22 December 2024, Sunday
KSFE Galaxy Chits Banner 2

വാൽക്കഷ്ണം

ശ്രീദേവി പി നമ്പൂതിരിപ്പാട്
August 11, 2024 2:45 am

ല്ലാ ദിവസവും ഏതാണ്ട് ഒരേ നേരത്ത് അടുപ്പത്ത് കയറുന്ന രണ്ട് പേർ. ഒന്ന് പാല് കാച്ചാൻ മാത്രമായുള്ളത്. മറ്റേത് വെള്ളം തിളപ്പിയ്ക്കാനും ചായ, കാപ്പി ഇത്യാദി ഉണ്ടാക്കുക എന്നീ കർമ്മങ്ങൾക്കും. രണ്ടാൾക്കും തമ്മിൽ ചെറുതല്ലാത്ത സാമ്യതയും ഉണ്ട്. രണ്ടാളും വാൽ മുറിഞ്ഞവരാണ്. വാലില്ലായ്മയിൽ അതീവ ദുഃഖിതരും സർവോപരി തങ്ങളുടെ വാലില്ലായ്മയിൽ അല്പം പോലും കുണ്ഠിതമില്ലാത്ത യജിയോടു് ചെറുതല്ലാത്ത നീരസം കാത്തു സൂക്ഷിയ്ക്കുന്നവരുമാണ്. എങ്കിലും തങ്ങളിൽ നിന്നും വേർപിരിയാതെ പറ്റിച്ചേർന്ന് നിൽക്കുന്ന അല്പമാത്രമായ വാലിൽ, കൈയ്ക്കലയോ വേഷ്ടിത്തുമ്പോ കൊണ്ട് പിടിച്ച്, ചിലപ്പോഴൊക്കെ കയ്യല്പം പൊള്ളിച്ച് അടുപ്പത്ത് നിന്ന് തങ്ങളെ വാങ്ങി വയ്ക്കണ യജിയെ അവർക്ക് അങ്ങനെ തള്ളിക്കളയാനും പറ്റില്ലല്ലോ. കാലം, യജിയും തങ്ങളും തമ്മിൽ ഉണ്ടാക്കിയെടുത്ത വൈകാരികമായ കെട്ടുപാടാവാം തങ്ങൾക്ക് അവരോടുള്ള അഭേദ്യമായ ബന്ധത്തിന് കാരണം എന്നവർ ഉറച്ചു വിശ്വസിച്ചു. ഇതിനെ ബലപ്പെടുത്തുന്ന ഒരു സംഭാഷണ ശകലം ഒരിയ്ക്കൽ അവർ കേൾക്കാനിടയായതും മറ്റൊരു കാരണം ആണ്. 

ഒരിയ്ക്കൽ യജു യജിയോടു് ചോദിച്ചു. “നമുക്കീ വാലില്ലാത്ത വാൽപാത്രങ്ങളെ ഒഴിവാക്കി പുതിയത് രണ്ടെണ്ണം വാങ്ങിയാലോ?” ചോദ്യം കേട്ട് വാലില്ലാത്ത വാൽ പാത്രങ്ങൾ രണ്ടും പരസ്പരം നോക്കി നെടുവീർപ്പിട്ടു. തങ്ങളുടെ ബാക്കി ജീവിതം ആക്രിക്കാരന് വേണ്ടിയുള്ളതാവും എന്നവർ കരുതി. എന്നാൽ അത് ചോദിച്ചതേ യജുവിന് ഓർമ്മയുണ്ടായിരുന്നുള്ളൂ. വാലുള്ള പ്രഷർ കുക്കറുമായി ഓടി വരുന്ന യജിയെയാണ് പിന്നീട് കണ്ടത്.‘ഈ പാത്രങ്ങളും ഞാനും തമ്മിലുള്ള വൈകാരിക ബന്ധം ഇത്ര നാളായും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലേ? നമ്മുടെ വിവാഹം കഴിഞ്ഞ് നമ്മൾ പുതിയതായി താമസം തുടങ്ങിയപ്പോൾ ആദ്യമായി വാങ്ങിയ രണ്ട് പാത്രങ്ങളാണിവ. ഇതിലൊന്നിലാണു് നമ്മൾ ആദ്യമായി പാല് കാച്ചിയത്. ഇതിലൊന്നിലാണ് നമ്മൾ ഒരു ഗ്ലാസ് ചായയുണ്ടാക്കി പങ്കിട്ടു കുടിച്ചത്. അവയെ ആണ് ഉപേക്ഷിയ്ക്കാൻ പറയുന്നത്. എങ്ങനെ മനസ് വരുന്നു. ദുഷ്ടനാണ് നിങ്ങൾ, ദുഷ്ടൻ. നിങ്ങളെ വേണമെങ്കിൽ ഞാൻ ഉപേക്ഷിയ്ക്കും. പക്ഷേ ഈ വാലില്ലാത്ത വാൽപ്പാത്രങ്ങൾ ഉപേക്ഷിയ്ക്കാൻ ഇനി മേലാൽ പറയരുത്.” ഇത് കേട്ടതോടെ തങ്ങളുടെ ജീവിതം യജിയുടെ അടുക്കളയിൽ സുഭദ്രമാണെന്ന് അവർ ഉറച്ച് വിശ്വസിച്ചു. 

യഥാർത്ഥത്തിൽ വാലൊടിഞ്ഞതിലുമപരി അവർ ദുഃഖിച്ചത് അതിന്റെ പേരിൽ തങ്ങൾക്ക് ചാർത്തപ്പെട്ട പുതിയ പേരിനെക്കുറിച്ച് ചിന്തിച്ചായിരുന്നു. വാലൊടിഞ്ഞതിൽ പിന്നെ അവർ അറിയപ്പെട്ടത് ‘വാലില്ലാത്ത വാൽപാത്രം’ എന്നായിരുന്നു. ഒന്നുകിൽ ‘വാൽപാത്രം’ എന്നാവാം, അതല്ലെങ്കിൽ ‘വാലില്ലാത്ത പാത്രം’ അതുമല്ലെങ്കിൽ അലങ്കാരങ്ങളില്ലാതെ ‘പാത്രം’ എന്നുമാവാമല്ലോ. ഇതൊന്നുമല്ലാതെ ‘വാലില്ലാത്ത വാൽപാത്രം’ എന്ന വിളി അവരെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. എല്ലാത്തിലുമുപരി അട്ടത്തിരിയ്ക്കുന്ന പല്ലിയുടെ പരിഹാസം വേറെ. തങ്ങളുടെ മുന്നിൽ കൂടി വാലുമിളക്കി നടക്കലാണ് പല്ലിയുടെ പ്രധാന വിനോദം. വെറുമൊരു പല്ലിയ്ക്കിത്ര അഹങ്കാരമോ? ഉത്തരം താങ്ങുന്നതിന്റെ അഹങ്കാരം. അല്ലാതെന്ത്? അവഗണിച്ചാലോ ചിലച്ച് ശബ്ദമുണ്ടാക്കി ശ്രദ്ധയാകർഷിക്കും. പല്ലിയുടെ ഈ പരിഹാസത്തിൽ മനംനൊന്ത് അവർ ജീവിതം കഴിച്ചു കൂട്ടി. പല്ലിയുടെ പരിഹാസം പലപ്പോഴും അവർ കണ്ടില്ലെന്ന് നടിച്ചു. 

അങ്ങിനെയിരിയ്ക്കെ അവർ അത് കേട്ടത്. ”ഇന്ന് പുറത്ത് പോവുമ്പോ ഈ വാലില്ലാത്ത വാൽപാത്രത്തിങ്ങൾക്ക് രണ്ട് വാൽ മേടിയ്ക്കാൻ ഓർമ്മിപ്പിയ്ക്കണേ. പാവങ്ങൾ എത്ര നാളായി ഇങ്ങനെ വാലില്ലാതെ…” ഒടുവിൽ യജിക്ക് നല്ല ബുദ്ധി തോന്നിയിരിക്കുന്നു. തേൻമൊഴിയായാണ് ആ വാക്കുകൾ അവരുടെ കാതിൽ പതിഞ്ഞത്. ”ആഹ്ളാദിപ്പിൻ, ആഹ്ളാദിപ്പിൻ” അവർ പരസ്പരം പറഞ്ഞു. രണ്ടാളും ആനന്ദതന്തുലിതരായി. തങ്ങൾക്ക് വന്നു ചേരാൻപോകുന്ന ശാപമോക്ഷത്തെക്കുറിച്ചാലോചിച്ച് അവർ കോൾമയിർ കൊണ്ടു. ഇതിനിടെയാണ് പല്ലിയുടെ അസാന്നിധ്യം അവരുടെ ശ്രദ്ധയിൽ പെട്ടത്. ഇന്ന് ട്യൂബ് ലൈറ്റിന്റെ മറവിൽ നിന്ന് പുറത്തേയ്ക്ക് കണ്ടതേയില്ല. ഒരു പാട് നേരത്തിന് ശേഷം ഒരു പ്രാണിയുടെ പിന്നാലെ ഓടുന്ന പല്ലിയെ കണ്ട് അവർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. കിട്ടിയ അവസരം പാഴാക്കാതെ അവർ പല്ലിയെ ആവോളം പരിഹസിച്ചു. ഏതോ ശത്രുവിന് മുന്നിൽ ”വാൽ അടിയറവ് വച്ച ഭീരു” എന്നവർ പല്ലിയെ കളിയാക്കി. ഒപ്പം തങ്ങൾക്ക് വന്നു ചേരാൻ പോകുന്ന വാലിനെക്കുറിച്ചവർ വാചാലരായി. അതിന്റെ വണ്ണവും, നീളവും നിറവും എല്ലാമവർ സ്വപ്നം കണ്ടു. 

ഒരു പാടു് നേരത്തെ കാത്തിരിപ്പിനൊടുവിൽ പുറത്തുപോയ യജി തിരിച്ചെത്തി. വണ്ടി നിർത്തുന്ന ശബ്ദം കേട്ടപ്പോൾ തന്നെ അവർ ഉത്സാഹഭരിതരായി. വാതിൽ തുറക്കുന്നതും അടുക്കളയിലേക്ക് വരുന്നതും എല്ലാമവർ ആകാംക്ഷയോടെ കാത്തിരുന്നു. ഒടുവിൽ യജി എത്തി. ഇതോടു കൂടി ശാപമോക്ഷം ഉറപ്പായി. പക്ഷേ കഥയിൽ വഴിത്തിരിവ്. യജി ഇവരെ എടുത്ത് സ്റ്റോർ റൂമിലെ ഒരു മൂലയ്ക്ക് കൊണ്ട് വച്ചു. എന്നിട്ട് യജുവിനോടു് പറഞ്ഞു, ”പാത്രക്കടയിൽ ചെന്നപ്പോൾ ആകെ കൺഫ്യൂഷൻ. ഈ പാത്രങ്ങൾക്ക് എങ്ങനെയുള്ള വാലാവും ചേരുക. കറുപ്പോ ചുവപ്പോ? വലുതോ ചെറുതോ. ഒന്നും പോരാഞ്ഞ് ഈ പുതിയ പാത്രങ്ങളുടെ ഷേപ്പ് നോക്കു. നല്ല ഭംഗിയില്ലേ? ഇത് ഞാൻ വേറെയെങ്ങും കണ്ടിട്ടില്ല. പിന്നൊന്നും നോക്കിയില്ല. രണ്ട് വാൽപാത്രം വാങ്ങി.” യജു ചോദിച്ചു, ”അപ്പോൾ നമ്മൾ ആദ്യമായി പങ്കിട്ടു കുടിച്ച ചായ ഉണ്ടാക്കിയ അന്ന് വാലുണ്ടായിരുന്ന ഇപ്പോൾ വാലില്ലാത്ത വാൽ പാത്രങ്ങൾ? ”അതീ പുതിയ പാത്രത്തിൽ ചായയുണ്ടാക്കി പങ്കിട്ട് കുടിച്ചാൽ തീരുന്ന ദുഃഖമല്ലേയുള്ളൂ. ഞാനിപ്പോ തന്നെ ചായയിടാം.” ഇത് കേട്ട പഴയ വാലില്ലാത്ത വാൽപ്പാത്രങ്ങളുടെ ഹൃദയം തകർന്നു. അവർ ആ വാർത്ത കേൾക്കാനാവാതെ ചെവി പൊത്തി. പക്ഷെ അവർക്കാശ്വസിയ്ക്കാനൊന്ന് ബാക്കിയുണ്ടായിരുന്നു; തങ്ങൾക്കിനിയൊരിയ്ക്കലും ‘വാലില്ലാത്ത വാൽപാത്രം’ എന്ന ദുഷ്പേര് കേൾക്കണ്ടല്ലോ. 

യജു: യജമാനൻ
യജി: യജമാനത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.