11 December 2025, Thursday

ചെറിയ കഥകളുടെ തമ്പുരാന്‍

പി കെ പാറക്കടവിന്റെ സർഗാത്മക ജീവിതത്തിന് അമ്പത് വർഷം
അനിൽമാരാത്ത്
June 1, 2025 7:00 am

കാച്ചിക്കുറിക്കിയവാക്കുകളിൽ അസാധാരണമായ ഭാവനയിൽ കഥകൾ മെനയുന്ന പി കെ പാറക്കടവ് സൃഷ്ടിവൈഭവത്തിന്റെ മികവ് പ്രതിഫലിപ്പിക്കുന്ന എഴുത്തുകാരനും കഥാകൃത്തും പത്രാധിപരുമാണ്. ചിന്തോദീപകവും ദാർശനികവുമായ തലങ്ങളിലേക്ക് കഥകളെയും എഴുത്തിനെയും കൂട്ടി കൊണ്ടുപോകുന്ന ഈ എഴുത്തുകാരന്റെ സർഗാത്മക ജീവിതത്തിന് അമ്പതു വർഷം. സാമൂഹ്യ വ്യവസ്ഥയെ അട്ടിമറിക്കാനും ആയിരം വരികളേക്കാൾ മൂർച്ച മിനിക്കഥകളിലെ രണ്ട് വരികൾക്കാണെന്ന് തെളിയിക്കുകയും ചെയ്ത എഴുത്തുകാരൻ.
എണ്ണിതിട്ടപ്പെടുത്താവുന്ന വാക്കുകൾകൊണ്ട് ഒരുപാട് ചിന്തകളിലൂടെ വായനക്കാരനെ കൈ പിടിച്ചുനടത്തുന്ന കഥാകാരന്റെ ഓരോവാക്കും ഓരോ ജീവിതതലങ്ങളെ കൊളുത്തിയിടുന്നു. ശക്തമായ സാമൂഹ്യരാഷ്ട്രീയ വിമർശനം നടത്തുന്ന കഥകൾ നമ്മുടെ ഇന്നിനെയും ഇന്നലെയെയും വിചാരണചെയ്യുന്നു. എഴുത്തിൽ അരനൂറ്റാണ്ട് പിന്നിടുമ്പോൾ കടന്നുവന്ന വഴിത്താരയിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ആദ്യകഥ
**********

പഠനകാലത്താണ് ആദ്യ കഥ വെളിച്ചംകാണുന്നത്. അന്ന് കോഴിക്കോട്- ഫാറൂഖ് കോളജ് വിദ്യാർത്ഥി. വിസ എന്ന പേരിലെഴുതിയ ചെറുകഥ. ആദ്യകഥയുടെ ആദ്യാനുഭവമാണ് നിരന്തരം ചെറുതിൽ ചെറുതായ കഥകളെഴുതാൻ കാരണമായത്. നാട്ടിൽനിന്ന് ധാരാളം പേര് ജോലിതേടി ഗൾഫ് രാജ്യങ്ങളിലേക്ക്‌ പോയിരുന്ന എഴുപതുകളാണ് കഥയുടെ കാലവും പശ്ചാത്തലവും. ഒരാൾ മരിക്കുന്നു. മരണവീട്ടിൽ ചന്ദനത്തിരിയുടെ ഗന്ധം, ഖുർആൻ സൂക്തങ്ങളുടെ ഈണം. റോത്ത്മാൻസിന്റെ പുകച്ചുരുളുകൾ, പെർഫ്യൂമിന്റെസുഗന്ധം. കള്ളിക്കുപ്പായമിട്ട നാട്ടുകാർ രാഷ്ട്രീയം പറഞ്ഞിരിക്കുന്നു. മരിച്ചയാൾ മയ്യിത്ത് കട്ടിലിൽ കിടക്കുകയാണ്. അവിടെ പോസ്റ്റുമാൻ അച്യുതൻ കയറിവരുന്നു. മയ്യിത്ത് കട്ടിലിൽ നിന്ന് മരിച്ചയാൾ ചാടിയെഴുന്നേറ്റ് ചോദിക്കുന്നു — എന്റെ വിസ വന്നോ ? ഇത്രയുമാണ് കഥ.

എഴുത്തുംപ്രവാസവും
*******************

പത്തുവർഷത്തോളം പ്രവാസി. ഖത്തർ, യുഎഇ, ബഹറിൻ എന്നിവടങ്ങളിൽ. അതിനുശേഷം പല സാഹിത്യസമ്മേളനങ്ങൾക്കും നിരവധി തവണ പോയിട്ടുണ്ട്. ആദ്യകാല പ്രവാസ ജീവിതം കുറെ കഥകൾ തന്നു. ആദ്യ സമാഹാരത്തിന്റെ പേര് തന്നെ ഖോർഫുക്കാൻകുന്ന് എന്നാണ്. ഒട്ടകം തുടങ്ങിയകഥകളും ഗൾഫ് പശ്‌ചാത്തലമാണ്. ഇതെല്ലാം ഗൾഫ് ജീവിതത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്.

കഥയിലെ മിനിയും മിന്നലും
******************

എന്തുകൊണ്ട് ചെറിയ കഥകളെന്ന് വായനക്കാരുടെ സ്ഥിരമായ ചോദ്യമാണ്.
വിസ എന്ന പന്ത്രണ്ട് വരി കഥകൊണ്ട് ഒരു ഗ്രാമത്തെ ഇളക്കി മറിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ചെറിയകഥയാണ് വലിയ കഥ എന്ന് അബോധമനസിൽ കുറിച്ചിട്ടുണ്ടാകണം. അതുകൊണ്ടാണ് നിരന്തരമായി മിന്നൽക്കഥളെഴുതിയത്.
മലയാളത്തിൽ മിനിക്കഥ എന്ന പേരിലായിരുന്നു ആദ്യം. അക്കാലത്ത് വായനക്കാരിൻ വലിയവിഭാഗം ഈ രചനാ രൂപത്തിന്റെ കൂടെ ഉണ്ടായിരുന്നു. വലിയ എഴുത്തുകാർ വർഷങ്ങൾക്ക് മുമ്പു തന്നെ ചെറിയ കഥകളെഴുതിയിട്ടുണ്ട്. ഒ വി വിജയന്റെ ബാലബോധിനിയും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകളും ഉദാഹരണം. ചെറുതിൽ ചെറുതായ കഥകളാണ് ഞാനെഴുതുന്നത്. എന്റെ കൊച്ചുകഥകൾക്ക് മിന്നൽക്കഥകൾ എന്ന് വിളിക്കാനാണ് ഇഷ്ടം. യഥാർത്ഥത്തിൽ കൂറെക്കൂടി മലയാളത്തിൽ ചേരുന്ന പേര് മിന്നൽക്കഥകളെന്നാണ്. മിനിക്കഥ എന്ന് പറയുമ്പോൾ അതിന്റെ ഗൗരവം ചോർന്നുപോകുന്നതായി തോന്നുന്നു.
ഈ സവിശേഷാ സാഹിത്യരൂപത്തെ വായനക്കാർ ഹൃദയപൂർവ്വം സ്വീകരിക്കുന്നു.

കത്തുകളുടെ കരുത്ത്

*******************
വാട്സാപ്പും എസ്എംഎസും എന്തിന് മൊബൈൽ ഫോൺ പോലും ഇല്ലാത്തകാലത്ത് കഥകൾ വായിച്ച് വായനക്കാർ എഴുതിയ കത്തുകൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു.
നിത്യചൈതന്യയതി മുതൽ മദ്രാസിലെ ഒരു ഹോട്ടലിൽ ബാർ ബോയായിരുന്ന ചെറുപ്പക്കാരൻ വരെ അയച്ച കത്തുകളുണ്ട്. നല്ല വായനക്കാർ എഴുത്തുകാരേക്കാൾ മുകളിലാണ്. അവരുടെ മനസിലുള്ള സ്ഥാനം ഏത് പുരസ്കാരത്തെക്കാളും വിലമതിക്കുന്നു.

കഥവരുത്തിയ പ്രതിഷേധം
**************************

നിർദോഷമായ കുഞ്ഞുകഥയായ വിസ നാട്ടിൽ വലിയ ബഹളമുണ്ടാക്കി.
കഥയിൽപറഞ്ഞ ഗ്രാമത്തിന്റെ പേരാണ് വില്ലൻ. അതിൽ പ്രതിഷേധിച്ച് കഥയുടെ പേരിൽ നാട്ടുകാരുടെ പ്രതിഷേധയോഗം. നീയെന്തിനാണ് ഞങ്ങളുടെ ഗ്രാമത്തെ അപമാനിച്ചത്? പാറക്കടവ് അങ്ങാടിയിൽ നിന്ന് ചിലരുടെ ചോദ്യം. കുടംബപരമായും അല്ലാതെയും സുഹൃത്തുക്കളടക്കം കൂറെ പേർ കൂടെ നിന്നു. ഒരു കഥയുടെ പേരിൽ ഗ്രാമവാസികൾ രണ്ട് പക്ഷത്തായി നിലയുറച്ചു. കാലക്രമേണയാണ് കഥ, കഥമാത്രമാണന്നതിരിച്ചറിവ് നാട്ടുകാർക്ക് ഉണ്ടായത്.

പത്രാധിപരുടെ തൂലിക
**********************

മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എന്നത് എഴുത്തുപോലെ തന്നെ സർഗാത്മക പ്രവർത്തനമായിട്ടാണ് കണ്ടിരുന്നത്. വലിയരീതിയിൽ പിൻകാലത്ത് ചർച്ച ചെയ്യപ്പെട്ട ഒരു പാട് രചനകൾ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. കെ ആർ മീരയുടെ ആരാച്ചാർ, കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം, ടി ഡി രാമകൃഷ്ണന്റെ ആണ്ടാൾ ദേവനായകി, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി എന്നിവ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ എഡിറ്റർ എന്ന നിലയിൽ വായിക്കാനുള്ള ഭാഗ്യമുണ്ടായി. ഒരു പാട് പുതിയ എഴുത്തുകാർ രംഗത്ത് വന്നു. ചെറിയവർക്കും വലിയവർക്കും ഒരുപോലെ ഇടം നല്‍കി. അന്ന് പ്രസിദ്ധീകരിച്ച നോവലുകൾ വയലാർ അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുമടക്കം നിരവധി അംഗീകാരങ്ങൾ നേടി.

പത്മനാഭനും വിജയനും
************************

ആത്മബന്ധമുള്ള എഴുത്തുകാരാണ് ടി പത്മനാഭൻ എന്ന പപ്പേട്ടൻ. ഒരു പാട് യാത്രകൾ ഞങ്ങളൊന്നിച്ച് നടത്തിയിട്ടുണ്ട്. സിങ്കപ്പൂർ, സൗദി, ബഹറിൻ തുടങ്ങിയ പലയിടങ്ങളിലും. അദ്ദേഹത്തിന്റെ വേറെ ഒരു മുഖമാണ് യാത്രയിൽ കാണാൻ കഴിയുക. പരുക്കനാണന്നാണ് പത്മനാഭാനെക്കുറിച്ചുള്ള പൊതുവെധാരണ. ഇത്രയും സ്നേഹമുള്ള ഒരാളെന്ന് അനുഭവിച്ചറിഞ്ഞത് യാത്രകളിലും നിരന്തരമായ ഒത്തുകൂടലുകളിലുമാണ്. ഏറെ അടുപ്പമുളള എഴുത്തുകാരനായിരുന്നു ഒ വി വിജയൻ. സെക്കന്താരാബാദിലെ വീട്ടിൽ പോയി നീണ്ട അഭിമുഖങ്ങൾ എടുത്തിട്ടുണ്ട്. പാലക്കാട്ട് അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിലുള്ളപ്പോൾ അവിടെയും പോയി അഭിമുഖം നടത്തിയിട്ടുണ്ട്. അദ്ദേഹം അയച്ച ഒരു പാട് കത്തുകൾ ഇപ്പോഴും സൂക്ഷിക്കുന്നു. രചനകളോട് കാരുണ്യത്തിന്റെ കണ്ണുകളോടെയായിരുന്നു ആ വലിയ എഴുത്തുകാരൻ നോക്കി കണ്ടത്.

എഴുത്തുകാരുടെ സാക്ഷ്യപത്രം
****************************

വർഷങ്ങൾക്ക് മുമ്പു തന്നെ മുതിർന്ന എഴുത്തുകാരിൽ നിന്ന് ചെറിയകഥകൾക്ക് കിട്ടിയ അംഗീകാരം കൂടുതൽ ഉത്തരവാദിത്തം ഉണ്ടാക്കി. സ്വപ്നത്തിന്റെയും മിത്തിന്റെയും കടങ്കഥകളുടെയും ഭാഷ സംസാരിക്കൂന്നുവെന്ന് എം തോമസ്‌മാത്യു കുറിച്ചിട്ടു. ദേശകാലബദ്ധവും യുക്തിയുടെ വഴക്കങ്ങൾക്ക് വഴങ്ങുന്നതുമായ ഉണർച്ചയുടെ ലോകങ്ങൾക്കിടയിൽ വർത്തിക്കുന്ന സത്യങ്ങളെ സന്ധിക്കാൻ ഈ ഭാഷയെ ഉപകരിക്കൂയെന്ന് അദ്ദേഹത്തിനറിയാമെന്നു കൂടി ചേർത്തുവെച്ചു.
കഥകൾവായിച്ചപ്പോൾ ചെറുതാണ് സുന്ദരം എന്ന വിശ്വാസം ഒന്നുകൂടി ബലപ്പെട്ടുവെന്ന് ടി പത്മനാഭനും ഭാഷക്കപ്പുറം ഭാഷ നിർമ്മിക്കുന്നതാണ് ഈ കഥാകാരന്റെ കലയെന്നും പുനത്തിൽ കുഞ്ഞബ്ദുള്ളയും എഴുതി. നീയെഴുന്നത് പ്രതികഥകളാണെന്നും ചില ശ്രദ്ധേയമായ കവിതകൾ അതിലുണ്ടെന്നും മേതിൽ രാധാകൃഷ്ണൻ. ഒരു വരാന്തപ്പതിൽ വന്ന സദ്യ എന്ന കഥയ്ക്ക് എന്തിന് മഹാഭാരതം, ഇതാണ് കഥയെന്നായിരുന്നു മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ഇപ്പോഴത്തെ കവിതകളെക്കാൾ മനോഹരമാണ് പാറക്കടവിന്റെ കഥകളെന്നും അദ്ദേഹം സത്യസന്ധനായതുകൊണ്ടാണ് അത് കഥയെന്നു പറയുന്നുവെന്നും ശ്രീകുമാരൻ തമ്പി. ഓരോ ചെറിയ കഥയും പകർന്നുനല്‍കുന്നത് ചെറുത്തുനില്പിന്റെ കരുത്താണെന്നും അതിനൊക്കെയും അപ്പുറമുള്ള ഒരു മറുപുറമാണ് കഥകൾക്ക് ദാർശനികമാനം നൽകുന്നതെന്ന് കെഇഎൻ.

കൊച്ചുബാവയും ഷെൽവിയും
****************************

രണ്ട് പേരും ഓർമ്മയിൽ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. രചനാതന്ത്രത്തിലും ശൈലിയിലുമുണ്ടാക്കുന്ന വ്യത്യസ്ത കണ്ടെത്തിയ എഴുത്തുകാരനാണ് കൊച്ചുബാവ. ഞങ്ങളുടെ തലമുറയിലെ ഏറ്റവും മുന്നിൽ നടന്ന എഴുത്തുകാരൻ. വൃദ്ധസദനങ്ങൾ നാട്ടിൽ പ്രത്യക്ഷപ്പെടുന്നതിന് എത്രയോമുമ്പതന്നെ അതേക്കുറിച്ച് അദ്ദേഹം എഴുതി. ഫാന്റസിയിലും യാഥാർത്ഥ്യത്തിലും ഒരേ സമയം ജീവിച്ച എഴുത്തുകാരനായിരുന്നു.
ഷെൽവിയുമായി വളരെ അടുത്ത സൗഹൃദമായിരുന്നു. മൗനത്തിന്റെ നിലവിളി എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ഷെൽവിയായിരുന്നു. അതിൽ നമ്പൂതിരി, ബിഎം ഗഫൂർ തുടങ്ങിയ നിരവധി ചിത്രകാരൻമാരെകൊണ്ട് വരപ്പിച്ചിരുന്നു. ഷെൽവി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് വായനക്കാരിൽ അധികമെത്തിയതെന്ന് തോന്നിയിട്ടുണ്ട്. ഒരുകവിയുടെ മനസുള്ള പ്രസാധകൻ. പുസ്തക നിർമ്മിതയിൽ ഇത്രയേറെ മാറ്റം കൊണ്ടുവന്ന പ്രസാധകൻ വേറെ ഇല്ല. ഞങ്ങളൊന്നിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹരമായ നൊസ്റ്റാൾജിയുടെ പ്രകാശനമൊക്കെ ഓർമ്മയിൽ മായാതെ നില്‍ക്കുന്നു.

സ്വീകരണത്തിന്റെ മധുരം
************************

വിസ വരുത്തിയ കോലഹലത്തിനുശേഷം കാലം കുറെ കടന്നുപോയി. ഒരു പുരസ്കാരം തേടിവന്നു. പ്രതിഷേധയോഗം ചേർന്ന അതേ കവലയിൽ അന്ന് പ്രതിഷേധിച്ചവർ തന്നെ സ്വീകരണമൊരുക്കി. പിന്നീട് ഇതേക്കുറിച്ച് ഒരു വരാന്തപ്പതിപ്പിൽ സൽമാൻറുഷ്ദി കുറവന്തേരിയിൽ എന്ന പേരിൽ രസകരമായ ഫീച്ചർ ചെയ്യുകയുണ്ടായി.

ഓർമ്മകയിലെ കെഎ കൊടുങ്ങല്ലൂർ
********************

ഞാനൊക്കെ ജനിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പുതന്നെ മിഥ്യയും സങ്കല്‌പങ്ങളുമെന്ന ഉൾക്കനമുള്ള പുസ്തകംഅദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതത്തിലെയും സാഹിത്യത്തിലെയും നെറികേടുകൾക്കെതിരെ അദ്ദേഹം രോഷം കൊണ്ടിട്ടുണ്ട്. ജീവിതം തന്നെയായിരുന്നു കൊടുങ്ങല്ലൂരിന്റെ ഏറ്റവും വലിയ സംഭാവന. സ്റ്റേജുകളിലും പേജുകളിലും ഉപദേശം നല്‍കി അതിന് നേർ വീപരീതമായി ജീവിതം നയിക്കുന്നവരുടെ ഇടയിൽ അദ്ദേഹം ഒറ്റയാനായിരുന്നു. കൊടുങ്ങല്ലൂർ കഴിവുകൾ മുഴുവൻ ഉപയോഗിച്ചിട്ടില്ലെന്നും ഉപയോഗിച്ചതൊന്നും മോശമായിട്ടില്ലെന്നും സുകുമാർ അഴീക്കോട് പറ‍്ഞിട്ടുണ്ട്.
ആ വലിയ മനുഷ്യൻ ഒരു കാലത്ത് എനിക്ക് വഴി കാട്ടിയായിരുന്നുവെന്നത് ഒ വി വിജയൻ പറഞ്ഞത് ഓർക്കുകയാണ്.

മിനിമാസികളുടെ സാംസ്കാരിക ദൗത്യം
***********************************

മുഖ്യധാരമാധ്യമങ്ങളെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് മിനി മാസികകളും സമാന്തര പ്രസിദ്ധീകരണങ്ങളും. ഒരു പാട് പുതിയ എഴുത്തുകാർ രംഗത്ത് വന്നിട്ടുള്ളതും പിന്നീട് വലിയ എഴുത്തുകാരായിമാറിയതും ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെയാണ്. സച്ചിദാനന്ദൻ തന്നെ സമാന്തര പ്രസിദ്ധീകരണങ്ങളിൽ എഴുതുകയും സഹകരിക്കുകയും ചെയ്ത എഴുത്തുകാരനാണ്. വളരെ ശക്തമായ രചനകൾ പുറത്ത് കൊണ്ടുവന്ന വലിയ ദൗത്യമാണ് അവ നിറവേറ്റിയത്.
എന്റെയും എത്രയോ രചനകൾമിനി-സമാന്തര പ്രസിദ്ധീകരണങ്ങളിൽ ചിതറികിടക്കുന്നുണ്ട്.

സാംസ്കാരിക സ്ഥാപനങ്ങളും നിലപാടും
************************************

കേന്ദ്രസാഹിത്യ അക്കാദമി അംഗമായിരുന്നു.
എഴുത്തുപോലെതന്നെ വളരെ പ്രധാനപ്പെട്ടതാണ് എഴുത്തുകാരന്റെ നിലപാടും. ഈ ഫാസിസ്റ്റ് സർക്കാറിന്റെ ഹിതങ്ങൾക്ക് വഴങ്ങുന്ന തരത്തിൽ പെരുമാറുന്ന എഴുത്തുകാരെ കണ്ടിരിക്കാം. പക്ഷെ, ആ രീതിയിൽ മുന്നോട്ട് പോകുന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് ആത്മഹത്യാ പരമാണ്. കൽബുർഗി അടക്കമുള്ള എഴുത്തുകാർ വധിക്കപ്പെട്ടപ്പോൾ കേന്ദ്ര സർക്കാറിന്റെയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും മൗനത്തിൽ പ്രതിഷേധിച്ച് അംഗത്വം രാജിവച്ചു.
കേരളസാഹിത്യഅക്കാദമിയുടെയും സമസ്തകേരളസാഹിത്യ പരിഷത്തിന്റെയും നിർവാഹക സമിതി അംഗമായിരുന്നു.

ചെറിയകഥകളുടെ കാലികപ്രസക്തി
*****************

അമേരിക്കക്കാരിയായ ലിഡിയഡേവിസിനായിരുന്നു ഏറ്റവും കുറുകിയ കഥകളെഴുതി
ലോകത്തെ വിസ്മയിപ്പിച്ചതിന് 2013ലെ മാൻ ബുക്കർ പ്രൈസ് നേടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ കഥകൾ എഴുതുന്ന എത്രയോ വലിയ എഴുത്തുകാരുണ്ട്. ഫ്ലാഷ് ഫിക്ഷൻ ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്നു. കഥകൾ പാഠപുസ്തകങ്ങളിലും കഥകളുടെ മൊഴിമാറ്റങ്ങൾ മറ്റു ഭാഷകളിലും വന്നത് ഈ സാഹിത്യരൂപത്തിന്റെ സവിശേഷതകൾ കൊണ്ടാണ്. പല പേരുകളിൽ മികച്ച കഥകളെഴുതുന്ന ഒട്ടേറെ എഴുത്തുകാർ ഇന്ന് മലയാളത്തിലുണ്ട്. പുതിയ തലമുറയുടെ സാഹിത്യരൂപമാണിത്. സാമീഹ്യമാധ്യമങ്ങളിലൂടെ വായനക്കാരിൽ എത്തുന്നത് ഇത്തരം രചനകളാണ്. വലിയ കഥയുടെ ചെറിയ രൂപമല്ല. കഥയും കവിതയുമല്ലാത്ത ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരു രൂപം.

പ്രോഗ്രസീവ് റൈറ്റേഴ് അസോസിയേഷൻ
********************

വർഷങ്ങൾക്ക് മുമ്പ് ചണ്ഡീഗഡിൽ നടന്ന ഇന്ത്യയിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളോടൊപ്പം സഞ്ചരിച്ച പോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരനുഭവമായിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള എഴുത്തുകാരുടെ സംഗമം. അയൽ രാജ്യങ്ങളിൽനിന്നുള്ള സൗഹൃദ പ്രതിനിധികൾ. കെ പി രാമനുണ്ണി, ഡോ. വളളിക്കാവ് മോഹൻദാസ്, എ പി കുഞ്ഞാമു, എം എം സചീന്ദ്രൻ, അഡ്വ. രവീന്ദ്രൻ കണ്ടോത്ത് എന്നിവരായിരുന്നു കേരളത്തിൽ നിന്നുള്ള മറ്റുപ്രതിനിധികൾ.

എഴുത്ത് ഒരു ഓട്ടമത്സരമല്ല
*************************

എഴുത്ത് എന്നത് പലരും കരുതുന്നതുപോലെ ഒരു ഓട്ടമത്സരമല്ല. പല രീതിയിലുള്ള അഭിരുചി കാർക്ക് പലര ചനകളോടൊയിരിക്കും താല്പര്യം. എല്ലാ രചനകൾക്കും ഇവിടെയിടമുണ്ടെന്ന്, നാംമനസിലാക്കണം. ഒരു വലിയ തോട്ടത്തിലെ വിവിധ വൃക്ഷങ്ങൾക്ക്, പൂന്തോട്ടത്തിൽ വിവിധ പൂക്കൾക്ക് സ്ഥാനമുളളതുപോലെ എല്ലാ രചനകൾക്കുമുണ്ട് അതർഹിക്കുന്ന സ്ഥാനം. ഒരു എഴുത്തുകാരൻ വേറെയൊരു എഴുത്തുകാരന്റെ ശത്രു ആവേണ്ടതില്ലെന്ന തിരിച്ചറിവുണ്ടാവണം.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.