
കശ്മീർ തടാകങ്ങളുടെയും മഞ്ഞുമലകളുടെയും ഫലവർഗങ്ങളുടെയും ഹരിതാഭയുടെയും വർണശബള വസന്തസൗന്ദര്യത്തിന്റെയും അതുല്യ ഭൂമികയാണ്. ഇന്ന് ആ ഭൂമിയിൽ ചോരപ്പുഴകൾ ഒഴുകിക്കൊണ്ടിരിക്കുന്നു. സംഘപരിവാര ഭരണത്തിൽ വർഗീയ ഭ്രാന്ത് മൂർച്ഛിക്കുന്നുവെന്നുമാത്രമല്ല ഭീകരാക്രമണങ്ങൾ നിരന്തരം വർധിക്കുകയും ചെയ്യുന്നു. ഏറ്റവുമൊടുവിൽ സൈനിക വേഷമണിഞ്ഞെത്തിയ പാക് ഭീകരർ പഹൽഗാമിലെ 26 വിനോദസഞ്ചാരികളെ വെടിയുണ്ടകൾക്കിരയാക്കി. നിരവധി പേർ മാരകമായ പരിക്കുകളുമായി ആതുരാലയങ്ങളിൽ കഴിയുന്നു. ഈ കുറിപ്പെഴുതുമ്പോഴും കശ്മീരിലെ ഉധംപൂരിൽ ഭീകരർ നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ഒരു സൈനികൻ വീരമൃത്യു വരിച്ചു.
ഒരു ഭീകരവാദിയെ പോലും പിടികൂടാൻ നരേന്ദ്ര മോഡി ഭരണകൂടത്തിന്റെ സൈന്യത്തിനായിട്ടില്ല എന്നത് ആശ്ചര്യകരം തന്നെ! ആഭ്യന്തരസുരക്ഷാ വീഴ്ചയുടെ അടയാളപത്രങ്ങളാണ് നുഴഞ്ഞുകയറുന്ന ഭീകരരും ആഭ്യന്തര ഭീകരരും നടത്തുന്ന ആക്രമണങ്ങളും കൊലപാതക പരമ്പരകളും. ഉലകം ചുറ്റും വാലിബനായ പ്രധാനമന്ത്രി ജപ്പാനിലേക്ക് വിനോദസഞ്ചാരത്തിനായി വിമാനം കയറുന്നതിന് തൊട്ടുമുമ്പ് രാത്രിയുടെ മറവിൽ നോട്ടുനിരോധനം പ്രഖ്യാപിച്ചുകൊണ്ട് ഉദ്ഘോഷിച്ചത് ഭീകരവാദത്തെ ചെറുക്കുവാനും കള്ളപ്പണം തടയുവാനുമാണ് നിരോധനമെന്നാണ്. സാധാരണക്കാരായ ഇന്ത്യക്കാരെ ദുരിതക്കയങ്ങളിലേക്ക് തള്ളിയിടുകയും ദാരിദ്ര്യം വർധിപ്പിക്കുകയും ചെയ്തതല്ലാതെ, കള്ളപ്പണം വെളുപ്പിക്കുവാനും കള്ളപ്പണക്കാരെ സംരക്ഷിക്കുവാനും നരേന്ദ്ര മോഡി നടത്തിയ ഗൂഢപ്രവൃത്തിയായിരുന്നു നോട്ടുനിരോധനമെന്ന് പിൽക്കാല അനുഭവങ്ങൾ തെളിയിച്ചു. നോട്ടുനിരോധനം കൊണ്ട് ഭീകരവാദികളെയും ഭീകരാക്രമണങ്ങളെയും തളയ്ക്കാനുമായില്ല.
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചതിനും ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് കശ്മീരിന് ലഭ്യമായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതിനും സംഘപരിവാരത്തിന്റെ ന്യായീകരണം ഭീകരാക്രമണത്തെ ചെറുക്കാനെന്നായിരുന്നു. ഭീകരാക്രമണങ്ങൾ വർധിക്കുമ്പോള്‍, അക്രമ പരമ്പരകളുടെ സത്യാവസ്ഥയെ തമസ്കരിക്കുകയായിരുന്നു പാർലമെന്റിൽ നരേന്ദ്ര മോഡിയും അമിത്ഷായും. ഭീകരാക്രമണത്തിന്റെ കണക്കുകളും കൊല്ലപ്പെട്ടവരുടെ എണ്ണവും നുണകളാൽ കുറച്ചുകാട്ടുകയായിരുന്നുവെന്ന് സ്വതന്ത്ര മാധ്യമങ്ങളുടെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു വരിക്കേണ്ടി വന്നു. ആ രക്തസാക്ഷിത്വങ്ങളെ അധമ രാഷ്ട്രീയ ലാഭത്തിനായി ആയുധമാക്കുന്ന നെറികേടും ബിജെപി അരങ്ങേറ്റി. പുൽവാമ ഭീകരാക്രമണകാലത്ത് ജമ്മു കശ്മീർ ഗവർണറായിരുന്ന ബിജെപി നേതാവ് സത്യപാൽ മാലിക് പിൽക്കാലത്ത് നടത്തിയ വെളിപ്പെടുത്തൽ എല്ലാ ദേശസ്നേഹികളെയും ഞെട്ടിക്കുന്നതായിരുന്നു. 2023 ഏപ്രിലിൽ ‘ദ വയർ’ എന്ന വാർത്താ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പുൽവാമ ഭീകരാക്രമണത്തിന് കാരണം സുരക്ഷാവീഴ്ചയാണെന്ന് നരേന്ദ്ര മോഡിയോട് പറഞ്ഞപ്പോൾ തന്നോട് ‘പറഞ്ഞതിരിക്കട്ടെ, വേറെ ഒരാളോടും ഇതേക്കുറിച്ച് പറയരുതെ‘ന്ന് പ്രധാനമന്ത്രി നിഷ്കർഷിച്ചെന്ന് സത്യപാൽ മാലിക് വെളിപ്പെടുത്തി.
300 കിലോ ആർഡിഎക്സ് പാകിസ്ഥാനിൽ നിന്ന് കടത്തിയ ഭീകരർ സിആർപിഎഫ് വാഹനവ്യൂഹത്തെ ആക്രമിക്കുന്നതിനു മുമ്പ് ആഴ്ചകളോളം ഇത്രയും ആർഡിഎക്സുമായി വാഹനത്തിൽ കശ്മീരിൽ ചുറ്റിക്കറങ്ങിയെന്നും ആർക്കും കണ്ടെത്താനായില്ലെന്നും അത് മൊത്തം സംവിധാനത്തിന്റെ പരാജയമാണെന്നും സൈന്യത്തെയും പൊലീസിനെയും ഇന്റലിജൻസിനെയും കുറ്റപ്പെടുത്തി സത്യപാൽ മാലിക് എന്ന മുന്‍ ബിജെപി നേതാവ് അഭിമുഖത്തിൽ തുറന്നടിച്ചു.
പ്രത്യേക പദവി എടുത്തുകളഞ്ഞ്, ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ടു കഷണങ്ങളാക്കിയ 2019 ഓഗസ്റ്റ് മുതൽ 24 വരെ കശ്മീർ നേരിട്ടു ഭരിച്ചത് കേന്ദ്രസർക്കാരാണ്. നിയമസഭ പിരിച്ചുവിട്ടു. രാഷ്ട്രീയ നേതാക്കളെ ജയിലിടച്ചും വീട്ടുതടങ്കലിലാക്കിയും സ്വതന്ത്രമാധ്യമ പ്രവർത്തനത്തെ വിലക്കിയും നരനായാട്ടു നടത്തിയും തങ്ങളുടേതല്ലാത്ത രാഷ്ട്രീയ പ്രവർത്തനം അസാധ്യമാക്കിയും അരാജക പ്രവണതകൾ അരങ്ങേറ്റുകയായിരുന്നു കശ്മീരിൽ കേന്ദ്ര ഭരണകൂടം. ജനാധിപത്യപരമായ കശ്മീർ ജനതയുടെ അവകാശം സംരക്ഷിക്കുവാൻ ഉന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ഇടപെടൽ വേണ്ടി വന്നു. അതിനെത്തുടർന്നാണ് അഞ്ചു വർഷത്തിലേറെ നീണ്ടുനിന്ന അരാജകാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട് തെരഞ്ഞെടുപ്പ് നടത്താൻ പോലും കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും തയ്യാറായത്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പ്രാദേശിക സംഘടനയായ ‘റസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന സംഘടന കശ്മീർ വിഭജനത്തെ തുടർന്ന് ലഷ്കര്‍ ഇ ത്വയ്ബയെന്ന പാകിസ്ഥാൻ ഭീകരസംഘടനയുടെ പിന്തുണയോടെ രൂപീകരിക്കപ്പെട്ടതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വർധിച്ചുവരുന്ന ഭീകരാക്രമണപരമ്പരകള്‍ രാജ്യത്തെ ആഭ്യന്തരമന്ത്രാലയത്തിന്റെയും സൈനിക സംവിധാനത്തിന്റെയും ഇന്റലിജൻസ് മന്ത്രാലയത്തിന്റെയും സമ്പൂർണ പരാജയം വിളിച്ചറിയിക്കുന്നു.
പുൽവാൽമയെ രാഷ്ട്രീയായുധമാക്കിയത് പോലെ പഹൽഗാം ഭീകരാക്രമണത്തെയും രാഷ്ട്രീയായുധമാക്കുന്ന വ്യഗ്രതയിലാണ് നരേന്ദ്ര മോഡിയും കൂട്ടരും. സൗദി അറേബ്യന്‍ സന്ദർശനം കഴിഞ്ഞുമടങ്ങിയ മോഡി കശ്മീരിലേക്കല്ല പോയത്. ബിഹാറിലെ മധുബനിയിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ്. പഹൽഗാം ഭീകരാക്രമണത്തിനതിരെ കപടവികാരത്തോടെ വാചോടോപം നടത്തി, ഭീകരവാദത്തെ നിലംപരിശാക്കുമെന്നും ഭീകരർക്ക് സങ്കല്പിക്കാനാകാത്ത ശിക്ഷ നൽകുമെന്നും ഗർജിച്ചു. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ കാലം മുതൽ ഈ വായ്ത്താരി ഇന്ത്യൻ ജനത കേൾക്കുന്നു. പക്ഷേ ഭീകരാക്രമണങ്ങൾ തുടർക്കഥയായി തീരുന്നതിനാണ് നാം സാക്ഷിയാകുന്നത്.
രക്തത്തുള്ളികൾ നിരന്തരം വീഴുന്ന, ശവശരീരങ്ങൾ തെരുവിൽ ചിതറുന്ന കശ്മീരിലെ ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്ന ജനത സംഘപരിവാര ശക്തികൾക്ക് കനത്ത തിരിച്ചടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയത്. വസന്തത്തിന്റെ താഴ്‌വരയിൽ വീഴുന്ന ഓരോ ചോരത്തുള്ളിക്കും ജനങ്ങൾ അതിശക്തമായ മറുപടി ജനാധിപത്യ പ്രക്രിയയിലൂടെ നൽകുമെന്നത് സമൂഹമാധ്യമങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും വംശവിദ്വേഷം പ്രചരിപ്പിക്കുന്ന ദുഷ്ടശക്തികൾ തിരിച്ചറിഞ്ഞാൽ നന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.