22 January 2026, Thursday

ആടിയുംപാടിയും നാടുണർത്തി ഇപ്റ്റ നാട്ടരങ്ങ്

അനിൽമാരാത്ത്
August 24, 2025 6:00 am

മാനതകളില്ലാത്ത പ്രതിഷേധ സംഗീത പാരമ്പര്യമുള്ള ഇന്ത്യയിലെ ഏക ജനകീയ കലാ പ്രസ്ഥാനമാണ് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ-ഇപ്റ്റ. ഇന്ത്യയിലുടനീളമുള്ള ഇപ്റ്റയുടെ സാമൂഹ്യ പ്രതിബദ്ധതയുളള കലാകാരൻമാർ അശാന്തിയുടെയും അനീതിയുടെയും ചോദ്യങ്ങളുടെ കുന്തമുന ഉയർത്തുന്ന വിവിധ സംഗീത ശൈലികളും ഗാനശാഖകളും ഉയർത്തിപ്പിടിച്ചു. ലോകത്തുടനീളം അടിച്ചമർത്തപ്പെട്ടവന്റെ ഗദ്ഗദവും തേങ്ങലുകളും അമർഷവും ഗാനങ്ങളായി പുറത്തുവന്നിട്ടുണ്ട്. വാഴുന്നവരോടുള്ള പ്രതിഷേധം നാടൻ പാട്ടുകളുടെ താളമാവുന്ന, നാടോടിപാട്ട്-വഴക്കങ്ങളിൽ സുപരിചിതമാണ്. ഈ നാടൻ ശീലുകളുടെ ചുവടു പിടിച്ചു വികസിച്ചു വന്ന പ്രതിരോധ ഗാനങ്ങൾ സാമൂഹികവും രാഷ്ട്രീയവുമായ അവബോധം പൊതുജനങ്ങളിൽ വളർത്തുന്നതിനു മാധ്യമമായി ചരിത്രത്തിൽ ഇടംനേടി. ഇതിന്റെ പിന്തുടർച്ചയായാണ് ആലപ്പുഴ കേന്ദ്രമായ ഇപ്റ്റ നാട്ടരങ്ങ് അതിന്റെ സാംസ്കാരിക ദൗത്യം നിർവഹിക്കുന്നത്.

ഇപ്റ്റ നാടക പഠന കേന്ദ്രം
*************************

1995 ‑ൽ ഇപ്റ്റ നാടക പഠന കേന്ദ്രം എന്ന ആശയം ടി എസ് സന്തോഷ് കുമാറിന്റെയും ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും നാടക‑സിനിമാ സംവിധായകനുമായ ആർ ജയകുമാറിന്റെതുമായിരുന്നു. മുഖ്യ രക്ഷാധികാരിയായി ഇപ്റ്റയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രന്റെ ചേർത്തു പിടിക്കൽ അതിന് ശക്തി പകർന്നു. ഇപ്റ്റ നാടക പഠന കേന്ദ്രത്തിന്റെ തുടർച്ചയായാണ് ഇപ്റ്റ നാട്ടരങ്ങ് രൂപപ്പെടുന്നത്. ആരംഭ കാലത്ത് സംഘാംഗങ്ങൾ കേന്ദ്രീകരിച്ചത് എസ് എൽ പുരത്ത് എസ് കുമാരൻ സ്മാരക ലൈബ്രറിയിൽ ആയിരുന്നു.
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ നാടക സംവിധായകനും നിലവിൽ ഇപ്റ്റയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായ ജോസഫ് ആന്റണിയായിരുന്നു ഡയക്ടർ.

അന്തരിച്ച നാടക കൃത്ത് മോഹൻ ചാക്കനാടൻ ജനറൽ സെക്രട്ടറിയായി നേതൃത്വം നൽകിയ പഠന കേന്ദ്രത്തിൽ ഇരുപത്തിയഞ്ചോളം നാടക കലാകാരൻമാർ ഞായറാഴ്ചകളിൽ ഒത്തുകൂടി. സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകരും വിദ്യാർത്ഥികളും കേരളത്തിലെ പ്രശസ്തരായ നാടക പ്രവർത്തകരും മറ്റു രംഗകലാ രൂപങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകളും അധ്യാപകരും പരിശീലകരായി പഠന കേന്ദ്രത്തിൽ സന്ദർശകരായിരുന്നു. അന്ന് കോളജ് വിദ്യാർത്ഥിയും പിന്നീട് ചലച്ചിത്ര നടനുമായ അനൂപ് ചന്ദ്രൻ, കെപിഎസി യിലെ നടനായി മാറിയ സജു കെപിഎസി, ടെലിവിഷൻ — ചലച്ചിത്ര നടനും നിലവിൽ ഇപ്റ്റയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ സി പി മനേക്‌ഷാ, അന്തരിച്ച നാടക പ്രവർത്തകർ ആർ ഗിരിധരൻ എന്നിവർ കളരിയുടെ ഭാഗഭാക്കായി കലാരംഗത്ത് ചുവടുറപ്പിച്ചവരാണ്.

എസ് എൽ പുരത്തിന്റെ അനുഗ്രഹം
***********************************

ഇപ്റ്റ നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാം വാർഷികത്തിന്റെ മുഖ്യാതിഥി എസ് എൽ പുരം സദാനന്ദനായിരുന്നു. ഉദ്ഘാടകൻ പ്രശസ്ത നാടക സംവിധായകൻ പ്രൊഫ. ആർ ചന്ദ്രദാസൻ. ഇപ്റ്റയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ എചന്ദ്രഹാസൻ, നാടക സംവിധായകൻ രമേശ് വർമ്മ, അന്തരിച്ച പ്രശസ്ത നാടകകൃത്ത് പി ജി രാജും നാടക സംവിധായകരായ ടി വി സാംബശിവനും, പി എം ആന്റണിയും, പ്രശസ്ത നാടക നടനും സംവിധായകനുമായ അഭയൻ കലവൂർ തുടങ്ങിയ പ്രതിഭകൾ അണിനിരന്ന പരിപാടിയിൽ മലയാള നാടക വേദിയുടെ വികാസ പരിണാമങ്ങൾ ഇപ്റ്റ നാടക പഠന കേന്ദ്രം വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് പകർന്നു കിട്ടിയത്.
പിന്നീട് മോഹൻ ചക്കനാടന്റെ രചനയിൽ ടി എസ് സന്തോഷ് കുമാറും ആർ ഗിരിധരനും ചേർന്ന് സംവിധാനം നിർവഹിച്ച ഇപ്റ്റ നാടക പഠന കേന്ദ്രം അവതരിപ്പിച്ച ‘പാനി’ എന്ന നാടകം ആദ്യ വേദിയിൽ കണ്ട ഇപ്റ്റയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയായ എസ് എൽ പുരം സദാനന്ദൻ, നാട്ടുകാരായ ഇപ്റ്റയുടെ കലാകാരൻമാരിൽ നാടകത്തിന്റെ ഭാവി ശോഭനമാണെന്ന പ്രതീക്ഷ പങ്കുവച്ചു.

വയലാറിന്റെ രാവണ പുത്രി
***************************

വയലാറിന്റെ രാവണപുത്രി കവിതയുടെ ദൃശ്യാവിഷ്കാരം ജോസഫ് ആന്റണിയുടെ സംവിധാനത്തിൽ രാഘവപ്പറമ്പിലെ വയലാറിന്റെ സ്മൃതി മണ്ഡപത്തിൽ നാടക പഠന കേന്ദ്രം അവതരിപ്പിച്ചു. അതും നാട്ടരങ്ങിലേക്കുള്ള ഒരു ചുവടുവയ്പായിരുന്നു. ടി എസ് സന്തോഷ്കുമാർ ആലപിച്ച കവിതയുടെ ദൃശ്യാവിഷ്കാരത്തിൽ രാവണനായി ആർ ജയകുമാറും വേദവതിയായി അനൂപ്ചന്ദ്രനും ശ്രീരാമനായി സജു കെപിഎസിയും പഠന കേന്ദ്രത്തിലെ പതിനാറോളം കലാകാരൻമാരും അഭിനയിച്ചു. ഇപ്റ്റയുടെ സംസ്ഥാന പ്രസിഡന്റ് ഒഎൻവിയും, ദേവരാജൻ മാഷും, കെ രാഘവൻ മാസ്റ്ററും, എസ് എൽ പുരവും വയലാറിന്റെ പത്നിയും മകൻ ശരത് ചന്ദ്ര വർമ്മയും ബന്ധുക്കളും പങ്കെടുത്ത വേദിയിൽ അന്ന് രാവണപുത്രി അവതരിപ്പിച്ചു. ആലപ്പുഴയിൽ നടന്ന ഇപ്റ്റയുടെ സംസ്ഥാന സമ്മേളനത്തിൽ രാവണ പുത്രിയുടെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചപ്പോൾ സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന പ്രശസ്ത നാടക പ്രവർത്തകൻ സഫ്ദർ ഹാഷ്മിയുടെ ഭാര്യ മാലശ്രീ ഹാഷ്മി സംഘാംഗങ്ങളെ അഭിനന്ദിച്ചു.

നാട്ടരങ്ങിലേക്ക്
******************

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കലാ പരിശീലകരായിരുന്ന ആർ ജയകുമാറും അന്തരിച്ച ഇപ്റ്റയുടെ നേതാക്കളായ ടി എസ് സന്തോഷ് കുമാറും ആർ ഗിരിധരനും ചേർന്ന് തയ്യാറാക്കിയ ജനകീയ നാടക സ്കിറ്റുകളും രാവണപുത്രിയുടെ ദൃശ്യാവിഷ്കാരവും നാടൻപാട്ടുകളും കോർത്തിണക്കി ‘ഇപ്റ്റ നാട്ടരങ്ങ്’ എന്ന പേരിൽ ഇരുപതിൽപരം കലാകാരൻമാരുമായി വിവിധ സ്ഥലങ്ങളിലെ വേദികളിൽ അവതരിപ്പിച്ച പരിപാടി ജന ശ്രദ്ധ നേടി. ഇപ്റ്റ നാട്ടരങ്ങന്റെ ബീജാപാവമായിരുന്നു അന്ന് നടന്നത്. മലബാർ കലോത്സവത്തിൽ നാടൻ പാട്ടുകളുടെ മാത്രമായ അവതരണം നടത്തുവാൻ സംഘത്തിന് അവസരം ലഭിച്ചത്, പിന്നീട് പ്രൊഫഷണലായ ഒരു സംഘമായി ഇപ്റ്റ നാട്ടരങ്ങ് പരിണമിക്കുന്നതിന് കാരണമായി. പിന്നീട് ആലപ്പുഴയുടെ തീരദേശ ഗ്രാമമായ കാട്ടൂർ കേന്ദ്രമാക്കി, ടി എസ് സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത നാട്ടരങ്ങ് പീപ്പിൾസ് കൾച്ചറൽ സെന്ററിന് രൂപം നല്‍കി. ഇന്നു കാണുന്ന ഇപ്റ്റ നാട്ടരങ്ങായി, ജനങ്ങൾക്കിടയിൽ തരംഗമായ നാടൻപാട്ടു സംഘമായി ആ സംഘം പരിണമിച്ചത് സ്ഥാപക ഡയറക്ടറായ ടി എസ് സന്തോഷ് കുമാറിന്റെ ദീർഘ വീക്ഷണമായിരുന്നു.

കലാപരമായി താല്പര്യമുള്ള തൊഴിലാളികൾക്കും യുവാക്കൾക്കും വിദ്യാർത്ഥികൾക്കും തലമുറകളായി വാമൊഴിയായും വരമൊഴിയായും പകർന്നുകിട്ടിയ നാടൻ പാട്ടുകളും നാടൻ കലാരൂപങ്ങളും സമന്വയിപ്പിച്ച് അദ്ദേഹം പരിശീലനം നല്‍കി. ഇപ്റ്റ നാട്ടരങ്ങ് എന്ന നാടൻ പാട്ടു സംഘത്തെ നാടോടി അനുഷ്ഠാന പാരമ്പര്യ കലകളുടെ ദൃശ്യവല്‍ക്കരണത്തിലൂടെ ജനപ്രിയ പരിപാടിയാക്കി മാറ്റി. ലക്ഷക്കണക്കിന് ആരാധകാരെ സൃഷ്ടിച്ച് നിരവിധി കലാകാരൻമാരെയും കലാകാരികളെയും സാങ്കേതിക പ്രവർത്തകരെയും താരങ്ങളാക്കി സംഘം 30 വർഷമായി ജൈത്രയാത്ര തുടരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ആറോളം വിദേശ രാജ്യങ്ങളിലും കേരളത്തിലുടനീളവും ഇപ്റ്റ നാട്ടരങ്ങ് ഇതിനകം ആയിരക്കണക്കിന് വേദികളിലൂടെ സഞ്ചരിച്ചു കഴിഞ്ഞു. 35 ൽ പരം കലാകാരൻമാരും സാങ്കേതിക പ്രവർത്തകരും അടങ്ങുന്ന സംഘം കേരളത്തിലെ നാടൻ പാട്ട് സംഘാംഗങ്ങളിൽ മുൻ നിരയിലാണ്. മുപ്പത് വർഷത്തിനിടയിൽ 100 ൽ പരം പ്രതിഭകൾ നാട്ടരങ്ങിലൂടെ താരങ്ങളായി മാറി.

ടി എസ് സന്തോഷ്കുമാർ
***********************

അകാലത്തിൽ വിട്ടു പിരിഞ്ഞ ഇപ്റ്റയുടെ ദേശീയ നേതാവും നാടക‑നാടൻപാട്ട് കലാകാരനുമായിരുന്നു സന്തോഷ്കുമാർ. 32 വർഷങ്ങൾക്ക് മുമ്പ് നാടക അഭിനയവുമായാണ് അദ്ദേഹം ഇപ്റ്റയിൽ എത്തുന്നത്. സി കെ ചന്ദ്രപ്പൻ നയിച്ച ജാഥയിൽ രമേശൻ നായരുടെ രചനയിൽ ഓൾ ഇന്ത്യാ റേഡിയോ പ്രക്ഷേപണം ചെയ്ത നാടകം ‘ശതാഭിഷേകം’ സംവിധാനം ചെയ്തവതരിപ്പിച്ചു. പിന്നീട് 1995 ൽ നടന്ന ഇപ്റ്റയുടെ സ്നേഹ സംഗീത യാത്രയിൽ സഫ്ദർ ഹാഷ്മിയുടെ നാടകം ‘രാജാവിന്റെ ചെണ്ട’ തെരുവു നാടകമായി അവതരിപ്പിച്ചു. ഇപ്റ്റ നാടക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംവിധാനം നിർവ്വഹിച്ച ‘പാനി’, പാതിരപ്പള്ളി ഇപ്റ്റ വില്ലേജ് തീയ്യേറ്ററിന്റെ നേതൃത്വത്തിൽ സാംകുട്ടി പട്ടംകരി സംവിധാനം ചെയ്ത ‘പ്രിയപ്പെട്ട ചെ’, ഷേർളി സോമസുന്ദരൻ മൊഴി മാറ്റിയ ബ്രഹ്തോൾഡ് ബ്രഹ്ത്തിന്റെ ‘ത്രീ പെനി ഓപ്പറ’ മുക്കാശ് നാടകം എന്ന പേരിൽ ജോസഫ് ആന്റണി സംവിധാനം നിർവഹിച്ച നാടകങ്ങളുടെ മുഖ്യ സംഘാടകനുമായി സഞ്ചരിക്കുന്നതിനിടയിലാണ് നാടൻപാട്ടിന്റെ പ്രചുര പ്രചാരകനായി സന്തോഷ് കുമാർ മാറിയത്. നാടൻ പാട്ടിന്റെ രംഗഭാഷ നാടകത്തിന്റേത് തന്നെയെന്നായിരുന്നു അദ്ദേഹത്തിന്റെ വാഖ്യാനം.
നാടൻപാട്ടുകളുടെ വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. നാടൻപാട്ടിന്റെ അറിവു ശേഖരണവുമായി പലയിടങ്ങളിലും സഞ്ചരിച്ചു. വരമൊഴിയായും തലമുറകൾ കൈമാറി പാടിവന്ന വാമൊഴിയായും നാടൻപാട്ടിന്റെ നിഘണ്ടുവായറിയപ്പെട്ടിരുന്ന കാവാലം രംഭാമ്മയിൽനിന്നും കോട്ടയത്തെ മറിയാമ്മ ചേച്ചിയിൽനിന്നും കാവാലാം നാരായണപണിക്കരിൽ നിന്നുമെല്ലാം പാട്ടുകൾ ഹൃദ്യസ്ഥമാക്കി. ഇപ്റ്റ നാട്ടരങ്ങിന്റെ സ്തൂല സ്വീകാര്യത ബോധ്യപ്പെട്ടപ്പോൾ ബൃഹത്തായ ചിന്താപദ്ധതികൾക്ക് രൂപം നല്‍കി. നാടൻ പാട്ടുകൾക്കും നാടൻ കലകൾക്കും ഒരു മ്യൂസിയമെന്നത് അദ്ദേഹത്തിന്റെ വലിയൊരു ആഗ്രമായിരുന്നു. കാട്ടൂരിലെ സ്വന്തം വീട്ടിൽ വിദേശികൾക്ക് ഹോം സ്റ്റേ സൗകര്യം നല്കിയപ്പോൾ ഇട്ട പേര് മാരാരിഫോക്.കോം എന്നായിരുന്നു. അടിമുടി ഫോക് ലോറിസ്റ്റായിരുന്നു. വിടവാങ്ങുമ്പോൾ നാട്ടരങ്ങ് സ്ഥാപക ഡയറക്ടറും ഇപ്റ്റ ദേശീയകൗൺസിൽ അംഗവുമായിരുന്നു.

ദുരന്തഭൂമിയിൽ കൈതാങ്ങ്
**************************

1942–43 കാലത്ത് ബംഗാളിൽ മനുഷ്യ നിർമ്മിതക്ഷാമം മൂലമുണ്ടായ പട്ടിണിയുടെ ആഘാതത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍രിക്കാനും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഗതിയില്ലാത്ത മനുഷ്യരെ സഹായിക്കാനും ചേർത്തു പിടിക്കാനും ഇപ്റ്റയുടെ പൂർവകാല പ്രവർത്തകർ നടത്തിയ കലാപര്യടനത്തെ അനുസ്മരിക്കുന്നതായിരുന്നു കേരളത്തിലെ ദുരിതകാലത്തെ ഇപ്റ്റ നാട്ടരങ്ങിന്റെ ഇടപെടൽ. 2018 ലെ പ്രളയകാലത്ത് ടി എസ് സന്തോഷ്കുമാറിന്റെ നേതൃതത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് രണ്ട് ലക്ഷത്തിലധികം രൂപയുടെ വസ്ത്രങ്ങളും മരുന്നുകളും നല്‍കി. മാനസികമായി തകർന്നിക്കുന്നവരെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും പതിനാറ് ദിവസം ക്യാമ്പ് സന്ദർശിച്ച് പാട്ട്പാടി അവരോടൊപ്പം ചേർന്നു നിന്നു. പ്രളയത്തിൽ തകർന്ന വീടുകളും ആശുപത്രികളും സർക്കാർ ഓഫിസുകളും വൃത്തിയാക്കാനും നാട്ടരങ്ങിലെ കലാകാരൻമാർ ഒന്നടങ്കം പ്രയത്നിച്ചു. കോവിഡ് കാലത്ത് കലാകാരന്മാരെ ചേർത്തുപിടിച്ച് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. അശരണരായ രോഗികൾക്കുള്ള ചികിത്സാസഹായം ഇന്നും തുടരുന്നു. വയനാട് ദുരന്തത്തിലെ മനുഷ്യർക്ക് കൈതാങ്ങാവാൻ ഇപ്റ്റയുടെ നാട്ടരങ്ങിന്റെ കലാകാരൻമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ക്കായി എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ പാട്ടുവണ്ടിയുമായി സഞ്ചരിച്ച് തുക സമാഹരിച്ചു നല്കി.

ഡോ.സാംകുട്ടി പട്ടംകരിയുടെ രൂപകല്പനയും ഫോക് ഫിയെസ്റ്റയും
**************************************************************

കലാപരിപാടികൾ ഉൾപ്പെടെ എല്ലാം നിശ്ചലമായ കോവിഡാനന്തരം കേരളത്തിലെ മറ്റു കലാ സംഘാംഗങ്ങളെ പോലെ ഇപ്റ്റ നാട്ടരങ്ങും രംഗപ്രവേശനം ചെയ്യുമ്പോഴാണ് സ്ഥാപക ഡയറക്ടർ ടി എസ് സന്തോഷ്കുമാറിന്റെ വിടവാങ്ങൽ. ഒരിടവേളക്കുശേഷം 2021ന്റെ അവസാനം വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കം തുടങ്ങി. ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ ബാലചന്ദ്രന്റെ മാർഗ നിർദേശത്തിൽ ഇപ്റ്റയുടെ ഒരു സബ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ നാട്ടരങ്ങിന് ഒരു പുതിയ രൂപഘടനയുണ്ടാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും അതിനായി ഇപ്റ്റ നാടക പഠനകേന്ദ്രത്തിന്റെ ഫാക്കൽറ്റിയും പ്രശസ്ത നാടക പ്രതിഭയും ഫോക് ലോറിൽ കേന്ദ്ര ഗവർമെന്റിന്റെ ജൂനിയർ ആന്റ് സീനിയർ ഫെല്ലോഷിപ്പുകളും നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും നേടിയ ഡോ.സാംകുട്ടി പട്ടംകരിയെ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കറുപ്പും വെളുപ്പും ചുവപ്പും സമന്വയിപ്പിച്ച ഫോക് രംഗാവിഷ്കാരവും പ്രകാശവിന്യാസങ്ങളും ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശമായ നാഗാലാന്റിലെ ഗോത്രകലാകാരൻമാരുടെ വസ്ത്രധാരണം ഉൾകൊണ്ട് പ്രശസ്ത സിനിമാ കോസ്റ്റ്യും ഡിസൈനർ റാഫി കണ്ണാടി പറമ്പ വസ്ത്രാലങ്കാരം പ്രാവർത്തികമാക്കി. നാടോടി, അനുഷ്ഠാന, പാരമ്പര്യ കലാരൂപങ്ങളും നാടൻപാട്ടുകളും കോർത്തിണക്കി നാടോടി സൗന്ദര്യങ്ങളുടെ രംഗഭാഷയിൽ കലാകാരൻമാരെ ഒരുക്കിയിരിക്കുന്നത് ക്രിയേറ്റീവ് ഡയറക്ടർമാരായ ആ. ജയകുമാറും സി പി മനേക്ഷയും ചേർന്നാണ്. ഇതുവരെ നാടൻപാട്ടവേദിയിൽ കണ്ടിട്ടില്ലാത്ത വിധം സീൻ ഡിസൈനിങ്ങും അവതരണവും സൗന്ദര്യാത്മകമാക്കി. 2022–23 സീസണിലേക്ക്. പാട്ട് കളിയാട്ടം രൂപപ്പെടുത്തിയപ്പോൾ കേരളത്തിലെ ഉത്സവവേദികൾക്ക് വിസ്മയ കാഴ്ചയായി. തുടർന്ന് 2023–24 ൽ നാട്ടുപാട്ട് തിറയാട്ടവും 2024–25ൽ പാട്ടും പടവെട്ടും 2025–26ൽ നാട്ടരങ്ങ് പുതിയ സീസൺ പ്രോഗ്രാമായ ‘ഫോക് ഫിയെസ്റ്റ’യും അണിയിച്ചൊരുക്കി.
അനുഷ്ഠാന കലകളായ നാഗകാളി വെള്ളാട്ടും നാഗകാളി തിറയും പരിശീലിപ്പിച്ച തിറയാശാൻ മുരളി വാഴയൂർ, പൂതനും തിറയും പരിശീലിപ്പിച്ച ഉണ്ണികൃഷ്ണൻ വൈദ്യർ, മാണി മുത്തപ്പനെ പരിശീലിപ്പിച്ച സുബ്രഹ്മണ്യൻ പുല്ലോടി, ചെങ്ങന്നൂരാദി പടവെട്ടും പാട്ടും പഠിപ്പിച്ച ഫോക് ലോറിസ്റ്റ് ബുധന്നൂർ രാജൻ, ചവിട്ടു നാടക ആചാര്യനും തീരദേശ കലകളുടെ പ്രചാരകനുമായ ഓമനപ്പുഴ കുട്ടപ്പൻ ആശാൻ, തമിഴ് ഫോക് കലാകാരിയും ഇപ്റ്റ തമിഴ്നാട് ലീഡറുമായ വെണ്ണില, തമിഴ് വാദ്യകലാ രൂപമായ തപ്പാട്ടം പരിശീലിപ്പിച്ച മുത്തുപ്പാണ്ടി, സന്തോഷ് കരിപ്പൂൾ, തുടങ്ങിയ ഗുരുക്കൻമാരിൽ നിന്നും നാടൻ കലകളും പാരമ്പര്യ കലാരൂപങ്ങളും ഇപ്റ്റയുടെ കലാകാരൻമാർ അഭ്യസിച്ചു. മൺമറഞ്ഞു പോകുമായിരുന്ന നാടിന്റെ നാടോടി അനുഷ്ഠാന പാരമ്പര്യ കലകളുടെ തനിമ നിലനിർത്തി നാടൻപാട്ടുകൾ സമന്വയിപ്പിച്ച രംഗാവതരണത്തിലൂടെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഇപ്റ്റ നാട്ടരങ്ങിന്റെ നാടൻ പാട്ട് ദൃശ്യാവിഷ്കാരമായ ‘ഫോക് ഫിയെസ്റ്റ’യിലൂടെ. ആദ്യാവതരണം കൊല്ലത്ത് സി കേശവൻ സ്മാരക ടൗൺ ഹാളിൽ 22 ന് ലോക ഫോക് ലോർ ദിനത്തിൽ നടന്നു.

ഫോക് ലോർ പുരസ്കാരം
************************

കുട്ടനാടിന്റെ പാട്ടമ്മയായ കാവാലം രംഭാമ്മയുടെ സ്മരണയ്ക്കായി ഇപ്റ്റ നാട്ടരങ്ങ് പീപ്പിൾസ് കൾച്ചറൽ സെന്റർ ‘കാവാലം രംഭാമ്മ ഫോക് ലോർ പുരസ്കാരം’ നാടൻ കലാരംഗത്തെ പ്രതിഭകളുടെ സമഗ്ര സംഭാവനകൾ മാനിച്ച് എല്ലാവർഷവും ഫോക് ലോർ ദിനമായ ഓഗസ്റ്റ് 22 ന് നല്‍കി വരുന്നു. ആറാമത് പുരസ്കാര ജേതാവ് കേരളത്തിലെ ചവിട്ടു നാടകരംഗത്തെ ആചാര്യനും തീരദേശ കലകളുടെ പ്രചാരകനുമായ ഓമനപ്പുഴ കുട്ടപ്പൻ ആശാനാണ്. 25,000 രൂപയും പ്രശസ്തി പത്രവും കാവാലം രംഭാമ്മയുടെ ചിത്രം ആലേഖനം ചെയ്ത ശില്പവുമാണ് പുരസ്കാരം.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.