
യുദ്ധം പലതിനെയും ഓർമ്മപ്പെടുത്തും. ഓരോ യുദ്ധവും മനുഷ്യന്റെ നിരവധി സ്വപ്നങ്ങളെയാണ് തകർക്കുക. ഭൂമിയിൽ ജീവിക്കാനുള്ള മനുഷ്യ മോഹങ്ങളെ, സ്വാതന്ത്ര്യത്തെ എല്ലാം തകർത്തുകൊണ്ടാണ് ഓരോ യുദ്ധവും അരങ്ങേറുന്നത്. പീഡനങ്ങളുടെ തടവറകളിൽപ്പെടുന്ന ധാരാളം മനുഷ്യർ, മുറിവേറ്റർ, വേദനകൊണ്ട് പുളയുന്നവർ, ഉറ്റവരെ നഷ്ടപ്പെട്ടവർ, കാഴ്ചകളിൽ നിസഹായരായവർ, അഭയാർത്ഥികളാക്കപ്പെടുന്നവർ, എല്ലാം വിട്ടെറിഞ് ഓടുന്നവർ, അനാഥരാക്കപ്പെടുന്നവർ ഇതെല്ലാം യുദ്ധത്തിന്റെ കാഴ്ചകളാണ്. യുദ്ധം അവസാനിച്ച ശേഷവും ഈ കാഴ്ചകളൊക്കെ ഓരോ മനുഷ്യനെയും പിന്തുടരും.
ലെയ്പ്സിഗ് വളരെ പ്രശസ്തവും പാരമ്പര്യം കൊണ്ട് സമൃദ്ധവും സാംസ്കാരിക മേന്മയുള്ളതുമായ ഒരു കിഴക്കൻ ജർമ്മൻ നഗരമാണ്. വിവിധ ദേശങ്ങളിൽ നിന്ന് കുടിയേറിയ, വിവിധ ഭാഷകളുടെ സ്വാധീനമുള്ളവർ വിവിധ സംസ്കാരങ്ങളിൽ നിന്ന് വളർന്നവർ എല്ലാം ആ നഗരത്തിൽ ഉണ്ടായിരുന്നു. അവരെല്ലാം പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് താമസിച്ചിരുന്നത്. സമുദായങ്ങളുടെ ഐക്യവും ജീവിതത്തിന്റെ ഭാഗമായി അവർ കണ്ടു. വ്യാപാരത്തിനും വാണിജ്യത്തിനും നല്ല വളക്കൂറുള്ള മണ്ണ്. പുതിയ ആശയങ്ങളും സാങ്കേതികവിദ്യയും പെട്ടെന്ന് തന്നെ വേരുപിടിക്കുന്ന സ്ഥലം. 1409 മുതൽ നഗരത്തിൽ ഒരു യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ ദിനപത്രം ആ നഗരത്തിൽ നിന്നാണ് പിറവിയെടുത്തത്. പുസ്തകങ്ങളുടെയും സംഗീതത്തിന്റെയും ഓപ്പറകളുടെയും നഗരം. ഇവിടെ ജനിച്ചു വളരുന്നവർക്ക് ജീവിതം സ്വർഗതുല്യം.( ഈ നഗരത്തിൽ വച്ചാണ് 1813ൽ നെപ്പോളിയൻ യുദ്ധത്തിൽ തോൽപ്പിക്കപ്പെട്ടത് എന്നത് പിന്നാലെ ഉണ്ടായ ചരിത്രം). ആശ്ചര്യങ്ങളുടെയും അത്ഭുതങ്ങളുടെയും നഗരം. എല്ലാവർഷവും വാണിജ്യ പ്രദർശനങ്ങളും വിപണനമേളകളും ഈ നഗരത്തിൽ ഉണ്ടാകുക വഴി വിവിധ ദേശങ്ങളിൽ നിന്ന് ധാരാളമായി വ്യാപാരികൾ ഇവിടേക്ക് അവരുടെ കച്ചവടം വികസിപ്പിക്കാനായി എത്തിയിരുന്നു.
പോളണ്ടിൽ നിന്ന് വ്യാപാരാർത്ഥം ഈ നഗരത്തിലേക്ക് വന്ന ഇസിഡോർ എന്ന മനുഷ്യൻ റമിങ്ടൺ ടൈപ്പ് റൈറ്റർ നിർമ്മാണ കമ്പനിയിലെ ജോലിക്കാരനാവുകയായിരുന്നു. നന്നായി ജർമൻ ഭാഷ സംസാരിക്കാനുള്ള അയാളുടെ ശേഷിയാണ് അവിടെ അയാൾക്ക് ഗുണം ചെയ്തത്. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലത്ത് ജർമൻ പട്ടാളം അദ്ദേഹത്തെ പിടികൂടി. മെക്കാനിക്ക് ആയ കാരണം അയാളെക്കൊണ്ട് അവർക്ക് ഉപയോഗം ഉണ്ടായിരുന്നു. എങ്കിലും ഇടയ്ക്കൊക്കെ മർദ്ദനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നു. ജീവൻ നഷ്ടപ്പെട്ടില്ല. ലെയ്പ്സിഗിലെ ആയുധ നിർമ്മാണശാലയിലേക്ക് അയാളെ അവർ ജോലിക്ക് വിട്ടു. കാലാന്തരം ലിന എന്ന ഒരു ജർമ്മൻകാരിയുമായി അയാൾ പ്രണയത്തിലാകുന്നു. യുദ്ധശേഷം ഫാക്ടറിയിലെ ജോലിയിൽ നിന്ന് പുറത്തായ അയാൾ ലെയ്പ്സിഗിൽ സ്വന്തമായി ഒരു ഫാക്ടറി ആരംഭിക്കുന്നു. അവർക്ക് പിറന്ന ആദ്യ പുത്രനാണ് അബ്രഹാം സലാമോൻ ജാക്കുബോവിക്സ്(എഡ്‌ഡി ജാക്കു). ജർമ്മനിയോട് തികഞ്ഞ കൂറുപുലർത്തിയ കുടുംബമായിത്തന്നെ അവർ ജീവിച്ചു. രണ്ടു വർഷങ്ങൾക്കുശേഷം ഹെന്നി എന്ന ഒരു പെൺകുട്ടിയും അവർക്കുണ്ടായി. നല്ല അയൽ ബന്ധങ്ങൾ.
ഇസിഡോർ കാരുണ്യമുള്ള ഒരു മനുഷ്യനായിരുന്നു. ”നമുക്ക് പണവും താമസിക്കാൻ ഒരു വീടും ചുറ്റുപാടുകളും ഉണ്ടെങ്കിൽ ഒന്നുമില്ലാത്തവരെ നാം സഹായിക്കണം. നിങ്ങളുടെ നല്ല ജീവിതം മറ്റുള്ളവർക്ക് കൂടി പങ്കുവച്ചു കൊടുക്കണം. എടുക്കുന്നതിനേക്കാൾ കൂടുതൽ കൊടുക്കുകയാണ് വേണ്ടത്. കൂട്ടുകാർ കുടുംബം സ്നേഹം ഇവയൊക്കെ പണത്തേക്കാൾ വലുതാണ്. ഒരാളുടെ ബാങ്ക് അക്കൗണ്ടിനേക്കാൾ വലുതാണ് മറ്റൊരു മനുഷ്യൻ” ഇസിഡോർ മക്കളോട് ഇങ്ങനെ പറഞ്ഞു കൊടുക്കുമായിരുന്നു. എന്നാൽ കുട്ടികൾക്ക് അന്ന് അതൊന്നും വേണ്ടപോലെ മനസിലായിരുന്നില്ല.
ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ജർമ്മനി സാമ്പത്തികമായി തകർന്നു. താമസിയാതെ സാമ്പത്തികമായും വാണിജ്യപരമായും രാഷ്ട്രം വലിയ ബുദ്ധിമുട്ടിലേക്ക് പോവുകയായിരുന്നു. ഭക്ഷണപദാർത്ഥങ്ങൾ കൃത്യമായി കിട്ടാത്തതിൽ, ജോലി ഇല്ലാത്തതിൽ എല്ലാം ജനങ്ങൾ വളരെ അസ്വസ്ഥരായിരുന്നു. പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട മനുഷ്യർ പുതിയ ആശയങ്ങൾക്കായി കാത്തിരിക്കുമ്പോഴാണ് നാസി പാർട്ടിയും നേതാവായ ഹിറ്റ്ലറും ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഞങ്ങൾ ഉണ്ടാക്കാമെന്ന വാഗ്ദാനവുമായി ജനങ്ങളെ സമീപിക്കുന്നത്. ജർമ്മനിയുടെ പ്രശ്നങ്ങളുടെ എല്ലാം കാരണമായി ഒരു ശത്രുവിനെയും അവർ കണ്ടെത്തി. ജൂതർ.
1933ൽ ഹിറ്റ്ലർ അധികാരത്തിൽ വന്നു. തന്റെ പുതിയ ആശയം അദ്ദേഹം നന്നായി പ്രചരിപ്പിച്ചു തുടങ്ങി. എതിരാളികളെ പിടിച്ചു തടവിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തന്റെ മക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇസിഡോർ മകനെ ദൂരെ ഒരു നഗരത്തിൽ വാർട്ടർ എന്ന പേരിൽ വ്യാജ ഐഡി കാർഡ് തയ്യാറാക്കി ഒരു പോളിടെക്നിക്കിലേക്ക് മെക്കാനിക്കൽ എഞ്ചിനിയറിങ് പഠിക്കാൻ അയച്ചു. അനാഥനാണെന്ന പേരു വീണു. പഠിക്കാനുള്ള പണം കണ്ടെത്താനായി ജാക്കു ഒരു സ്ഥാപനത്തിൽ ജോലിയും ചെയ്തു. അങ്ങനെ വർഷങ്ങൾ കടന്നുപോയി. വാൾട്ടർ എന്ന എഡി ജാക്കുവിന് പഠനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. വയസ് 18. സന്തോഷത്തിന്റെ നിമിഷങ്ങൾ. എന്നാൽ അത് പങ്കുവെക്കാൻ തന്റെ കുടുംബമില്ല. തന്റെ യഥാർത്ഥ പേരുപോലും പറയാൻ കഴിയാത്ത അവസ്ഥ.
ഇക്കാലത്ത് നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ഒന്നും അയാൾ അറിഞ്ഞിരുന്നില്ല. പത്രം വായിക്കാനോ റേഡിയോ കേൾക്കാനോ കഴിഞ്ഞിരുന്നില്ല. മാതാപിതാക്കളുടെ ഇരുപതാമത്തെ വിവാഹ വാർഷികത്തിൽ പങ്കെടുക്കാൻ അയാൾ വീട്ടിലേക്ക് ചെന്നു. തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റായി അയാൾ അത് പറയുന്നു. വീട് അടഞ്ഞുകിടക്കുന്നു. രക്ഷിതാക്കളെയും സഹോദരിയെയും കാണാനില്ല. പുലർച്ചെ അയാൾ ഒരു ശബ്ദം കേട്ട് ഉണർന്നു. കതകിൽ ആരോ തട്ടിവിളിക്കുന്നു. തന്റെ അയൽക്കാരും നാട്ടുകാരും ഒക്കെത്തന്നെ. അവർ അയാളെ കട്ടിലിൽ നിന്ന് വലിച്ചു താഴെയിട്ടു നന്നായി മർദിച്ചു. വീട്ടിലെ നായയെ തോക്കിന്റെ ബയണറ്റുകൊണ്ട് കുത്തിക്കൊന്നു. ഭാഗ്യം! അവർ അയാളെ കൊന്നില്ല. തന്നോട് സ്നേഹത്തോടെ ഇടപെട്ടിരുന്ന നാട്ടുകാർക്കും അയൽക്കാർക്കും എന്തുപറ്റിയെന്ന് അയാൾ സംശയിച്ചു. അവരുടെ വന്യമായ പ്രവൃത്തികളിൽ അത്ഭുതം കൂറി. അവരെല്ലാം കൂടി അയാളെ ഒരു ട്രക്കിൽ കയറ്റി വിട്ടു. അന്നാദ്യമായി എഡ്ഡിയ്ക്കു തന്റെ നാടിനോട് വെറുപ്പ് തോന്നി.
ബുഷന്‍വാള്‍ഡിലെ ഒരു പീഡന ക്യാമ്പിലേക്കാണ് ആ ട്രക്ക് പോയത്. അവിടെ ക്രൂരമായ മർദ്ദനം ആ യുവാവിന് നേരിടേണ്ടിവന്നു. മുറിവേറ്റ് രണ്ടുദിവസം ആശുപത്രിയിൽ കിടന്നു. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ രക്ഷപ്പെട്ടാൽ തന്റെ മാതാപിതാക്കളെയും സഹോദരിയെയും അവർ പിടിക്കുമെന്ന് നഴ്സ് അയാളോട് പറഞ്ഞു. അതിനാൽ അവിടെ തന്നെ കിടന്നു. വീണ്ടും ക്യാമ്പിലേക്ക് കൊണ്ടുപോയി. ഈ ക്യാമ്പിൽ ആദ്യം അന്തേവാസികളായി വന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. പിന്നീട് പല രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ, തുടർന്ന് ജൂതരും. ആയിരത്തി ഇരുന്നൂറോളം പേർ ആ ക്യാമ്പിൽ ഉണ്ടായിരുന്നു. ജർമ്മനിയിലെ ഏറ്റവും വലിയ പീഡന കേന്ദ്രം. ”ഞങ്ങൾ ജർമ്മനിക്കാരാണ് നല്ല പൗരന്മാരാണ് നന്നായി ജോലി ചെയ്യുന്നവരാണ് ഞങ്ങളുടെ കുടുംബങ്ങളെ ഞങ്ങൾ വളരെ സ്നേഹിക്കുന്നു പക്ഷേ എന്തുകൊണ്ട് ഞങ്ങൾക്ക് ഈ ഗതി ഉണ്ടാകുന്നു?”
ജാക്കുവിന്റെ മനസ് സ്വയം ചോദിച്ചു.
എല്ലാ പ്രഭാതങ്ങളിലും ക്യാമ്പിൽ നിന്ന് കുറച്ചുപേരെ പുറത്തേക്ക് തുറന്നു വിടും. കുറച്ചു ദൂരം അവർ നടന്നു കഴിയുമ്പോൾ സൈനികർ അവർക്ക് നേരെ വെടിയുതിർക്കും. അങ്ങനെ മരിച്ചുവീഴുന്നവരുടെ ശരീരം ഒരു ബാഗിൽ പൊതിഞ്ഞ് ബന്ധുക്കൾക്ക് അയച്ചുകൊടുക്കും. ‘ഇയാൾ ക്യാമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയേറ്റ് മരിച്ചതാണ്’ എന്ന് മൃതശരീരത്തിൽ ഒരു കുറിപ്പും വയ്ക്കും. ജീവിതത്തേക്കാൾ മെച്ചം മരണം തന്നെയെന്ന് ക്യാമ്പിൽ കഴിയുന്നവർക്ക് തോന്നിത്തുടങ്ങി. പരിചയക്കാരനായ ഒരാളെ കണ്ടുമുട്ടിയത് മറ്റൊരു വഴിത്തിരിവായി. എഡ്ഡി മികച്ച ഒരു മെക്കാനിക്കാണ് എന്ന വിവരം അയാൾ ക്യാമ്പിലെ ഓഫീസറോട് പറഞ്ഞു. പട്ടാളക്കാർക്ക് നല്ല മെക്കാനിക്കുകളെ ആവശ്യമുള്ള സമയമായിരുന്നു അത്. അതുകൊണ്ട് ജീവൻ കിട്ടി. അയൽക്കാരൻ മനപ്പൂർവം അങ്ങനെ ചെയ്തതായിരുന്നു എന്ന് എഡ്ഡി രേഖപ്പെടുത്തുന്നു. എഡ്ഡിയെ ക്യാമ്പിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയില്ല. അയൽക്കാരൻ എന്ന നിലയിൽ ജീവനെങ്കിലും രക്ഷപ്പെടുത്തണമല്ലോ.
താമസിയാതെ ജർമ്മനി ലോകം മുഴുവൻ കീഴടക്കാൻ തീരുമാനിച്ചു. അതിന് അവർക്ക് കൂടുതൽ ആയുധങ്ങൾ നിർമ്മിക്കേണ്ടതായുണ്ട്. നല്ല മെക്കാനിക്കുകളെ അവർക്ക് ആവശ്യമായിരുന്നു. അതിനാൽ സൈന്യം എഡ്ഡിക്ക് സ്ഥിരജോലി നൽകി. ക്യാമ്പിൽ നല്ല ജീവിതമായിരുന്നു എന്നും തനിക്ക് ജോലി കിട്ടിയെന്നും തന്റെ ജീവിതവും ആരോഗ്യവും മെച്ചപ്പെട്ടൊന്നും എല്ലാം അയാളുടെ കയ്യിൽ നിന്ന് ഓഫീസർ എഴുതി വാങ്ങിച്ചു. ശേഷം അയാളെ അമ്മയെ കാണാൻ അനുവദിച്ചു. അച്ഛനോടൊപ്പം അയാൾ അമ്മയെ കാണാൻ പോയി.
അമ്മയും മകനും അച്ഛനും പെങ്ങളും ചേർന്ന് ആ രാജ്യത്തുനിന്നും രക്ഷപ്പെട്ടു പോകാൻ വേണ്ടി അതിർത്തിയിലേക്ക് ഒരു കാറിൽ പോയി. ബെൽജിയത്തിലേക്ക് പോകാനായിരുന്നു പ്ലാൻ. വീട്ടിൽ നിന്നും പ്രത്യേകിച്ചൊന്നും എടുത്തിരുന്നില്ല. വഴിയിൽവെച്ച് പോലീസുകാർ അവരെ തടയുന്നു. അവിടെ നിന്നും മർദനമേൽക്കേണ്ടി വരുന്നു. ചിതറിപ്പോയാൽ വീണ്ടും മറ്റെവിടെയെങ്കിലും സന്ധിക്കാമെന്ന് പരസ്പരം പറഞ്ഞിരുന്നു. എന്നാൽ അത് നടന്നില്ല. ജർമനിയിൽ അയാൾ ജൂതനായിരുന്നു, ബെൽജിയത്തിൽ അയാൾ ജർമ്മൻകാരനായിരുന്നു. രണ്ടിടത്തും ജീവിച്ചു പോകാനാകാത്ത സാഹചര്യം. 4000 ജർമ്മൻകാർക്കൊപ്പം മറ്റൊരു പീഡന ക്യാമ്പിലേക്ക് അയാളെ അവിടെ നിന്നും അയച്ചു. സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, അംഗവൈകല്യമുള്ളവർ, ഹോമോ സെക്ഷ്വലുകൾ അങ്ങനെ എല്ലാവരും അടങ്ങിയ ക്യാമ്പ്.
താൻ നാസികളുടെ ഒപ്പം ചേരുന്നില്ല എന്നും ഫ്രാൻസിലേക്ക് പോകണമെന്നും ഒരു അപേക്ഷ അയാൾ സർക്കാരിന് നൽകി. സർക്കാർ അത് അംഗീകരിച്ചു. പക്ഷേ അതിനുവേണ്ടി കുറേ പരിശീലനങ്ങൾക്ക് അയാൾക്ക് പോകേണ്ടിവന്നു. ഒരു വർഷം അങ്ങനെ കഴിഞ്ഞു പലവിധ പ്ലാനുകളും ജർമ്മൻകാരെ അവിടെ നിന്നും ഒഴിവാക്കാൻ വേണ്ടി അവിടുത്തെ സർക്കാർ ആലോചിച്ചു കൊണ്ടിരുന്നു നല്ലത് ഒന്നും വിജയിച്ചില്ല ഒരു ഇംഗ്ലീഷ് പട്ടാളക്കാരന്റെ ശവശരീരത്തിൽ നിന്നും യൂണിഫോം ഊരിയെടുത്ത് അത് ധരിച്ചുകൊണ്ട് രക്ഷപ്പെടാൻ ശ്രമം നടത്തി നോക്കി. എന്നാൽ വെടിയുണ്ടയേറ്റ് മരിച്ച ആ ജവാന്റെ ശരീരത്തോട് കാണിക്കുന്ന അനാദരവായി തോന്നി. അയാൾ ഫ്രാൻസിലേക്ക് നടക്കാൻ തീരുമാനിച്ചു. രണ്ടുമാസത്തോളം അയാൾ നടന്നു. ചെറിയ ഗ്രാമങ്ങളിലൂടെ കാണുന്ന വഴികളിലൂടെ നാസി പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് അയാൾ നടന്നു. ആഹാരത്തിനു വേണ്ടി ചിലപ്പോൾ യാചിച്ചു, ചിലപ്പോൾ മോഷ്ടിച്ചു. ലിയോൺ എന്ന പട്ടണത്തിൽ പട്ടണത്തിൽ വെച്ച് അയാൾ പിടിക്കപ്പെട്ടു. പരിശോധനയിൽ ജർമ്മൻ പാസ്പോർട്ട് കണ്ടെത്തി. ജർമൻ ചാരനാണെന്ന് കരുതി ഫ്രഞ്ച് പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. ഇത്തവണ അറസ്റ്റ് ചെയ്തത് ജൂതൻ എന്ന നിലയിൽ അല്ല, ജർമൻകാരൻ അന്യ രാജ്യത്തേക്ക് പ്രവേശിച്ചിരിക്കുന്നു എന്ന നിലയിലാണ്. രാഷ്ട്രീയ വിലപേശലുകളുടെ ഭാഗമായി തടവിൽ കഴിയുന്ന സാങ്കേതിക വശങ്ങൾ അറിയാവുന്ന ജൂതന്മാരെ തന്റെ രാജ്യത്തേക്ക് വേണമെന്ന് ഹിറ്റ്ലർ ആവശ്യപ്പെട്ട പ്രകാരം എണ്ണൂറോളം തടവുകാരെ ട്രെയിനിന്റെ വാഗണുകളിൽ കുത്തിനിറച്ച് പോളണ്ടിലേക്ക് അയയ്ക്കാൻ ബൽജിയം തീരുമാനിച്ചു. അവിടെയാണ് കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പ്. ജാക്കുവും അതിൽ ഉൾപ്പെട്ടു.
ആ യാത്രയ്ക്കിടയിൽ രക്ഷപ്പെടാൻ എഡ്ഡി തീരുമാനിച്ചു. സ്റ്റേഷനിൽ നിന്ന് അയാൾ ഒരു ടൂൾ കിറ്റ് എടുത്തു മാറ്റി വെച്ചിരുന്നു. ഒമ്പത് മണിക്കൂർ ദൈർഘ്യമുള്ള യാത്രക്കിടയിൽ ട്രെയിനിന്റെ തറയിലെ ബോൾട്ടുകൾ അയാൾ അഴിച്ചുമാറ്റി. സാവകാശം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് ശ്രദ്ധയോടെ ഇറങ്ങി രക്ഷപ്പെട്ടു. ഒപ്പം കുറെ തടവുകാരും അയാളെപ്പോലെ ട്രെയിനിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. എല്ലാവരും പലവഴിക്ക് പിരിഞ്ഞുപോകാൻ തീരുമാനിച്ചു. 400 കിലോമീറ്റർ അകലെയുള്ള ബ്രസൽസിലേക്ക് പോകാനാണ് പരിപാടിയിട്ടത്. ഇനി ഏതെങ്കിലും ട്രെയിൻ പിടിച്ചാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അവർ ഭയന്നു. നടന്നുപോകവേ ഒരു കുടുംബ സുഹൃത്തിനെ കണ്ടു. അയാൾ അച്ഛനെയും അമ്മയെയും എഡ്ഡിയുമായി ബന്ധപ്പെടുത്തി.
സന്തോഷകരമായി കഴിയവെ രഹസ്യ പൊലീസ് അവരെ തേടിയെത്തി. വീണ്ടും ഓഷ്വിറ്റ്സ് ക്യാമ്പിലേക്ക് കൊണ്ടുപോയി. ലോകത്ത് ഏറ്റവും ക്രൂരമായ പീഡനങ്ങൾ നടന്ന ക്യാമ്പ്. സാങ്കേതികവിദ്യ പഠിച്ച ആളായ കാരണം എഡ്ഡിയെ അവർ കൊന്നില്ല. ഇടയ്ക്കൊക്കെ അയാൾ നല്ല മനുഷ്യരെ കണ്ടു. പീഡന ക്യാമ്പുകളിലേക്ക് കൊണ്ടുപോയ പലരും ട്രെയിനിൽ ശ്വാസംമുട്ടിയും വിശപ്പടക്കാൻ വയ്യാതെയും മരിച്ചു. ക്യാമ്പിൽ ക്രൂര പീഡനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അതെല്ലാം അയാൾ സഹിച്ചു. ജൂതന്മാരും കമ്മ്യൂണിസ്റ്റുകളും ഒക്കെ ഗ്യാസ് ചേമ്പറിൽ പുകഞ്ഞു തീർന്നു. ഒരിക്കൽ തന്റെ അമ്മയും അച്ഛനും ആ ചേമ്പറുകളിലേക്ക് നടന്നുപോകുന്നത് അയാൾ കണ്ടുനിന്നു, കുറച്ചു കഴിഞ്ഞ് അവർ പുകയായി പറന്നു പോകുന്നതും. അവിടെവച്ച് അയാൾ മനുഷ്യരെ വെറുത്തു. അയാളെ നാസികൾ കൊന്നില്ല. കാരണം അയാൾ പഠിച്ച സാങ്കേതികവിദ്യ അവർക്കാവശ്യമായിരുന്നു. യന്ത്രങ്ങൾ പരിപാലിക്കുന്ന ജോലി അയാളെക്കൊണ്ട് ചെയ്യിച്ചു. പലപ്പോഴും അയാൾ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രത്തിൽ അയാളെ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നു. ഒരിക്കൽ അയാളെയും ഗ്യാസ് ചേമ്പറിലേക്ക് ഒരു സൈനികൻ നടത്തിക്കൊണ്ടുപോയി. പക്ഷേ മേലധികാരി അത് തടഞ്ഞു. പട്ടാളക്കാർ അമ്മമാരുടെ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ വാങ്ങി ഭിത്തിയിൽ അടിച്ചു കൊല്ലുന്നത് കണ്ടുകൊണ്ട് അയാൾക്ക് പലപ്പോഴും നിൽക്കേണ്ടി വന്നു, നിസഹായനായി. ഇതെല്ലാം കാണുകയും സഹിക്കുകയും ചെയ്ത എഡിജാക്കു ഒരിയ്ക്കലും തന്റെ ജീവിതം ഉപേക്ഷിക്കാൻ ആലോചിച്ചിട്ടു പോലുമില്ല. ‘പ്രതീക്ഷയാണ് ജീവിതം’ എന്ന പാഠം മനസിൽ സ്നേഹപൂർവം കുറിച്ചു.
1945 മുതൽ ജർമ്മനിക്ക് പരാജയങ്ങൾ നേരിട്ടു തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിൽ അവർ തോൽക്കുന്ന അവസ്ഥയായി. ഓഷ്‌വിറ്റ്സ് ക്യാമ്പിലുള്ളവരെ അവിടെ നിന്നും മാറ്റിത്തുടങ്ങി. ആ യാത്രയിൽ എഡി ജാക്കുവും ഉൾപ്പെട്ടു. ഒരുപാട് പേർ വഴിയിൽ വീണു മരിച്ചു. എഡ്ഡി എങ്ങനെയോ രക്ഷപ്പെട്ട് ഒരു ഗുഹയിൽ അഭയം തേടി. കുറേ ദിവസം ആ ഗുഹയിൽ ഇരുന്നു. പുഴുക്കളെയും പാറ്റകളെയും പച്ചയിറച്ചിയും കഴിച്ച് ജീവിതം നിലനിർത്തി. പ്രതീക്ഷ ഒരിക്കലും കൈവിട്ടില്ല. ഒരു ദിവസം അയാൾ ഗുഹയിൽ നിന്ന് ഇറങ്ങി നടന്നു. ആകെ തളർന്നിരുന്നു. പോകുന്ന വഴിയിൽ ഒരു അമേരിക്കൻ സൈനിക ടാങ്ക് വന്നു. അതിലെ ഒരു സൈനികൻ അയാളെ കണ്ട് അലിവ് തോന്നി രക്ഷപ്പെടുത്തി ഒരു ആശുപത്രിയിൽ എത്തിച്ചു. ജീവൻ പച്ചപിടിച്ചപ്പോൾ വീണ്ടും ബെൽജിയത്തിലേക്ക് പോകണമെന്ന് അയാൾക്ക് തോന്നി. അവിടെ സംരക്ഷണം കിട്ടി. ഒരിക്കൽ തന്നെ പരിശോധിച്ച ഒരു ഡോക്ടറെ അയാൾ ഓർത്തു. ഡോക്ടറും ഒരു തടവുപുള്ളിയായിരുന്നു. എന്നാൽ യാതൊരു മുടക്കവും ഇല്ലാതെ അയാൾ സേവനം ചെയ്തുകൊണ്ടിരുന്നു. ഒരിക്കൽ ഒരു കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് ട്രെയിനിൽ കൊണ്ടുപോകവേ വഴിയോരത്തെ ജനങ്ങൾ ആ ട്രെയിനിലേക്ക് തടവുകാർക്ക് കഴിക്കാനായി ബ്രഡും മറ്റ് ആഹാര വസ്തുക്കളും എറിഞ്ഞുകൊടുത്തത് അയാൾ ഓർത്തു. നല്ല മനുഷ്യരും ലോകത്തുണ്ടെന്ന് പാഠം അയാൾ തിരിച്ചറിഞ്ഞു. അതോടെ മനുഷ്യസേവനത്തിന്റെ പാതയിലേക്ക് ഇറങ്ങണമെന്ന് എഡ്ഡി തീരുമാനിച്ചു. അനാഥരാക്കപ്പെട്ട ചില സ്ത്രീകളെ അയാൾ സംരക്ഷിക്കാൻ ആരംഭിച്ചു. അയാളുടെ സുഹൃത്തുക്കളെ കൊണ്ട് ഈ സ്ത്രീകളിൽ ചിലരെയൊക്കെ വിവാഹം കഴിപ്പിച്ചു. അസഹിഷ്ണുതയും വെറുപ്പും ഒഴിവാക്കാൻ അദ്ദേഹം ഓരോ പ്രവൃത്തിയിലും എല്ലാവരോടും അഭ്യർത്ഥിച്ചു കൊണ്ടിരുന്നു. പ്രതീക്ഷ കൈവെടിയാതെ ജീവിക്കാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. ‘ജീവിതം സുന്ദരമാണ് അത് പകകൊണ്ട് തീർക്കാനുള്ളതല്ല’ എന്ന് ലോകത്തോടു തന്റെ അനുഭവങ്ങളെ സാക്ഷ്യം നിർത്തി പറഞ്ഞു.
യുദ്ധം കഴിഞ്ഞ് ഒരു നാസി ഭടനെ യുദ്ധക്കുറ്റവാളിയായി ബെൽജിയത്തിലെ ഒരു ജയിലിൽ പാർപ്പിച്ചിരുന്നു. അയാളെ കാണാൻ എഡി ജാക്കു പോയി. ”എന്തിനാണ് ഇത്ര ക്രൂരത നിങ്ങൾ ചെയ്തത്?” എന്ന് എഡ്ഡി ചോദിച്ചു. അയാൾക്ക് ഒന്നും മറുപടി പറയാനില്ലായിരുന്നു. അയാൾ തല കുലുക്കിക്കൊണ്ട് ഉറക്കെ കരഞ്ഞു. അയാൾ ആരുടെയോ നിഴലാണ് എന്ന് ജാക്കുവിനു തോന്നി. അയാളോട് സഹതാപമാണ് ജാക്കൂവിന് തോന്നിയത്. ആരുടെയോ പ്രേരണയിൽ ജീവിച്ച ആ ഭടൻ ജീവിച്ചിരിച്ചുണ്ടെങ്കിലും ആത്മാവ് എന്നേ മരിച്ചു പോയിരുന്നു എന്നാണ് എഡ്ഡി അയാളെപ്പറ്റി വിലയിരുത്തിയത്.
ബെൽജിയത്തിലേക്കു പോയ എഡ്ഡി അവിടെ വച്ച് ഫ്ലോറ എന്ന യുവതിയെ വിവാഹം ചെയ്തു. അവിടെനിന്ന് ആസ്ട്രേലിയയിലേക്കും അയാൾ പോയി. പിന്നീട് അദ്ദേഹം പല ഫാക്ടറികളിലും ജോലിചെയ്ത് പണമുണ്ടാക്കി. ആ പണം കൊണ്ട് അദ്ദേഹം ഒരു ബിസിനസ് ആരംഭിച്ചു. മക്കളെ ബിസിനസിന്റെ ഭാഗമാക്കി. ലോകത്ത് വളരെ ശ്രദ്ധേയമായ ഉപകരണങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികൾ സ്ഥാപിച്ചു. വലിയ ബിസിനസുകാരനായി. ഇത്രയേറെ പീഡനങ്ങൾ ഏറ്റ ആ മനുഷ്യൻ 101 വയസുവരെ ജീവിച്ചിരുന്നു. താൻ അനുഭവിച്ച പീഡന കഥകൾ അദ്ദേഹം പല വേദികളിലും അവതരിപ്പിച്ചു. ലോകം അത്ഭുതത്തോടെയാണ് ആ മനുഷ്യനെ കണ്ടത്.
”ഞാൻ ഉണരുന്ന ഓരോ ദിവസവും സന്തോഷകരമാണ്. ഞാൻ ആരെയും വെറുക്കുന്നില്ല; ഹിറ്റ്ലറെ പോലും. വെറുപ്പ് ഒരു രോഗമാണ് പ്രതികാരം എന്നൊന്നില്ല; ഒറ്റപ്പെടലാണ് ഏറ്റവും വലിയ പ്രതികാരം” ജാക്കു പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേട്ട ചിലരുടെയൊക്കെ നിർദ്ദേശപ്രകാരം ഒരു പുസ്തകം അദ്ദേഹം എഴുതുകയുണ്ടായി. ‘ഭൂമിയിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യൻ’ (The Happiest man on earth) എന്നാണ് അതിന്റെ പേര്.
ലോകത്ത് രാഷ്ട്രീയശക്തികൾ മറ്റു രാജ്യങ്ങളുടെ മേൽ അധീശത്വം സ്ഥാപിക്കാൻ ശ്രമിക്കുകയും തമ്മിൽ തകർക്കാൻ ഏത് ഉപകരണങ്ങളും പ്രയോഗിക്കുകയും ചെയ്യുന്ന കാലത്ത് എഡ്ഡി ജാക്കുവിനെ പോലെ യുദ്ധങ്ങളുടെ ഭീകരതകൾ, അനാഥത്വം, പീഡന ക്യാമ്പുകളിലെ അനുഭവങ്ങൾ എല്ലാം നേരിട്ട മനുഷ്യർ പക ഒഴിവാക്കാനും പ്രതീക്ഷയോടെ ജീവിതത്തെ കാണാനുമുള്ള പാഠങ്ങളാണ് നമുക്കു പറഞ്ഞുതന്നത് എന്നോർക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.