March 26, 2023 Sunday

Related news

March 16, 2023
February 19, 2023
February 14, 2023
February 5, 2023
February 1, 2023
November 30, 2022
November 8, 2022
November 5, 2022
October 28, 2022
October 28, 2022

അമേരിക്കയുടെ ക്യൂബ ഉപരോധം അവസാനിപ്പിക്കണമെന്ന് ലോകം

മെഡിയ ബെഞ്ചമിന്‍, നതാഷ ലിസിയ ഓറ ബന്നന്‍
November 8, 2022 5:45 am

അധാർമ്മികം, നിയമവിരുദ്ധം, കാലഹരണപ്പെട്ടത്, നിർബന്ധിതം, ഭീഷണിപ്പെടുത്തുന്നത്, കുറ്റകരം, അസംബന്ധം, അശ്രദ്ധം, ക്രൂരം, വംശഹത്യാപരം… ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ അമേരിക്കയുടെ ക്യൂബൻ നയത്തെക്കുറിച്ച് സംസാരിക്കാൻ ലോകനേതാക്കൾ വേദിയിലെത്തുമ്പോൾ ഉപയോഗിക്കുന്ന ഏതാനും വിശേഷണങ്ങളാണ് ഇവ. ഒടുവിൽ 13 വർഷത്തിന് ശേഷം നവംബർ മൂന്നിന് അമേരിക്കയുടെ ഉപരോധം അവസാനിപ്പിക്കണമെന്ന ക്യൂബയുടെ അഭ്യർത്ഥനയ്ക്ക് അനുകൂലമായി ജനറൽ അസംബ്ലി ഏതാണ്ട് ഏകകണ്ഠേന (185/2) വോട്ട് പതിഞ്ഞു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഉപരോധത്തെ പിന്തുണച്ച രണ്ട് രാജ്യങ്ങൾ അമേരിക്കയും പലസ്തീനികളെ അടിച്ചമർത്താനുള്ള സൈനിക ആയുധച്ചെലവിനായി പ്രതിവർഷം 3.8 ബില്യൺ ഡോളറിന് അവരോട് കടപ്പെട്ടിരിക്കുന്ന ഇസ്രയേലും മാത്രമായിരുന്നു. സൈനികമോ, ആണവമോ ആയ ഭീഷണികളില്ലാത്ത രാജ്യങ്ങൾക്കെതിരായ സാമ്പത്തിക യുദ്ധങ്ങൾ ഒഴിവാക്കുകയെന്ന അന്താരാഷ്ട്ര പ്രതിബദ്ധതയോട് അമേരിക്ക എത്രമാത്രം മുഖംതിരിക്കുന്നുവെന്നതിന് അവരുടെ ക്യൂബയോടുള്ള ഏകപക്ഷീയമായ നടപടികൾ തെളിവാണ്. ഐക്യരാഷ്ട്ര സഭയിൽ ഏതെങ്കിലും പ്രമേയത്തിന്, പ്രത്യേകിച്ചും അമേരിക്കൻ സർക്കാരിനെതിരായ പ്രമേയത്തിന് ഇത്ര വലിയ പിന്തുണ ലഭിക്കുകയെന്നത് പ്രയാസമാണ്. പ്രത്യേകിച്ചും അമേരിക്കൻ സഹായം ലഭിക്കുന്ന ചെറുരാജ്യങ്ങളിൽ നിന്ന് തങ്ങൾക്ക് പിന്തുണ ലഭിക്കാൻ അമേരിക്ക ആദ്യം സഹായങ്ങൾ നൽകും. പിന്നീട് ചൂഷണം ചെയ്യുക (കാരറ്റ് ആന്റ് സ്റ്റിക്) എന്ന സമീപനമാണ് പതിവ്. എന്നാൽ ക്യൂബയുടെ കാര്യത്തിൽ അത് ഫലിച്ചില്ല.

കാനഡ, യുകെ, ഓസ്ട്രേലിയ, ജപ്പാൻ പോലുള്ള അടുത്ത സുഹൃത്തുക്കൾ പോലും ഏറ്റവും ദൈർഘ്യമേറിയ ഈ ഉപരോധത്തിന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് എതിരായി വോട്ട് ചെയ്തു. തങ്ങളുടെ സർവാധിപത്യത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് മറ്റ് രാജ്യങ്ങൾ സഹകരണവും അനുവാദവും നൽകാത്തതിനാൽ ഈ ഉപരോധം തുടരുക പ്രയാസമാണെന്ന് അമേരിക്കയും തിരിച്ചറിഞ്ഞു. കഴിഞ്ഞ നാൽപ്പത് വർഷമായി കൊളംബിയൻ സർക്കാരും സായുധ സംഘങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളിൽ മധ്യവർത്തികളാകുന്നത് ക്യൂബയാണെന്നും എന്നാൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ അമേരിക്ക അവരെ ഉൾപ്പെടുത്തിയത് വിരോധാഭാസവും ക്രൂരവുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് പിന്തുണ അറിയിച്ചുകൊണ്ട് കൊളംബിയ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന വിഭാവനം ചെയ്ത 2030നുള്ളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ നിന്നും ഈ ഉപരോധം ക്യൂബയെ പിന്നോട്ട് വലിക്കുമെന്നും കൊളംബിയ വ്യക്തമാക്കി. ഉപരോധം മൂലം ക്യൂബയ്ക്ക് ഒരു ദിവസം കുറ‍ഞ്ഞത് 130 ബില്യൺ ഡോളർ നഷ്ടം വരുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്. മനുഷ്യത്വരഹിതമെന്നാണ് കെനിയ ഉപരോധത്തെ വിളിച്ചത്. ഉപരോധം യുഎൻ ചാർട്ടറിന്റെയും സ്വയംനിർണയ തത്വത്തിന്റെയും ലംഘനമാണെന്ന് വിയറ്റ്നാം അപലപിച്ചു. ഉപരോധം മറ്റ് രാജ്യങ്ങളെയും ബാധിക്കുമെന്ന ആശങ്കയാണ് ഫിലിപ്പീൻസ് പങ്കുവച്ചത്.


ഇതുകൂടി വായിക്കൂ: വംശചരിത്രം തിരുത്തിയെഴുതിയ നായാടി ജാഥ


പരമാധികാരമുള്ള ഒരു രാജ്യത്തിന്റെ രാഷ്ട്രീയ മാറ്റം ലക്ഷ്യമിട്ട് പകർച്ചവ്യാധിയുടെ കാലത്തും ഉപരോധം ശക്തമാക്കുന്നതും ഏകപക്ഷീയമായി അത് നടപ്പാക്കുന്നതും ക്രൂരതയാണെന്ന് മെക്സിക്കോ അപലപിച്ചു. ഉപരോധത്തെ എതിർക്കുന്ന സഹതാപം കൊണ്ടല്ലെന്നും ഇത് നീതിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും മനുഷ്യത്വത്തിന്റെയും കാര്യമാണെന്നുമായിരുന്നു എറിട്രിയയിൽ നിന്നുള്ള പ്രതിനിധി പറഞ്ഞത്. ‘സർവാധിപത്യം മൂലം ലക്ഷക്കണക്കിന് കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അംഗീകരിക്കാനാകാത്തതിനാലാണ് ഉപരോധത്തെ എതിർക്കുന്നത്. ആഗോളതലത്തിൽ പകർച്ച വ്യാധിയുടെയും സാമ്പത്തിക മാന്ദ്യത്തിന്റെയും കാലത്ത് അമേരിക്കയുടെ ഈ നിലപാടിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ഓരോ രാജ്യവും സംസാരിച്ചു. കൂടാതെ പരിമിത ജനസംഖ്യയുള്ള രാജ്യങ്ങളെയും ഈ ഉപരോധം എങ്ങനെ ബാധിക്കുമെന്നുള്ള ചർച്ചകളും നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ബന്ധങ്ങൾ ഇല്ലാതാക്കിയ ഉപരോധം നടപ്പാക്കാനായി ഒട്ടനവധി നിയമങ്ങൾ കൊണ്ടുവന്ന് അമേരിക്കൻ കോൺഗ്രസ് അത് ക്രോഡീകരിക്കുകയായിരുന്നു. എന്നാൽ ഈ നിയമങ്ങൾ എങ്ങനെ നടപ്പാക്കണമെന്നും വ്യാഖ്യാനിക്കണമെന്നും തീരുമാനിക്കാൻ സർക്കാരുകൾക്ക് സ്വാതന്ത്ര്യമുണ്ട്. ബറാക് ഒബാമ പ്രസിഡന്റായിരിക്കെ ഈ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുകയും അനുരഞ്ജനത്തിനുള്ള സാധ്യതകൾ തേടുകയും ചെയ്തുവെങ്കിലും ട്രംപ് ഈ ശ്രമങ്ങളെല്ലാം നിർത്തിവയ്ക്കുകയായിരുന്നു. ഒബാമ ഭരണകൂടത്തിന്റെ പിന്തുടർച്ചയാണ് പ്രസിഡന്റ് ജോ ബൈഡൻ അവകാശപ്പെടുന്നതെങ്കിലും ട്രംപിന്റെ നയങ്ങളാണ് സ്വീകരിക്കുന്നത്. കോവിഡ് കാലത്ത് പോലും ട്രംപ് ശക്തമാക്കിയ ഉപരോധം ബൈഡന്റെയും നയമായി തുടരുകയാണ്. ശീതയുദ്ധ കാലത്തെ ഓർമ്മപ്പെടുത്തുന്നതാണ് ബൈഡന്റെ ന്യായീകരണങ്ങൾ.

ക്യൂബ ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക, ഊർജ, മാനുഷിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം അമേരിക്കൻ നയവും കടുത്ത ഉപരോധവുമാണ്. ഉപരോധം തുടരുന്നത് ക്യൂബയിലെ ദാരിദ്ര്യത്തോടും പട്ടിണിയോടുമുള്ള പ്രതികരണമായാണെന്ന് ന്യായീകരിക്കുമ്പോഴും ഉപരോധത്തിന്റെ ലക്ഷ്യം ക്യൂബൻ ജനതയെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുകയാണെന്ന് അമേരിക്ക തന്നെ സമ്മതിക്കുന്നുണ്ട്. പ്രസിഡന്റ് ബൈഡൻ ക്യൂബയെ വിളിക്കുന്നത് പരാജയപ്പെട്ട രാജ്യമെന്നാണ്. ഒരു പരമാധികാര രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും സൃഷ്ടിക്കാൻ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുകയും കാലിൽ വീഴുന്നതുവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അത് പീഡനമാണ് അല്ലാതെ വിദേശനയമല്ല. ക്രൂരമായ ഈ ഉപരോധത്തിന്റെ ആഘാതം കണക്കിലെടുത്ത് ക്യൂബൻ ജനതയുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് അമേരിക്ക തുടർച്ചയായി നടത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ വളരെ കാലമായി പറയുന്നുണ്ട്. ജനങ്ങളുടെ ക്ഷേമ ജീവിതം ഉറപ്പാക്കാൻ വേണ്ട വസ്തുക്കൾ, വിഭവങ്ങൾ, ധനസഹായം, ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കണ്ടെത്താൻ ഉപരോധം മൂലം ക്യൂബൻ സർക്കാരിന് സാധിക്കുന്നില്ല. ജനങ്ങൾ എങ്ങനെ തങ്ങളുടെ സർക്കാരിനെ തെരഞ്ഞെടുക്കുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ടവർ എങ്ങനെ ഭരിക്കുന്നുവെന്നുമുള്ള ആശയ വ്യത്യാസത്തെ അടിസ്ഥാനമാക്കി മുഴുവൻ ജനങ്ങളെയും ഒറ്റപ്പെടുത്തുകയും സാമ്പത്തികമായി ശിക്ഷിക്കുകയും ചെയ്യുന്ന നയമാണ് ഉപരോധം. രാഷ്ട്രീയ മാറ്റം ലക്ഷ്യമിട്ടുള്ള അത്തരം ഉപരോധങ്ങൾ ശിക്ഷാർഹവും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധവുമാണ്. ഏകപക്ഷീയമായ ഈ നിർബന്ധിത നടപടികൾ യുഎൻ ചാർട്ടറിന്റെയും ഐക്യരാഷ്ട്രസഭ ഉയർത്തിപ്പിടിക്കുന്ന പരമാധികാരം, ബഹുമുഖ സഹകരണം, സ്വയം നിർണയാവകാശം തുടങ്ങിയ തത്വങ്ങളുടെയും ലംഘനമാണ്.


ഇതുകൂടി വായിക്കൂ: ഭാവിഇന്ത്യയിലേക്ക് വിരല്‍ചൂണ്ടുന്ന സിപിഐ പാര്‍ട്ടികോണ്‍ഗ്രസ്


ലാറ്റിനമേരിക്കയിലെ ഒട്ടുമിക്ക രാജ്യങ്ങളും തങ്ങളുടെ പൂർവികരുടെ മറ്റുള്ളവരിൽ നിന്നും അകന്നുനിന്നുള്ള നവലിബറൽ നയങ്ങളെ ഉപേക്ഷിച്ച് പുരോഗമന സർക്കാരുകളെ അധികാരത്തിലെത്തിച്ചുകൊണ്ടുള്ള വലിയ മാറ്റത്തിന് വിധേയമായതോടെ ക്യൂബൻ സർക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കൻ സർക്കാരിന്റെ ശ്രമങ്ങളോടുള്ള താൽപര്യം പലർക്കും കുറഞ്ഞിട്ടുണ്ട്. ക്യൂബ, വെനസ്വലെ, നിക്കരാഗ്വെ എന്നീ രാജ്യങ്ങളെ ഒഴിവാക്കണമെന്ന ബൈഡന്റെ നിർബന്ധബുദ്ധി കാരണം ഈ അമേരിക്കയിൽ നടന്ന അമേരിക്കൻ ഉച്ചകോടി ഒരു രാഷ്ട്രീയ ദുരന്തമായി കലാശിച്ചു. ബ്രസീൽ, കൊളംബിയ, ബൊളീവിയ ഉൾപ്പെടെയുള്ള അമേരിക്കൻ രാജ്യങ്ങളിലെ 18 മുൻ നേതാക്കളും രാഷ്ട്ര തലവന്മാരും ഇയാൻ ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങളും സാമ്പത്തിക ഉപരോധവും ക്യൂബയ്ക്ക് സൃഷ്ടിച്ച പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ഈയാഴ്ച പ്രസിഡന്റ് ബൈഡന് കത്ത് അയച്ചിരുന്നു. ലാറ്റിനമേരിക്കയിലും കരീബിയൻ മേഖലയിലും സമാധാനം സ്ഥാപിക്കാൻ അവ‍ർ നടത്തിയ ശ്രമങ്ങൾ മാനിക്കണമെന്നായിരുന്നു ആവശ്യം. അമേരിക്ക വ്യക്തമായ വിശദീകരണം നൽകാതെ ഈ നയം വർഷങ്ങളായി തുടരുന്നതിൽ ലോകനേതാക്കൾ അപലപിച്ചു. സ്വന്തം പ്രതിച്ഛായയ്ക്ക് അനുസരിച്ച് ജീവിക്കാൻ ഇക്വറ്റോറിയൽ ഗിനിയ അമേരിക്കയെ വെല്ലുവിളിച്ചു. ‘ജനാധിപത്യത്തിന്റെ കാവൽക്കാരാണ് അമേരിക്കയെങ്കിൽ ഈ ഉപരോധം പിൻവലിക്കണമെന്ന അസംബ്ലിയുടെ ഏകകണ്ഠവും തുടർച്ചയായതുമായ ആവശ്യം അംഗീകരിക്കണം’. ‘ഈ വിഷയം ഇനി ചർച്ച ചെയ്യേണ്ടിവരില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം’ എന്നാണ് അമേരിക്കയോട് ഖേദം പ്രകടിപ്പിച്ചുകൊണ്ട് ജമൈക്കൻ പ്രതിനിധി പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.