22 December 2024, Sunday
KSFE Galaxy Chits Banner 2

മാനുഷികതയുടെ കഥകള്‍

സുനിത ബഷീർ
May 15, 2022 3:15 am

ഒരേ സമയം വായനയുടെ നടപ്പുശീലങ്ങളെ ഉടച്ചുവാർക്കുകയും, ജിവിത നിരീക്ഷണങ്ങൾ കൊണ്ടു സമ്പന്നവും, ഇതിവ്യത്തത്തിലും ആഖ്യാനത്തിലും ബോധപൂർവ്വം സൃഷ്ടിച്ച പൊളിച്ചെഴുത്തുകൾ കൊണ്ട് എല്ലാത്തരം വായനക്കാരോടും സംവദിക്കുകയും ചെയ്യുന്ന പത്തു കഥകളാണ് സുരേഷ് കുമാർ വിയുടെ ഉറങ്ങുന്നവരുടെ ആംബുലൻസ്. സ്നേഹത്തിന്റെ ഇലകളെല്ലാം പൊഴിച്ചു കളഞ്ഞ ഒരു മരമായിരുന്നവൾ പ്രണയത്തിന്റെ പൂക്കാലത്തിലേക്ക് വഴിമാറി, കാണുന്നതും കേൾക്കുന്നതും തൊടുന്നതും ഓർക്കുന്നതുമൊക്കെ തന്റേതല്ല എന്നറിഞ്ഞു കൊണ്ട് ആത്മീയമായി ജീവിക്കാൻ തുടങ്ങുകയും, ഏതു നിമിഷവും ചാടി വീണ് പ്രാണനെടുത്ത് പോകുന്ന മ്യത്യുവെന്ന ഗൂഢസത്യത്തിന് നേർക്കുനേരെ നിന്ന് പൊരുതി തോല്ക്കുന്ന [ജയിക്കുന്ന?] അനേകം അടരുകളുള്ള കഥ പറഞ്ഞുകൊണ്ടാണ് ഉറങ്ങുന്നവരുടെ ആംബുലൻസിലെ ആദ്യ കഥയായ ഫ്രാൻസിസ്സിന്റെ കത്ത് തുടങ്ങുന്നത്.

കൊതിപ്പിക്കുന്ന ഭാഷാമികവിലൂടെ വലിയ ആശയപ്രപഞ്ചം തീർക്കുകയും ആഖ്യാനമികവോടെ ശുദ്ധമായിസംവദിക്കുകയും ചെയ്യുന്ന കഥകളാണീ സമാഹാരത്തിലുള്ളത്. ആദ്യ കഥ ഫ്രാൻസിസിന്റെ കത്ത് ഒരു ഷോക്ക് ട്രീറ്റ്മെന്റാണ്. സമാനാനുഭവങ്ങൾ ജീവിതത്തിൽ നേരിട്ടിട്ടുള്ള സ്ത്രീ വായനക്കാർ അകം പുറം പൊള്ളിയടർന്നു പോകും. ‘മരണക്കിടക്കയിൽ കിടക്കുന്നവർക്ക് മറ്റുള്ളവരുടെ കണ്ണുകൾ ഒരു ആൾക്കണ്ണാടി പോലെയാണെ‘ന്ന് ഉള്ളുരുക്കത്തോടെ വായിച്ചവസാനിപ്പിക്കുമ്പോൾ തീരെ പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റിലുടെ കഥാകൃത്ത് വായനക്കാരെ ഞെട്ടിക്കുന്നുണ്ട്. ജിവിതത്തിന്റെ അടിസ്ഥാന ചോദനയായ രതി ഈ കഥകളിലെല്ലാം പിന്നണി പാടുന്നുണ്ട്.

ചാർ ഇമ് ലി കാ ചോർ എന്ന കഥ പുരുഷകാമനകളുടെ, ജീവിതാസക്തിയുടെ ഫ്രോയിഡീയൻ ഉദാഹരണമാണ്. ഓരോ ഭ്രാന്തുകൾക്കും ശക്തമായ പ്രേരണാ ശക്തിയുണ്ട്. ബാല്യത്തിന്റെ തിക്താനുഭവങ്ങളുടെ വേരിലൂടെയാണ് അതിന്റെ നീരോട്ടം. പൊൻമുടി, ദുരിതങ്ങളുടെ ഹുക്കുകളടുക്കാത്ത ദേവാംശിയുടെ ബ്ലൗസ്സിന്നുള്ളിൽ “പച്ചദ്രവ്യം ” അമർത്തിവച്ചു. കിതപ്പിനിടയിൽ അവൾ പറയുന്നു. “ദാസികളായിരിക്കലാണ് ഭാര്യമാരേക്കാൾ നല്ലത്. ”
”വാസുകി എന്ന ഉരഗ“ത്തിൽ “ആജീവാനന്ത ശത്രുതന്നെ ആത്മമിത്രവുമാവുക “എന്നൊരു എപ്പിക്ക് പേച്ചോടു കൂടി കഥ പറയുകയാണ്. വാസുകി, അടക്കി വച്ച ലൈംഗിക ചോദനകൾക്കടിപ്പെട്ട, പോൺ സൈറ്റുകൾക്കടിമയായ ഉരഗംതന്നെ.

ആത്മാ മെഡിക്കൽസ്, നിസ്സഹയായ ഒരു പെണ്ണിന്റെ ദുർബ്ബലമായ പ്രതിരോധമാണ്. ഇല്ലായ്മകളെ മുതലെടുക്കുന്ന, അറപ്പിക്കുന്ന കൊച്ചവരമാർ എമ്പാടുമുണ്ട്.
തന്റെ ദുരിതങ്ങൾ മണക്കുന്ന ജീവിതം, അയാൾ ആർത്തിയോടെ വാസനിക്കുന്നത് കണ്ട് ഗതികെട്ടു നില്ക്കുന്ന ഒരുവളുടെ ചെറുത്തുനില്പാണീ കഥയിൽ. ഈ സമാഹാരത്തിലെ ഓരോ കഥയും രോഗാതുരമായ സമൂഹമനഃസാക്ഷിയ്ക്കു മുന്നിൽ തുറന്നു വയ്ക്കുന്ന ചോദ്യങ്ങളാണ്. പലതിനും ഉത്തരമില്ലാതെ നടുങ്ങുകയാണ് നാം!
ഏഴുനാല്പത്തിയാറുകാർ എന്ന കഥയിൽ മനുഷ്യന്റെ അവസാന അതിരായ മരണത്തോടൊപ്പം, ആനന്ദകരമായ രതിയുടെ മനോഹരമായ വാങ്മയവുമുണ്ട്. മരണം രണ്ട് ഫ്രീക്വൻസികളിൽ ആക്കിയെങ്കിലും പേടിയോടെ ഒരു മിച്ച്നടക്കുകയാണ് ഏഴുനാല്പത്തിആറിന് പുറപ്പെടുത്തുന്ന ട്രയിനിലെ സുഹ്യത്തുകൾ.
അമ്മാൻ എന്ന കഥയിൽ വായിച്ചു മറന്ന ഒരു കവിതയുടെ ഉള്ളടക്കമാണ്. ‘തോറ്റ അറുപത് വർഷങ്ങളുടെ അവസാന അരഫർലോങ്ങ്’ ചരിത്രത്തോടൊപ്പമുള്ള നടപ്പാണ്, വേദനകളുടെ ചന്ദനപ്പല്ലക്കിലേറിയ ഉപേന്ദ്രൻ ഒടുവിൽ ഭൂമിയെന്ന ഇലയിലേക്ക് വീഴുകയാണ്.

പക്ഷിമരണങ്ങളെന്ന കഥയിൽ ജീവനും മണ്ണിനുമിടക്ക് പ്ലാസ്റ്റിക്കിന്റെ മുറിച്ചു കടക്കുവാൻ പറ്റാത്ത ഒരു തൊലിയുണ്ടായി വരുന്നുണ്ടെന്ന പ്രിയാമണിയുടെ ബോധ്യങ്ങൾ പാരിസ്ഥിതിക പ്രതിസന്ധിക്കു ബദലായി ഒരു ഭൗമ സദാചാരത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജീവനില്ലാത്ത പക്ഷിയെ പ്ലാസ്റ്റിക്ക് സഞ്ചിയിലിട്ട് എറിഞ്ഞു കളയാൻ അവൾ മടിക്കുമ്പോൾ, സ്വാഭാവികമായ നിഷ്കളങ്കതയോടെ സ്നേഹത്തിന്റെ കാവലൊരുക്കി മണ്ണിനെയും മനുഷ്യനെയും കൂട്ടിപ്പിടിച്ചുകൊണ്ട് എത്രയെത്ര രാമായണങ്ങളാണീ ഭൂമിയിലെന്നു സങ്കടപ്പെടുകയുമാണ്. ഉറങ്ങുന്നവരുടെ ആംബുലൻസിൽ ശക്തമായ രാഷ്ട്രീയമാണ് പറയുന്നത്. നാഗരികതയുടെ അതിവേഗം മനുഷ്യനന്മകളെ ഇല്ലായ്മ ചെയ്യുകയാണ്. ഏവർക്കും year on year growth ൽ മാത്രമാണ് ശ്രദ്ധ. ഈ കഥകളിലെല്ലാം കഥാക്യത്ത് മനുഷ്യനന്മയെയും മാനുഷികതയെയും അങ്ങേയറ്റം മുറുകെ പിടിക്കുന്നുണ്ട്. അനുഭവങ്ങളെ അഥവാ യാഥാർത്ഥ്യങ്ങളെ ഉന്നതമായ ഭാവന കൊണ്ട് അതിലാവണ്യത്തോടെ ആവിഷ്ക്കരിക്കാനുള്ള കഴിവാണ് സുരേഷ് കുമാർ വി യെ ശ്രദ്ധേയനായ കഥാകാരനാക്കുന്നത്.

ഉറങ്ങുന്നവരുടെ ആംബുലന്‍സ്
(കഥകള്‍)
സുരേഷ് കുമാര്‍ വി
എഴുത്തുകൂട്ടം
വില: 130 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.