
ഓരോ ചിങ്ങപ്പുലരിയും മലയാളിയെ സംബന്ധിച്ച് തുമ്പപ്പൂവിന്റെ വിശുദ്ധിയാർന്ന ഒരാണ്ടു പിറവിയുടെ പുത്തനുണർവാണ്. അതിനുമപ്പുറം കാലങ്ങളേറെയായി അതൊരു വിശേഷപ്പെട്ട ദിനവുമാണ്. മണ്ണും മനസും ഒന്നാകുന്ന അദ്വൈതത്തെ മന്ത്രിച്ചുകൊണ്ട് മാനവരാശിയെ അന്നമൂട്ടാൻ ജീവിതകാലം മുഴുവൻ നീക്കിവെച്ച കർഷകരെ ആദരിക്കുന്ന ദിനം. ഒരുപക്ഷേ പ്രപഞ്ചതാളം നിലനിർത്തേണ്ടതിന്റെ അനിവാര്യതയെന്നോണം കർഷകർക്കായുള്ള കാലത്തിന്റെ വന്ദനം എന്നു വിശേഷിപ്പിക്കുന്നതാവും കൂടുതൽ ഉചിതം.
കേരളീയ സംസ്കാരത്തിന്റെ മുഖമുദ്ര എക്കാലവും കാർഷികപാരമ്പര്യത്തിൽ അധിഷ്ഠിതമാണ്. മണ്ണിനെയും പ്രകൃതിയേയും അടുത്തറിഞ്ഞ് ജീവിതത്തെ പരുവപ്പെടുത്തിയ ഒരു ജനസമൂഹത്തിന്റെ നിലനിൽപ്പിന് ആധാരശ്രുതിയായി മാറിയത് അവർ പോലുമറിയാതെ അവരിൽ രൂപപ്പെട്ട കാർഷിക സംസ്കാരമാണ്. ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാലാവസ്ഥയും മൂലം കൃഷിക്ക് അനുഗ്രഹിക്കപ്പെട്ട കേരളം ഒരു കാലത്ത് പേരു പോലെ തന്നെ കേരവൃക്ഷങ്ങളുടെയും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽവയലുകളുടെയും നാനാതരം പച്ചക്കറികളുടെയും കിഴങ്ങുവർഗവിളകളുടെയും നാടൻ ഫലവർഗങ്ങളുടെയും വിദേശരാജ്യങ്ങളിൽ പോലും പ്രശസ്തി നേടിക്കൊടുത്ത സുഗന്ധവ്യഞ്ജനങ്ങളുടെയും വിളഭൂമിയായിരുന്നു. പശ്ചിമഘട്ട മലനിരകൾ വിവിധ വിളകളുടെ കാർഷിക മുറകൾക്ക് താളഭംഗം വരാതെയുള്ള കാലാവസ്ഥാ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
എന്നാൽ പിന്നീടെപ്പോഴോ പരിസ്ഥിതി സൗഹാർദമല്ലാത്ത വികസനത്തിന്റെ പിന്നാലെ സാമ്പത്തിക പുരോഗതി മാത്രം മുന്നിൽക്കണ്ട് മതിമറന്നോടിയ മലയാളിക്ക് കൈമോശം വന്നത് തലമുറകളായി കൈമാറി വന്ന കാർഷികപ്പെരുമയാണ്. പ്രത്യേകിച്ചും 1980–90 കാലഘട്ടങ്ങളിൽ അതുവരെ തുടർന്നുവന്ന ജീവിതരീതികൾക്ക് പുതിയൊരു തലം തേടി മലയാളികൾ പോയതോടെയാണ് ഏറെ കഠിനാധ്വാനം വേണ്ടിവരുന്ന നെൽകൃഷിപോലുള്ള വിളകൾ കുറയാനിടയായതും നെൽപ്പാടങ്ങൾ നികത്താനുള്ള പ്രവണത വർധിച്ചു വന്നതും. ഒരു വീട്ടിലേക്ക് ആവശ്യമായ വിവിധതരം ഭക്ഷ്യവിളകൾ വളർത്തിയിരുന്ന പഴയകാല തൊടികളുടെ പ്രൗഡിയും ക്രമേണ ഇല്ലാതെയായി. വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിയും ലാഭകരമല്ല എന്ന കാരണത്താൽ കൃഷിക്ക് ഉപയുക്തമായ ധാരാളം സ്ഥലങ്ങൾ തരിശായി കിടക്കുന്ന കാഴ്ചയും സർവസാധാരണമായി.
അവനവന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾക്ക് അന്യരെ ആശ്രയിക്കേണ്ടി വരുന്നത് മുൻപൊക്കെ ഒരു മലയാളി കുടുംബത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമായിരുന്നെങ്കിൽ ഇന്ന് പണമുണ്ടെങ്കിൽ ആവശ്യമായതെന്തും വിപണിയിൽ ലഭ്യമാണെന്നതും പലരും കൃഷിയിൽ നിന്ന് അകലുവാനുള്ള കാരണങ്ങളിൽ ഒന്നാണ്. ഗൾഫ് മേഖലയിൽ തൊഴിലവസരങ്ങൾ കൂടിയപ്പോൾ നാട്ടിൽ അനുഭവപ്പെട്ട കർഷക തൊഴിലാളികളുടെ ദൗർബല്യവും, വർധിച്ചുവരുന്ന കൂലിച്ചിലവും, ഉല്പന്നങ്ങളുടെ വിലയിടിവും, ഉന്നത ജോലിക്കായി പുതുതലമുറയെ പ്രാപ്തരാക്കുക എന്ന ഉദ്ദേശവും കൃഷിഭൂമി ഉപേക്ഷിക്കാൻ പലരെയും പ്രേരിപ്പിച്ച ഘടകങ്ങളിൽ ചിലതാണ്. കാർഷിക മേഖലയിൽ ഇപ്പോഴും തുടരുന്ന പ്രതിസന്ധികൂടിയാണിത്. പ്രധാനമായും രണ്ട് മഴക്കാലങ്ങളെ ആശ്രയിച്ചു നിന്നിരുന്ന കേരളത്തിലെ കൃഷിക്ക് മുമ്പ് വലിയ ഭീഷണിയൊന്നും ഇല്ലായിരുന്നുവെങ്കിൽ ഇപ്പോൾ അനുഭവപ്പെട്ടുവരുന്ന കാലാവസ്ഥാ വ്യതിയാനം കാർഷികവിളകൾക്ക് വളരെയേറെ ദോഷകരമാകുന്നു. അന്നമാണെല്ലാം എന്ന് ചിന്തിച്ചിരുന്ന പൂർവികർക്ക് കൃഷി എന്നത് ലാഭമോ നഷ്ടമോ നോക്കാതെയുള്ള ആത്മസംതൃപ്തിയേകുന്ന ജീവിതചര്യയുടെ ഭാഗമായിരുന്നു എങ്കിൽ, ഇടക്കാലത്തെന്നോ കൃഷിയെ അധികവരുമാനത്തിനുള്ള ഉപാധിയായി കണ്ട് ലാഭകരമല്ലാത്ത ഒരു തൊഴിലെന്ന് മുദ്ര ചാർത്തുന്നതിനും കാരണമായി. മുഖ്യവിളകളെ മറന്ന് പ്രായോഗികത എന്തെന്ന് മനസിലാക്കാതെ ലാഭത്തിനുവേണ്ടി ചില പുതിയ വിളകൾ മാറി മാറി പരീക്ഷിക്കുന്നതും അഭികാമ്യമല്ലാത്ത ഒരു തുടർപ്രവർത്തനമായി മാറി. ഉദാഹരണമായി തെങ്ങിൻ തോപ്പുകൾ പലതും മറ്റ് വിളകൾക്ക് വഴി മാറിയതും, പരിചരണമില്ലാതെ തെങ്ങിനെ അവഗണിച്ചതും ഒടുവിൽ തേങ്ങയ്ക്ക് വിലയുള്ളപ്പോൾ മാത്രം തെങ്ങിനെ അറിയുന്ന മനോഭാവവും ഒരിക്കലും കൃഷിയോടുള്ള നല്ല സമീപനമല്ല.
കാർഷികമേഖലയിൽ പ്രശ്നങ്ങൾ നിരവധിയാണെങ്കിലും കൃഷിയെ മറന്നൊരു ജീവിതം സാധ്യമല്ല എന്നത് കാലഘട്ടത്തിന്റെ തിരിച്ചറിവുകൂടിയാണ്. പ്രത്യേകിച്ചും പരിസ്ഥിതി സംരക്ഷണത്തിൽ കൃഷിക്കുണ്ടായിരുന്ന പങ്ക് ഇന്ന് ഏറെ ചർച്ചാ വിഷയമാണ്. എവിടെ കൃഷിയുണ്ടോ അവിടെ പരിസ്ഥിതിയുണ്ട് എന്ന കാഴ്ചപ്പാടിന് ആഗോളതലത്തിൽ തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇനിയും പഴയതുപോലെ കൃഷിയെ എങ്ങനെ ജീവിതത്തിന്റെ ഭാഗമാക്കാം എന്ന് ചിന്തിക്കുമ്പോൾ ഇന്നത്തെ സാഹചര്യത്തിൽ ആർക്കും അനുവർത്തിക്കാൻ കഴിയുന്ന ചില കാർഷികമുറകളും ആശയങ്ങളും നവീന കൃഷിരീതികളും പ്രാവർത്തികമാക്കാവുന്നതാണ്. അതിനുവേണ്ടത് കൃഷിയെ സ്നേഹിക്കുന്നതിനുള്ള ഒരു മാനസികഭാവം മാത്രമാണ്.
നാളെയുടെ കൃഷി രീതികളിൽ മുൻഗണന കൊടുക്കേണ്ട ഒന്നാണ് കുടുംബകൃഷി. ലഭ്യമായ സ്ഥലത്ത് ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും അതത് കാലങ്ങൾ ക്കനുസരിച്ച് ചിട്ടപ്പെടുത്തി, കുടുംബാംഗങ്ങൾ എല്ലാം ചേർന്ന് പരസ്പര സഹകരണത്തോടെ കൃത്യമായി കൊണ്ടു നടന്നിരുന്ന ഈ കൃഷിരീതി തന്നെയാണ് ഇനിയുള്ള കാലം ഭക്ഷ്യ സ്വയംപര്യാപ്തതക്കായി തിരിച്ചു വരേണ്ടത്. ഓരോരുത്തരുടെ കർമ്മമേഖല എന്തുതന്നെയായാലും തിരികെ വീട്ടിലെത്തുന്നത് ഒരു കർഷകനായിട്ടാവണം എന്നു പറയുന്നതിന്റെ മഹത്വം വെളിപ്പെടുന്നത് ഇവിടെയാണ്. ഒരു ദിവസം സ്മാർട്ട് ഫോണിൽ ചിലവഴിക്കുന്ന സമയത്തിന്റെ നാലിലൊന്ന് വീട്ടിലെ കൃഷിക്കായി ചിലവഴിച്ചാൽ പോലും നമുക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ കുറച്ചെങ്കിലും അവനവന്റെ വീട്ടിൽ തന്നെ ഉല്പാദിപ്പിക്കാൻ കഴിയും.
ഇതിനോടൊപ്പം ചിന്തിക്കേണ്ട ഒന്നാണ് നമുക്ക് തീർത്തും അന്യമായിക്കൊണ്ടിരിക്കുന്ന തനതായ ഭക്ഷ്യസംസ്കാരം. ആരോഗ്യ സംരക്ഷണത്തിൽ മലയാളികൾക്ക് ഏറ്റവും കൂടുതൽ സഹായകരമായി നിന്നത് അതതു കാലങ്ങളിൽ അവനവന്റെ തൊടിയിലുണ്ടാകുന്ന ഭക്ഷ്യവസ്തുക്കൾ കൊണ്ട് തയ്യാറാക്കിയിരുന്ന നാടൻ ഭക്ഷണമാണ്. എന്നാൽ ഇന്ന് കൃത്രിമ രുചിക്കൂട്ടുകളിലാണ് നമ്മുടെ ഭ്രമം. അതിഥി സൽക്കാരവേളകളിലും ആഘോഷങ്ങളിലും നമ്മുടേതായിരുന്ന നാട്ടുരുചികൾ പരീക്ഷിക്കാൻ പോലും ആരും തയ്യാറല്ല. ഭക്ഷണത്തിൽ വൈവിധ്യമുണ്ടായാലേ വിളകളിലും വൈവിധ്യമുണ്ടാവുകയുള്ളൂ. ലോകത്തിൽ എല്ലായിടത്തും സമാനമായ ഭക്ഷണത്തിന് പ്രാധാന്യം വരുമ്പോൾ ഓരോ നാടിനും നഷ്ടപ്പെടുന്നത് തനതായ ഭക്ഷ്യവിളകൾ കൂടിയാണ്. ഭക്ഷ്യസംസ്കാരം ഉടലെടുക്കേണ്ടത് നാട്ടുരുചിയിൽ അധിഷ്ഠിതമായാണ് എന്ന ആശയത്തിന് വരുംനാളുകളിൽ പ്രസക്തി ഏറെയാണ്. സംയോജിത കൃഷി സമ്പ്രദായവും നവീന കൃഷിമുറകളും, ഹൈ-ടെക് കൃഷി സമ്പ്രദായവും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മുഖ്യവിളയോടൊപ്പമുള്ള ഇടവിള കൃഷി പരിപാലനം കൂടുതൽ ആദായത്തിനും കൃഷിച്ചിലവ് കുറയ്ക്കുന്നതിനും പാരിസ്ഥിതിക മേന്മകൾക്കും ഉപകരിക്കുന്നു. പ്രാദേശികാടിസ്ഥാനത്തിലുള്ള കൃഷിയിട ആസൂത്രണത്തിനും ഇനിയുള്ള കാലം കാർഷികരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായകരമാവും. പഞ്ചായത്ത് അടിസ്ഥാനത്തിലോ, വാർഡ് അടിസ്ഥാനത്തിലോ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാവുന്നതാണ്. ഒരു പ്രദേശത്തിന്റെ തനതായ ചില ഉല്പന്നങ്ങൾ, അവിടുത്തെ തരിശുഭൂമിയുടെ വിനിയോഗം, ശാസ്ത്രീയ പരിപാലനമുറകൾ അനുവർത്തിച്ചു കൊണ്ടുള്ള ശുദ്ധഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം, ഓരോ കുടുംബത്തിനും സ്വന്തമായും അതോടൊപ്പം ഗ്രൂപ്പടിസ്ഥാനത്തിലുമുള്ള മൂല്യവർധിത വസ്തുക്കളുടെ ഉല്പാദനം, വിപണനം, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പഠനം തുടങ്ങി ആ ഭൂപ്രദേശത്തിന് കാർഷിക മേഖലയിൽ നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ ചുരുങ്ങിയത് ഒരു വർഷത്തേക്കെങ്കിലും എന്ന രീതിയിൽ ആസൂത്രണം ചെയ്യാവുന്നതാണ്.
വർത്തമാന കാലത്തിന്റെ ഏറ്റവും വലിയ പ്രശ്നം പുതുതലമുറ കാർഷിക മേഖലയിലേക്ക് വരാൻ താല്പര്യം കാണിക്കുന്നില്ല എന്നതാണ്. ഇന്ന് സർവസാധാരണമായ ആളൊഴിഞ്ഞ ആഡംബര വീടുകളും പുതിയ മേച്ചിൽപുറം തേടിയുള്ള വിദ്യാസമ്പന്നരായ യുവജനങ്ങളുടെ നാടുവിടലും അനാഥമാക്കുന്നത് വീടുകളെ മാത്രമല്ല, ഇവിടുത്തെ മണ്ണിനെയുമാണ്. പരിചയസമ്പന്നരായ മുൻകാല കർഷകരുടെ ഒരു കാലഘട്ടം കഴിഞ്ഞാൽ പിന്നെ കർഷകർ എന്നൊരു വിഭാഗം ഇവിടെ അവശേഷിക്കുമോ എന്നത് വലിയൊരു ചോദ്യമാണ്. അന്നത്തിനായി പകലന്തിയോളം പൂർവികർ പണിയെടുത്തിരുന്ന വയലുകൾ നികത്തി നിർമ്മിച്ച ഹൈപ്പർ മാർക്കറ്റുകളിൽ ബ്രാൻഡഡ് അരിയും മറ്റു ഭക്ഷ്യവസ്തുക്കളും വാങ്ങാൻ വരിവരിയായി എത്രനേരം വേണമെങ്കിലും നിൽക്കാൻ മടിയില്ലാത്ത നമുക്ക് ഇനിയും വിശപ്പെന്ന വികാരം എന്തെന്ന് പൂർണമായും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഒരുരുള ചോറിന്റെ പിന്നിലെ അധ്വാനം എന്തെന്ന് പൂർണമായും അറിയാൻ കഴിഞ്ഞെന്നുവരില്ല. സ്വന്തമായി കൃഷി ചെയ്താലേ ഭക്ഷിക്കാൻ കഴിയൂ എന്നൊരവസ്ഥ ഇല്ലാത്തിടത്തോളം കാലം കൃഷിയോട് അകൽച്ച ഉണ്ടാകുന്നതും സ്വാഭാവികം.
ചില കർഷകദിന ചിന്തകൾ എന്ന രീതിയിൽ കാർഷിക മേഖലയെ ഈ വിധത്തിൽ വിലയിരുത്തുമ്പോഴും മുന്നിൽ തെളിയുന്ന ഒരു യാഥാർത്ഥ്യമുണ്ട്. ചിന്തയേയും ഭാവനയെയും പതിന്മടങ്ങായി തിരിച്ചു നൽകാൻ പാകത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഒപ്പമുണ്ടെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന കാലമാണിത്. ഒരുപക്ഷേ കർഷകൻ എന്തെന്ന് അറിയാത്തവർക്കുപോലും ഇമേജുകളിലൂടെ കർഷകനെ പരിചയപ്പെടുത്തി കൊടുക്കാൻ നിർമ്മിതബുദ്ധിക്കാവും. അപ്പോഴും ഒരു നെന്മണിയെ തിരികെ നൽകാൻ ഏത് വിവരസാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുക എന്നു ചിന്തിക്കുമ്പോഴാണ് കൃഷിയുടെ ആവശ്യകത പൂർണമായും മനസ്സിലാക്കാൻ കഴിയുന്നത്. കാലങ്ങൾ കഴിയുമ്പോൾ ഭക്ഷണം ആവശ്യമില്ലാത്ത ഒന്നായി മാറാനും കൃത്യമായ ഇടവേളകളിൽ ഗുളികകളുടെ രൂപത്തിൽ ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് മാറുമോ എന്നൊന്നും പറയാനാവില്ല. (അങ്ങനെയൊരു കാലമുണ്ടാവില്ല എന്ന് പ്രവചിക്കാൻ മാത്രം നമ്മൾ ആരുമല്ലല്ലോ! ).
എന്തുതന്നെയായാലും ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും ജീവൻ നിലനിർത്തുന്ന തിനുള്ള അടിസ്ഥാന ഘടകങ്ങൾ ആയിരിക്കുന്നിടത്തോളം കാലം കൃഷി അനിവാര്യമാണെന്ന വസ്തുതയെ നമ്മൾ ഉൾക്കൊണ്ടേ പറ്റൂ. മനുഷ്യരേയും അവരുടെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള ചിന്തകളാണ് വികസന സങ്കല്പങ്ങളെ നിയന്ത്രിക്കേണ്ട അടിസ്ഥാന ഘടകം. അതിന് അതിന്റേതായ പൂർണത കൈവരുത്തുന്നതും കാർഷികവൃത്തിയിൽ കൂടി മാത്രമാണ്. വൃത്തതാളനിബിദ്ധമായി മണ്ണിൽ രചിക്കുന്ന കവിതയാണ് കൃഷിയെന്ന് വേണമെങ്കിൽ ആലങ്കാരികമായി പറയാം. ഇവിടെ മലയാളഭാഷ മണ്ണിന്റെ ഭാഷ കൂടിയായി മാറുന്നു. കൃഷി എന്നത് സകല ചരാചരങ്ങളുടേയും നിലനിൽപ്പിനു വേണ്ടിയുള്ള സർഗാത്മക പ്രവൃത്തികൂടിയായിത്തീരുന്നു. ഇത്തരമൊരു കാഴ്ചപ്പാടിന്റെ വേറിട്ട തലത്തിലാണ് ഓരോ കർഷകദിനത്തിലും ആദരിക്കപ്പെടുന്ന കർഷക സമൂഹത്തിന് അന്നദാതാക്കളുടേതായ ഒരു ദാർശനിക ഭാവം കൈവരുന്നത്.
അസ്തമിച്ചീടാത്തൊരധ്വാനശീലത്തിൻ
ഉൾത്തുടിപ്പേറ്റുന്ന പുണ്യഹൃദന്തമേ
അങ്ങറിയുന്നത്ര മണ്ണിന്റെ ആഴം
ആരറിഞ്ഞീടുവാൻ, ഇന്നീയുലകിലായ്?
ഭൂമിയിൽ ഇപ്പോഴുള്ളവരും മൺമറഞ്ഞു പോയവരുമായ എല്ലാ കർഷകർക്കുമുള്ള ആദരവ് ഈ നാലുവരിയിൽ ഒതുക്കുമ്പോഴും കലപ്പ ഏന്താൻ ആളില്ലെന്നാൽ കാലമെന്താവാൻ എന്ന പഴയഒരു ചോദ്യം ആരോ ഓർമ്മപ്പെടുത്തുന്നു.
അതുകൊണ്ടു തന്നെ വീണ്ടും കുറിക്കുന്നു,
കാലത്തിന്റെ വന്ദനം ഏറ്റുവാങ്ങാൻ എക്കാലവും ഈ പ്രപഞ്ചത്തിൽ നിങ്ങളുണ്ടാകട്ടേ…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.