ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. മൊറാദാബാദ് ജില്ലയിൽ പ്രണയിച്ചതിന്റെ പേരിൽ പിതാവും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.ഭോജ്പൂരിലെ റാണി നഗ്ല ഗ്രാമത്തിലെ 17കാരിയായ നീലം കശ്യപാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. പിതാവ് സുഭാഷ് മകൻ മോഹിത് കശ്യപിന്റെ സഹായത്തോടെയാണ് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നീലം കശ്യപ് തന്റെ സുഹൃത്തായ മോഹിത് യാദവിന്റെ വീട്ടിലെത്തി വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി കൊല്ലപ്പെടുന്നത്. സഹോദരനും പിതാവും ചേര്‍ന്ന് കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തലയിലും തോളിലുമേറ്റ ആഴത്തിലുളള മുറിവുകളാണ് മരണകാരണമെന്നും മൊറാദാബാദ് റൂറൽ പൊലീസ് സൂപ്രണ്ട് വിദ്യാസാഗർ മിശ്ര പറഞ്ഞു.
യുവാവിന്റെ വീട്ടുകാർക്ക് ഇരുവരും തമ്മിലുളള വിവാഹത്തിന് താൽപ്പര്യമുണ്ടായിരുന്നില്ല. വിവാഹ അഭ്യർത്ഥനയുമായി പെൺകുട്ടി വീട്ടിലെത്തിയതോടെ ഇക്കാര്യം യുവാവിന്റെ വീട്ടുകാർ അവളുടെ പിതാവിനെ അറിയിച്ചു. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ സുഭാഷ് പെൺകുട്ടിയോട് സംസാരിച്ചെങ്കിലും വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന തീരുമാനത്തിലായിരുന്നു നീലം. സുഭാഷ് കോടാലി ഉപയോഗിച്ച് മകളെ ആക്രമിക്കുകയും നീലത്തിന്റെ സഹോദരന്‍ മോഹിത് കശ്യപ് കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.
സുഭാഷിനെയും മോഹിത് യാദവിന്റെ പിതാവ് വീർഭനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യുവാവിന്റെ പിതാവ് പെൺകുട്ടിയെ കൊല്ലാൻ പ്രോത്സാഹിപ്പിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നു. നീലത്തിന്റെ സഹോദരൻ മോഹിത് കശ്യപ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കി. നീലം കശ്യപും മോഹിത് യാദവും ഗ്രാമത്തിലെ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പിന്നോക്ക വിഭാഗത്തിൽ പെട്ടവരാണ് കശ്യപരും യാദവരും. എന്നാൽ യാദവ വിഭാഗത്തിൽ പെട്ടവർ സാമ്പത്തികമായി മുൻപന്തിയിലായി കണക്കാക്കപ്പെടുന്നു.
English Summary:Uttar Pradesh The girl was killed in the name of love affair
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.