‘അടുത്ത ബെല്ലിന് നാടകം ആരംഭിക്കും: നാടകവും എഴുത്തും’ എന്ന പുസ്തകം ഓർമ്മകളുടെ അടയാളപ്പെടുത്തലുകളാണ്. ‘ഞാനിവിടെ പറയുന്നത് എന്റെയും നിങ്ങളുടെയും ഓർമ്മകളാണെന്ന് ഞാൻ കരുതുന്നു’ എന്ന് ആമുഖത്തിൽ എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തുന്നു. രചയിതാവും അഭിനേതാവുമായി നാടകലോകവുമായി ബന്ധപ്പെട്ടു തുടങ്ങിയ, എൺപതുകൾ തൊട്ടുള്ള വളർച്ചയും വിളർച്ചയും മുതൽ 2024വരെയുള്ള തന്റെ അനുഭവങ്ങളുടെയും കാഴ്ചകളുടെയും ഹൃദയബന്ധങ്ങളുടെയും സ്മരണകൾ ഇതിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. കഥാകാരൻ എന്നിലയിൽ കേരളത്തിലെ വായനാലോകത്തിന് പരിചിതനായ വിശ്വൻ പടനിലമാണ് പുസ്തകത്തിന്റെ രചയിതാവ്. നാടകവും ജീവിതവും ഇതിലുമണ്ട്. ഒപ്പം, നാടക ജീവിതവും. ‘മാളവികയുടെ വീടുമുതൽ’, ‘ചൈത്രമാസത്തിലെ സൂര്യൻ’ തുടങ്ങി ഓരോ അധ്യായത്തിലേക്കും വായനക്കാരെ ക്ഷണിക്കുന്ന ഓരോ തലവാചകത്തിനമുണ്ട്, ചെറുകഥയുടെ ചൂരും നാടകീയതയും. പുസ്തകത്തിന്റെ പേരുതന്നെ നാടകത്തെ അനുസ്മരിപ്പിക്കുന്നുണ്ട്.
ഓർമ്മകളിൽ ഉൾപ്പെടുന്ന പുസ്തകമാണിത്. വീട്ടോർമ്മയും നാട്ടോർമ്മയും ഉണർത്തുന്നവയാണ് ഇതിലെ രചനകൾ. ഓർമ്മകൾ ഉണ്ടായിരിക്കുക എന്നത് പ്രതിബദ്ധതയുടെ രാഷ്ട്രീയമാണ്. ചരിത്രത്തിൽ ഇടംകിട്ടാതെ വിസ്മൃതിയിൽ ആണ്ടുപൂണ്ട എത്രയോപേർ നമുക്കു ചുറ്റുമുണ്ട്. അപ്രകാരം മറവിയുടെ കയത്തിലേക്ക് മുങ്ങിത്താണുപോയ, നാട്ടുമ്പുറങ്ങളുടെ വട്ടകയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരുപിടി കലാകാരന്മാരെയും വിശ്വത്തോളം കീർത്തിനേടിയ നാടക കലാരംഗത്തെ മഹാരഥന്മാരെയും ഒരുപോലെ ആലേഖനം ചെയ്യുന്നവയാണ് പുസ്തകത്തിലെ ഓരോ അധ്യായവും. പുന്തലവീട്ടിൽ രാഘവൻ താങ്കൾ, പുത്തൻ കുറ്റിയിൽ പുഷ്കരൻ ചേട്ടൻ തുടങ്ങിയവർ ഇതിൽപ്പെടുന്നു. നാടകചരിത്രത്തിന്റെ, രംഗകലാവളർച്ചയുടെ പടവുകളിൽ ചെറുതെങ്കിലും പ്രസക്തമായ സംഭാവനകൾ നൽകിയവരാണ് ഇവരിൽ ഓരോരുത്തരും. അതിനാൽ അവയുടെ രേഖപ്പെടുത്തൽ ചരിത്രപരമാണ്. ഒരേസമയം സൂക്ഷ്മ ചരിത്രത്തിന്റെ അടരുകളായും അനുഭവച്ചൂരിന്റെ സ്മൃതിരേഖകളായും അവ ലാവണ്യ മധുരമായി പുസ്തകത്തിൽ കോറിയിടപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തിന്റെ ശാരംഗപാണി, തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോൻ തുടങ്ങി ഇന്നത്തെ തലമുറയ്ക്ക് അധികം പരിചയമില്ലാത്തവർമുതൽ ഫ്രാൻസിസ് ടി. മാവേലിക്കര, രാജേഷ് ഇരുളം തുടങ്ങിയവരും തോപ്പിൽ ഭാസി, ഓയെൻവി, രാഘവൻമാസ്റ്റർ തുടങ്ങിയവരും മിഴിവാർന്ന രീതിയിൽ അനുസ്മരിക്കപ്പെടുന്നു.
നാടകം മാത്രമല്ല, ഇതിന്റെ ഉള്ളടക്കത്തിൽപ്പെടുന്നത്. റേഡിയോയും സിനിമയും സമകാലിക സാഹിത്യവും എല്ലാം ഇതിൽ കടന്നുവരുന്നു. മനുഷ്യത്തമാണ് ഈ രചനകളുടെയെല്ലാം അടിപ്പടവായി വർത്തിക്കുന്ന ഗുണം. ഒരുവ്യക്തി, കലാകാരൻ, എഴുത്തുകാരൻ രൂപപ്പെടുന്നതിന് തനിക്കു ചുറ്റുമുള്ളവർ എങ്ങനെയെല്ലാം ഉപകാരപ്രദമാവുന്നുവെന്ന് കൃതജ്ഞതാനിർഭരമായിത്തന്നെ പറയാതെ, പറയുന്നുണ്ടിതിൽ. മറ്റെഴുത്തുകളെ ശ്രദ്ധിക്കുവാനും അവരെ അംഗീകരിക്കുവാനും, ‘നാട്ടിലിപ്പോൾ ഒത്തിരി എഴുത്തുകർ’ എന്ന ഒരധ്യായം നീക്കിവെച്ചിരിക്കുന്നു. പടനിലമെന്ന സ്വന്തം തട്ടകത്തിന്റെ ചരിത്ര രേണുക്കളും അരുചിയില്ലാത്തവിധം അവതരിപ്പിച്ചിരിക്കുന്നതിൽ എഴുത്തുകാരൻ ശ്രദ്ധിച്ചിരിക്കുന്നു.
മുഴക്കമുള്ള ഘനഗംഭീരമായ സ്വന്തം ശബ്ദത്തിൽ വിശ്വൻ പടനിലമെന്ന കഥാകാരൻ നമ്മുടെ തൊട്ടരികിലിരുന്ന് പറഞ്ഞു തരുംപോലെ ഓരോവാക്കും വരിയും ഹൃദയത്തിൽ മുഴങ്ങിയുണരുന്ന പ്രതീതിയുളവാക്കും വിധമുള്ള രചനാകൗശലം കൃതിയിലുടനീളം കാണാം.
ഓർമ്മയെഴുത്തുകൾ ആത്മകഥകളുടെ റിഹേഴ്സലുകളോ ട്രെയിലറുകളോ ആണ്. സാധാരണ അത്തരം രചനകളിൽ മുഴങ്ങിനിൽക്കുന്നത് എഴുത്തുകാരനിലെ ‘ഞാൻ’ ആണ്. എഴുത്തുകാരന്റെ കണ്ണിലൂടെയും വിലയിരുത്തലുകളിലൂടെയുമാണ് ഇതിലെ സംഭവങ്ങളും അനുഭവങ്ങളും വളർന്നുവിടരുന്നതെങ്കിലും അതിൽ അഹം അശേഷം കടന്നുവരുന്നില്ല. അത് വലിയെരു മാതൃകയാണ്. വായിച്ചവസാനിപ്പിക്കുമ്പോൾ, ആമുഖത്തിൽ, എഴുത്തുകാരൻ പറയുന്നത് അക്ഷരാർത്ഥത്തിൽ ആരും സമ്മതിച്ചുപോകും. വിശേഷിച്ചും ഉത്സവപ്പറമ്പുകളിലൂടെ ഒഴുകിനടന്നിരുന്ന എൺപതുകളിലെ ബാല്യകൗമാരങ്ങൾക്ക്.
അടുത്തബെല്ലിന് നാടകം ആരംഭിക്കും
നാടകവും എഴുത്തും
(ഓര്‍മ്മ)
വിശ്വൻ പടനിലം
ഉൺമ, നൂറനാട്
വില: ₹200
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.