22 December 2024, Sunday
KSFE Galaxy Chits Banner 2

ജീവിത്തിന്റെ കലിഡോസ്കോപ്പിക്ക് കാഴ്ചകള്‍

ഷൈനി മാർട്ടിൻ ജോൺ
May 12, 2024 3:00 am

രാഷ്ട്രീയ പരിസരങ്ങളിലെ മലയാളി, അതിജീവനത്തിന്റെ പ്രതീകമായ മലയാളി എന്നീ ദ്വന്ദങ്ങളിൽ വികസിക്കുന്ന കഥയാണ് ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ. തികഞ്ഞ ആക്ഷേപഹാസ്യത്തിലാണ് സിനിമയുടെ ആദ്യഭാഗം വികസിക്കുന്നത്. മലയാളി യുവതയുടെ ടിപ്പിക്കൽ പ്രതിനിധികൾ എന്ന് പറയാനാകാത്ത, അലസതയിൽ മുഴുകി ജീവിക്കുന്ന ആൽപ്പറമ്പിൽ ഗോപി എന്ന പോളി ഡിപ്ലോമക്കാരനും അവന്റെ കൂട്ടുകാരൻ മൽഘോഷുമാണ് പ്രധാന കഥാപാത്രങ്ങൾ. തങ്ങളുടെ രാഷ്ട്രീയപാർട്ടി, തെരഞ്ഞെടുപ്പിൽ 30 സീറ്റ്, അതും കേരളത്തിൽ നേടുമെന്ന മലർപ്പൊടിക്കാരന്റെ സ്വപ്നം കൊണ്ടുനടക്കുന്നവർ. പണിയെടുക്കാതെ വീട്ടുകാരെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്നവർ. തരത്തിൽ കളിക്കാൻ അറിയാതെ കുട്ടികളുടെ പോലും തല്ലു വാങ്ങുന്നവർ. നേർബുദ്ധിയില്ലാത്ത തങ്ങളുടെ നേതാക്കൾ പറയുന്നത് അപ്പടി കേൾക്കുന്നവർ, എന്തിന് ഒരു പെണ്ണിനെ നേരെ ചൊവ്വേ പ്രേമിക്കാൻ അറിയാത്തവർ ഇങ്ങനെ യഥാർഥ്യവും അതിശയോക്തിയും ഇടകലർത്തിയ കഥാപാത്രസൃഷ്ടിയാണ് നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍.

കേരളത്തിൽ പല പ്രതിലോമ ശക്തികളും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇപ്പോൾ നടക്കാത്തതും എന്നാൽ എപ്പോൾ എവിടെ വേണമെങ്കിലും പാറി വീഴാവുന്നതുമായ, മതവർഗീയതയും രാഷ്ട്രീയവും കൂട്ടുകൂടുന്ന തീപ്പൊരിയിലാണ് കഥയുടെ ട്വിസ്റ്റ്. ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിലെ ജയവും തോൽവിയുമായിരുന്നു ആ തീപ്പൊരി. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നായകന്റെ നാടുവിടലിലും കൂട്ടുകാരന്റെ മരണത്തോടടുത്ത അക്രമത്തിലും കലാശിക്കുകയാണ്. സിനിമയുടെ രണ്ടാം പകുതി അതിജീവനത്തിനായി ഏതറ്റം വരെയും പോകുന്ന മലയാളിയുടെ നേർക്കാഴ്ചയാണ്. മരുഭൂമിയിൽ കൃഷി ചെയ്യാനും ഒട്ടകങ്ങളെ നോക്കാനും ചെന്നു പെടുന്ന നായകൻ തകർന്നു പോകുന്നത്, പാകിസ്ഥാനിയുടെ കീഴിലാണ് തന്റെ ജോലി എന്നറിയുമ്പോഴാണ്. പീഡനകാലം കഴിഞ്ഞ് അവർ സുഹൃത്തുക്കളാകുമ്പോഴേക്കും കോവിഡിന്റെ ഇരയായി അയാൾ മരിക്കുകയും ചെയ്യും. അതിനകം തന്നെ കലാപത്തിൽ മകനെ നഷ്ടപ്പെട്ട, മകളുടെ പഠനം മുടങ്ങാതിരിക്കാൻ പരിശ്രമിക്കുന്ന ആ പിതാവിനെ നായകൻ തിരിച്ചറിഞ്ഞിരുന്നു. അത് അയാളെ പാകിസ്ഥാനിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു. ഒരു പാക് പെൺകുട്ടിയുടെ ജീവിതം മാറ്റിമറിക്കുന്ന മലയാളി എന്ന അതിതീവ്ര ഫാന്റസിയിൽ സിനിമ അവസാനിക്കുകയാണ്.

നിവിൻ പോളിയിലെ ജനപ്രിയ മാനറിസങ്ങൾ ആദ്യപകുതിയിൽ അദ്ദേഹത്തിലെ നടനെക്കാൾ മുഴച്ചു നിന്നെങ്കിലും രണ്ടാം പകുതി വ്യത്യസ്തമായി. അതേ നിലവാരം പക്ഷേ ധ്യാനിന്റെ കഥാപാത്രത്തിന് ഇല്ല. പാക്കിസ്ഥാനിയുടെ വേഷം ദീപക് ജതി നന്നാക്കി. സലിം കുമാർ, മഞ്ജു പിള്ള എന്നിവരുടെ പ്രകടനവും മികച്ചതായി. നായികയ്ക്ക് യാതൊരു പ്രാധാന്യവും ഇല്ലാത്ത ഒരു വേഷം മികച്ച നടിയായ അനശ്വര രാജന് എന്തിന് നൽകി എന്ന് പ്രേക്ഷകർക്ക് തോന്നിപ്പോകും. സമകാലിക സംഭവങ്ങളുടെ ഒരു കലിഡോസ്കോപ്പിക്ക് കാഴ്ച കൊണ്ടുവന്നത് ഒരു മോറൽ സ്റ്റോറി എഫക്ട് കിട്ടാനാണെങ്കിലും അവയുടെ ലോജിക്കൽ കണക്ഷൻ സ്ഥാപിക്കുന്നതിൽ തിരക്കഥയ്ക്ക് പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. രണ്ടു വ്യത്യസ്ത സിനിമകൾ കണ്ട തോന്നലാണ് പ്രേക്ഷകർക്ക് ഉണ്ടാകുന്നത്. കേരളത്തിലെ മതമൈത്രി, ആചാര വൈവിധ്യങ്ങൾ, അതിലെ സ്നേഹപൂർണമായ ഇടകലർപ്പുകൾ, മരുഭൂമിയിലെ ആടുജീവിതം, അധ്വാനിച്ചു ജീവിക്കാനുള്ള മലയാളിയുടെ മടി, യുക്തിസഹമല്ലാത്ത, പ്രകടനപരം മാത്രമായ രാജ്യസ്നേഹം, പാർട്ടി മീറ്റിങ്ങുകളിലെ പതിവ് ന്യായങ്ങൾ, തുടങ്ങി സ്കൂളിലെ ഉച്ചഭക്ഷണവും പിഎ സി കോച്ചിങ്ങും വരെ യാഥാർഥ്യബോധ്യങ്ങൾക്കുവേണ്ടി ചേർത്തിട്ടുണ്ടെങ്കിലും അവിടവിടെ ഒരു ക്ലിഷേ മുഴച്ചു നിൽക്കൽ ഷാരിസ് മുഹമ്മദിന്റെ രചനയിൽ അനുഭവപ്പെടുന്നുണ്ട്. ഓരോന്നും കഥയുടെ ഒഴുക്കിൽ സമഞ്ജസമായി ചേർന്നതല്ല, പ്രേക്ഷകരെ ചിലതൊക്കെ ബോധ്യപ്പെടുത്താൻ വേണ്ടി ചേർത്തതായേ തോന്നുകയുള്ളൂ.

വടക്കൻ കേരളത്തിന്റെ ഭംഗിയും, കുറവെങ്കിലും മരുഭൂമിയിലെ ദൃശ്യങ്ങളും മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഗാനരംഗങ്ങളുടെ ചിത്രീകരണവും പശ്ചാത്തല സംഗീതവും മികച്ചത് തന്നെ. സുദീപ് ഇളമൺ, ജെയ്ക്സ് ബിജോയ് എന്നിവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഗാനങ്ങൾ രചനാഭംഗി കൊണ്ടല്ല, ചിത്രീകരണ മികവിനാലാണ് ശ്രദ്ധിക്കപ്പെടുക എന്നതും എടുത്തു പറയണം. ഗ്രാഫിക്സ്, എഡിറ്റിങ് എന്നിവ ശരാശരി നിലവാരം പുലർത്തി. ഒരുപാട് കാര്യങ്ങൾ ഒറ്റയടിക്ക് നിറച്ച് ഗുണപാഠകഥയുടെ നിലവാരത്തിലേക്ക് എത്തിക്കാൻ നടത്തിയ ശ്രമം ഒഴിവാക്കി അല്പം കയ്യടക്കത്തോടെ കഥ പറയാമായിരുന്നു എന്നതൊഴിച്ചാൽ, അവിശ്വസനീയമായ ക്ലൈമാക്സ് ആണെങ്കിൽ കൂടി ഭേദപ്പെട്ട എന്റർടൈൻമെന്റ് മൂവിയാണ് മലയാളി ഫ്രം ഇന്ത്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.