
മലയാളിയുടെ മനസിൽ നിത്യവിസ്മയമായി വയലാർ രാമവർമ്മ ഇന്നും ജ്വലിച്ചു നിൽക്കുന്നു. ഈ മനുഷ്യപ്രാധാന്യവാദിയായ കവി മലയാളിക്ക് സമ്മാനിച്ചത് മലയാളമുള്ള കാലത്തോളം നിലനിൽക്കുന്ന കാവ്യോർജമാണ്. വയലാറിന്റെ ജീവിത ദർശനം അടയാളപ്പെടുത്തുന്ന വരികളാണ് ‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്നത്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും മതദർശനങ്ങൾക്കും അപ്പുറം സ്നേഹത്തിന്റെ പ്രകടനപത്രിക ഉയർത്തിപ്പിടിച്ച കവിയാണ് വയലാർ രാമവർമ്മ. ആദികാവ്യം രേഖപ്പെടുത്തിയ കരുണയുടെ, സ്നേഹത്തിന്റെ വേദാന്തം തന്നെയാണ് വയലാർ എന്ന കവിയുടെത്. നോവുന്ന ആത്മാവിനെ സ്നേഹിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നത് തന്നെയാണ് എന്ന് തിരിച്ചറിവാണ് വയലാറിന്റെ കവിതയും ഗാനങ്ങളും നമുക്ക് നൽകുന്നത്. സാമ്പ്രദായിക മത ചിട്ടകളെയും മനുഷ്യവിരുദ്ധ ആചാരങ്ങളെയും രൂക്ഷമായി എതിർക്കുന്ന വയലാർ യേശുക്രിസ്തു, ശങ്കരാചാര്യർ, ശ്രീനാരായണ ഗുരു തുടങ്ങിയ മതബദ്ധ ആത്മീയ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും നാം മനസിലാക്കേണ്ടത് വയലാറിന്റെ ദർശനം തീർത്തും മനുഷ്യ പ്രാധാന്യവാദപരമാണെന്നാണ്. ആത്മാവിനെ സ്നേഹിക്കുന്ന പ്രത്യയശാസ്ത്രത്തെയും മനുഷ്യരെയും വയലാറും ആദരിക്കുന്നു അതാണ് ഈ കവിയുടെ സവിശേഷത. താൻ കൊണ്ട് നടക്കുന്ന വൈരുധ്യാത്മക ജീവിത സമീപനങ്ങളെ വയലാർ ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം.
അഗാധമായ മനുഷ്യസ്നേഹമാണ് വയലാറിന്റെ മുഖമുദ്ര. പ്രത്യയശാസ്ത്രങ്ങളും മതവിശ്വാസങ്ങളും മനുഷ്യനു വേണ്ടിയാണ്. മനുഷ്യനുവേണ്ടി അല്ലാത്തതൊന്നും തനിക്ക് വേണ്ട എന്ന് വ്യക്തമാക്കിയ കവിയാണ് വയലാർ. സമൂഹത്തിന്റെ നവീകരണ പ്രക്രിയയിൽ കവിക്ക് സജീവപങ്കാളിത്തം ഉണ്ടാകണമെന്ന് വിശ്വസിച്ചിരുന്ന കവിയായിരുന്നു. വിലാപവും പരിദേവനവും തന്റെ കവിതകളിൽ നിന്നും തീർത്തും മാറ്റി നിർത്തിയ വയലാർ മനുഷ്യന്റെ നിസഹായതകൾക്കും വേദനകൾക്കും തന്റെ സൃഷ്ടികളിൽ ഇടം നൽകി.
1948 ൽ, ഇരുപത്തിരണ്ടാമത്തെ വയസിൽ ഗാന്ധിജിയെക്കുറിച്ച് എഴുതിയ പാദ മുദ്രകൾ മുതൽ 1961ൽ പുറത്തിറങ്ങിയ സർഗസംഗീതം വരെയുള്ള കാവ്യ സമാഹാരങ്ങളുടെ കാലം വെറും പതിമൂന്ന് വർഷമാണ്. അതിനുശേഷം 1975 വരെ അദ്ദേഹം കവിതാ സമാഹാരങ്ങൾ ഒന്നും പുറത്തിറക്കിയില്ല. സിനിമാ ഗാനരചയിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചതിനുശേഷം കവിതയിലുള്ള ശ്രദ്ധ കുറഞ്ഞു എന്നതാണ് വാസ്തവം. 961ൽ സർഗസംഗീതം പുറത്തുവന്നതിനുശേഷം അധികം കവിതകൾ എന്നും വയലാർ എഴുതിയില്ല. ഇരുപത്തിരണ്ടാമത്തെ വയസിലാണ് വയലാർ കൊന്തയും പൂണൂലും എഴുതിയത്. ചെറിയ പ്രായത്തില്‍ വയലാർ രാമവർമ്മ ഒരു തലമുറയുടെ ജീവിത ദർശനത്തെ മാറ്റിമറിക്കാനുള്ള, നവയുഗസൃഷ്ടിക്കായുള്ള, രചനയിൽ ഏർപ്പെടുകയായിരുന്നു. പുതിയ യുഗത്തിന്റെ സന്ദേശവാഹകനും പുതിയ സംസ്കാരത്തിന്റെ ഗായകനും ആയി മാറിയ വയലാറിന്റെ കവിതകൾ യാഥാസ്ഥിതിക മനസുകളിൽ കലാപം സൃഷ്ടിച്ചു.
സാധാരണ മനുഷ്യന്റെ വികാരങ്ങളും ചിന്തകളും എന്താണെന്നും അവരുടെ ജീവിതത്തെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നും കവിതകളെയും ഗാനങ്ങളെയും അവരുടെ ഹൃദയത്തിൽ എങ്ങനെയാണ് നിവേദിക്കേണ്ടതെന്നും നന്നായി അറിയുന്ന കവിയാണ് വയലാർ രാമവർമ്മ. കാലത്തെ അതിവർത്തിക്കുന്ന ജനകീയത അതിന് കിട്ടിയതും അതുകൊണ്ടാണ്. വൈകാരികവും ധൈഷണികവും ആയ സത്യസന്ധത വയലാറിന്റെ ജീവിതത്തെയും കവിതയെയും ആർദ്രമാക്കുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവിതരീതി സമൂഹത്തിന്റെ പൊതുബോധത്തിന് സ്വീകാര്യമല്ലായിരിക്കാം. അങ്ങനെയാകുമ്പോൾ തന്നെ ഒരു കാര്യം സമ്മതിക്കാതെ വയ്യ. ജീവിതത്തിലും കവിതയിലും സത്യസന്ധമായ നിലപാടാണ്, ആത്മാർത്ഥമായ സമീപനമാണ് ഈ കവി സ്വീകരിച്ചത്. വ്യക്തിപരമായി അതിന്റെ ഗുണവും ദോഷവും വയലാറിന്റെ ജീവിതത്തെ നേരാംവണ്ണം വായിക്കുന്നവർക്ക് ബോധ്യപ്പെടുന്നുമുണ്ട്. ഒന്നുമാത്രം ഉറപ്പിക്കാം നോവുന്ന ആത്മാവിനെ സ്നേഹിക്കാത്ത ഒരു തത്വശാസ്ത്രത്തെയും അദ്ദേഹം ഒരിക്കലും സ്നേഹിച്ചിട്ടില്ല.
മലയാളികളുടെ ഏകാന്ത വ്യാകുലതകളിൽ, ധർമ്മ സങ്കടങ്ങളിൽ, ആത്മനിർവൃതികളിൽ, സ്വപ്നങ്ങളിൽ എന്നുവേണ്ട ജീവിതത്തിലാകെ നിതാന്ത സാന്നിധ്യമായി നിൽക്കുന്ന സർഗ ചാരുതയാണ് വയലാർ രാമവർമ്മയുടെ കവിതകളിലും സിനിമാ നാടക ഗാനങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കുവച്ചു എന്ന് എഴുതാൻ ധൈര്യം കാട്ടിയ വയലാറിന്റെ ഗാനങ്ങൾ ജാതിമത വർഗ ഭേദമെന്യേ പണ്ഡിത പാമര വ്യത്യാസമില്ലാതെ മലയാളി നെഞ്ചിലേറ്റി. അത് അവന്റെ സാന്ത്വനഗീതമായി, ആശ്വാസമായി, അതിജീവന സംഗീതമായി.
സാമൂഹിക മുന്നേറ്റത്തെ നയിക്കേണ്ടത്കവികൾ ആണെന്ന് വയലാർ വിശ്വസിച്ചിരുന്നു. വേദനിക്കുന്ന മനുഷ്യൻ എന്നും വയലാറിന് തീരാനൊമ്പരം ആയിരുന്നു. ആത്യന്തികമായി വയലാറിന്റെ കവിത നിവേദിക്കുന്നത് തന്റെ കാലത്തിന്റെ പ്രശ്നങ്ങളാണ്, സങ്കടങ്ങളാണ്, വ്യാകുലതകളാണ്. അത് ജനഹൃദയങ്ങളിൽ എത്താൻ വേണ്ടി കാല്പനികതയുടെ ഒരു പദഘടനയോ കാല്പനികമായ ഒരു ഈണമോ സ്വീകരിക്കുന്നെങ്കിലും അത് ചർച്ച ചെയ്യുന്നതും ലക്ഷ്യമാക്കുന്നതും മനുഷ്യനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളുമാണ്.
കാല്പനികമായ ധിക്കാരവും നിർഭയത്വവും വയലാറിന്റെ കാവ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. കവിതയിലും ഗാനങ്ങളിലും ഒരുപോലെ സ്വാതന്ത്ര്യ ബോധത്തോടെ തന്റെ ചിന്തകളെയും സ്വപ്നങ്ങളെയും വയലാർ ആവിഷ്കരിച്ചു. ‘പുണ്യ പാപച്ചുമടുകളാം ഇരുമുടിക്കെട്ടുമേന്തി’ എന്നെഴുതാൻ ഒരു വയലാറിന് മാത്രമേ കഴിയൂ. കാരണം ഭക്തിയാണെങ്കിലും ഭക്തി ഇല്ലായ്മ ആണെങ്കിലും വയലാറിനെ സംബന്ധിച്ചിടത്തോളം പ്രധാനം മനുഷ്യരാണ്. ശരിയെന്ന് തനിക്ക് തോന്നുന്ന കാര്യങ്ങൾ ധീരതയോടെ പറയാനുള്ള ചങ്കൂറ്റം വയലാർ കാണിച്ചു. കേരളത്തിലെ ജനങ്ങളുടെ പ്രത്യേകിച്ചും സാധാരണ ജനങ്ങളുടെ പ്രഭാതവും പ്രദോഷവും തുടങ്ങുന്നതും അസ്തമിക്കുന്നതും എല്ലാം വയലാറിന്റെ ഗാനങ്ങളിലൂടെയാണ്, അത് സൃഷ്ടിക്കുന്ന വൈകാരിക സൗഖ്യത്തിലൂടെയാണ്, എന്നതാണ് ശരി. അതുകൊണ്ടാണ് വയലാറിന്റെ കവിതകളെ, ഗാനങ്ങളെ മുൻവിധികളില്ലാതെ സാധാരണക്കാർ ഏറ്റുവാങ്ങിയത്. നമ്മുടെയെല്ലാം ജീവിതത്തെ സമ്പന്നമാക്കുന്ന, ചിട്ടപ്പെടുത്തുന്ന, ഒരു കവി വയലാർ മാത്രമാണ്. ഇപ്പോഴും നമ്മുടെ ജീവിതത്തെ പലപ്പോഴും ചിട്ടപ്പെടുത്തുന്നത്, നമ്മുടെ അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിൽ വയലാറിന്റെ ഗാനങ്ങൾക്കുള്ള പങ്ക് ചെറുതല്ല. അദ്ദേഹത്തിൻറെ കവിതകൾക്ക് പലപ്പോഴും ഗാനങ്ങളുടെ സംഗീതാത്മകതയും ഗാനങ്ങൾക്ക് പലപ്പോഴും കവിതയുടെ ദാർശനിക ആഴവും ലഭിച്ചിട്ടുണ്ട്.
ഉദ്ബോധനമോ ഉപദേശമോ നിർബന്ധമോ വയലാറിന്റെ കവിതകളിൽ നാം കാണാറില്ല. മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എല്ലാം മനുഷ്യന്റെ നന്മയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. പക്ഷേ അവയെല്ലാം ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തെയാണ് വയലാർ തന്റെ കവിതകളിലൂടെ വ്യക്തമാക്കി തന്നത്. അത് ഇന്നും പ്രസക്തമാണ്. ജനപ്രിയ കവിതകളിലൂടെ, ഗാനങ്ങളിലൂടെ, അതിസമൃദ്ധമായി വയലാർ ജനങ്ങളുടെ സമ്പൂർണ നവീകരണത്തിന് വേണ്ട കാര്യങ്ങൾ അവർ പോലും അറിയാതെ അവരുടെ മനസിലേക്ക് പകർത്തി. കവിതയിലൂടെ സാധിക്കാൻ കഴിയാത്തത് സിനിമാഗാനങ്ങളിലൂടെ അദ്ദേഹം സാധ്യമാക്കി.
വേദനകളിൽ ആ ഗാനങ്ങൾ സാന്ത്വനമായി, കഠിന യാതനകളിൽ ഊർജം നൽകി. സന്തോഷങ്ങളിൽ ഉറക്കുപാട്ടായി. ജീവിതത്തിലെ വേനലുകളിലും വർഷങ്ങളിലും ഒരുപോലെ വയലാറിന്റെ ഗാനങ്ങൾ ഒപ്പം നിന്നു. വയലാറിന്റെ ഒരു ഗാനമെങ്കിലും കേൾക്കാത്ത ഒരു പകൽ പോലും മലയാളിക്ക് കടന്നുപോകാറുമില്ല. വയലാറിന്റെ വിയോഗത്തിൽ മലയാളി സമൂഹം മൊത്തത്തിൽ വിലപിച്ചത് അതുകൊണ്ടാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.