23 December 2024, Monday
KSFE Galaxy Chits Banner 2

തീവ്രപ്രണയത്തിന്റെ വാങ്മയചിത്രങ്ങൾ

ഷര്‍മിള സി നായര്‍
June 25, 2023 11:34 am

കുറച്ചു നാൾ മുമ്പാണ്. വലിയൊരപകടത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപെട്ട പഴയ സഹപാഠിയെ കാണാനാണ് നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെത്തിയത്. മരണം മുഖാമുഖം കണ്ട നിമിഷങ്ങൾ വിവരിക്കുകയായിരുന്നു അയാൾ.
“തനിക്കറിയോ ആ നിമിഷങ്ങളിൽ നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളുടെ മുഖം മാത്രമേ മനസിൽ തെളിയൂ. എനിക്ക് ആ നിമിഷം കാണണമെന്ന് തോന്നിയത് അവളെ ആയിരുന്നു. ഭാര്യയോടും മക്കളോടും സ്നേഹമില്ലാഞ്ഞിട്ടല്ല. ഒരു പക്ഷേ എന്നെ അവളോളം മനസിലാക്കിയ ഒരാൾ ഈ ഭൂമുഖത്തുണ്ടാവില്ല. അതാവണം.”
അത് പറഞ്ഞയാൾ സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു. പിന്നെ പതിയെ മൂളി തന്റെ പ്രിയഗാനം. പ്രണയത്തേക്കാൾ സുന്ദരമാണ് മരണമെന്ന് തോന്നിപ്പിക്കുന്ന റഫീക്ക് അഹമ്മദിന്റെ വരികൾ. പ്രണയം മരണം തന്നെയാണല്ലോ.
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ…
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയിൽ
നിന്റെ ഗന്ധമുണ്ടാകുവാൻ…
അയാളാണോ ശരിയെന്ന് ചോദിച്ചാൽ ഉത്തരമില്ല. ശരിയും തെറ്റുമൊക്ക ആപേക്ഷികമാണല്ലോ. ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റാവാം. അയാളാണ് ശരിയെന്ന് ചിന്തിക്കാനായിരുന്നു എനിക്കിഷ്ടം.
2012 ൽ പുറത്തിറങ്ങിയ രഞ്ജിത് — മോഹൻലാൽ ചിത്രം, ‘സ്പിരിറ്റി‘ൽ ഉണ്ണിമേനോൻ അനശ്വരമാക്കിയ പ്രണയകാവ്യം. റഫീക്ക് അഹമ്മദിന്റെ വിഷാദാർദ്രമായ വരികൾക്ക് കവിതയുടെ ചാരുത ഒട്ടും നഷ്ടപ്പെടാതെ ഷഹബാസ് അമൻ ഈണം പകർന്നപ്പോൾ ഉണ്ണിമേനോന്റെ ശബ്ദം പെയ്തിറങ്ങിയത് മലയാളിയുടെ ഹൃദയത്തിലേക്കാണ്. കാമ്പസുകൾ ഏറ്റു പാടിയ “മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ…” ഉൾപ്പെടെ മൂന്ന് പാട്ടുകളാണ് ചിത്രത്തിൽ. മറ്റു രണ്ട് ഗാനങ്ങളേയും പിന്തള്ളി, വിഷാദഛായ കലർന്ന ഒരീണം ചരിത്രമായി മാറുന്ന കാഴ്ചയാണ് പിന്നീട് മലയാള ചലച്ചിത്ര ഗാനലോകം കണ്ടത്.
സമീറിന്റെ (സിദ്ധാർത്ഥ് ഭരതൻ ) മരണം രഘുനന്ദനിൽ (മോഹൻലാൽ) ഉണ്ടാക്കുന്ന ആഘാതത്തിന്റെ തീവ്രത പ്രേക്ഷകരിലെത്തിക്കാൻ സംവിധായകൻ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു ഈ ഗാനം. ഒരു രഞ്ജിത് മാജിക്. കഥാസന്ദർഭത്തിനോട് ലയിച്ചു ചേരുന്ന വരികൾ. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രം കണ്ടിരിക്കാനാവുന്ന രംഗം. അറിയാതെ നമ്മൾ ആ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചു പോവും. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും അകലങ്ങളിലിരുന്ന് പ്രിയമുള്ള ഒരാൾ പാടുന്ന അനുഭൂതി.
കുടിച്ച് ലക്കുകെടുമ്പോൾ ‘മരണമെത്തുന്ന നേരത്തിന്റെ’ പല്ലവി പാടുന്ന ഒരു സംഗീത വിരോധി സുഹൃത്തെനിക്കുണ്ടായിരുന്നു. ഷഹബാസ് അമന്റെ ഈണമൊന്നും അയാൾക്ക് പറ്റില്ല. സംഗീതം അയാൾ തന്നെയായിരിക്കും. ”താനതൊന്ന് പ്ലേ ചെയ്തേന്ന് ” അയാൾ പറയാൻ തുടങ്ങുമ്പോൾ ഞാനത് ചെയ്തിരുന്നു. ഞങ്ങൾക്കിടയിലെ പഴയ കെമിസ്ട്രി ഒരിയ്ക്കൽക്കൂടി എന്നെ അത്ഭുതപെടുത്തി. ചരണത്തിലെ തന്റെ പ്രിയ വരികളിലെത്തിയപ്പോൾ അയാൾ റീപ്ലേ ചെയ്യാൻ ആവശ്യപെട്ടു. എന്റെയും പ്രിയവരികൾ. മനസിൽ എന്തെന്നറിയാത്തൊരു വിങ്ങൽ പടർത്തുന്ന അക്ഷരങ്ങൾ.
ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ
നിൻ മുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികൾ
നിൻ സ്വരമുദ്രയാൽ മൂടുവാൻ
അറിവും ഓർമ്മയും കത്തും ശിരസിൽ നിൻ
ഹരിത സ്വച്ഛ സ്മരണകൾ പെയ്യുവാൻ…
തന്റെ പ്രിയ വരികളിൽ കുടുങ്ങി കണ്ണടച്ചിരിക്കുന്ന അയാളെ നോക്കിയിരിക്കുമ്പോൾ ഓർത്തു, പ്രണയികളുടെ ചിന്തകൾ പലപ്പോഴും വിചിത്രം! പഴയ കാമുകിയുടെ ഗന്ധത്തിനായി അവളോടൊപ്പം അവസാനമായി യാത്ര ചെയ്തനാളിലെ ടീ ഷർട്ട് സൂക്ഷിക്കുന്ന അയാൾക്കതിനല്ലേ പറ്റൂ. മുപ്പത് വർഷത്തിനു ശേഷവും ഞാനതിൽ അവളുടെ മണമറിയുന്നുവെന്ന് അയാൾ പറഞ്ഞപ്പോൾ എന്റെ ചുണ്ടിൽ വിടർന്ന പരിഹാസം കണ്ടിട്ടാവണം
“അതിനൊക്കെ നല്ല പ്രായത്തിൽ പ്രണയിക്കണ“മെന്ന് പറഞ്ഞ്, ആശുപത്രി കിടക്കയിലിലാണെന്നോർക്കാതെ അയാൾ ഉണ്ണി മേനോനൊടാപ്പം പാടി…
അധരമാം ചുംബനത്തിന്റെ മുറിവു നിൻ
മധുരനാമ ജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
അതു മതി ഉടൽ മൂടിയ മണ്ണിൽ നിന്ന് ഇവനു
പുൽക്കൊടിയായി ഉയിർത്തേക്കുവാൻ…
തീവ്രപ്രണയത്തിന്റെ വാങ്മയ ചിത്രം! ആത്മാവിലേക്ക് ഹിമ കണങ്ങൾ ഇറ്റിറ്റു വീഴുന്ന ഒരനുഭൂതി. ഈണത്തിനും ആലാപനത്തിനുമപ്പുറം മലയാളി നെഞ്ചിലേറ്റിയത് കവിത്വം തുളുമ്പുന്ന റഫീക്ക് അഹമ്മദിന്റെ ഈ വരികൾ തന്നെയല്ലേ?
അയാളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ വല്ലാത്തൊരു നൊമ്പരം മനസിനെ മഥിച്ചിരുന്നു. മടക്കയാത്രയിലുടനീളം ഞാനൊരു കവിതയിലെ വരികൾ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഈയൊരു പശ്ചാത്തലത്തിനിണങ്ങുന്ന വരികൾ എവിടെയാണ് ഞാൻ കേട്ടത്? മനസ് വർഷങ്ങൾ പിന്നിലേക്ക് പാഞ്ഞു. ഓർമ്മയിലൊരു വെള്ളിക്കൊലുസിന്റെ കിലുക്കം. അപ്പച്ചിയുടെ ഇരുമ്പ്പെട്ടി തുറന്നതായിരുന്നു അവൾ. ചലച്ചിത്ര ഗാനങ്ങളുടെ പുസ്തകം തപ്പാൻ. കിട്ടിയതോ ഒരോട്ടോഗ്രാഫ്. അതിലെ വടിവൊത്ത അക്ഷരങ്ങൾ ഓർമ്മയിൽ തെളിയുന്നു.
പഞ്ചഭൂതാതിയുക്തമെൻ ഗാത്രം
നെഞ്ചിടപ്പറ്റടിയുമക്കാലം
ആദിമൂലത്തിൽ വീണ്ടും തിരിച്ചെൻ
ഭൂത പഞ്ചകം ചേരുന്ന നേരം
ഉജ്ജലാംഗി നിൻ ക്രീഢാസരസിൽ
മജ്ജലാംശം ലയിച്ചിരുന്നെങ്കിൽ
അത്തളിരെതിർ പൊൻ കുളിർക്കൈയിൽ
ത്തത്തിടും മണിത്താലവൃന്ദത്തിൽ
മത്തടിച്ചാർത്തു മദ്വാതഭൂത
മെത്തി നിന്നു ലസിച്ചിരുന്നെങ്കിൽ
ഉദ്രസ സ്വപ്നസുസ്മേരയായ് നീ
നിദ്ര ചെയ്യുമാപ്പൂമച്ചിനുള്ളിൽ
പ്രേമ സാന്ദ്രത നിത്യം വഴിഞ്ഞെൻ
വ്യോമദൂതം ത്രസിച്ചിരുന്നെങ്കിൽ
നിൻമണി മച്ചിൽ നിത്യ നിശയിൽ
നിന്നിടും സ്വർണ ദീപനാളത്തിൽ
ചെന്നണഞ്ഞു ചേർന്നെന്നനലാംശം
മിന്നിമിന്നി ലയിച്ചിരുന്നെങ്കിൽ…
എത്ര ഉദാത്തമായ കവികൽപന! മലരൊളി ചിതറും മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി’ എഴുതി മലയാളത്തിനൊരു ‘കാല്പനികവസന്തം’ സമ്മാനിച്ച കവിയുടെ വരികളിലെ അർത്ഥതലങ്ങൾ ഒരു ഏഴാം ക്ലാസുകാരിക്ക് മനസിലാവില്ലായിരുന്നു. എങ്കിലും അർത്ഥമറിയാതെ ചൊല്ലി പഠിച്ച ആ വരികൾ ഇന്നുമുണ്ട് ഓർമ്മയിൽ. ചങ്ങമ്പുഴ കൃഷ്ണ പിള്ളയെന്ന കാവ്യ വിസ്മയം മുപ്പത്തിയാറാം വയസിൽ മരണത്തിന് കീഴ്പ്പെട്ടില്ലായിരുന്നെങ്കിൽ മലയാള സാഹിത്യത്തിന് ലഭിക്കുമായിരുന്ന പ്രണയ കവിതൾ ഒരുമാത്രയെന്നെ കൊതിപ്പിച്ചു.
എന്റെ മനസ് വായിച്ചിട്ടെന്നോണം എഫ്എമ്മിൽ നിന്നും ഉണ്ണി മേനോന്റെ ശബ്ദം ഒഴുകിയെത്തി.
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ…
വെറുതേ ഓർത്തു. മരണം മുഖാമുഖം കാണുന്ന നിമിഷങ്ങളിൽ മനസിൽ തെളിയുന്ന മുഖം ആരുടേതായിരിക്കും? കനലുകൾ കോരി മരവിച്ച വിരലുകൾ ആരെത്തലോടി ശമിക്കാനാവും കൊതിക്കുക? പ്രണയത്തിന് എല്ലാ കാലത്തും ഒരേ ഭാവം. ‘സ്പന്ദിക്കുന്ന ഒരസ്ഥിമാടത്തിൽ’ നിന്നും ആരോ പാടുന്നതു പോലെ…
ദേവി നിൻ പദസ്പർശന ഭാഗ്യം
താവി നിൽക്കുമാ പൂങ്കാവനത്തിൽ
വിദ്രുദ്രുമ ഛായയിൽ വീണെൻ
മൃദ്വിഭാഗം ശയിച്ചിരുനെങ്കിൽ… 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.