19 December 2024, Thursday
KSFE Galaxy Chits Banner 2

ആഘോഷവിരുന്നൊരുക്കി ആറാട്ട്

എ ഐ ശംഭുനാഥ്
February 27, 2022 4:40 am

റിയലിസ്റ്റിക് സിനിമകളുടെ പുതിയ തലങ്ങൾ തേടിയുള്ള യാത്രയിലാണ് ഇന്ന് മലയാള സിനിമ. മാസ് മസാല എന്റർടെയ് നർ സിനിമകൾക്ക് ഇനിയൊരു അദ്ധ്യായം മലയാള സിനിമയിൽ ഉണ്ടാവില്ല എന്ന് പല സിനിമാ നിരൂപകരും ഇതിനോടകം മുദ്രകുത്തി കഴിഞ്ഞു. ഈ ഘട്ടത്തിലാണ് ആറാട്ട് എന്ന സിനിമയുടെ വരവ്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ ‘ആറാട്ട്’ ഒരു ഉത്സവമായി മാറുകയാണ്. അണിയറപ്രവർത്തകർ റിലീസിന് മുന്നോടിയായി പലയാവർത്തി പറഞ്ഞ സിനിമയുടെ നിലവാരം അവർ സുരക്ഷിതമായി കാത്തു. ‘രണ്ടേ മുക്കാൽ മണിക്കൂർ നീളുന്ന നിറപ്പകിട്ടാർന്ന ദൃശ്യാനുഭവം’ ആറാട്ടിന്റെ ആസ്വാദനത്തെപ്പറ്റി അവർ പ്രേക്ഷകർക്ക് കൊടുത്തിരുന്ന വാഗ്ദാനം ഇപ്രകാരമായിരുന്നു.
തമിഴിലും തെലുങ്കിലുമുള്ള സൂപ്പർതാരങ്ങളുടെ വാണിജ്യ മൂല്യമുള്ള എന്റർടെയ്നർ സിനിമകൾ കണ്ട് വിജയിപ്പിച്ച മലയാളികൾക്ക് മുന്നിൽ മോഹൻലാൽ എന്ന ബ്രാൻഡിന്റെ സൂക്ഷ്മമായ അവതരണം. അതാണ് ആറാട്ടിലെ നെയ്യാറ്റിൻകര ഗോപൻ എന്ന മോഹൻലാലിന്റെ കഥാപാത്രം. വെറും താരനായക പെരുമയ്ക്കപ്പുറം വിപുലമായ നിരവധി ഡൈമൻഷൻസുകളുള്ള കഥാപാത്രസൃഷ്ടിയാണ് ഗോപന്റേത്. ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ മുഖമാവട്ടെ മലയാളികളുടെ സ്വന്തം ലാലേട്ടന്റേതും.

കേന്ദ്രകഥാപാത്രമായ ഗോപൻ ഒരു പ്രത്യേക ഘട്ടത്തിൽ പാലക്കാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെത്തുന്നു. അയാളുടെ വരവിനു പിന്നിൽ ചില ദുരൂഹമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങൾ. അതാണ് സിനിമയുടെ തിരക്കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
യാഥാർത്ഥ്യബോധ്യത്തിൽ കഥാപാത്രങ്ങൾ ആഴ്ന്നിറങ്ങി നിൽക്കുന്ന സിനിമയല്ല ആറാട്ട്. അത് പ്രതീക്ഷിച്ച് പോകുന്നവർക്ക് നിരാശയാകും ഫലം. എരിവും പുളിയും ഒക്കെ ആവശ്യത്തിന് കാച്ചി കുറുക്കിയെടുത്ത വിഭവമാണ് ഈ സിനിമ. രസകരമായ ആദ്യ പകുതിയിൽ ഇതുവരെ ഇറങ്ങിയ മോഹൻലാൽ സിനിമകളുടെ നിരവധി റഫറൻസുകൾ കാണാൻ സാധിക്കും. വിന്റേജ് ലാൽ ചിത്രങ്ങളുടെ മർമ്മപ്രധാന ഘടകമായ വരിക്കാശ്ശേരി മന ആറാട്ടിലും സ്ഥാനം പിടിച്ചിട്ടുണ്ട്. അതിനാൽ തന്നെ ചിലയിടങ്ങളിൽ ഏതോ പഴയകാല ഗൃഹാതുരമായ സിനിമാ അനുഭൂതി ചിത്രം സമ്മാനിക്കുന്നുണ്ട്. മേൽപ്പറഞ്ഞതരം ജോണറിലുള്ള സിനിമ ആയതിനാൽ കാസ്റ്റിംഗിനും പ്രകടനത്തിനും വലിയ പ്രസക്തി ആറാട്ടിൽ ഉദിക്കുന്നില്ല. എങ്കിലും മോഹൻലാലിന്റെ ഊർജ്ജസ്വലമായ പെർഫോമൻസ് തന്നെയാണ് കാണാനാകുക. സിദ്ദിഖിനെ വേറിട്ട ഹാസ്യ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. നെടുമുടി വേണു, വിജയരാഘവൻ, ജോണി ആന്റണി, ലുക്മാൻ അവറാൻ, സായി കുമാർ, രചന നാരായണൻകുട്ടി തുടങ്ങിയവർ കഥാപശ്ചാത്തലത്തിന് ഇണങ്ങും വിധമുള്ള പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കഥാതന്തുവിൽ പ്രത്യക്ഷത്തിൽ പുതുമകൾ അനുഭവപ്പെടുന്നില്ലെങ്കിലും വേറിട്ട ശൈലിയിൽ രൂപപ്പെടുത്തിയ തിരക്കഥയിലെ ചില ചേരുവകൾ വിജയം കണ്ടു എന്ന് പറയാം. ഗോപന്റെ സംഭാഷണങ്ങളിൽ നെയ്യാറ്റിൻകര ചുവ കൊണ്ടുവരാനുള്ള ശ്രമം നല്ല രീതിയിൽ നടത്തിയിട്ടുണ്ടെങ്കിലും മറ്റു സംഭാഷണങ്ങൾക്കിടയിൽ എവിടെയോ അകപ്പെട്ടുപോയതുപോലെ അനുഭവപ്പെടും. പ്രളയകാലത്ത് ഒരു പാലക്കാടൻ ഉൾഗ്രാമത്തിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയ നാലു ചെറുപ്പക്കാർ. നാട്ടിലെ കുത്തക മുതലാളിയായ എടത്തല മത്തായി തന്റെ പാടം നികത്തി ടൗൺഷിപ്പ് ആയി മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു. അതിനെതിരെ ശബ്ദമുയർത്തുന്ന ചെറുപ്പക്കാർ. എടത്തല മത്തായി തന്റെ രക്ഷക്കായി കൊണ്ടുവരുന്ന തന്ത്രശാലിയായ നെയ്യാറ്റിൻകര ഗോപൻ. പാടം നികത്താനുള്ള അയാളുടെ ശ്രമഫലങ്ങളാണ് സിനിമയെ സംഘർഷഭരിതമാക്കുന്നത്. തുടർന്ന് മറ്റൊരു വഴിത്തിരിവിലേക്ക് കഥ തിരിയുന്നു. ഗോപന്റെ ബാക്ക്സ്റ്റോറിയാണ് അതിന് ആധാരം.

രാഹുൽ രാജിന്റെ പശ്ചാത്തലസംഗീതം സിനിമയുടെ ഒഴുക്കിനൊത്ത് സഞ്ചരിക്കുന്നു. ഗാനങ്ങൾ ഉൽസവപ്രതീതിയുള്ള ആംബിയൻസ് ഉണ്ടാക്കുന്നു. നായകന്റെ ഇൻട്രോ സീനിലും മറ്റുമുള്ള ബാക്ക്ഗ്രൗണ്ട് സ്കോർ ശക്തമായ രീതിയിൽ ദൃശ്യത്തിനൊത്ത് ബ്ലെന്റ് ആയിട്ടുണ്ട്. ഷമീർ മുഹമ്മദിന്റെ എഡിറ്റിങ് സിനിമയുടെ താളത്തെ ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഷോട്ടുകൾ യഥാക്രമത്തിൽ പശ്ചാത്തലസംഗീതത്തോടൊപ്പം പ്രതിഷ്ഠിച്ചിട്ടുണ്ട്.
ആക്ഷൻ കോറിയോഗ്രാഫി ഇത്തരം ശ്രേണിയിലുള്ള സിനിമകളുടെ ഫോർമാറ്റിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ആർട്ട് വിഭാഗം പല വസ്തുക്കളിലും ക്ലാസിക്ക് ടച്ച് വരുത്തിയെടുക്കാൻ ശ്രമിച്ചത് പ്രശംസനീയമാണ്. വിജയ് ഉലകനാഥിന്റെ ഛായാഗ്രഹണം ആറാട്ടിന്റെ ആവിഷ്ക്കാരതലത്തെ ശക്തിപ്പെടുത്തുന്നു.

ബി ഉണ്ണികൃഷ്ണന്റെ വാണിജ്യ സിനിമകളെക്കുറിച്ചുള്ള വ്യക്തമായ വീക്ഷണത്തിന്റെ ഫലമാണ് ആറാട്ട്. എല്ലാതരം പ്രേക്ഷകസമൂഹത്തിനും ഉൾക്കൊള്ളാൻ സാധിക്കുന്ന ചലച്ചിത്രഭാഷ്യമാണ് സംവിധായകൻ ഈ ചിത്രത്തിനായി നൽകിയിരിക്കുന്നത്. ടോട്ടാലിറ്റിയിൽ സിനിമ ഏതൊരു തരം പ്രേക്ഷകനും അങ്ങേയറ്റം ആസ്വാദ്യയോഗ്യമാക്കുന്നുണ്ട്. ആരാധകർക്കും കുടുംബസദസിനും ഒരുപോലെ വിനോദത്തിനുള്ള വക ഉണ്ണികൃഷ്ണൻ സമ്മാനിച്ചിട്ടുണ്ട്. പുറംമോടിയുടെ ഭംഗിയിലുള്ളത് പോലെയല്ല ഈ ഭൂഗോളത്തിൽ പലതും. എല്ലാ മനുഷ്യരും അവരുടെ സ്വകാര്യതയിൽ തങ്ങളുടെ മുഖംമൂടി അഴിച്ചുമാറ്റിയാൽ തനിസ്വരൂപം ദർശിക്കാനാകും. സ്വാർത്ഥതയും അത്യാഗ്രഹവും മനുഷ്യന്റെ കൂടപിറപ്പായി തന്നെ എന്നെന്നും നിലകൊള്ളും. ഇത്തരം കണ്ടെത്തലുകളുടെ ഫലമായി കൂടി ആറാട്ടിന്റെ കഥയെ കാണാം.

സിനിമയിലെ യുക്തിയെ ചോദ്യംചെയ്യുന്നവർക്ക് ആറാട്ട് എന്ന ചലച്ചിത്രാവിഷ്കാരത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലായെന്നുവരില്ല. സിനിമയെ സിനിമയായി തന്നെ സമീപിക്കേണ്ടതുണ്ട്. ജീവിതത്തിൽ ഇങ്ങനെയൊക്കെ നടക്കുമോ? ഇത്രയും പേരെ അടിച്ചിടാൻ ഒരാൾ മതിയോ? ഇത്തരം ബാലിശമായ ചോദ്യങ്ങൾ നിരൂപകസമൂഹം മാറ്റി പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമാ വ്യവസായത്തിന്റെ വളർച്ച ഒരു പ്രത്യേക ജോണറിലുള്ള സിനിമകളെ കേന്ദ്രീകരിച്ചാവരുത്. മറിച്ച് എല്ലാതരം സിനിമകളെയും ആശ്രയിച്ചാവണം. രജനീകാന്തിന്റേയും വിജയിന്റേയും അജിത്തിന്റേയും സിനിമകൾക്ക് ടിക്കറ്റ് എടുക്കാൻ കാണിക്കുന്ന അതേ ആവേശവും പ്രചോദനവും മലയാള സിനിമയോടും കാണിച്ചാൽ നന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.