രുധിരമണമൊഴുകിവരുമിനി പുഴകൾകടലായ്
പ്രളയമഴു പിഴുതെറിയും പ്രകൃതി വരവാകും
തിന്മകളിൽ കൊത്തുമഴകിന്റെ ശിലയെല്ലാം
വന്മതിലുപോലെയടരുന്ന യുഗമെന്നോ?
തനിയെ വിധു തൊടുവതിനു കലുഷതകളാകാം
അനുദിനമിതുരിയുവതിനില്ലൊരപമാനം
മലമുകളിലധിവസിക്കുമുഗ്രചാമുണ്ഡി
തലപിടയും ഗുരുതികളിൽ വരമരുളി വീണ്ടും
അഴിമതിയിൽ വഴുതി മുഴുകുന്ന മനമൊക്കെ
പിഴവു കഴിവാക്കി നിറയുന്നു ജഗമാകെ
നിഴലു നിറയുന്നു പല പഴുതുകളാലുള്ളിൽ
പഴികൾ പുഴുകുത്തി നോവിക്കയതുമില്ലാ
വേവുപഥമാരെരിയുമാർക്കതിനു ചേതം
ചാവുകടൽമാലകളിലാരവമുഴക്കം
കാവൽകരലാളനകൾ ചൂഷണപ്രകൃതം
തേവുചാൽ കണ്ണിണകൾ താണ്ടി മറയുന്നു
സ്വയമനുചിതം അധമ നിഗ്രഹ വിനാശം
കയറിവരുമുടലിലൊരു കാളിയതു പോലെ,
എരിവെയിലുകോപമുരുകുന്ന ബലികർമ്മം
തിരുനടയിൽ മലമുകളിൽ മോക്ഷനൈവേദ്യം
അടിയിൽനിലമിവിടെയൊരു കാളിയിനിയില്ലാ
കടകമടവിതിലെ വിതറുന്ന പൊതുചിന്ത
അടിയുമതിമോഹമയ ധൂമമുയരുമ്പോൾ
മുടിവിതറി അലറി വരുമുഗ്രചാമുണ്ഡി
ഉണ്ടിവിടെ ശൂലമവയേന്തി പലരൂപേ
മിണ്ടുമതിൻ മുൻപുടയും മണ്ടകളുമായി
കുന്നുപുറമങ്ങവിടെ വാണരുളും ദേവി
വന്നണയു ദുഷ്ടഹരശക്തി ഭയരൂപി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.