26 December 2024, Thursday
KSFE Galaxy Chits Banner 2

ഉള്ളുരുക്കങ്ങളുടെ കുത്തൊഴുക്കുകൾ

ഷൈനി മാർട്ടിൻ ജോൺ
July 7, 2024 3:00 am

പ്രശസ്ത കപ്പിൾ തെറാപ്പിസ്റ്റ് ആയിരുന്ന സ്യു ജോൺസൻ പറയുന്നുണ്ട്, ‘നമ്മൾ നമ്മളല്ലാത്ത മാറ്റാരോ ആയി വേഷമിടുകയാണ്. എന്നാൽ അതിനടിയിൽ നാമെല്ലാവരും ഒരേ ആഗ്രഹത്തോടും ഭയത്തോടും കൂടിയാണ് ജീവിക്കുന്നത്’ എന്ന്. പൊരുത്തപ്പെടാനാകാത്ത ജീവിതങ്ങളിൽപ്പെട്ടുപോയവർക്കുള്ള ഇത്തരം ജീവൻരക്ഷാ തെറാപ്പിയെക്കുറിച്ച് കേൾക്കാൻ ഇടയായാൽ ലോകത്തെ ഏത് പുതിയ മാറ്റവും വിരൽത്തുമ്പിലറിയുന്ന മലയാളി അതൊക്കെ തന്റെ വിശാല ശേഖരത്തിൽ മുതൽക്കൂട്ടാക്കുന്ന അറിവുകളായി സ്വീകരിച്ചേക്കാം. പക്ഷേ അവന്റെ ജീവിതവീക്ഷണത്തെ അതൊന്നും തരിമ്പും മാറ്റാൻ പോകുന്നില്ല. വൈവാഹിക ജീവിതമെന്നാൽ മതവും കുടുംബവും പാരമ്പര്യവും സാമ്പത്തിക ചുറ്റുപാടും നടപ്പുശീലങ്ങളും ഒക്കെ ചേർന്ന വാഴ്ത്തുപാട്ടുകളുടെ അകമ്പടിയോടെ നടക്കുന്ന ഒരു നാട്ടാചാരം മാത്രമാണിന്നും മലയാളിക്ക്. ജീവിതത്തിന്റെ ഒന്നാം പകുതി കടന്നുകഴിയുമ്പോഴേക്കും അതിസ്വാഭാവികതയോടെ ഈ ജീവിതത്തെ സ്വീകരിച്ച ഒരുവളും അവളോട് നേർക്കുനേർ കലഹിക്കേണ്ടി വരുന്ന, ജീവിതകാമനകളെന്ന, ഒതുക്കമില്ലാത്ത ചോദനകളെന്ന കുത്തൊഴുക്കിൽപ്പെട്ടുപോകുന്ന മറ്റൊരുവളും തമ്മിലുള്ള സങ്കീർണമായ ബന്ധമാണ്, അവരുടെ ഉള്ളുരുക്കങ്ങളാണ് ഉള്ളൊഴുക്ക് എന്ന സിനിമ.

വിവാഹിതയായി തോമസുകുട്ടി എന്ന ഭർത്താവിനോപ്പം പോകുന്ന അഞ്ജു എന്ന പെൺകുട്ടി മുമ്പ് തന്റെ പ്രണയത്തിനു വേണ്ടി കുടുംബത്തിൽ ആവോളം യാചിച്ചിരുന്നവളാണ്. പക്ഷേ അപ്പന് മതവും സമൂഹവും പ്രശ്നം. രോഗിയായ പയ്യനാണ് വരൻ എന്ന് അറിയാമായിരുന്ന അമ്മയ്ക്ക് മകളുടെ ഭാവി സാമ്പത്തിക ഭദ്രതയായിരുന്നു പ്രാധാന്യം. തോമസുകുട്ടിയുടെ അമ്മ ലീലാമ്മയാകട്ടെ തന്റെ മകന് ഒരു ജീവിതവും അതിലൂടെ കുടുംബത്തിനു തുടർച്ചയും ആഗ്രഹിക്കുന്ന ഒരാളാണ്. അതിന് തന്നേക്കാൾ താഴെ നിൽക്കുന്ന കുടുംബത്തിൽ നിന്ന് പെൺകുട്ടിയെ സ്വീകരിക്കുന്നു. നിവർത്തികേടുകളുടെ ഉള്ളൊഴുക്കുകൾക്കിടയിൽ ഗത്യന്തരമില്ലാതെ വിവാഹത്തിനു വഴങ്ങുന്ന അനേകം പെൺകുട്ടികളുടെ പ്രതിനിധിയാണ് അഞ്ജു. ശരീരം കൊണ്ടു പൂർണമായും മനസുകൊണ്ട് ഒരു പരിധിവരെയും അവൾ ഭർത്താവിന് വിധേയപ്പെടുകയും ചെയ്തു. എന്നാൽ തന്റെ പ്രണയത്തുടർച്ച തല്‍ക്കാലത്തക്ക് നിർത്തിയെങ്കിലും ഉപേക്ഷിക്കാൻ അവൾ തയ്യാറായിരുന്നില്ല. ശരീരത്തിന്റെ കാമനകളെ തടുത്തു നിർത്താൻ ശ്രമിച്ചതുമില്ല. യാഥാസ്ഥിതിക മത കാഴ്ചപ്പാടുകളെയും സിനിമ കാണുന്ന പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ട്, ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്പര വിശ്വാസത്തോടെ ജീവിക്കും എന്ന ക്രിസ്ത്യൻ വിവാഹഉടമ്പടിയെ അവഗണിച്ചുകൊണ്ട്, രോഗിയായി മാറിയ ഭർത്താവിൽ നിന്നും അകലം പാലിച്ച് അവൾ മുൻകാമുകനെ തേടി പോകുന്നു. അവനിൽ നിന്ന് ഗർഭം ധരിക്കുകയും ചെയ്യുന്നു.
തന്റെ മകന്റെ സങ്കീർണ രോഗാവസ്ഥക്കിടയിലും ലീലാമ്മ ആശ്വസിക്കുന്നു, മകന് കുഞ്ഞുണ്ടാകുമല്ലോ. അക്കാര്യം മകനെ അറിയിക്കാൻ മരുമകളെ അവർ നിർബന്ധിക്കുന്നു. ആ വാർത്ത കേൾക്കാതെ തന്നെ തോമസുകുട്ടി മരിക്കുന്നു. ഈ മരണത്തോടെയാണ് സിനിമയിലെ സംഘർഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും കഠിനമായ ഉള്ളൊഴുക്കുകളുടെയും തുടക്കം. കുട്ടനാടെന്ന പശ്ചാത്തലം ഏറ്റവും അനുയോജ്യമാകുന്നതും ഇവിടെത്തന്നെ. 

തിമിർത്തുപെയ്യുന്ന മഴയിൽ അടക്കം ചെയ്യാനാകാത്ത മൃതദേഹമായി തോമസുകുട്ടി. വീടാകട്ടെ അടക്കിപ്പിടിക്കാനാകാത്ത സംഘർഷങ്ങളിലേക്ക് വീഴുകയാണ്. ശവമടക്ക് കഴിഞ്ഞാൽ കാമുകന്റെ കൂടെ പോകുമെന്നുറപ്പിച്ച, അത് തുറന്നുപറയുന്ന അഞ്ജു. മകന്റെ കുഞ്ഞല്ല എന്നറിഞ്ഞിട്ടും അഭിമാനം സംരക്ഷിക്കാനും, കുഞ്ഞിനു വേണ്ടിയും മകന്റെ ഭാര്യയോട് ആവശ്യപ്പെടുന്ന, അവൾക്ക് സ്വത്തുക്കൾ വാഗ്ദാനം ചെയ്യുന്ന ലീലാമ്മ. ഇപ്പോഴും മകളെ നേരെയാക്കാൻ വെമ്പുന്ന, ഭീഷണിപ്പെടുത്തുന്ന ദുരഭിമാനിയായ ജോർജ്, വയ്യാത്ത ആളാണെന്ന് അറിഞ്ഞപ്പോൾ നിനക്കൊന്ന് കരുതി ഇരിക്കാരുന്നില്ലേ എന്ന് ചോദിക്കുന്ന അമ്മ. ഓർക്കാപ്പുറത്ത് തോമസുകുട്ടിയുടെ മുൻരോഗചരിത്രം അഞ്ജുവിന് മുന്നിൽ വെളിപ്പെടുത്തിപ്പോകുന്ന ബന്ധു. പുതിയ ജീവിതം തുടങ്ങാൻ മുൻഭർത്താവിന്റെ സ്വത്ത് ചോദിച്ചുവാങ്ങാൻ നിർബന്ധിക്കുന്ന കാമുകൻ. എല്ലാവരും അവരവരുടെ നിലപാടുകളിൽ തെറ്റു കാണാത്തവരാണ്. മറ്റൊരു ഓപ്ഷനും ഇല്ലാത്ത വിധം നിസഹായരുമാണ്. മരണവീട്ടിൽ പരിചിതമല്ലാത്ത വാക്കുതർക്കങ്ങൾ അതുവരെ മൂടിവച്ച പല മിഥ്യാഭിമാനങ്ങളെയും തരിപ്പണമാക്കുന്നു. സത്യം അടക്കാനാകാത്ത മൃതദേഹം പോലെ ഒരു ബാധ്യതയായി തുടരുന്നു. ഒരിക്കൽ നടന്നു കഴിഞ്ഞതൊന്നും പിന്നോട്ട് പോയി തുടക്കം മാറ്റാൻ ആർക്കും സാധ്യമല്ല. പക്ഷേ എവിടെ നിൽക്കുന്നോ അവിടെ നിന്ന് മാറി ചിന്തിച്ചാൽ ചിലതിന്റെ അവസാനമെങ്കിലും മാറ്റാൻ പറ്റുമെന്നാണ്. ലീലാമ്മ അതിന് തയ്യാറാകുന്നു. മരിച്ച ഭർത്താവിന്റെ ശവമടക്കിക്കഴിഞ്ഞാൽ കാമുകനായ രാജീവിനോപ്പം പോകാൻ അഞ്ജുവിനെ അവർ അനുവദിക്കുന്നു. അതിനനുവദിക്കാൻ അവളുടെ അച്ഛനെ പ്രേരിപ്പിക്കുന്നു. അടക്കം കഴിയുന്നതോടെ ഒപ്പം പോകാൻ തയ്യാറായി വന്ന അഞ്ജുവിനോട് ഭർത്താവിന്റെ സ്വത്തുക്കൾ വാങ്ങിയെടുക്കാത്തതിൽ അതൃപ്തി കാട്ടുകയാണ് കാമുകൻ. മറ്റൊരുത്തന്റെ കൂടെ കിടന്ന നിന്നെ ഞാൻ സ്വീകരിക്കുന്നില്ലേ എന്ന ഔദാര്യവും പുച്ഛവും അത് സ്നേഹം കൊണ്ടാണെന്ന പുറംപൂശലും അഞ്ജുവിനെ തകർത്തു കളയുന്നു. കുടുംബമെന്ന അദൃശ്യപ്രേതഭവനത്തിൽ നിന്നിറങ്ങി വന്നത് മറ്റൊരു കുടുംബത്തിന്റെ സ്വസ്ഥതയും സുരക്ഷയുമെന്ന സങ്കല്പത്തിന്റെ കരിമ്പനമുകളിലേക്കാണെന്ന് അവൾ നിസഹായതയോടെ തിരിച്ചറിയുന്നു. രാവ് പുലർന്നാൽ എല്ലും മുടിയും മാത്രം അവശേഷിക്കുന്നിടമാണ് അതും. അവൾ തിരിച്ചു പോകുകയാണ്. അവളെ ആഴത്തിൽ മനസിലാക്കിയ ലീലാമ്മ എന്ന സ്ത്രീയോടൊപ്പം, ഒരേ വഞ്ചിയിൽ, ഒഴുക്കിനെതിരേ.
ജലം ഈ സിനിമയിൽ ഉടനീളം ഒരു പ്രതീകമായി വർത്തിക്കുന്നു. സർവത്ര വെള്ളമുണ്ടെങ്കിലും ദാഹം ശമിക്കാത്ത കുട്ടനാടൻ ഭൂപ്രകൃതി പോലെയാണ് കഥാപാത്രങ്ങളും. കുടുംബത്തിന്റെ കെട്ടുറപ്പെന്ന പൊയ്ക്കാലുകൾ പെറുക്കിവച്ചു അകത്തും പുറത്തുമുള്ള വെള്ളത്തിലൂടെ ബദ്ധപ്പെട്ടു നടക്കേണ്ടി വരുന്നവർ. മരണമെന്ന ഇരുൾ മൂടിയ കടവിൽ നിന്ന് സ്വയമൂന്നിത്തന്നെ ഇഷ്ടജീവിതമെന്ന തുരുത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്ന നായിക. പ്രളയപ്പെരുംവെള്ളം പോലെ അടങ്ങാത്ത കണ്ണീരിലായിപ്പോകുന്ന ഒരമ്മ. പക്ഷേ അവർക്ക് പരസ്പരം മനസിലാകും. അതുകൊണ്ടാണ് ജലമിറങ്ങുമ്പോൾ ഒരേ പേരിലുൾപ്പെട്ട രണ്ടുപേരായി ജീവിക്കാൻ ഒരു പേടകത്തിൽ പ്രളയം കടന്ന് അവർ പോകുന്നത്. അവരുടെ ഉള്ളൊഴുക്കുകൾ കലങ്ങിമറിഞ്ഞ പുഴ പോലെ ഒന്നിച്ചൊഴുകുന്നത്.

ലോകത്തെവിടെയും അവനവൻ കടമ്പകൾ മാത്രമുള്ള, ഒന്നും പുതുതായി വാഗ്ദാനം ചെയ്യാത്ത കേവലജീവിതത്തിന്റെ ഒഴുക്കിനൊത്തു നീന്തേണ്ടി വരുന്ന നിസാരമനുഷ്യജന്മങ്ങളാണ് ബഹുഭൂരിപക്ഷവും. അത്തരം ജീവിതങ്ങളെയും നാടകീയത ചോരാതെ ദൃശ്യഭാഷയുടെ ക്രാഫ്റ്റിലേക്ക് ഇഴുക്കിച്ചേർത്താൽ മനോഹരമായ കലാസൃഷ്ടികൾ ഉണ്ടാകും എന്ന് ഈ സിനിമ തെളിയിച്ചിരിക്കുകയാണ്. ആൺ കാഴ്ചപ്പാടുകൾക്ക് ആധിപത്യമുള്ള മലയാളത്തിൽ തികഞ്ഞ സ്ത്രീപക്ഷസിനിമകളും വിജയിക്കുമെന്ന് സംവിധായകൻ ക്രിസ്റ്റോ ടോമി തെളിയിച്ചിരിക്കുന്നു. മഹാനടിയായ ഉർവശിയുടെ ലീലാമ്മയായുള്ള പകർന്നാട്ടം അദ്ഭുതാദരങ്ങളോടെയേ കണ്ടിരിക്കാനാകൂ. വിരലുകൾ, മുഖപേശികൾ, കണ്ണിമകൾ ഒക്കെ എങ്ങനെ അഭിനയിക്കണം എന്നതിന്റെ പാഠപുസ്തകമാണവർ. പാർവതി തിരുവോത്ത് എന്ന സൂക്ഷ്മാഭിനയത്തിന്റെ മാതൃകയെ എത്രയാണ് മലയാളസിനിമ അതിന്റെ ഈഗോ പ്രശ്നങ്ങളിൽ നഷ്ടപ്പെടുത്തിയത് എന്ന ചോദ്യം ഈ സിനിമ കണ്ടിറങ്ങുമ്പോൾ അവശേഷിക്കും. സിനിമയ്ക്ക് തെരഞ്ഞെടുത്ത അഭിനേതാക്കൾ എല്ലാവരും കഥാപാത്രങ്ങളോട് നൂറു ശതമാനം തന്നെ നീതി പുലർത്തിയിട്ടുണ്ട്.
കേരളത്തിൽ നിരന്തര വെല്ലുവിളികളിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു ജനതയാണ് കുട്ടനാട്ടിലേത്. പതിവു സിനിമാ ദൃശ്യങ്ങളിലെ അൽപനേരത്തെ നൊസ്റ്റാൾജിയക്കുവേണ്ടി പകർത്തപ്പെടുന്നതല്ല അവിടുത്തെ യഥാർത്ഥ ജീവിതം. ഭൂപ്രകൃതിയും മഴയും പ്രളയവും അവിടെ നിത്യജീവിതം എത്ര ദുസഹമാക്കുന്നു എന്നതിന്റെ നേർക്കാഴ്ചകളിലൂടെയാണ് ഷെഹ്നാദ് ജലാലിന്റെ ക്യാമറ സഞ്ചരിക്കുന്നത്. പ്രകൃതിയും മനുഷ്യനും വികാരങ്ങളിൽ താദാത്മ്യം പ്രാപിക്കുന്ന ദൃശ്യങ്ങളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് ദൃശ്യമാണ്. ഈ ദൃശ്യങ്ങൾ ഉണ്ടാക്കിയെടുത്ത ആർട്ട് ഡയറക്ടർ മുഹമ്മദ് ബാവയുടെ കഴിവും പ്രശംസനീയം. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം, വൈകാരികരംഗങ്ങളിൽ പ്രത്യേകിച്ചും ദൃശ്യങ്ങൾ നൽകുന്ന സെൻസറി എഫക്ട് പൂർണമാക്കുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് എഡിറ്റിങ്ങാണ്. ഒരുപാടൊന്നും പറയാതെതന്നെ അഞ്ജുവിന്റെ ജീവിതത്തിന്റെ 360 ഡിഗ്രി ടേൺ തുടക്കത്തിലെ കേവലം രണ്ടു ദൃശ്യങ്ങളിലൂടെ കാട്ടിത്തരികയാണ്. എന്നാൽ കഥാഗതി മുന്നോട്ടു കൊണ്ടുപോകാൻ ചില പതിവ് ക്ലിഷേ ഫ്ലാഷ് ബാക്കുകൾ കാണിച്ചത് ചെറിയ അഭംഗിയുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.