകേ അമേരിക്ക ഫിലിപ്പീൻസുമായി ചേർന്ന് സംയുക്ത സെെനികാഭ്യാസം ആരംഭിക്കുകയായിരുന്നു. തായ്‌വാന്റെ നിലപാടിനെതിരെ ചൈന നടത്തിയ സൈനികാഭ്യാസം ന്യായീകരിക്കേണ്ടതില്ല. അതിന് പകരമായി തായ്‌വാൻ എന്തെങ്കിലും ചെയ്താൽ അത് സ്വാഭാവിക നടപടിയെന്ന് ന്യായീകരിക്കുകയും ചെയ്യാം. പക്ഷേ ഇവിടെ ഫിലിപ്പീൻസിനെ കൂടി വലിച്ചിഴച്ചുകൊണ്ടുവരികയാണ് യുഎസ് ചെയ്യുന്നത്. 20,000ത്തോളം സൈനികരിൽ മൂന്നിൽ രണ്ടും യുഎസിന്റേതാണെന്നാണ് വാർത്തകൾ. ഈ മാസം 26 വരെ നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തിനാണ് യുഎസ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇതിൽ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളെയും പങ്കാളികളാക്കുവാൻ ശ്രമിക്കുന്നുണ്ട്. അതേസമയം യുഎസുമായി ചേർന്ന് സൈനികാഭ്യാസം നടത്തുന്ന ഫിലിപ്പീൻസ് ഭരണാധികാരികളുടെ നിലപാടിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾ നടക്കുകയുണ്ടായി. മേഖലയിൽ ചുവടുറപ്പിക്കുവാനുള്ള അമേരിക്കൻ നീക്കത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് മത്സ്യസമ്പത്താണെന്ന് തിരിച്ചറി‍ഞ്ഞ് ഉപജീവനം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയിൽ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: അമേരിക്കയുടെ ക്യൂബ ഉപരോധം അവസാനിപ്പിക്കണമെന്ന് ലോകം


ജപ്പാൻ ക‍ടലിൽ നേരത്തെ തന്നെ അമേരിക്ക സൈനിക താവളം ഉറപ്പിച്ചിരുന്നു. അതിന് പുറമേ ഫിലിപ്പീൻസിലും നാല് സൈനിക താവളങ്ങൾക്കുള്ള കരാർ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഇവയാകട്ടെ തായ്‌വാന് തൊട്ടടുത്തുള്ള ഫിലിപ്പീൻസ് ദ്വീപുകളിലായിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ യുഎസിന്റെ യഥാർത്ഥ ലക്ഷ്യം തായ്‌വാനും ചൈനാ കടലുമാണെന്ന് വ്യക്തമാണ്. മൂന്നുദിവസത്തെ ചൈനീസ് സൈനികാഭ്യാസം അവസാനിച്ചുവെന്ന് അവർ വ്യക്തമാക്കിയെങ്കിലും ചില യുദ്ധക്കപ്പലുകൾ അവിടെ തുടരുന്നുവെന്ന് തായ്‌വാൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് ചൈനീസ് കപ്പലിനുനേരെ അക്രമം നടത്തുന്നതിന് സാഹചര്യമൊരുക്കുന്നതിനാണെന്ന സംശയവും ശക്തിപ്പെടുത്തുന്നു.
മേഖലയിലെ സാന്നിധ്യം ലക്ഷ്യം വച്ചുതന്നെയാണ് ഇരു കൊറിയകൾ തമ്മിലുള്ള തർക്കത്തിലും യുഎസ് ഭാഗമാകുവാൻ ശ്രമിക്കുന്നത്. ഇത് മുന്നിൽക്കണ്ടാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ ദക്ഷിണ കൊറിയയെ ഭയപ്പെടുത്തുന്നതിനുള്ള ആയുധ അഭ്യാസങ്ങൾക്ക് നിർദേശം നല്കിയത്. അതിന്റെ അടിസ്ഥാനത്തിൽ ജലത്തിലും ആകാശത്തിലും അതിതീവ്ര വേഗതയിലും ശക്തിയിലും പ്രവർത്തിക്കുന്ന ആയുധങ്ങൾ കഴിഞ്ഞയാഴ്ച ഉത്തര കൊറിയ പ്രയോഗിക്കുകയുണ്ടായി. തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവയെ ഉപയോഗിച്ച് ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ പ്രകോപിപ്പിക്കുകയും മേഖലയിൽ സാന്നിധ്യമുറപ്പിക്കുകയുമെന്ന തന്ത്രമാണ് അമേരിക്ക പയറ്റുന്നത്. ജപ്പാനെയും ഫിലിപ്പീൻസിനെയും അവർ കൂട്ടുപിടിക്കുകയും ചെയ്തിരിക്കുന്നു. ഈ മേഖലയ്ക്ക് തൊട്ടടുത്ത് തന്നെയാണ് വിയറ്റ്നാമും സ്ഥിതി ചെയ്യുന്നത് എന്നതും പ്രസക്തമാണ്. ശക്തമായ പരസ്പര സഹകരണമില്ലെങ്കിലും യുഎസിനെതിരായ നിലപാടിൽ മൂന്ന് രാജ്യങ്ങൾക്കും ഒരേ നിലപാടാണുള്ളത്. അതുകൊണ്ട് അവയെ എല്ലാം ലക്ഷ്യംവച്ചാണ് മേഖലയിൽ യുഎസിന്റെ നടപടികൾ. യുദ്ധഭ്രാന്ത് തലയ്ക്ക് പിടിച്ച അമേരിക്ക ആഗോള പൊലീസാകുന്നതിന് നടത്തുന്ന കേവല നടപടിയായി മാത്രം ഇന്തോ-പസഫിക് മേഖലയിലെ നീക്കങ്ങളെ കാണാനാവാത്തത് അതുകൊണ്ടുകൂടിയാണ്.


ഇതുകൂടി വായിക്കൂ: ക്യൂബന്‍ നേട്ടങ്ങള്‍ ഉപരോധം വഴി നിരാകരിക്കുന്ന അമേരിക്ക


ഫിലിപ്പീൻസിനും ദക്ഷിണചൈനാ കടലിനുമിടയിലുള്ള സമുദ്രപാത ഏറ്റവും മൂല്യവത്തായ വ്യാപാര പാതകൾ ഉൾക്കൊള്ളുന്നതു കൂടിയാണ്. ചൈനയുടെ പ്രാദേശിക അവകാശവാദത്തിൽ ഉൾപ്പെടുത്തുന്നതുമാണ് ഈ മേഖല. ഇതെല്ലാം വ്യക്തമായി ബോധ്യമുള്ളതുകൊണ്ടാണ് മേഖലയിൽ സ്വാധീനമുറപ്പിക്കുന്നതിന് യുഎസ് ശ്രമിക്കുന്നത്. ചൈനാ കടലിൽ സ്വാധീനമുറപ്പിക്കുക എന്ന യുഎസിന്റെ ദീർഘകാലമായുള്ള ലക്ഷ്യത്തിന് മറ്റൊരു കാരണവുമുണ്ട്. അത് മത്സ്യസമ്പത്തും ധാതുശേഖരവുമാണ്. ഇത് കൈക്കലാക്കുകയെന്നതും യുഎസ് നീക്കത്തിന് പിന്നിലുണ്ട്. ഇവയൊക്കെ മുൻകൂട്ടി കണ്ടാണ് യുഎസും ഫിലിപ്പീൻസും മറ്റ് രാജ്യങ്ങളുടെ സഹകരണത്തോടെ നടത്തുന്ന സൈനിക നടപടിക്കെതിരെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ രംഗത്തെത്തിയത്. പല ലക്ഷ്യത്തോടെ കുറുക്കൻ ബുദ്ധിയുമായാണ് അമേരിക്ക ഇന്തോ-പസഫിക് മേഖലയിൽ ചുറ്റിക്കറങ്ങുന്നതെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.