24 November 2024, Sunday
KSFE Galaxy Chits Banner 2

ഒറ്റപ്പെട്ടവന്റെ കൂടാരം

ടി എ പാലമൂട്
കഥ
May 14, 2023 2:16 am

മരുഭൂമിയിലെ വാസം അസഹ്യതയുടെ ആത്മസംഘർഷത്തിൽപ്പെട്ടുഴലുന്ന ജീവിതവേദന വിളിച്ചോതുന്നവയായിരുന്നു. ചൂടുകൊണ്ട് വിയർപ്പൊഴുകിയപ്പോൾ ശരീരഗന്ധത്തിന്റെ തീഷ്ണത സ്പർശോന്മാദത്തിനു വിലങ്ങിട്ട മനസുകൾ. ശരീരങ്ങൾ അകന്നകന്നു ദുഃഖത്തിന്റെ കയ്പുനീരു കുടിച്ചപ്പോൾ ആഹ്ളാദത്തിന്റെ തിരകൾ പതഞ്ഞുപൊന്തിയ രതിവിസ്മയദിനങ്ങളുടെ സ്മൃതി അല്പം കുളിരുണർത്തി. ഓർമ്മകളിൽ മാത്രം ഒതുങ്ങിയ സന്തോഷദിനങ്ങൾ. മധുവിധു. അതെ ഒരു ദിവസത്തേക്കുമാത്രം നുകരുന്ന തേനൊലി. പൂർണചന്ദ്രൻ ഒരു ദിവസത്തേക്കു മാത്രമാണെന്ന സത്യം ഓർക്കാതെപോയല്ലോ.
അന്ന് കൂടാരത്തിൽ തങ്ങൾക്ക് ഉത്സവദിനങ്ങളായിരുന്നു. മെത്തവിരിച്ച പച്ചപ്പിന്റെ മൃദുത്വവും സുഖമഞ്ഞിന്റെ കുളിരും കൂടാരത്തിന്റെ സമ്പന്നസന്തോഷമായിരുന്നു. ശരീരങ്ങളുടെ ആലിംഗനച്ചൂടിൽ ഉന്മാദലഹരിയുടെ ഉന്മത്തതയിൽ പ്രകൃതി നൽകുന്ന സംതൃപ്തിയിൽ വിലയിച്ചുണർന്ന തന്റെ പൂർവകാല ജീവിതം. ഇപ്പോൾ ഓർമ്മകളിൽപ്പോലും കെട്ടുപോയ ദീപം. അവളുടെ കരുതലിന്റെ കൈകൾ തന്നെ തഴുകി കുളിരണിയിക്കുമെന്നു കരുതി. കൂടാരത്തിൽ പുതുജീവനുകൾ തുടിച്ചപ്പോൾ മുതൽ അവഗണനയുടെ കയ്പുനീരു കുടിക്കാൻ മാത്രം വിധി. 

ഇപ്പോൾ അനേകം കൂടാരങ്ങൾ അടുത്തടുത്തുയർന്നിട്ടുണ്ട്. മക്കളും കൊച്ചുമക്കളും കൂടാരങ്ങളിൽ ആർത്തുല്ലസിക്കുന്നു. ഇവിടെ ശബ്ദമില്ലാതെ ഒറ്റപ്പെട്ടവന്റെ ഒരു കൂടാരം. മ്ലാനതയിൽ ഒരു മൂലയ്ക്കൊതുങ്ങിച്ചുരുങ്ങുന്നു. അവിടെയിരുന്നാൽ മറ്റുകൂടാരങ്ങളിലെ വർണശബളിമ കാണാം. സന്തോഷസീല്‍ക്കാരങ്ങളും സംതൃംപ്തി വിടർത്തുന്ന മൂളലും ഞരക്കങ്ങളും ദൂരെനിന്നെന്നവണ്ണം ഒഴുകിവരുന്നു. അവരുടെ കൂട്ടത്തിൽ അവളും പ്രസീദമുഖത്തോടെയലിഞ്ഞു ചേരുന്നു. താൻ കത്തിക്കാളുന്ന വയറുമായി തന്റെ ഏകാന്തകൂടാരത്തിൽ അന്നു രാത്രി കഴിക്കേണ്ട ഗുളികകൾ എണ്ണിക്കൊണ്ടിരുന്നു. പകിടകളിക്കാരെപ്പോലെ.
കൂടരങ്ങളുടെ ഇടമുറ്റത്ത് അകലെ ആഴികൂട്ടി ചൂടുകായുന്ന കുട്ടികൾ. അവർ വിഹരിക്കുന്നത് കൂടാരങ്ങൾക്കുള്ളിലെ ശബ്ദലഹരിയിൽ നിന്നു അകന്നുമാറി. അവരുടെതായ ആഹ്ളാദത്തിനു തണുപ്പു വിടപറയുന്ന ചൂടേറ്റുന്നു. അവരിലും സന്തോഷത്തിമിർപ്പുകൾ മാത്രം. പെട്ടെന്ന്
അതിലൊരു കുട്ടി ഓടി ഒറ്റപ്പെട്ടവന്റെ കൂടാരത്തിൽ വന്നു. “വല്യപ്പാ എന്തൊരു തണുപ്പാ. തീയ്യ് കായാൻ ബാ…”

കൊച്ചുമോളുടെ ക്ഷണം. അയാളുടെ മനസ്സിൽ സംതൃപ്തിയുടെ തിരികൊളുത്തി. സ്നേഹത്തിന്റെ പൂത്തിരിയണഞ്ഞിട്ടില്ല. താൻ തണുത്തു വിറയ്ക്കുന്നതു മനസിലായിട്ടും തന്റെ ഇണപോലും സമൃദ്ധിയുടെ കൂടാരങ്ങളിൽ ആടിപ്പാടി സന്തോഷിക്കുകയായിരുന്നു. പലതരം ഭക്ഷണവും പതഞ്ഞുപൊന്തുന്ന പാനീയങ്ങളും ഒരുക്കുന്ന ആഹ്ളാദത്തിന്റെ രുചികളായിരുന്നു അവിടെ. വിശപ്പിന്റെ ഉണക്കുരുചിയിൽ വായു തിങ്ങിക്കയറി ശാരീരികാസ്വസ്ഥത സമൃദ്ധമായി അനുഭവിക്കുന്ന തന്റെ ഏകാന്തത ആർക്കറിയണം. തന്റെ അസാന്നിധ്യത്തിനെന്തു പ്രത്യേകത…
പക്ഷെ!
ഇതാ ഒറ്റപ്പെട്ടവന്റെ കൂടാരത്തിലേക്കൊരു കുഞ്ഞുമാലാഖ കടന്നു വന്നിരിക്കുന്നു. അവൾ കൈയ്യിൽ പിടിച്ചു വലിച്ചു. “വാ, വന്നേ വല്യപ്പാ…”
“അവിടെയെന്താണു മോളേ…” “അവിടെ തണുപ്പു മാറ്റാം. ഓടിക്കളിക്കാം. വല്ല്യപ്പാക്കു വിശക്കുന്നുണ്ടോ? വന്നാൽ ഞങ്ങളുടെ പൊതികളിൽനിന്നു നിറയെ കഴിക്കാം.” തന്റെ ബലഹീനത, നിസഹായത ദീർഘനിശ്വാസങ്ങൾ എല്ലാം ആ കുരുന്നിന്റെ മനസിൽ പോറലുണർത്തിയിട്ടുണ്ടാകാം. പക്ഷെ അതൊന്നും ചിന്തിക്കാനുള്ള പ്രായം അവൾക്കില്ലല്ലോ! 

അങ്ങു ദൂരെ സീൽക്കാരശബ്ദങ്ങൾക്കുമകലെ കൂടാരമുറ്റത്ത് ഒരു ആഴി കത്തിനിൽക്കുന്നു. ആഴിക്കുചുറ്റും നിഷ്കളങ്കരായ കുട്ടികൾ നൃത്തമാടുന്നു. ഈ കുഞ്ഞുമാലാഖയുടെ കൈപിടിച്ച് കുഞ്ഞാറ്റക്കുരുവികളുടെ സമീപത്തേക്കു താനടുത്തു. കളിച്ചുകൊണ്ടിരുന്ന കുരുന്നുകൾ തന്റെ ചുറ്റിനും കൂടി വട്ടം നിന്നു പാട്ടുപാടി. കുട്ടികളുടെ ആഹ്ളാദം നിഷ്കളങ്കതയുടെ നിർവൃതിയായി മനസിൽ പകർന്നു. സത്യത്തിൽ ഈ കുട്ടികളെയും കൂടാരത്തിനുള്ളിലെ നൃത്തക്കാർ അവഗണിച്ചതല്ലേ. കുട്ടികളുടെ പൊട്ടിച്ചിരികളേക്കാൾ ഗ്ലാസുകൾ മുട്ടിച്ചുമ്മവയ്ക്കുന്നതും കുപ്പികളുടെ തപ്പുതാളങ്ങളും ഉന്മത്തത നൽകുമല്ലോ!
തനിക്ക് ഇനി ഒറ്റപ്പെട്ടവനാകാൻ കഴിയില്ല. തണുപ്പിലും ചൂടിലും തനിക്കു കൂട്ടുണ്ട്. കുഞ്ഞുമാലാഖകൾ. തന്റെ കൂടാരത്തിലും ഇനി ആനന്ദത്തിന്റെ അലയടികൾ മുഴങ്ങും. 

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.