22 December 2024, Sunday
KSFE Galaxy Chits Banner 2

ചോരതുടിക്കും ചെറുകയ്യുകളേ, പേറുക വന്നീ പന്തങ്ങള്‍…

ദേവിക
വാതിൽപ്പഴുതിലൂടെ
October 3, 2022 5:45 am

രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ സാധാരണയാണ് കേരളത്തില്‍. സമ്മേളനങ്ങളോടനുബന്ധിച്ച പ്രകടനങ്ങളില്‍ കുഞ്ഞുകുട്ടികള്‍ ചെറുമുഷ്ടികള്‍ ചുരുട്ടി ആവേശപൂര്‍വം മുദ്രാവാക്യം മുഴക്കി നീങ്ങുന്നതും നാം കാണാറുണ്ട്. എന്നാല്‍ സമ്മേളന നടത്തിപ്പില്‍ത്തന്നെ കിടാങ്ങള്‍ പങ്കാളികളാവുന്ന അപൂര്‍വദൃശ്യങ്ങളാണ് സിപിഐയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇത്തവണ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. സമ്മേളനത്തിന് ആതിഥ്യമരുളുന്ന തലസ്ഥാന ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളായ വെമ്പായം, നഗരൂര്‍, തൊളിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ അഞ്ചു മുതല്‍ പതിനഞ്ചുവരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും സമ്മേളനത്തിന്റെ നടത്തുപടിക്കാരായി നീങ്ങുന്ന കാഴ്ച അത്യാവേശകരമായിരുന്നു, അഭിമാനപൂരിതമായിരുന്നു. മുതിര്‍ന്ന സഖാക്കള്‍ പ്രചരണത്തിനായി കൊണ്ടുവന്ന കൊടികളും ബാനറുകളും ബോര്‍ഡുകളും തങ്ങളുടെ വിഹിതം കണക്കുപറഞ്ഞു വാങ്ങുന്ന കുട്ടികള്‍, പശതേച്ച പോസ്റ്ററുകള്‍ കണ്ട ഭിത്തികളിലൊക്കെ ഒട്ടിക്കുന്നു. മരക്കൊമ്പുകളില്‍ അള്ളിപ്പിടിച്ചു കയറി ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നു. പിവിസി പൈപ്പുകള്‍ ഇളം കൈകള്‍ കൊണ്ടു കുഴികുത്തി കൊടിനാട്ടി മുദ്രാവാക്യങ്ങളോടെ ചെങ്കൊടിക്ക് അഭിവാദനം. ചില കുഞ്ഞുങ്ങള്‍ രാഗശുദ്ധിയോടെ പാടുന്നു; ‘അഭിവാദനം രക്തപതാകേ അനുമോദനം അഭിനന്ദനം, വാനിലുയര്‍ന്നു പറക്കൂ, പകരു ഞങ്ങള്‍ക്കാവേശം.’ ആ സംഘഗാനത്തില്‍ ചുവപ്പിന്റെ ഒരു ഉത്സവതിമിര്‍പ്പ്.

ഒരുപക്ഷേ ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന സമ്മേളനത്തില്‍ ഇതാദ്യമായിരിക്കാം കുഞ്ഞുങ്ങളുടെ ഈ ചുവപ്പന്‍ ഐക്യദാര്‍ഢ്യം. ഇതെല്ലാം കാണുന്ന മുതിര്‍ന്ന തലമുറ ആ കുഞ്ഞുസഖാക്കളോടു പറയുന്നു, ‘ചോരതുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍…’ ഇന്നലെ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്ത പാര്‍ട്ടി ദേശീയ സെക്രട്ടേയറ്റംഗം അതുല്‍ കുമാര്‍ അഞ്ജാന്‍ പറഞ്ഞത് ഈ കുട്ടികളാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ ഭാവിപതാകവാഹകര്‍ എന്നായിരുന്നു, നമുക്കും പറയാം, ‘ഈ നിമിഷത്തെ നമുക്കു മെരുക്കി വളര്‍ത്തുക’. വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ ഭാവിയിലെ മോഡിയെ കണ്ടു ചിത്രീകരിച്ചതാണോ എന്ന് സംശയം! നാട്ടില്‍ ആര് പെറ്റാലും കുട്ടിയുടെ പിതൃത്വം മമ്മൂഞ്ഞ് ഏറ്റെടുക്കും. അത് ഞമ്മളാണെന്ന് പറഞ്ഞുകളയും. മോഡിയും ഇപ്പോള്‍ മമ്മൂഞ്ഞിനു പഠിച്ച് ഡോക്ടറേറ്റ് എടുത്തുകഴിഞ്ഞു. എഴുപത് വര്‍ഷം മുമ്പ് ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചു. പത്തു ചീറ്റകളെ ഇറക്കുമതി ചെയ്യാന്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ അംഗമായിരുന്ന ജയ്റാം രമേശ് കരാറില്‍ ഒപ്പുവച്ചു. കാലം പിന്നെയും എട്ടു വര്‍ഷം പിന്നിട്ടു.


ഇതുകൂടി വായിക്കൂ:നിര്‍ണായക സന്ധിയിലെ സംസ്ഥാന സമ്മേളനം


മോഡിയും അക്കാര്യം മറന്നു. അപ്പോള്‍ നമീബിയയില്‍ നിന്ന് ഒരു വിളി, കരാറനുസരിച്ച് ചീറ്റകളെ ഉടന്‍ കൊണ്ടുപൊയ്ക്കോളണം. ഗത്യന്തരമില്ലാതെ എട്ടു ചീറ്റകളെ ഇറക്കുമതി ചെയ്തു. പിന്നെ ഷട്ടറിട്ട കാമറയില്‍ പടമെടുപ്പു പരിപാടി. ചീറ്റകളുടെ വരവ് ഐതിഹാസിക ചരിത്രമുഹൂര്‍ത്തമെന്ന് മോഡിയുടെ പ്രഖ്യാപനം. അതു കഴിഞ്ഞപ്പോള്‍ ചീറ്റകള്‍ക്ക് ഇന്ത്യന്‍ പേരുകളിടാന്‍ മത്സരം. ഒരു പെണ്‍ചീറ്റയ്ക്ക് മോഡിതന്നെ പേരിട്ടു, ആശ. എല്ലാം നമ്മളാണെന്ന് എട്ടുകാലി മമ്മൂഞ്ഞു വര്‍ത്തമാനം. ഇതാ ഇന്നലെ ഒരു വാര്‍ത്തവരുന്നു. മോഡി പേരിട്ട ആശ ഗര്‍ഭിണിയാണെന്ന്, ഇനി അതും ഞമ്മളാണെന്ന് മോഡി പറഞ്ഞുകളയുമോ എന്ന ഭയമാണ് ആശയ്ക്ക്! ഇക്കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ രസകരമായ ഒരു വാര്‍ത്ത വന്നു. ചായ കുടിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു വ‍ൃദ്ധനെ തെരുവുനായ കടിക്കുന്നു. വാര്‍ത്തയ്ക്ക് തലക്കെട്ടുമായി; ഒരു കടിയും ഒരു കുടിയും! ഇടിവെട്ടിയവനെ പാമ്പുകടിച്ചുവെന്നു കേട്ടിട്ടുണ്ട്. ‘കഷ്ടകാലത്തിന് കുഷ്ഠവും വരും‘ എന്നും ഒരു ചൊല്ലുണ്ട്. എന്നാല്‍ പേപിടിച്ച പൂച്ചകടിയേറ്റ പെണ്‍കൊച്ചിനെ ആശുപത്രിക്കുള്ളില്‍ വച്ച് പേപ്പട്ടി കടിച്ചുവെന്ന വാര്‍ത്ത ഭൂമിമലയാളത്തില്‍ ആദ്യമായി സംഭവിച്ചിരിക്കുന്നു! വിഴിഞ്ഞം ആശുപത്രിയില്‍ പൂച്ചകടിയേറ്റ് കുത്തിവയ്പിനെത്തിയ പെണ്‍കുട്ടിക്ക് ആശുപത്രിക്കുള്ളില്‍ അര്‍മാദിച്ചു നടന്ന പട്ടിയുടെ കടിയേറ്റുവെന്നാണ് വാര്‍ത്ത, കടിയും ഒരു കുടിയും എന്ന പോലെ.

സംസ്ഥാനത്തെ എടിഎമ്മുകളില്‍ കാവല്‍ കിടക്കുന്ന തെരുവുനായ്ക്കളുടെ ചിത്രങ്ങളും പുറത്തുവരുന്നു. പട്ടിപിടിത്തക്കാരനെ പേപ്പട്ടി കടിച്ചു എന്ന് മറ്റൊരു വാര്‍ത്ത! ഇതിനെല്ലാമിടയില്‍ പിടികൂടുന്ന പട്ടികളെ പാര്‍പ്പിക്കാന്‍ ഇടം കണ്ടെത്താനാവാതെ സര്‍ക്കാര്‍ വലയുന്നുവെന്ന് ആവലാതി വാര്‍ത്തയും. അധികാരികള്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടല്ലേ ഇതെല്ലാം. പട്ടികള്‍ക്ക് അവയുടെ കര്‍ത്തവ്യം നിര്‍വഹിക്കാനാണെന്നാണ് കോഴിക്കോട് മേയര്‍ പറയുന്നത്! അങ്ങനെ ഭൂലോക ശ്വാനരക്ഷകയായ മനേകാഗാന്ധിക്ക് കേരളത്തില്‍ നിന്നും കരുത്തുറ്റ ഒരനുയായികൂടി. പത്ത് തെരുവുനായ്ക്കളെ വീതം മനേകയ്ക്കും ശ്വാനകൂട്ടാളികള്‍ക്കുമായി വീതിച്ചു നല്കിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂ. കെഎസ്ആര്‍ടിസിയിലെ ചില കിടമന്നന്മാരും മന്നത്തികളും കൂടി സര്‍ക്കാരിനെ കരിവാരി തേയ്ക്കാന്‍ കച്ചകെട്ടി രംഗത്തിറങ്ങിയിട്ടുണ്ട്. കാട്ടാക്കടയില്‍ കണ്‍സഷന്‍ ടിക്കറ്റെടുക്കാന്‍ മകളോടൊപ്പം എത്തിയ പിതാവിനെ തല്ലി ഈഞ്ചപ്പരുവമാക്കിയാണ് വീരശൂരപരാക്രമികളും വിക്രമാദിത്യ വരഗുണന്മാരുമായത്. ഇന്നലെ ആറ്റിങ്ങല്‍ ബസ് സ്റ്റേഷനിലെ വനിതാ കണ്ടക്ടര്‍ തെറിയഭിഷേകം കൊണ്ട് പാവം തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകളെ ബസില്‍ നിന്നിറക്കിവിട്ടായിരുന്നു കുതിരകയറ്റം നടത്തിയത്. പരാതിപ്പെട്ടാല്‍ സര്‍ക്കാര്‍ തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് വീരവാദവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.