22 January 2026, Thursday

ഉപരാഷ്ട്രപതി; ആരോഗ്യകരമായ മത്സരം ഭയക്കുന്ന ബിജെപി

Janayugom Webdesk
August 26, 2025 5:00 am

പ്പോഴും ദുരൂഹമായ കാരണങ്ങളാൽ, ജഗ്ദീപ് ധൻഖർ രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ ഒമ്പതിന് നടക്കുകയാണ്. ഇന്ത്യ സഖ്യവും ഭരണമുന്നണി എൻഡിഎയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രവർത്തനങ്ങൾ നടത്തിവരികയുമാണ്. ധൻഖർ രാജിവച്ചതിന്റെ കാരണങ്ങൾ മാത്രമല്ല, പിന്നീട് അദ്ദേഹം എവിടെയാണ് എന്നത് സംബന്ധിച്ചും അജ്ഞത നിലനിൽക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാണ് ധൻഖർ രാജിക്ക് കാരണമായി പറഞ്ഞതെങ്കിലും രാഷ്ട്രീയവും മോഡിയുടെ സ്വേച്ഛാപരവുമായ മറ്റ് വിഷയങ്ങളും അതിലടങ്ങിയിട്ടുണ്ടെന്ന പ്രചരണം വസ്തുതാപരമായി ഇതുവരെ നിഷേധിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന സംശയങ്ങൾ ബലപ്പെടുത്തുകയാണ്. അദ്ദേഹത്തെ വീട്ടുതടങ്കലാക്കിയെന്ന പ്രചരണത്തിനുള്ള മറുപടിയായി, ധൻഖർ രാജിവച്ചത് ആരോഗ്യപരമായ കാരണങ്ങളാലാണെന്നും അതുസംബന്ധിച്ച് ബഹളങ്ങൾ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജൂലൈ 21നാണ് സജീവമായി നിൽക്കേ അപ്രതീക്ഷിതമായി ധൻഖർ രാജി പ്രഖ്യാപിച്ചത്. അമിത് ഷാ പറയുന്നതനുസരിച്ച് ആരോഗ്യപരമായ കാരണങ്ങളാൽ ആണെങ്കിൽതന്നെ അതിനുശേഷം അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നത് വസ്തുതയാണ്. ഉപരാഷ്ട്രപതി പോലെ ഉന്നത പദവിയിൽ ഇരുന്ന ഒരാളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിയാൻ സമൂഹത്തിന് അവകാശമുണ്ട്. അത് അറിയിക്കുവാൻ സർക്കാരിനും ബാധ്യതയുണ്ട്. അതുകൊണ്ടാണ് ഊഹാപോഹങ്ങൾ നിലനിൽക്കുന്നത്.
എന്തായാലും പകരക്കാരനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് സെപ്റ്റംബർ ഒമ്പതിന് നടക്കുകയാണ്. ഇന്ത്യാ സഖ്യത്തിന്റെ ജസ്റ്റിസ് ബി സുദർശന റെഡ്ഡി, എൻഡിഎയുടെ സി പി രാധാകൃഷ്ണൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇപ്പോഴത്തെ കണക്കുകളിൽ അത്ഭുതങ്ങളൊന്നും സംഭവിക്കാനിടയില്ലെങ്കിലും സുദർശൻ റെഡ്ഡിയുടെ സ്ഥാനാർത്ഥിത്വം എൻഡിഎയെ, പ്രത്യേകിച്ച് അതിന് നേതൃത്വം നൽകുന്ന ബിജെപിയെ ഭയപ്പെടുത്തുന്നുണ്ടെന്ന് വേണം കരുതാൻ. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയുമായി താരതമ്യം ചെയ്താൽ എൻഡിഎയുടെ സി പി രാധാകൃഷ്ണനെക്കാൾ മാറ്റ് കൂടുതലാണെന്നത് തന്നെയാണ് അതിന് കാരണം. ഉപരാഷ്ട്രപതി പോലൊരു സ്ഥാനത്തേക്ക് ബിജെപിയു‍ടെ അടിയുറച്ച രാഷ്ട്രീയ വിധേയത്വം മാത്രം കൈമുതലായുള്ള ഒരാൾ എന്ന നിലയിലാണ് സി പി രാധാകൃഷ്ണനെ ബിജെപി നിർദേശിച്ചത്. അതേസമയം ഇന്ത്യാ സഖ്യത്തിന്റെ ജസ്റ്റിസ് സുദർശനനാകട്ടെ എതിരാളികളുടെ പോലും അംഗീകാരം ലഭിക്കാനിടയുള്ള വ്യക്തിപ്രഭാവവും പൊതുസമ്മതിയുമുള്ളയാളാണ്. രണ്ടുതവണ ലോക്‌സഭാംഗവും ഝാർഖണ്ഡ്, മഹാരാഷ്ട്ര ഗവർണറുമായ രാധാകൃഷ്ണനെ അതിന് അർഹനാക്കിയത് കടുത്ത ബിജെപിക്കാരനെന്ന നിലയിലാണ്. അതുകൊണ്ടുതന്നെ വെറും രാഷ്ട്രീയക്കാരൻ മാത്രമായാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. എന്നാൽ സുദർശൻ റെഡ്ഡി ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജി എന്നിങ്ങനെ ഉന്നത പദവികൾ വഹിച്ച നിയമജ്ഞനാണ്. വ്യക്തമായ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകളുണ്ടെങ്കിലും കക്ഷി രാഷ്ട്രീയത്തിന്റെ കള്ളിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താനാകില്ല.
അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിലപാടുകളെയും നീതിപാലകനായിരിക്കെ നടത്തിയ വിധി പ്രസ്താവങ്ങളും ഉയർത്തിക്കൊണ്ടുവന്ന് വിവാദങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. അമിത് ഷായെ പോലെ ഭരണത്തിലെ ഉന്നതർതന്നെ അതിന് നേതൃത്വം നൽകുകയാണ്. സുപ്രീം കോടതി ജഡ്ജിയായിരിക്കെ സുദർശൻ റെഡ്ഡി കൂടി ഉൾപ്പെട്ട ബെഞ്ചിന്റെ വിധിപ്രസ്താവമൊക്കെ തപ്പിയെടുത്ത് അദ്ദേഹത്തിനെതിരെ വ്യക്തിപരമായ പ്രചരണം നടത്തുകയാണ് അമിത് ഷാ ഉൾപ്പെടെയുള്ളവർ. ഇവിടെയും വിധിപ്രസ്താവത്തെ വളച്ചൊടിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനം പോലെ ഉന്നത പദവിയിലുള്ള അമിത് ഷാ ശ്രമിക്കുന്നത്. നക്സലിസത്തിനെതിരായ വേട്ടയുടെ ഭാഗമായി ഛത്തീസ്ഗഢിൽ ബസ്തറിലും പരിസരങ്ങളിലും ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ രൂപീകരിച്ച സാൽവാ ജുദൂം എന്ന സായുധ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെയാണ് 2011 ജൂലൈ അഞ്ചിന്റെ വിധിയിലൂടെ സുദർശൻ റെഡ്ഡിയും സുരീന്ദർ സിങ് നിജ്ജറുമടങ്ങുന്ന ബെഞ്ച് റദ്ദാക്കിയത്. എന്നാൽ നക്സലിസത്തിനെതിരായ വിധിയായി അതിനെ വ്യാഖ്യാനിക്കുകയും സുദർശൻ റെഡ്ഡി നക്സലിസത്തെ സഹായിക്കുന്നുവെന്ന് സ്ഥാപിക്കാനാണ് നീക്കം നടത്തുന്നത്. പ്രദേശവാസികളെ ചേർത്ത് രൂപീകരിച്ച സാൽവാ ജുദൂമിനെ ഉപയോഗിച്ച് നക്സൽ പ്രവർത്തകരെ നേരിടാനുള്ള തീരുമാനം തുടക്കത്തിൽത്തന്നെ നിയമവിദഗ്ധരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും എതിർപ്പുയർത്തിയിരുന്നു. എന്നുമാത്രമല്ല നിയമവിരുദ്ധമായി രൂപീകരിച്ച ഈ സേനയെ ഉപയോഗിച്ച് ഒരു പ്രദേശത്തെ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുകയും സുരക്ഷാ സംവിധാനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മാറുകയുമാണ് ഇതിലൂടെയെന്നും ആക്ഷേപമുയർന്നതാണ്. അതുകൊണ്ടുതന്നെ നിയമത്തെയും ഭരണഘടനയെയും അടിസ്ഥാനമാക്കി സാൽവാ ജുദൂമിനതിരെ വിധി പുറപ്പെടുവിച്ചതിനെ ദുർവ്യാഖ്യാനം ചെയ്ത് പ്രചരണം നടത്തുന്നതിലൂടെ ഭരണകക്ഷിയുടെ ഭീതിയാണ് വെളിപ്പെടുത്തുന്നത്. ജനാധിപത്യ സംവിധാനത്തിൽ ആരോഗ്യകരമായ മത്സരം പോലും ബിജെപിയെ വിറളിപിടിപ്പിക്കുന്നു എന്നും ഇതിലൂടെ വ്യക്തമാകുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.