മട്ടുപ്പാവിൽ നിന്ന് അകത്തേക്ക് ചുവടുവയ്ക്കുമ്പോൾ, മിഷിമ തന്റെ യൂണിഫോമിന്റെ കുടുക്കുകൾ അഴിക്കുകയായിരുന്നു. തുടർന്ന് കുപ്പായം തുറന്നു വച്ച് മട്ടുപ്പാവിൽ ഇരുന്നു. അദ്ദേഹത്തിനു പിന്നിൽ, ഇടത്തോട്ടു നീങ്ങി വാൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച് മോറിറ്റ നിന്നു. മിഷിമ രണ്ട് കൈകൾ കൊണ്ടും ചെറിയ വാൾ മുറുകെപ്പിടിച്ചു. പിന്നെ പരുക്കനായി ഒന്നു മൂളി. വാൾമുന തന്റെ ഇടതു പാർശ്വത്തിലേക്ക് തുളച്ചു കയറ്റി. പിന്നെ വലതു ഭാഗത്തേക്ക് വലിച്ചുനീക്കി. എഴുതാനുള്ള ഒരു ബ്രഷും പത്യേക കടലാസും തയ്യാറാക്കി വച്ചിരുന്നു. സ്വന്തം രക്തം കൊണ്ട് ‘വാളിനെ’ സൂചിപ്പിക്കുന്ന ചിഹ്നാക്ഷരം അതിൽ എഴുതാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. വേദന തീർത്തും ശക്തി ക്ഷയിപ്പിച്ചു കൊണ്ടിരുന്നു. അദ്ദേഹം മുന്നോട്ടു മറിഞ്ഞു വീണു. മോറിറ്റ മിഷിമയുടെ കഴുത്തിൽ ആഞ്ഞു വെട്ടി. “ഇനിയും…” ഫുറുകോഗ വിളിച്ചു പറഞ്ഞു. മോറിറ്റ വീണ്ടും വെട്ടി. “കോഗാ…” അയാൾ അഭ്യർഥിച്ചു. ഫുറുകോഗ അയാളുടെ കൈയിൽ നിന്ന് വാൾ വാങ്ങി ഒറ്റ വെട്ടിൽ മിഷിമയുടെ കഴുത്തറുത്തു. സ്വയം ഹത്യകൊണ്ട് ലോകത്തെമ്പാടുമുള്ള വായനക്കാരെ ഞെട്ടിച്ച ജാപ്പനീസ് എഴുത്തുകാരന്‍ യുകിയൊ മിഷിമയുടെ ജന്മശതാബ്ദി വര്‍ഷമാണിത്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനായ നോവലിസ്റ്റ് യുക്കിയോ മിഷിമ സ്വയം ഹത്യക്ക് തിരഞ്ഞെടുത്ത മാർഗം ജപ്പാനിലെ പരമ്പരാഗത യോദ്ധാക്കളായ സാമുറായികളുടെ അനുഷ്ഠാന മരണമായ ‘ഹരാ കിരി.’ ജോൺ നെയ്ഥൻ എഴുതിയ മിഷിമയുടെ ജീവചരിതം, ‘മിഷിമ എ ബയോഗ്രഫി’ പ്രകമ്പിതമായ മനസോടേ വായിക്കാൻ കഴിയൂ. തനിക്ക് ജീവിക്കാൻ ഈ ലോകം കൊള്ളില്ല എന്നു തോന്നിയപ്പോൾ സ്വയംഹത്യ നടത്തിയ എഴുത്തുകാർ ധാരാളമുണ്ട്. ‘എ റൂം ഓഫ് വൺസ് ഓൺ’ എന്ന പുസ്തകം എഴുതി സ്ത്രീവാദസാഹിത്യത്തിന് ശക്തമായ പിൻതുണ നൽകിയ വെർജീനിയാ വൂൾഫ് വീടിനു മുന്നിലുള്ള ഓസ് നദിയിൽചാടി ആത്മഹത്യ ചെയ്തു. നദിയിലേക്ക് ചാടുമ്പോൾ അവർ കോട്ടിനുള്ളിൽ നിറയെ കല്ലുകൾ വാരി നിറച്ചിരുന്നു. അങ്ങനെ വൂൾഫ്, ഓസ് നദിയുടെ ആഴമളക്കുകയായിരുന്നു. രണ്ട് തവണ ആത്മഹത്യയ്ക്ക് ശമിച്ചു പരാജയപ്പെട്ട കവി, സിൽവിയാ പ്ലാത്ത് ഓവനിൽ തലവച്ചു കൊടുത്തു ഗ്യാസ് തുടന്നുവിട്ടു. റഷ്യൻ വിപ്ളവത്തിന് അക്ഷരങ്ങളിലൂടെ ആവേശം പകർന്ന കവി മയക്കോവ്സ്കി, ചെറുപായത്തിൽ തന്നെ റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചു മരണത്തെ വരിച്ചു. പിതാവിന്റെ ആത്മഹത്യയെ രൂക്ഷമായി വിമർശിച്ചിരുന്ന ഏണസ്റ്റ് ഹെമിംഗ്‌വേ പിതാവ് മരിക്കാൻ ഉപയോഗിച്ച അതേ ഇരട്ടക്കുഴൽ തോക്കുപയോഗിച്ച് വെടിവച്ച് മരണത്തെ പുൽകി. വരണമാല്യം കഴുത്തിലണിഞ്ഞ് കയറിൽ തൂങ്ങിയാടിയ ഇടപ്പള്ളിയും ആത്മഹത്യയെപ്പറ്റി ക്ലാസിൽ വിദ്യാർഥിനിയോട് അഭിപായം ചോദിച്ചിട്ട് അടുത്ത ദിവസം ആത്മഹത്യ ചെയ്ത രാജലക്ഷ്മിയും മരണത്തെ കലാപരമായ സൗന്ദര്യമാക്കിയവരായിരുന്നു. പക്ഷേ, മിഷിമയുടെ സ്വയംഹത്യ ലോകത്തെമ്പാടുമുള്ള സാഹിത്യാസ്വാദകരെ ഞെട്ടിച്ചു. നോബൽ സമ്മാനത്തിന് മൂന്നു തവണ പരിഗണിക്കപ്പെട്ടു നിൽക്കുമ്പോഴായിരുന്നു ഏറ്റവും ഭയാനകരവും വേദനാജനകവുമായ സ്വയംഹത്യയുടെ മാർഗം മിഷിമ തിരഞ്ഞെടുത്തത്. തോൽവിയുടെ വക്കിലെത്തി നിൽക്കുമ്പോൾ ശത്രുവിന്റെ കൈകളിൽപ്പെട്ട് മരിക്കാതിരിക്കാൻ ആത്മാഭിമാന സംരക്ഷണത്തിനായി സാമുറായികൾ സ്വീകരിക്കുന്ന മാർഗമായിരുന്നു — ഹരാ കിരി (സെപ്പുകു) — മരിക്കാനായി മിഷിമ തിരഞ്ഞെടുത്തത്.
മരണം ഒരു നിഴലായി മിഷിമയോടൊപ്പമുണ്ടായിരുന്നു. എന്നും വന്യമായ ലോകത്ത് ജീവിക്കാനായിരുന്നു, ഫാന്റസിയിൽ അഭിരമിച്ചിരുന്ന മിഷിമയ്ക്ക് താൽപ്പര്യം. മടുപ്പിക്കുന്ന ഏകാന്തതയിൽ സ്വപ്നങ്ങളായിരുന്നു അവന് കൂട്ട്. സ്വപ്നങ്ങളിൽ എപ്പോഴും ചോരയുടെ ഗന്ധമുണ്ടായിരുന്നു. അതിൽ അവൻ ഒരു ഉന്മാദിയെ പോലെ ജീവിച്ചു. റോമൻ യോദ്ധാക്കൾ നാടക വേദിയിൽ വെട്ടി മരിക്കുന്നത് അവൻ സ്വപ്നം കണ്ടു. ഒരിക്കൽ പിതാവിന്റെ മുറിയിൽ നിന്നും കിട്ടിയ ഒരു പുസ്തകത്തിൽ, അമ്പേറ്റ ശരീരത്തിൽ നിന്ന് രക്തം വാർന്നൊലിക്കുന്ന സെന്റ് സെബാസ്റ്റ്യന്റെ ചിത്രം കണ്ടു. അന്നവൻ രതിയുടെ പാരമ്യതിയിലെത്തി. ലൈംഗികതയും മരണവും രാഷ്ട്രീയവും ഫാന്റസിയും കെട്ടുപിണഞ്ഞു കിടന്നൊരു മനസായിരുന്നു മിഷിമയുടേത്. നാർസിസ (ആത്മരതി)ത്തിന്റെ പരകോടിയിലായിരുന്നു മിഷിമ. അരോഗദൃഢഗാതനായ അയാൾ തന്റെ ശരീരത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുമായിരുന്നു. ആരോഗ്യവും ശരീര സൗന്ദര്യവും സംരക്ഷിക്കാൻ മിഷിമ സ്ഥിരമായി ഹെൽത്ത് ക്ലബിൽ പോയി. കരാട്ടെയും കെൻഡോയും പഠിച്ചു. മരണത്തെക്കുറിച്ചുള്ള ചിന്തകൾ ശുദ്ധമായ സംഗീതം പോലെ ആസ്വദിക്കുകയായിരുന്നു മിഷിമ. വിവിധ രൂപങ്ങളിൽ, വിവിധ വേഷങ്ങളിൽ അയാൾ കാമറയ്ക്ക് മുന്നിൽ അവതരിച്ചു. ചിലപ്പോൾ കപ്പൽച്ചേതം വന്ന് മുങ്ങിമരിച്ച നാവികനായി, ചിലപ്പോൾ അമ്പേറ്റു മരിച്ചുവീണ ധീരയോദ്ധാവായി. ഇനിയും ചിലപ്പോൾ ഹരാ കിരിയിൽ മരിച്ച സാമുറായിയെ പോലെ. മിഷമ ആടി തീർത്ത ജീവിതത്തെ ഒരു കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്താണ് ജോൺ നെയ്ഥൻ തന്റെ പുസ്തകത്തിലൂടെ.
ഇരുപതാം നൂറ്റാണ്ടിൽ ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും ശക്തനായ എഴുത്തുകാരനായിരുന്നു യുകിയോ മിഷിമ. സമകാലികനായിരുന്ന നോവലിസ്റ്റ് യാനുസാരി കവാബാത്തയുടെ ആരാധകനായിരുന്നു മിഷിമ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് മിഷിമ സാഹിത്യത്തിൽ സജീവമായത്. ടോക്യോയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രം കത്തിക്കുന്നത് പമേയമായി അവതരിപ്പിക്കുന്ന ‘ദെ ടെമ്പിൾ ഓഫ് ഗോൾഡൻ പവലിയൻ’ എന്ന കൃതിയോടു കൂടി മിഷിമ സാഹിത്യ ലോകത്ത് ഏറ്റവും ശ്രദ്ധേയനായി. യുദ്ധാനന്തര എഴുത്തുകാരൻ എന്ന നിലയിൽ ഒരു താരപരിവേഷം തന്നെ മിഷിമയ്ക്ക് ലഭിച്ചു. പുസ്തകങ്ങൾക്ക് ഇംഗ്ലീഷ് പരിഭാഷ വന്നതോടെ ലോകമെമ്പാടും ആരാധകരുണ്ടായി. അമ്പത് നാടകങ്ങളാണ് മിഷിമയുടെ കുരുത്തം കെട്ട പേനയിൽ നിന്നും പിറന്നത്. പരമ്പരാഗത നാടക രൂപങ്ങളിൽ ആധുനികത കലർത്തി അവതരിപ്പിക്കപ്പെട്ട മിഷമയുടെ നാടകങ്ങൾക്ക് വൻ സ്വീകാര്യത ലഭിച്ചു. 34 നോവലുകൾ, 25 ചെറുകഥാ സമാഹാരങ്ങൾ, 35 ലേഖന സമാഹാരങ്ങൾ… സ്വയംഹത്യ കൊണ്ട് മിഷിമ ചരിത്രമെഴുതുമ്പോൾ എഴുത്തു ജീവിതത്തിലെ വലിയ സമ്പാദ്യം തന്റെ ആരാധകർക്കായി അദ്ദേഹം നൽകിരുന്നു.
‘കണ്‍ഫഷന്‍ ഓഫ് എ മാസ്ക്’ എന്ന മിഷിമയുടെ ആത്മകഥാപരമായ നോവൽ 1949 ലാണ് പ്രസിദ്ധീകരിച്ചത്. സ്വവർഗരതി അതിതീവ്രമായി ആവിഷ്കരിക്കുന്ന നോവൽ, ജപ്പാനിൽ കൊടുങ്കാറ്റഴിച്ചുവിട്ടു. യാഥാസ്ഥിതികരായ ആളുകൾ അതിനെതിരെ രംഗത്തുവന്നു. എന്നാൽ കവാബാത്ത നോവലിനെ പ്രകീർത്തിച്ച് ലേഖനമെഴുതിക്കൊണ്ട് എല്ലാ വിമർശനങ്ങളുടെയും മുനയൊടിച്ചു. ‘മിഷിമ: അമ്ുതുകളുടെ പ്രതീക്ഷ’ എന്ന കവാബാത്തയുടെ ലേഖനം പ്രസിദ്ധീകരിച്ചതോടെ മഷിമയുടെ നോവൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടു. ആത്മപീഡനത്തിന്റെയും പര പീഡനത്തിന്റെയും ആസക്തികൾവിശകലനം ചെയ്യുന്ന ഈ നോവൽ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ടു. മിഷിമയ്ക്ക് മരണത്തിനോടുള്ള തീവ്രമായ അഭിനിവേശം നോവലിൽ അതിന്റെ പാരമ്യതയിലെത്തുന്നു. ‘ദ മൂൺ ലൈക് എ ഡോൺബോ’ എന്ന നാടകം അറം പറ്റിയ കൃതിയാണ്. നാടകത്തിന്റെ ഒടുവിൽ ഇതിലെ ഒരു കഥാപാതം ‘ഹരാ കിരി’ അനുഷ്ഠിച്ച് ആത്മഹത്യ ചെയ്യുന്നുണ്ട്. മരണത്തെ ഏറ്റവും തീവ്രമായി, ഏറ്റവും ആസക്തിയോടെ വാരിപ്പുണരുകയായിരുന്നു മിഷിമയും. മരണം വന്യമായ സൗന്ദര്യമായി മാറുന്നത് മിഷിമയുടെ ഹരാ കിരിയിലൂടെ വായനക്കാരൻ അനുഭവിച്ചറിയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.