18 October 2024, Friday
KSFE Galaxy Chits Banner 2

യുഎസ്: തോക്കുകൾ സംസാരിക്കുമ്പോൾ

Janayugom Webdesk
July 16, 2024 5:00 am

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം അത്യന്തം അലപനീയമാണ്. പെൻസിൽവാനിയയിൽ റാലിയിൽ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു വെടിവയ്പുണ്ടായത്. 78കാരനായ ട്രംപിന്റെ വലതുചെവിക്ക് വെടിയേൽക്കുകയും ചോര ചീറ്റുകയും ചെയ്യുന്നതിന്റെ ചലനദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. റാലിക്കെത്തിയ ഒരാൾ കൊല്ലപ്പെട്ടു. വെടിയുതിർത്ത അക്രമിയെ സുരക്ഷാ സേന ഉടൻ വെടിവച്ച് കൊല്ലുകയും ചെയ്തു. ജോ ബൈഡന് മുമ്പ് നാലുവർഷം യുഎസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് ഇത്തവണയും പ്രസിഡന്റ് സ്ഥാനാർത്ഥിയാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം വധശ്രമമുണ്ടായിരിക്കുന്നത്. ട്രംപിന് നേരെ നടന്നത് കൊലപാതകശ്രമമാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. പെൻസിൽവാനിയയിലെ തന്നെ തോമസ് മാത്യു ക്രൂക്സ് എന്ന 20 കാരനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കാരണം കണ്ടെത്താനായിട്ടില്ല. അയാള്‍ റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. വളരെയധികം സുരക്ഷാ സജ്ജീകരണങ്ങളോടെ നടന്ന പരിപാടിയിൽ ആയുധവുമായി ഇയാൾക്ക് പ്രവേശിക്കുവാൻ സാധിച്ചതും സുരക്ഷാ മേഖലയിൽ നിന്നുകൊണ്ട് വെടിയുതിർത്തതും സംശയാസ്പദവും അതേസമയം ഗുരുതരമായ സുരക്ഷാ വീഴ്ചയുമാണ്.


ഇതുകൂടി വായിക്കൂ: മണിപ്പൂർ: യാഥാർത്ഥ്യങ്ങളും മോഡി പറഞ്ഞ നുണകളും


വെടിവയ്പുകളും കൊലപാതകങ്ങളും യുഎസിൽ നിത്യസംഭവങ്ങളാണ്. പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ഉന്നതരെ വധിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇതിന് പുറമേ സാധാരണ പൗരന്മാർ കൊല്ലപ്പെട്ട നിരവധി വെടിവയ്പുകളും രാജ്യത്തുണ്ടായി. ഇത്തരമൊരു അക്രമത്തിൽ വധിക്കപ്പെടുന്ന ആദ്യപ്രസിഡന്റ് എബ്രഹാം ലിങ്കണാണ്. 1865 ഏപ്രിൽ 14ന് വാഷിങ്ടണിലെ ഒരു ചടങ്ങിനിടെ ജോൺ വിൽക‍്സ് ബൂത്തെന്നയാൾ ലിങ്കണെ വെടിവച്ച് കൊല്ലുകയായിരുന്നു. 1881 ജൂലൈ രണ്ടിന് പ്രസിഡന്റ് ഗാർഫീൽഡ് വെടിയേറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവർഷം സെപ്റ്റംബർ ആറിന് വില്യം മെക്കിൻലീ കൊല്ലപ്പെട്ടു. ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റിനുനേരെ 1933 ഫെബ്രുവരിയിലായിരുന്നു വെടിവയ്പുണ്ടായത്. അദ്ദേഹത്തിന് അ­പായം സംഭവിച്ചില്ലെങ്കിലും ചടങ്ങിൽ പങ്കെടുത്ത ചിലർ മരിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രസിഡന്റായിരുന്ന ഹാരി എസ് ട്രൂമാനു നേരെയും 1950 നവംബറിൽ വധശ്രമമുണ്ടായി. വൈറ്റ് ഹൗസിന് സമീപത്തെ വസതിയിൽ കയറിയായിരുന്നു അക്രമികൾ വെടിയുതിർത്തത്. ട്രൂമാൻ രക്ഷപ്പെട്ടെങ്കിലും ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. അ­ക്രമികളിലൊരാളെ വധിക്കുകയും ചെയ്തു. 1975ൽ പ്രസിഡന്റായിരുന്ന ജെറാൾഡ് ഫോർഡിനെതിരെ രണ്ട് തവണയാണ് വധശ്രമം നടന്നത്. എന്നാൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 1981ൽ റൊണാൾഡ് റീഗന് നേരെയും 2005ൽ ജോർജ് ഡബ്ല്യൂ ബുഷിനെതിരെയും ആക്രമണമുണ്ടായി. റീഗന് നേരെ ആക്രമണം നടത്തിയ വ്യക്തി മാനസികവെല്ലുവിളി നേരിട്ടയാളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വംശീയവും രാഷ്ട്രീയവുമായ കാരണങ്ങളാൽ നടന്ന അക്രമങ്ങളും ഇതിലുൾപ്പെടുന്നുണ്ട്. ഏകദേശം രണ്ടുദശകത്തിന് ശേഷമാണ് സമാനമായി ഉന്നത വ്യക്തിക്കുനേരെ ആക്രമണമുണ്ടായിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: അവസാനമില്ലാത്ത ന്യൂനപക്ഷ വേട്ട


അതേസമയം സാധാരണക്കാർ കൊല്ലപ്പെടുന്ന അക്രമങ്ങൾക്ക് ഇടവേളയുണ്ടായില്ല. 2021ൽ 48,830 പേർ തോക്കുമായി ബന്ധപ്പെട്ട പരിക്കുകളാൽ മരിച്ചുവെന്നാണ് കണക്ക്. ഇതിൽ 43 ശതമാനവും (20,958 പേർ) കൊലപാതകങ്ങളായിരുന്നു. യുഎസ് ഭരണഘടന ആയുധം വഹിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. മുതിർന്നവരിൽ മൂന്നിലൊന്ന് പേരും തോക്ക് കൈവശംവയ്ക്കുന്നവരുമാണ്. എന്നുമാത്രമല്ല ലോകത്തെ പല രാജ്യങ്ങളിലും അധിനിവേശവും അതിക്രമങ്ങളും പിന്തുണയ്ക്കുന്ന നയങ്ങളാണ് യുഎസ് എക്കാലവും സ്വീകരിച്ചുപോന്നിട്ടുള്ളതും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റഷ്യ — ഉക്രെയ്ൻ യുദ്ധമായാലും പലസ്തീനെതിരായ ഇസ്രയേലിന്റെ അധിനിവേശമായാലും ഇരകളെയല്ല, വേട്ടക്കാരെ സഹായിക്കുന്ന സമീപനമാണ് യുഎസ് സ്വീകരിച്ചിട്ടുള്ളത്. ആയുധക്കച്ചവടം വൻകിടക്കാരുടെയും രാജ്യത്തിന്റെയും വൻ വരുമാനമാർഗമായി കാണുന്ന യുഎസിന്റെ നിലപാടുകളിൽ അതിനനുസൃതമായ സമീപനങ്ങളേ പ്രതീക്ഷിക്കേണ്ടതുള്ളൂ. നാലുവർഷം യുഎസ് പ്രസിഡന്റായിരുന്ന ട്രംപിൽ നിന്നും അതേസമീപനങ്ങളാണ് ലോകം കണ്ടിരുന്നതും. കഴിഞ്ഞ തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് പരാജയപ്പെട്ടതിനെ തുടർന്ന് നടന്ന അക്രമസംഭവങ്ങളും നമ്മുടെ ഓർമ്മയിലുണ്ട്. ഇതൊക്കെയാണെങ്കിലും തോക്കുകൾ തെരഞ്ഞെടുപ്പുകളെ നിർണയിക്കുകയും വിധിയെ സ്വാധീനിക്കുകയും ചെയ്യുമെന്ന് കരുതുക സാധ്യമല്ല. അതുകൊണ്ട് ആഗോളമാധ്യമങ്ങൾ എഴുതിയതുപോലെ യുഎസിന്റെ ഭാവി തീരുമാനിക്കേണ്ടത് വോട്ടർമാരാണ്, തോക്കായിരിക്കരുത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വം ആരോഗ്യ സംബന്ധമായ ദുരൂഹതകളാല്‍ സംശയാസ്പദമായി തുടരുന്നതിനിടെ ട്രംപ് പ്രചരണവുമായി മുന്നോട്ടുപോകുകയാണ്. നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപിനെ പ്രഖ്യാപിക്കാനിരിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തെ ഗൗരവത്തിൽ കാണുകയും ട്രംപിനെതിരായ വധശ്രമത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.