
നമ്മൾ ഒട്ടേറെ വായിക്കുന്നവരാണ്. വായനയിൽ ഉള്ളിൽ തട്ടിയ വരികളും വാക്യങ്ങളും കുറിച്ചുവയ്ക്കുന്നവരുമായിരിക്കും. അത് വിലമതിക്കാനാവാത്ത സ്വകാര്യസ്വത്താണ്. മാതൃഭാഷയിലെയും ഇതര ഭാഷകളിലെയും പുസ്തകമഹാസഞ്ചയങ്ങളിൽ എല്ലാം കാണാനും വായിക്കാനും നമുക്കു കഴിയില്ല. ലോകസാഹിത്യപാരായണവും പഠനവും പരിഭാഷയും നിർവഹിക്കുന്ന ഒരാളുടെ ഒരമൂല്യ സ്വത്തുശേഖരം നമുക്കുലഭ്യമായിരിക്കുന്നു, വായനയ്ക്കിടയിൽ മനസ്സിൽ തടഞ്ഞ ഭാഗങ്ങൾ തടുത്തുകൂട്ടിയെടുത്ത ചിന്താസമാഹാരം ‘ദിനേന’ എന്ന പുസ്തകം. ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ സ്പർശിക്കുന്ന 365 ചിന്താമുത്തുകൾ സമാഹരിച്ചതാണ് ഈ പുസ്തകം. സമാഹരണവും വിവർത്തനവും നിർവഹിച്ചത്, വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ് കാരം ലഭിച്ച വി രവികുമാറാണ്. ദിനേനകൃത്യം എന്ന നിലയിൽ ഈ പുസ്തകത്തിൽ നിന്ന് ഓരോ കുറിപ്പ് വായിച്ച് മുന്നോട്ടു പോകുന്നത് രസകരമാണ്. തേടുന്നതെന്തും ചൂണ്ടിത്തരുന്ന പുസ്തകമാണ് നമ്മുടെ മുന്നിലുള്ളത്. അന്വോന്യവിരുദ്ധമായ ആശയങ്ങളാവാം പലപ്പോഴും. എന്നാൽ ലോകപ്രശസ്ത എഴുത്തുകാരുടെയും ചിന്തകരുടെയും കലാകാരന്മാരുടെയും മസ്തിഷ്കത്തിൽ പൂവിട്ട സൗഗന്ധിക ങ്ങളാണവ. മാർക്കസ് അറീലിയസിലും സെനക്കയിലും തുടങ്ങി സോറൻ കീർക്കെഗോറിലും ഫ്രീഡ്രിക് നീച്ചയിലും മറ്റുമെത്തുന്ന ലോകസാഹിത്യ സഞ്ചാരം. ഗാന്ധിജിയും രവീന്ദ്രനാഥടാഗോറും ബോധിധർമ്മനും അക്കൂട്ടത്തിലുണ്ട്. ടോൾസ്റ്റോയിയും ദസ്തയേവ്സ്കിയും പോലെ കാഫ്കയും കാമുവും ഉണ്ട്. ആന്റൺ ചെക്കോവും ഹെർമ്മൻ ഹെസെയും ബോദ്‌ലേറും മിലൻ കുന്ദേരയും ഉംബെർട്ടോ എക്കോയും ഓസ്കാർ വൈൽഡും മാർക്വിസും ലോർക്കയും മലയാളിയുടെ ചിന്താ ലോകത്തിന്റെസഹചാരികളായുണ്ട്. ബീഥോവനും പബ്ലോ പിക്കാസോയും വാൻ ഗോഗും ലൂയിസ് ബുനുവേലും കലാലോകത്തുനിന്നുണ്ട്. ബർട്രാന്റ് റസലും കാൾ യുങ്ങും തിച്ച് നാത്ത് ഹാനും സിമോങ്ങ് ദ് ബുവ്വയും ഷൂസെ സരമാഗുവും ജലാലുദ്ദീൻ റൂമിയും ചിന്തയുമായി അണിനിരക്കുന്നു. പെസൊവയും റിൽക്കെയും ഷിംബോർസ്കയും ഒപ്പമുണ്ട്.
ആഗോള സാഹിത്യവും ചിന്താപദ്ധതികളും പരിചയപ്പെടാനും നമ്മുടെ ചിന്തകളെ പൊടിതട്ടിയെടുത്ത് താരതമ്യം ചെയ്ത് മിനുസപ്പെടുത്താനും പറ്റിയ കുറിപ്പുകൾ. ഇതിൽ നിന്ന് പ്രചോദനം നേടാം, സാന്ത്വനമാർജിക്കാം, പ്രകോപനം കൊള്ളാം, ശാന്തത കൈവരിക്കാം, അനുബന്ധ ചിന്തകളിലേക്ക് പടരാം, ഭാവനയെ വികസിപ്പിക്കാം, എഴുതാം, പറയാം അത്രത്തോളം ചിന്താബന്ധുരമാണ് ഓരോ കുറിപ്പും. വിവിധ എഴുത്തു കാരുടെ, അതിൽ അരാജകവാദികളും പ്രയോജനവാദികളും ആത്മീയവാദികളും ഭൗതികവാദികളും യഥാതഥക്കാരും കാല്പനികരും ദാർശനികരും മനഃശാസ്ത്രജ്ഞരും കലാകാരരുമൊക്കെയുണ്ട്. അതിൽ നിന്ന് നമുക്ക് അഭിരുചിയ്ക്കനുസരിച്ച് ദിനേന വായനയ്ക്ക് തിരഞ്ഞെടുക്കാം. എഴുത്തുകാരുടെ കൃതികളിൽ നിന്നുള്ള വെറും ഉദ്ധരണികളല്ല ഈ കൃതി. എഴുത്താളിന്റെ പേര്, ചിന്തയ്ക്കിണങ്ങിയ ശീർഷകം, ചിന്താഖണ്ഡം, കൃതി ഈ ക്രമത്തിലാണ് 328 പേജിലായി പുസ്തകം തയാറാക്കിയിട്ടുള്ളത്. അനുബന്ധമായി സൂചികയും നൽകിയിട്ടുണ്ട്.
സമാഹരണരീതി ഒരു വിഷയത്തെക്കുറിച്ച് ഒന്നിലധികം എഴുത്തുകാരുടെ രചനകളെ ഒരുമിച്ച് ഒരിടത്ത് സഞ്ചയിക്കുകയല്ല. ഉദാഹരണത്തിന്, മരണത്തെക്കുറിച്ച് 30 ചിന്താശകലങ്ങൾ ഈ പുസ്തകത്തിലുണ്ട്. താത്ത്വികവും വൈകാരികവും വൈചാരികവും വൈചിത്ര്യം നിറഞ്ഞതുമായ നിരീക്ഷണക്കുറിപ്പുകളാണവ. എന്നാൽ ഒരിടത്തല്ല അവ വായിക്കാൻ കിട്ടുക. അല്ലെങ്കിൽ ഒരു എഴുത്തുകാരന്റെ ചിന്തകളെല്ലാം ഒരിടത്ത് സമാഹരിച്ചിരിക്കുകയല്ല. ചിന്താരത്നങ്ങളുടെ ബഹുല കാന്തി ചിതറിച്ച് പ്രദർശിപ്പിക്കാനാണ് ഗ്രന്ഥകാരൻ ശ്രമിച്ചിരിക്കുന്നത്. അധ്യാപകർക്ക്, പ്രഭാഷകർക്ക്, വിദ്യാർഥികൾക്ക്, തൊഴിലാളികൾക്ക് ദിനേന വായിക്കാനും സാഹചര്യമനുസരിച്ച് ഉദ്ധരിക്കാനും പറ്റിയ വിചാരങ്ങളും നിരീക്ഷണങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. നിത്യപാരായണത്തിന് ഏതു വായനക്കാർക്കും തിരഞ്ഞെ ടുക്കാവുന്ന സവിശേഷകൃതി.
ദിനേന
(ദര്‍ശനം)
വി രവികുമാര്‍
ഐറിസ് ബുക്സ്
വില: 450 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.