29 September 2024, Sunday
KSFE Galaxy Chits Banner 2

വെളിയം ഭാര്‍ഗവന്റെ അസാന്നിധ്യം ഒരിക്കലും നികത്താന്‍ കഴിയാത്തത്: പന്ന്യന്‍

Janayugom Webdesk
തിരുവനന്തപുരം
September 18, 2024 2:10 pm

തിരുവനന്തപുരം: ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനെ നാടെങ്ങും അനുസ്മരിച്ചു. പാർട്ടി ഓഫിസുകളിൽ പതാക ഉയർത്തിയും വെളിയത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിച്ചുമാണ് ചരമദിനാചരണം നടത്തിയത്. സിപിഐ സംസ്ഥാന കൗൺസിൽ ഓഫിസ് പ്രവർത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തിൽ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പുഷ്പാർച്ചന നടത്തി.

വെളിയം ഭാര്‍ഗവന്റെ അസാന്നിധ്യം നമ്മുടെ പ്രസ്ഥാനത്തിന് ഒരിക്കലും നികത്താന്‍ കഴിയാത്തതാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഓരോ കാര്യത്തെക്കുറിച്ചും കൃത്യമായ തീരുമാനങ്ങളുള്ള നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ അദ്ദേഹം നന്നായി പ്രവര്‍ത്തിച്ചു. ഇടതുമുന്നണി യോഗങ്ങളില്‍ അവസാനത്തെ വാക്ക് ആശാന്റെതായിരുന്നു. ആരോടും അനാവശ്യമായി പറയില്ല, പക്ഷെ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കും. കാരണം, പ്രസ്ഥാനത്തെക്കുറിച്ചും ഓരോ പ്രവര്‍ത്തകന്റെയും വികാരവും അറിയുന്ന നേതാവായിരുന്നു അദ്ദേഹം. ഒരു പാര്‍ട്ടി അംഗം എങ്ങനെ പെരുമാറണമെന്നതില്‍ കൃത്യമായ നിലപാട് എടുക്കുകയും അത് നമ്മളെ പഠിപ്പിക്കുകയും ചെയ്തു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങനെ ജീവിക്കണമെന്ന് ജീവിച്ചുകാണിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. ആശാന്റെ ഓര്‍മ്മ ഒരിക്കലും മായില്ലെന്നും ആ ഓര്‍മ്മകള്‍ നമുക്ക് എന്നും പ്രചോദനമായിരിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ദേവകി, നവയുഗം പത്രാധിപര്‍ ആര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.