പ്രണയത്തിന്റെ ഭൂമികയിൽ പുഷ്പിക്കാതിരിക്കുന്ന സസ്യജാലങ്ങളില്ല എന്നർത്ഥം വരുന്ന ലോർക്കയുടെ ഒരു കവിതയുണ്ട്. ഏത് മരുഭൂമിയിലും ഹരിതവസന്തത്തിന്റെ താഴ് വാരങ്ങൾ നിർമ്മിക്കുവാൻ പ്രണയമെന്ന പ്രതിഭാസ രസതന്ത്രത്തിന് സാധ്യമാകുന്നുവെന്ന് കവികൾ വിളംബരം ചെയ്യുന്നു. നിരുപാധികം പ്രണയിക്കുകയെന്നാൽ ബാധ്യതയാണെന്നു കരുതുന്ന കാലം അത്ര ആസുരമല്ലെങ്കിലും പുതിയ കാലത്തോട് കരുതിയിരിക്കേണ്ടിയിരിക്കുന്നു. അനുരഞ്ജനത്തിന്റെ നേരിയ സാധ്യതയെപ്പോലും പർവതീകരിക്കേണ്ടിയിരിക്കുന്നു. സമീപനമാണ് പ്രശ്നം. വേറിട്ട, ചിന്തേരിട്ട, ധിഷണാത്മകമായ ഒരു രചനാ രീതിയാണ് നാൽപ്പത് കവിതകളടങ്ങുന്ന സുനിത ബഷീറിന്റെ ‘നിന്നെ പ്രണയിക്കുകയെന്നാൽ’ എന്ന കവിതാസമഹാരം. അഴലെഴുത്ത് മുതൽ ഡിസംബർ വിട വരെയുള്ള കവിതകൾ പ്രണയ വായനയുടെ സാമ്പ്രദായിക ശീലങ്ങളെ ചിലയിടങ്ങളിലെങ്കിലും അട്ടിമറിക്കുന്നു.
പുതിയൊരാകാശം തേടി ഞാൻ പറക്കുമ്പോൾ ആയിരം സൂര്യന്മാരുള്ളിലുദിക്കുന്നുണ്ട്- എന്നു കവി എഴുതുമ്പോൾ അനുവാചകനിൽ മിന്നാമിനുങ്ങിന്റെ ഒരു തുള്ളി വെട്ടം മിന്നിമറയുന്നു. രാഗപ്പുഴയുടെ ആഴമെഴുത്തിൽ തെളിയുന്നത് പ്രണയത്തിന്റെ കുഞ്ഞു മത്സ്യങ്ങളുടെ പ്രജനന തന്ത്രമാണെന്നറിയുന്നു. എന്നെ മരിക്കാൻ വിടാതെ പ്രലോഭനത്തിലാഴ്ത്തുന്ന ഉന്മാദത്തെ സർ റിയലിസ്റ്റിക്കായി കവി കോറിയിടുന്നു. തിരിച്ചെടുക്കപ്പെട്ടവയെല്ലാം ഞാൻ കരുതലോടെ സൂക്ഷിച്ചു വെച്ചവയാണെന്നും ആണയിടുന്ന കവി ഉടമ്പടികളുടെ മേൽ ആത്മാവിന്റെ കയ്യൊപ്പ് ചാർത്തുന്നു. കാമനകൊണ്ടുള്ള ലിറ്റ്മസ് ജ്വാലയാൽ തൃഷ്ണകൾക്ക് ചുംബനതാപം നൽകുന്ന പ്രണയം.
അചുംബിതമായ വൈകാരികതയെ മൃത്യുബോധത്തിന്റെ ദാർശനികതയിൽ സാക്ഷാത്കരിക്കുന്ന ജീവിക്കുന്ന മരണം സിൽവിയാ പ്ലാത്തിന്റെ ഓവൻ ആത്മാഹുതിയെ സ്മൃതിപ്പെടുത്തുകയാണ്. പ്രണയത്താൽ ഭ്രാന്തുപിടിച്ച് തണുത്തു മരിച്ചവരുടെ കൂടെ കൂട്ടുന്ന തന്ത്രം നഷ്ടരാഗത്തിന്റെ ഇഷ്ടതാളത്തിലെന്നു വായിക്കും.
നനഞ്ഞ മഴയും ചൊരിഞ്ഞ ചോരയും രക്തസാക്ഷ്യത്തിന്റെ ആസിഫയാണെന്ന് അവളെയറിയുമ്പോൾ സൂചിമുനയുടെ നൊമ്പരം കവി സമ്മാനിക്കുന്നു. അന്യയെന്നു അകറ്റുമ്പോഴും പ്രണയിനി എന്ന അതിശക്തമായ വിശേഷണം അവൾ വഹിക്കുന്നു സഹിക്കുന്നു.
ചേർന്നലിഞ്ഞ നിമിഷങ്ങളെ പകർന്നു തന്ന ലാളനകളെ, അധരമുദ്രകളെ, മധുര വീഞ്ഞൊഴുകും ഉടലാഴങ്ങളെ നീ എന്ന കവിതയായി പരിഭാഷപ്പെടുത്തുന്ന കവിയുടെ വർണഭാവന സുഖദ നൊമ്പരത്തിന്റെ ചാരുചിത്രം വരയ്ക്കുന്നു. പങ്കിട്ട സ്വർഗീയ നിമിഷങ്ങളെ ഇന്ദ്രജാലമഴയിൽ ഈറനാക്കുന്ന മുഹൂർത്തം എത്ര ചേതോഹരം. കത്തുന്ന വേനലിൽ ശിഖരങ്ങളിൽ നിന്നും വേരുകളിലേക്ക് പടരുന്ന പ്രണയാർദ്രത അഗാധതയിൽ നിന്നാണ് കവി കണ്ടെടുത്തു തരുന്നത്. മോഹത്തിന്റെ കടമ്പു പൂത്ത സ്ഥലികളിൽ ചോദനയുടെ ധാരകൾ എത്തുന്നത് കാവ്യ സ്മൃതികളിലെന്നു കവി സമ്മതിക്കുകയും ചെയ്യുന്നു.
പ്രണയശസ്ത്രത്താൽ മുറിവേറ്റപ്പെടുന്ന പ്രാണന്റെ മിടിപ്പും നിയോഗങ്ങളുടെ നിറവേറ്റപ്പെടലും ഒരേ കടൽ സ്പന്ദനമെന്നു തിരിച്ചറിയുന്നു. ഒരു ശംഖിലിരമ്പുന്ന സാഗരനാദം പോൽ രാഗസമുദ്രത്തെ ഒരു ചിമിഴിലൊതുക്കുന്ന ജാലവിദ്യ കവിത കൊണ്ടു സാധ്യമാക്കുന്ന ക്രാഫ്റ്റ് കവി അടയാളപ്പെടുത്തുന്നു. ജോഗ് രാഗത്തിന്റെ അനുപല്ലവികളിൽ വിടരുന്ന മറച്ചുവെച്ച അപൂർവ്വരാഗം പകലുകളിലും സന്ധ്യകളിലും പിന്നെ രാത്രികളിലും നിന്റെയഭാവത്തിൽ ആലപിക്കുന്നതെത്ര സുന്ദരമെന്ന് കവി കാണുന്നു. ഏകാന്ത ശലഭത്തിന്റെ സായന്തന വഴികൾ തേടുന്ന കവിത ഒറ്റ ദീപത്തിന്റെ ദ്യുതിയിൽ തിളങ്ങുന്ന കാഴ്ച പങ്കു വെക്കപ്പെടുകയും ചെയ്യുന്നു. ഈ സമാഹാരത്തിലെ വേറിട്ട ഒന്നായ ധവള രക്തസാക്ഷിത്വം ആത്മാർപ്പണത്തിന്റെ ത്യജിക്കലിന്റെ സഹനത്തിന്റെ താജ് മഹൽ അപനിർമ്മിക്കുന്നു. കവിതയെന്ന കൽപ്പനിക പ്രസ്ഥാനത്തിന്റെ സാധ്യതയെ അതിന്റെ പ്രബലതയെ ആരായുന്ന കാലമൊരു കാവ്യം കാലത്തിന്റെ കലണ്ടറുകളെ സർഗധനത്വം കൊണ്ട് നിറം പിടിപ്പിക്കുന്നു. ഈ കൃതിയിലെ ശ്രദ്ധേയമായ മറ്റൊരു രചന. പ്രണയമെന്ന വിശുദ്ധി അന്യമായ അനാഥമായ ഇടത്തേക്കുള്ള നാടുകടത്തലായി നോക്കൂ എന്ന കവിത. എല്ലാ ധന്യതയും നിറവോടെ മുന്നിൽ വെക്കുന്ന ബാധ്യത ഇതൊക്കെയാണെന്നു നിന്നെ പ്രണയിക്കുകയെന്നാൽ എന്ന കവിത സാക്ഷാത്കരിക്കുന്നു. ഒരു ആനന്ദ പരിഭാഷകന്റെ സ്വത്വാന്വേഷണത്തെ അതിസൂക്ഷ്മം പിന്തുടരുന്ന ബോധത്തോടെ ചോദിക്കുന്ന ആരാണിവൻ എന്ന രചന വേരിലെ പൂവിനെ കാണാൻ പഠിപ്പിക്കുന്നു.
ശലമോന്റെ പ്രേമഗീതം പോൽ മധുരമഞ്ഞുതിർക്കുന്ന പൊഴിച്ചിട്ട തൂവലുകൾ ഇണപ്പക്ഷിയുടെ പ്രണയകൂജനങ്ങൾ പോലെ മധുരതരം. ധ്യാനമൗനത്തിന്റെ അടരുകളിൽ പ്രിയപ്പെട്ടതിനോട് സംവദിക്കുന്ന സ്നേഹാനുഭവം ഓർമ്മകളുടെ തേനറകളിൽ സംഭരിച്ചു വെച്ചിരിക്കുന്ന തേനീച്ചകളുടെ റാണിയെപ്പോൽ കവി വിരാജിക്കുന്നു. ആകാശഗംഗയിൽ വേരുകളാഴ്ത്തി നക്ഷത്രങ്ങളെ പൂവുകളാക്കി ജലമർമ്മരമുതിർക്കുന്ന പ്രണയ വൃക്ഷത്തെ ഋതുമതിയാക്കുന്ന ദേവദാരു ശിൽപ്പത്തിന്റെ അനാച്ഛാദനമാണ് സുനിത ബഷീറിന്റെ ഈ കാവ്യകൃതി തുറക്കുമ്പോൾ കിട്ടുന്ന വായനാ വസന്തം.
നിന്നെ പ്രണയിക്കുകയെന്നാല്‍
(കവിത)
സിനിത ബഷീര്‍
സുജിലി പബ്ലിക്കേഷന്‍സ്
വില: 135 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.