24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 19, 2026

സംസ്ഥാനത്ത് വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു; 22 ലക്ഷം വാഹനങ്ങള്‍ പൊളിക്കേണ്ടി വരും

ആര്‍ സുമേഷ്
തിരുവനന്തപുരം
October 22, 2024 9:54 pm

സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ‍ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നടപടികളുമായി ഗതാഗത വകുപ്പ്. 14 ജില്ലകളെ തെക്കൻ മേഖല, ​മധ്യ മേഖല, വടക്കൻ മേഖല എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് രജിസ്റ്റേര്‍ഡ് വെഹിക്കിള്‍ സ്ക്രാപ്പിങ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്) സെന്ററുകള്‍ സ്ഥാപിക്കുക. തിരുവനന്തപുരം, ​കൊല്ലം, ​ പത്തനംതിട്ട, ​ ആലപ്പുഴ, ​ കോട്ടയം ജില്ലകളാണ് തെക്കൻ മേഖലയിലുള്‍പ്പെടുന്നത്. എറണാകുളം, ​ ഇടുക്കി, ​ തൃശൂർ, ​ മലപ്പുറം, ​ പാലക്കാട് ജില്ലകള്‍ മധ്യമേഖലയിലും കോഴിക്കോട്, ​ കണ്ണൂർ, ​ കാസർകോട്, ​ വയനാട് ജില്ലകള്‍ വടക്കൻ മേഖലയിലും ഉള്‍പ്പെടുന്നു.

മധ്യമേഖലയിലെ ആര്‍വിഎസ്എഫ് കേന്ദ്രം കെഎസ്ആർടിസിയുടെയും റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ബ്രെത്ത്‍വെയിറ്റ് ആന്റ് കോ ലിമിറ്റഡുമായുള്ള സംയുക്ത സംരംഭമാണ്. മറ്റ് സോണുകളിൽ വാഹനങ്ങൾ പൊളിക്കുന്നതിന് സർക്കാരിന് ഏറ്റവും കൂടുതൽ റവന്യു വിഹിതം നൽകുന്ന കമ്പനികളുമായി ടെൻഡറിലൂടെ കരാറിലേർപ്പെടാം. കമ്പനിയുടെ പ്രവർത്തനപരിചയവും സാമ്പത്തിക സ്ഥിതിയും ഒരു ഘടകമായിരിക്കും.

സംസ്ഥാനത്ത് 22 ലക്ഷത്തോളം പഴയ വാഹനങ്ങൾ പൊളിക്കേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കണം. സർക്കാർ വാഹനങ്ങളുടെ ആയുസ് 15 വർഷമാണ്. യന്ത്രവല്കൃത സംവിധാനമുപയോഗിച്ചാണ് വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുക. ഇതിൽ പരാജയപ്പെടുന്നവ പൊളിക്കും. പൊളിക്കുന്ന വാഹനഭാഗങ്ങൾ ഉരുക്കു നിർമ്മാണ കമ്പനികൾക്ക് വിൽക്കും. പഴയ വാഹനങ്ങൾ പൊളിക്കുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്ട്രേഷനിലും നികുതിയിലും ഇളവു നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ വാഹന ആദ്യത്തെ പൊളിക്കൽ കേന്ദ്രം 2022 മേയിൽ നോയിഡയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2021 ഓഗസ്റ്റിലാണ് കേന്ദ്രം വാഹന പൊളിക്കൽ നയം പ്രഖ്യാപിച്ചത്.

പൊളിക്കല്‍ ഇങ്ങനെ

1.വാഹനം കളക്ഷൻ സെന്ററുകളിലൂടെ സ്വീകരിച്ച ശേഷം വില നൽകും
2. വണ്ടിയും രേഖകളും കെഎസ്ആർടിസി ഉദ്യോഗസ്ഥർ പരിശോധിക്കും
3. ഇതു സംബന്ധിച്ച ഇമെയിൽ സന്ദേശം ആർടി ഓഫിസിന് അയയ്ക്കും
4.മറുപടി കിട്ടിയാലുടൻ ഉടമയ്ക്ക് വണ്ടി സ്ക്രാപ് ചെയ്തതായി രേഖ നൽകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.