14 April 2025, Monday
KSFE Galaxy Chits Banner 2

വൈഗയ്ക്ക് പറക്കാനാണിഷ്ടം

കെ കെ ജയേഷ്
March 9, 2025 7:20 am

ക്രക്കസേരയിലിരുന്ന് സഞ്ചരിക്കുമ്പോൾ വൈഗയ്ക്ക് ഒരു സ്വപ്നമുണ്ട്. എല്ലാവരെയും പോലെ ഓടിച്ചാടി നടക്കുന്ന ഒരു ദിവസത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്നം. അതുകൊണ്ട് തന്നെ തന്റെ ആദ്യ കവിതാ സമാഹാരത്തിന് എന്ത് പേരിടണം എന്ന കാര്യത്തിൽ ഈ കൊച്ചു മിടുക്കിക്ക് സംശയമേതുമില്ലായിരുന്നു. ‘എനിക്ക് പറക്കാനാണിഷ്ടം’ — കൊയിലാണ്ടി പന്തലായനി ബിഇ എംയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ വൈഗ കെ വിയുടെ ആദ്യ പുസ്തകത്തിന്റെ പേര് ഇതാണ്. തന്റെ ആഗ്രഹമാണ് ആ തലക്കെട്ടെന്ന് പുഞ്ചിരിയോടെ വൈഗ പറയുന്നു. 

സാധാരണ കുട്ടികളെപ്പോലെ തന്നെയായിരുന്നു വൈഗയുടെ ജനനവും. എന്നാൽ ഒന്നര വയസ് പ്രായമുള്ളപ്പോൾ ചലനങ്ങളിൽ അസ്വാഭാവികതകൾ അനുഭവപ്പെട്ടു തുടങ്ങി. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോഴാണ് പേശികൾ ദുർബലമാകുന്ന സ്പൈനൽ മസ്ക്യുലാർ അട്രോഫി (എസ്എംഎ) എന്ന അപൂർവരോഗമാണ് കുഞ്ഞിനെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. പിന്നീടങ്ങളോട്ട് ആശുപത്രിയും ചികിത്സയുമെല്ലാമായുള്ള നാളുകൾ. മുറിക്കുള്ളിൽ തളച്ചിടപ്പെട്ടപ്പോൾ അവൾ അവിടെയിരുന്ന് സ്വപ്നങ്ങൾ കണ്ടു. കാടും നഗരവും പാടവും കുന്നിൻ ചെരിവുകളുമെല്ലാം മനസിൽ നിറഞ്ഞപ്പോൾ അച്ഛനവളുടെ കൈകൾ ചേർത്തുപിടിച്ചു. മുറിക്കുള്ളിൽ ഒതുങ്ങേണ്ടതല്ല അവളുടെ ജീവിതമെന്ന് ആ അച്ഛൻ മകളോട് പറഞ്ഞു. കാഴ്ചകളുടെ വസന്തത്തിലേക്ക് ആ കുഞ്ഞിനെ പിതാവ് കൂട്ടിക്കൊണ്ടുപോയി. പ്രതിസന്ധികളെ ധൈര്യപൂർവം നേരിടാനുള്ള കരുത്ത് പകർന്ന് തന്നത് പ്രിയപ്പെട്ട അച്ഛനാണെന്ന് വൈഗ പറയുന്നു. താൻ കണ്ട കാഴ്ചകളെക്കുറിച്ച്, തന്റെ അനുഭവങ്ങളെക്കുറിച്ച് എല്ലാം വൈഗ എഴുതുമ്പോൾ ഒരു ഏഴാം ക്ലാസുകാരിയുടെ ചിന്തകളും കാഴ്ചപ്പാടുകളും മറികടന്ന് പോകുന്ന മൗലികതയുടെ മിന്നൽപ്പിണരുകൾ വരികളിൽ വായനക്കാരെ വിസ്മയിപ്പിക്കുമെന്ന് വൈഗയുടെ കവിതാ സമാഹാരത്തിന് അവതാരികയെഴുതിയ ആർ ഷിജു വ്യക്തമാക്കുന്നു. 

വൈഗ ജീവിതം പറയുന്നു
**************************
കൊയിലാണ്ടിക്കടുത്ത് കൊല്ലം അരയൻകാവ് കൂത്തംവള്ളിയിലാണ് വൈഗയുടെ വീട്. കടലും പ്രശസ്തമായ പിഷാരിക്കാവ് ക്ഷേത്രവുമെല്ലാമുള്ള മനോഹരമായ പ്രദേശം. വൈഗയ്ക്ക് ഒന്നര വയസുള്ളപ്പോഴാണ് സ്പൈനൽ മസ്ക്യുലാർ അട്രോഫി എന്ന അപൂർവ രോഗം സ്ഥിരീകരിച്ചത്. പേശികളുടെ ശക്തി ക്രമേണ കുറഞ്ഞുവരുന്ന ജനിതക രോഗമാണ് മകൾക്കെന്ന് തിരിച്ചറിഞ്ഞതോടെ മാതാപിതാക്കൾ തളർന്നു. മെഡിക്കൽ കോളജിൽ ചികിത്സ തുടരുമ്പോൾ ചികിത്സയുടെ വലിയ സാമ്പത്തിക ചെലവ് മത്സ്യത്തൊഴിലാളിയായ പിതാവ് കെ വി ശിവപ്രസാദിനെ പ്രയാസപ്പെടുത്തി. പക്ഷെ അദ്ദേഹം തളർന്നില്ല. മകളെ തളരാൻ അനുവദിച്ചതുമില്ല. ‘ശാരീരികമായ പരിമിതികൾ ഏറെയുണ്ട്. പക്ഷെ ജീവിതത്തിൽ എവിടെയും തളരരുത്… നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകരുത്’ എന്നു പറഞ്ഞ് ആ അച്ഛൻ മകളെ ചേർത്തുപിടിച്ചു. വീടിന്റെ അകത്തളങ്ങളിൽ മകൾ ഒരിക്കലും ഒതുങ്ങിപ്പോകാൻ പാടില്ലെന്ന് ആഗ്രഹിച്ച ആ അച്ഛൻ അവളെ ലോകത്തിന്റെ വർണങ്ങളിലേക്ക് കൈപിടിച്ചു കൂട്ടി. ബംഗളൂരുവും ചെന്നൈയും മൂകാംബിക ക്ഷേത്രവുമെല്ലാം ഉൾപ്പെടെ തനിക്ക് കൊണ്ടുപോകാൻ കഴിയുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹം മകളേയും കൂട്ടി യാത്ര ചെയ്തു. കാഴ്ചകളുടെ വിസ്മയങ്ങൾ അവൾക്കുള്ളിൽ നിറച്ചു. എല്ലാ മനുഷ്യർക്കും എന്തെങ്കിലും കഴിവുകളുണ്ടാവുമെന്ന അച്ഛന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് വൈഗ പറയുന്നു. 

അച്ഛനെയാണെനിക്കിഷ്ടം
*************************
ഒരുപാട് പ്രയാസങ്ങൾ അഭിമുഖീകരിക്കുമ്പോഴും ശിവപ്രസാദിന് മകളിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അവൾ ഉയരങ്ങളിലേക്കെത്തുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. അവളുടെ ആത്മവിശ്വാസം ഒരിടത്തും കൈമോശം വരാൻ പാടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. അവളെന്നും സന്തോഷവതിയായി പാറി നടക്കുന്നതായിരുന്നു ആ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നം. കാണുന്ന കാഴ്ചകൾ എഴുതാൻ അദ്ദേഹം മകളെ പ്രേരിപ്പിച്ചു. അസുഖബാധിതയെന്ന് തോന്നൽ ഉണ്ടാവാത്ത രീതിയിൽ ആ സ്നേഹം അവളിൽ പടർന്നു നിറഞ്ഞു.
നാലാം ക്ലാസ് വരെ സാധാരണ വീൽ ചെയർമാത്രമായിരുന്നു വൈഗയ്ക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അച്ഛനുമമ്മയും എടുത്തുകൊണ്ടായിരുന്നു അവളെ ക്ലാസ് മുറിയിൽ എത്തിച്ചിരുന്നത്. പിന്നീട് അച്ഛന്റെ സുഹൃത്താണ് ഇലക്ട്രോണിക്സ് വീൽ ചെയർ അവൾക്ക് സമ്മാനിച്ചത്. ഇതോടെ വീടിനടുത്തുള്ള സ്കൂളിലേക്ക് അവൾ സ്വന്തമായി വീൽ ചെയറിൽ പോകാന്‍ തുടങ്ങി. വൈകിട്ട് വീൽ ചെയറിൽ അവൾ റോഡിലെത്തുന്നത് വരെ ആതിര ടീച്ചർ കൂടെയുണ്ടാവും. പിന്നെ കാഴ്ചകൾ കണ്ട് വീട്ടിലേക്ക് മടങ്ങും. നടക്കാൻ മാത്രമെ ഇപ്പോൾ പ്രയാസമുള്ളുവെന്ന് വൈഗ പറയുന്നു. ബാക്കി കാര്യങ്ങളെല്ലാം സ്വന്തമായി തന്നെ ചെയ്യാൻ സാധിക്കും. പിതാവ് എന്ന കവിതയിൽ വൈഗ പ്രിയപ്പെട്ട അച്ഛനെക്കുറിച്ച് തന്നെയാണ് എഴുതുന്നത്. ഇരുട്ടിൽ വെളിച്ചമായും വായിച്ചാലും വായിച്ചാലും മതിവരാത്ത താളുകളുള്ള പുസ്തകമായും അച്ഛനെ വൈഗ വിശേഷിപ്പിക്കുന്നു. ഇടറാനും വീഴാനും അനുവദിക്കാതെ ചേർത്തു പിടിക്കുന്ന ആ കൈകളിൽ അവൾ ചായുന്നു. എല്ലാ വേദനകളെയും ചെറു ചിരിയാൽ മറച്ചുവെച്ച് സഹനത്തിന്റെ മഹാപർവതമായ അച്ഛൻ നിശബ്ദമായി ജീവിതം വരച്ചുവയ്ക്കുകയാണെന്നും വൈഗ എഴുതുന്നു. സാന്ത്വനമായി ചേര്‍ത്തുപിടിക്കുന്ന അമ്മ സന്ധ്യയുടെ നെഞ്ചിൽ അവൾ ആർദ്രമായി തലചേർത്തുവെക്കുന്നു. സ്നേഹവും വാത്സല്യവും ചേർത്ത് തന്നെ കരുത്തയാക്കുന്ന മാതാപിതാക്കൾക്കും സഹോദരി നൈത്രയ്ക്കുമൊപ്പം പാറിപ്പറക്കാനുള്ള ആഗ്രഹവുമായി വൈഗ പുഞ്ചിരിക്കുന്നു. 

എനിക്ക് പറക്കാനാണിഷ്ടം
*************************
അച്ഛനൊപ്പമുള്ള യാത്രയിൽ കണ്ട കാഴ്ചകളാണ് കൊച്ചു വൈഗ കഥകളായി എഴുത്തുടങ്ങിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി കഥയെഴുതിയത്. എഴുതിയ കഥകൾ സ്കൂളിലെ പ്രിയപ്പെട്ട അധ്യാപകൻ ബിജിത്ത് ലാലിനെ കാണിച്ചു. കഥകൾ നന്നായിട്ടുണ്ടെങ്കിലും കവിതയിലാണ് നന്നായി തിളങ്ങാൻ കഴിയുക എന്നതായിരുന്നു മാഷിന്റെ ഉപദേശം. അധ്യാപകൻ പറഞ്ഞതുപ്രകാരമാണ് കഥയിൽ നിന്ന് മാറി കവിതയുടെ ലോകത്തേക്ക് വൈഗ സഞ്ചരിക്കാൻ തുടങ്ങിയത്. സൂര്യൻ എന്ന ആദ്യ കവിതയെഴുതി അദ്ദേഹത്തെ കാണിച്ചു. ചെറിയ ചില തിരുത്തലുകൾ അദ്ദേഹം നിർദ്ദേശിച്ചു. അത് മാറ്റിയെഴുതിയപ്പോൾ കവിത കുറച്ചുകൂടി മനോഹരമായി. പിന്നീട് എഴുതുന്നതിലെല്ലാം തിരുത്തലുകൾ കുറയാൻ തുടങ്ങി. എഴുത്തില്‍ മാത്രമല്ല വൈഗയുടെ ജീവിതത്തില്‍ എല്ലാ കാര്യത്തിലും അധ്യാപകനായ ബിജിത്ത് ലാലിന്റെ ചേര്‍ത്തുനിര്‍ത്തലുണ്ട്. ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ക്കെല്ലാം സഹായവുമായി ഇദ്ദേഹമുണ്ടായിരുന്നു. തന്റെ കവിതകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ ഏറ്റവും കൂടുതല്‍ താല്പര്യമെടുത്തതും പരിശ്രമിച്ചതും മാഷാണെന്നും വൈഗ പറയുന്നു. 

പതിനാറ് കവിതകളാണ് ഇതിനകം എഴുതിയത്. പ്രകൃതി, സൂര്യൻ, തോൽവി, തുലാവർഷ പാത, വചനം, അവസാനശ്വാസം, ദിവ്യാംഗർ, ജ്വാല, കൃഷ്ണലീല, പിതാവ് തുടങ്ങിയ പത്ത് കവിതകളാണ് ‘എനിക്ക് പറക്കാനാണിഷ്ടം’ എന്ന സമാഹാരത്തിലുള്ളത്. സൂര്യൻ എന്ന കവിതയിൽ ഭൂമിയിൽ മനുഷ്യരുടെ അനീതികൾ കണ്ട് വേദനിക്കുന്ന സൂര്യനെ കാണാം. താനെന്തിന് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുവെന്ന് സൂര്യൻ ചോദിക്കുന്നു. ഭൂമിയെ മുറിവേൽപ്പിക്കുന്ന, പിഞ്ചു കുഞ്ഞുങ്ങളെപ്പോലും പിച്ചിച്ചീന്തുന്ന നിങ്ങൾക്ക് എന്തിനാണ് താൻ തന്റെ ഉടലെരിച്ച് വെളിച്ചം നൽക്കുന്നുവെന്നാണ് സൂര്യന്റെ ചോദ്യം. ക്ഷമയുടെ നെല്ലിപ്പടിയിൽ ഒരു നാൾ താൻ കണ്ണടയ്ക്കുമ്പോൾ സർവനാശത്തിന്റെ കൂരിരിട്ടിൽ നീയമരുമെന്നും പിന്നെ നീയെങ്ങനെ താണ്ഡവമാടുമെന്നും സൂര്യൻ ചോദിക്കുന്നു. ജീവിക്കാൻ കഴിയാത്തവരുടെ വാക്കുകൾ ജീവിച്ചുകൊണ്ട് താൻ എഴുതുകയാണെന്ന് അവസാന ശ്വാസം എന്ന കവിതയിൽ വൈഗ എഴുതുന്നു. താനെന്ന പേനയിലെ മഷി തീരും വരെയും വിളക്കിലെ വെളിച്ചമണയും വരെയും അവസാന ശ്വാസം വരെയും താനെഴുതുമെന്ന വരികളിലെ ജാഗ്രത കവിതയടക്കം സൂക്ഷിക്കേണ്ട നീതിബോധത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണെന്ന് അവതാരികയിൽ ഷിജു വ്യക്തമാക്കുന്നു. വാക്കിനെ ദുരുപയോഗം ചെയ്യരുതെന്നും വിഹായസിൽ അത് പറയുന്നയരട്ടെയെന്നും ‘വചനം’ എന്ന കവിതയിൽ വൈഗ കുറിക്കുന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ പിന്നണിഗായകൻ കൊല്ലം ഷാഫിയാണ് വൈഗയുടെ കവിത പ്രകാശനം ചെയ്തത്. പന്തലായനി യു പി സ്കൂളിലെ 1993–94 വിദ്യാർഥികളുടെ കൂട്ടായ്മയായ അക്ഷരമാണ് പുസ്തകം പുറത്തിറക്കിയത്. 

വേദനയിലും വിരിയുന്ന സ്വപ്നങ്ങൾ
**********************************
എസ്എംഎ ഉൾപ്പെടെയുള്ള രോഗം ബാധിച്ചവരെ ചേർത്തു നിർത്തുന്ന സർക്കാർ ഇടപെടലുകൾ വൈഗയ്ക്ക് ആശ്വാസം പകരുന്നുണ്ട്. വലിയ കാലത്തെ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് ഇത്തരം രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടെത്തുന്നത്. മരുന്നിന്റെ ആവശ്യക്കാർ എണ്ണത്തിൽ കുറവായതുകൊണ്ട് തന്നെ മുടക്കുമുതൽ തിരികെ ലഭിക്കാൻ പല കമ്പനികളും മരുന്നുകൾക്ക് വലിയ തുക ഈടാക്കും. എന്നാൽ ലക്ഷങ്ങൾ വില വരുന്ന ഇത്തരം മരുന്നുകൾ ലഭ്യമാക്കിക്കൊണ്ട് രോഗികളെ ചേർത്തു പിടിക്കുകയാണ് സംസ്ഥാന സർക്കാർ. റിസ്ഡിപ്ലാം എന്ന തുള്ളി മരുന്ന് സൗജന്യമായി വൈഗയ്ക്ക് ലഭിക്കുന്നുണ്ട്. 69 മില്ലിഗ്രാം മരുന്നുള്ള ഒരു ബോട്ടിലിന് ആറ് ലക്ഷം രൂപയോളമാണ് വില. ഒരു വർഷത്തേക്ക് 70 ലക്ഷത്തോളം രൂപ ചെലവ് വരുന്ന മരുന്നാണ് വൈഗയ്ക്ക് ആശ്വാസം പകരുന്നത്. 12 വയസിൽ താഴെയുള്ള കുട്ടികളിൽ അപേക്ഷിച്ചവർക്കെല്ലാം ആരോഗ്യവകുപ്പ് സൗജന്യമായി മരുന്ന് നൽകുന്നുണ്ട്. 13 വയസ് പ്രായമായ വൈഗയ്ക്കും കണ്ണൂരിലെ മറ്റൊരു കുട്ടിക്കും മെഡിക്കൽ കോളജിൽ നിന്ന് പ്രത്യേകമായി മരുന്ന് ലഭ്യമാക്കുകയായിരുന്നു. 

അസുഖത്തിന് നല്ല മാറ്റം വന്നതായിരുന്നെങ്കിലും അടുത്തിടെ പിടിപെട്ട ന്യൂമോണിയ വൈഗയെ പിന്നെയും പ്രയാസത്തിലാക്കി. കുറേ ദിവസം ഐസിയുവിലായിരുന്നു. മരുന്നിന്റെ പാർശ്വഫലങ്ങൾ കാരണം വൃക്കയ്ക്കും തകരാർ സംഭവിച്ചു. രണ്ട് തവണ ഡയാലിസിസ് ചെയ്തു. പക്ഷെ കുഞ്ഞുനാൾ മുതൽ വെല്ലുവിളികളെ നേരിട്ട വൈഗ ഒന്നിന് മുമ്പിലും പതറിയില്ല. ഇപ്പോൾ ആശ്വാസമുണ്ടെന്നും തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും അവൾ പറയുന്നു. ഐഎഎസാണ് സ്വപ്നം. സാധിച്ചില്ലെങ്കിൽ അഭിഭാഷകയെങ്കിലും ആവണമെന്ന് വൈഗ പറയുന്നു. 

പ്രകാശം പരത്തുന്ന വൈഗ
***************************
ഏകാന്തത എന്ന ജീവിത പാതയിൽ താൻ തനിച്ചാണ് എന്നെഴുതിയിട്ടുണ്ടെങ്കിലും താൻ തനിച്ചല്ലെന്ന് വൈഗയ്ക്ക് അറിയാം. അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ അവ തനിക്ക് ചങ്ങാതിമാരായി. തന്റെ നൊമ്പരങ്ങൾ അവർക്ക് സമർപ്പിച്ചപ്പോൾ അവരത് നിങ്ങൾക്ക് മുന്നിലെത്തിച്ചുവെന്ന് വൈഗ എഴുതുന്നു. തന്നെപ്പോലെയുള്ളവർ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരല്ലെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാവണമെന്ന് വൈഗ പറയുന്നു. സ്കൂളിലും റെയിൽവേ സ്റ്റേഷനിലും സിനിമാ തിയേറ്ററുകളിലുമെല്ലാം ഭിന്നശേഷിക്കാർക്കായി റാമ്പുകൾ ഒരുക്കണം. ലോകത്തിന്റെ മനോഹര കാഴ്ചകളിലേക്ക് തന്നെപ്പോലുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെടാൻ പാടില്ലെന്നും അവൾ വ്യക്തമാക്കുന്നു. ‘ദിവ്യാംഗർ’ എന്ന കവിതയിൽ തന്നെക്കുറിച്ച് തന്നെയാണ് വൈഗ എഴുതുന്നത്. വിഭിന്നമായ ശേഷിയുമായവൾ വളർന്നു, വൈഗാ നദിയെപ്പോലെ അവൾ ഒഴുകിപ്പരന്നു, മുക്കിലും മൂലയിലും പ്രകാശം പരത്തി, ഓരോ ദിനവും സുന്ദരിയായവൾ വിടർന്നു എന്ന് വൈഗ കുറിക്കുന്നു.
കടിച്ചമർത്തിയ ദുഖത്തിന്റെ ആഴങ്ങളിൽ വേരിറക്കി ഒരു താമരപ്പൂവായവൾ തലയുയർത്തി, ചക്രക്കസേരിയിലിരുന്ന് അവളുടെ ലോകം സൃഷ്ടിച്ചു, ഒരു വെള്ളരിപ്രാവായി പറയുന്നയർന്നു, അക്ഷരങ്ങളെ പ്രണയിച്ച ഒരു വെള്ളരിപ്രാവ്. ആത്മവിശ്വാസം നിറയുന്ന ഈ വരികൾ പോലെ അവൾ വൈഗ നദിയെപ്പോലെ ഒഴുകുകയും ഇരുട്ടിൽ പ്രകാശം പരുത്തുകയുമാണ്. അതെ, അക്ഷരങ്ങളുടെ കരുത്തിൽ വെള്ളരിപ്രാവായി പറയുന്നയരുകയാണ് വൈഗ.

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.